Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെന്നിത്തല വാളെടുത്ത കിഫ്ബി മസാല ബോണ്ടിന്റെ പേരിൽ മുഖ്യമന്ത്രിക്ക് അപൂർവ്വ നേട്ടം; ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ മസാല ബോണ്ടുകൾ പൊതുവിപണിയിൽ ഇറക്കുന്ന ചടങ്ങിലേക്ക് പിണറായി വിജയന് ക്ഷണം; ലണ്ടനിലേക്ക് പോകാൻ കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന്റെ അനുമതി തേടി മുഖ്യമന്ത്രി; ലാവലിൻ ആരോപണം പാളിയതോടെ മസാല ബോണ്ടിൽ ഇടനിലക്കാരുണ്ടോ എന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ്

ചെന്നിത്തല വാളെടുത്ത കിഫ്ബി മസാല ബോണ്ടിന്റെ പേരിൽ മുഖ്യമന്ത്രിക്ക് അപൂർവ്വ നേട്ടം; ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ മസാല ബോണ്ടുകൾ പൊതുവിപണിയിൽ ഇറക്കുന്ന ചടങ്ങിലേക്ക് പിണറായി വിജയന് ക്ഷണം; ലണ്ടനിലേക്ക് പോകാൻ കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന്റെ അനുമതി തേടി മുഖ്യമന്ത്രി; ലാവലിൻ ആരോപണം പാളിയതോടെ മസാല ബോണ്ടിൽ ഇടനിലക്കാരുണ്ടോ എന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് ആരോപണ മുൾമുനയിൽ നിർത്തിയ കിഫ്ബിയുടെ മസാലാ ബോണ്ടിന്റെ പേരിൽ മുഖ്യമന്ത്രി പിണരായി വിജയന് അപൂർവ്വ നേട്ടം. ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ മസാല ബോണ്ടുകൾ പൊതുവിപണിയിൽ ഇറക്കുന്ന ചടങ്ങിലേക്ക് പിണറായി വിജയന് ക്ഷണം ലഭിച്ചു. മെയ് 17-നാണ് ചടങ്ങ് നടക്കുന്നത്. പ്രധാനപ്പെട്ട ഓഹരികളുടേയും ബോണ്ടുകളുടേയും വിൽപന മാത്രമാണ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകൾ ചടങ്ങായി നടത്താറുള്ളത്. നേരത്തെ കേന്ദ്രസർക്കാരിന്റെ ബോണ്ട് വിൽപനയുടെ തുടക്കവും ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലിയെ ക്ഷണിച്ച് ലണ്ടൻ സ്റ്റോക് എക്‌സ്‌ചേഞ്ച് നടത്തിയിരുന്നു. എന്നാൽ ഇങ്ങനെയൊരു ചടങ്ങിൽ ഒരു മുഖ്യമന്ത്രിക്ക് ക്ഷണം കിട്ടുന്നത് ആദ്യമായിട്ടാണ്. കിഫ്ബിക്കെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് ചെന്നിത്തല അടക്കമുള്ളവർ രംഗത്തെത്തിയപ്പോഴാണ് മുഖ്യമന്ത്രിക്ക് ആദരം വരുന്നതെന്നാണ് അറിയുന്നത്.

ലണ്ടനിലെ ചടങ്ങിൽ പങ്കെടുക്കാൻ കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമുണ്ട്. അനുമതി കിട്ടിയാൽ മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കാൻ ലണ്ടനിലേക്ക് പോകുമെന്നാണ് വിവരം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മസാല ബോണ്ട് നിക്ഷേപത്തെക്കുറിച്ച് അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇത് ആദ്യമായാണ് ഏതെങ്കിലും ഒരു സംസ്ഥാന സർക്കാർ ഇറക്കുന്ന ബോണ്ട് ലണ്ടൻ സ്റ്റോക്ക് എക്‌സ് ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെടുന്നതും അതിന്റെ വിൽപനയുടെ തുടക്കം ചടങ്ങായി നടത്തുന്നതും. മെയ് 17-നാണ് മുഖ്യമന്ത്രി ലണ്ടൻ സ്റ്റോക് എക്‌ചേഞ്ചിലെ മണി മുഴക്കി വിൽപനയ്ക്ക് ഔദ്യോഗിക തുടക്കമിടുന്നത്. സാധാരണ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ പുതിയ ബോണ്ടുകളും ഓഹരികളും അവതരിപ്പിക്കുമ്പോൾ മണിമുഴക്കിയാണ് ഔദ്യോഗികമായി തുടക്കം കുറിക്കുന്നത്.

കിഫ്ബിയുടെ മസാല ബോണ്ടുകൾ ലണ്ടന് പുറമേ സിംഗപ്പൂർ സ്റ്റോക്ക് എക്‌സേഞ്ചിലും ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനോടകം 2150 കോടി രൂപക്ക് വിവിധ സ്വകാര്യ കമ്പനികൾ മസാല ബോണ്ടുകൾ വാങ്ങിക്കഴിഞ്ഞു. ഇനി പൊതുവിപണിയിലുള്ള ബോണ്ടുകളുടെ വിലനിലവാരം സർക്കാരിനെ സംബന്ധിച്ച് ഏറെ നിർണായകമാണ്. മസാലബോണ്ടുകളുടെ വിലയിൽ ഇടിവുണ്ടായാൽ അത് ഇനി കിഫ്ബി ഇറക്കുന്ന ബോണ്ടുകളുടെ വിൽപ്പനയെ ബാധിക്കും. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം, സാമ്പത്തിക സ്ഥിതി തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ഇത്.

അതിനിടെ കിഫ്ബി മസാലബോണ്ടിൽ എസ്എൻസി ലാവലിന്റെ പങ്കാളിത്തമുള്ള കമ്പനി നിക്ഷേപം നടത്തിയെന്ന ചെന്നിത്തലയുടെ ആരോപണം തെറ്റാണെന്ന വിധത്തിൽ വാർത്തകൾ വന്നതോടെ സംഭവത്തിൽ വിശദീകരണവുമായി ചെന്നിത്തല വീണ്ടും രംഗത്തെത്തി. താൻ ഉന്നയിച്ച ആരോപണത്തിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്നാണഅ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. മസാല ബോണ്ടിൽ ഇടനിലക്കാരുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

പിണറായി വിജയൻ പ്രതിക്കൂട്ടിലാകാൻ ഇടയാക്കിയ എസ്എൻസി ലാവലിൻ കമ്പനിയും സർക്കാർ സംരംഭമായ കിഫ്ബിയിൽ ഇപ്പോൾ കോടികളുടെ നിക്ഷേപം നടത്തിയ സിഡിപിക്യുവും തമ്മിൽ ഒരു ബന്ധവുമില്ല എന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന് പിന്നാലെ ഇന്നലെ ധനമന്ത്രിയുടെ ആദ്യ പ്രതികരണം. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ രൂപയിൽ തന്നെ ബോണ്ട് ഇറക്കി പണം സമാഹരിക്കുന്നതാണ് മസാല ബോണ്ടുകൾ. രൂപയിൽ ബോണ്ട് ഇറക്കുന്നതിനാൽ പണം സ്വീകരിക്കുന്നവരെ വിനിമയ നിരക്കിലെ വ്യത്യാസം ബാധിക്കില്ല.

ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ നിക്ഷേപങ്ങൾക്കാണ് മുഖ്യമായും മസാല ബോണ്ട് വഴി കടമെടുക്കുന്നത്. രൂപയുടെ മൂല്യമിടിഞ്ഞാലുള്ള നഷ്ടം കിഫ്ബി പോലെ ബോണ്ട് ഇറക്കുന്നവരെ ബാധിക്കില്ല. നിക്ഷേപകരാണ് നഷ്ടം സഹിക്കേണ്ടി വരിക. എന്നാൽ നല്ല റേറ്റിംഗുള്ള ഏജൻസികൾ മസാല ബോണ്ട് ഇറക്കിയാൽ സാധാരണ ലാഭസാധ്യത മുന്നിൽ കണ്ട് കമ്പനികൾ നിക്ഷേപം നടത്താറുണ്ട്. ഇന്ത്യയിൽ ലഭിക്കാവുന്ന ഏറ്റവും മികച്ച റേറ്റിംഗോടെയാണ് കിഫ്ബി മസാല ബോണ്ടുകൾ പുറത്തിറക്കിയത്. ഇത് വഴി 2150 കോടി രൂപ സമാഹരിക്കുകയും ചെയ്തു. ടാമാസ്‌ക് ഹോൾഡിങ്, അബുദാബി ഡെലലപ്പ്‌മെന്റ് അതോരിറ്റി തുടങ്ങിയവരാണ് കിഫ്ബിയിൽ ഇതിനോടകം നിക്ഷേപം ഇറക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP