Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രകോപിപ്പിച്ചത് കേരളത്തിൽ യുഡിഎഫ് തരംഗമെന്ന് ഇന്റലിജൻസ് റിപ്പോർട്ടോ? എല്ലായിടത്തും ഇടത്-വലത് മുന്നണികൾ തമ്മിലുള്ള മത്സരമെന്ന വോട്ടെടുപ്പ് ദിവസത്തെ മുഖ്യമന്ത്രിയുടെ വിലയിരുത്തൽ തള്ളിയും നിരീക്ഷണങ്ങൾ; തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരും മത്സരം കോൺഗ്രസും ബിജെപിയും തമ്മിലെന്നും ഇന്റലിജൻസ്; കേരളത്തിൽ ഇടതിന് സാധ്യത പാലക്കാട് മാത്രമെന്നും പ്രാഥമിക വിലയിരുത്തൽ; അന്ന് കടക്കൂ പുറത്ത്.... ഇന്ന് മാറി നിൽക്കങ്ങോട്ട്...; പിണറായിയെ പ്രകോപിതനാക്കുന്നത് പരാജയ ഭീതിയോ?

പ്രകോപിപ്പിച്ചത് കേരളത്തിൽ യുഡിഎഫ് തരംഗമെന്ന് ഇന്റലിജൻസ് റിപ്പോർട്ടോ? എല്ലായിടത്തും ഇടത്-വലത് മുന്നണികൾ തമ്മിലുള്ള മത്സരമെന്ന വോട്ടെടുപ്പ് ദിവസത്തെ മുഖ്യമന്ത്രിയുടെ വിലയിരുത്തൽ തള്ളിയും നിരീക്ഷണങ്ങൾ; തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരും മത്സരം കോൺഗ്രസും ബിജെപിയും തമ്മിലെന്നും ഇന്റലിജൻസ്; കേരളത്തിൽ ഇടതിന് സാധ്യത പാലക്കാട് മാത്രമെന്നും പ്രാഥമിക വിലയിരുത്തൽ; അന്ന് കടക്കൂ പുറത്ത്.... ഇന്ന് മാറി നിൽക്കങ്ങോട്ട്...; പിണറായിയെ പ്രകോപിതനാക്കുന്നത് പരാജയ ഭീതിയോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ ഉയർന്ന പോളിംഗിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് ക്രുദ്ധനായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ഉയർന്ന പോളിംഗിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു വളരെ ദേഷ്യത്തോടെ മാറി നിൽക്കങ്ങോട്ട് എന്ന് മാധ്യമങ്ങളെ നോക്കി പറഞ്ഞ് മുഖ്യമന്ത്രി നടന്നു നീങ്ങിയത്. നേരത്തെ തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിലെ ചർച്ചയിൽ നിന്ന് മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രി ഇറക്കി വിട്ടിരുന്നു. 'കടക്ക് പുറത്ത്' എന്നു പറഞ്ഞുകൊണ്ടുള്ള അദ്ദേഹത്തിന്റെ ആക്രോശം അന്ന് ഏറെ വിവാദമായിരുന്നു. തെരഞ്ഞെടുപ്പ് കാലമായതോടെ പിണറായി വീണ്ടും മാധ്യമങ്ങളുടെ പ്രിയങ്കരനായി മാറി. എന്നാൽ അപ്രതീക്ഷിതമായി പിണറായി വീണ്ടും പ്രകോപിതനാക്കി. ഇതിന് പി്ന്നിൽ കേരളത്തിൽ വലത് തരംഗമെന്ന ഇന്റലിജൻസ് റിപ്പോർട്ടെന്നാണ് സൂചന. കേരളത്തിലെ തെരഞ്ഞെടുപ്പ് വിലയിരുത്തൽ ഔദ്യോഗികമായി മുഖ്യമന്ത്രിയെ ഇന്റലിജൻസ് അറിയിച്ചിട്ടില്ല. എന്നാൽ ഇന്റലിജൻസിന്റെ കണ്ടെത്തലുകൾ മുഖ്യമന്ത്രിക്ക് രാവിലെ കിട്ടിയിരുന്നു. കേരളത്തിൽ ഇടതുപക്ഷത്തിന് ജയമുറപ്പുള്ളത് പാലക്കാട് മാത്രമാണെന്ന വിലയിരുത്തലാണ് പുറത്തുവരുന്നത്.

പാലക്കാട് എംബി രാജേഷിന് ജയം ഉറപ്പാണ്. വടകരയിലും ആലത്തൂരിലും കടുത്ത മത്സരം നടന്നു. എന്നാൽ കാസർഗോഡും കണ്ണൂരും കോഴിക്കോടും മലപ്പുറത്തും പൊന്നാനിയിലും മലബാർ മേഖലയിൽ യുഡിഎഫ് മുന്നിലെത്തും. വയനാട്ടിലെ രാഹുൽ തരംഗമാണ് ഇതിനെല്ലാം കാരണം. തെക്കൻ കേരളത്തിൽ എല്ലായിടത്തും സിപിഎം പിന്നിലാണ്. തിരുവനന്തപുരത്ത് ബിജെപിയും കോൺഗ്രസും തമ്മിലാണ് മത്സരം. പത്തനംതിട്ടയിലും ഇത് തന്നെയാണ് സാഹചര്യം. പാലക്കടും തൃശൂരിലും ബിജെപിക്ക് നില മെച്ചപ്പെടുത്താൻ സാധ്യത ഏറെയാണ്. കൊല്ലത്തും കോട്ടയത്തും മാവേലിക്കരയിലും എറണാകുളത്തും യുഡിഎഫിന് മുൻതൂക്കമുണ്ട്. ആലപ്പുഴയിൽ കടുത്ത മത്സരമാണ്. ന്യൂനപക്ഷ വോട്ടുകൾ അനുകൂലമാക്കാൻ കോൺഗ്രസ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാന് കഴിയുകയും ചെയ്യും. ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണത്തിലൂടെ തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബിജെപി വെല്ലുവിളിയെ കോൺഗ്രസ് ചെറുക്കുമെന്നാണ് ഇന്റലിജൻസിന്റെ കണ്ടെത്തൽ. ചാലക്കുടിയിലും ഇടുക്കിയിലും സിപിഎമ്മിന് കാര്യങ്ങൾ അത്ര അനുകൂലവുമല്ലെന്നാണ് റിപ്പോർട്ട്. ഇതെല്ലാം മനസ്സിലാക്കി പുറത്തിറങ്ങുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മാധ്യമ പ്രവർത്തകരോടുള്ള ക്ഷോഭ പ്രകടനം.

തിരഞ്ഞെടുപ്പ് ദിവസമായ ഇന്നലെ വരെ മാധ്യമങ്ങളോടും മാധ്യമപ്രവർത്തകരോടും നല്ല സഹിഷ്ണുത പ്രകടിപ്പിച്ച മുഖ്യമന്ത്രിയുടെ പൊടുന്നനെയുള്ള പെരുമാറ്റം മുതിർന്ന മാധ്യമ പ്രവർത്തകരിലും അമ്പരപ്പുളവാക്കി. ഇതിന് ശേഷമാണ് ഇന്റലിജൻസ് റിപ്പോർട്ടിന്റെ വിവരം പുറത്തെത്തിയത്. ഇന്നലെ വോട്ടെടുപ്പ് കഴിഞ്ഞ് മുഖ്യമന്ത്രി പറഞ്ഞത് കേരളത്തിലെ 20 മണ്ഡലങ്ങളിലും യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരമെന്നാണ്. എന്നാൽ 3 മണ്ഡലത്തിൽ ബിജെപിക്ക് ഇടത് സ്ഥാനാർത്ഥിയേക്കാൾ മുൻതൂക്കമുണ്ടെന്നാണ് റിപ്പോർട്ട്. സിപിഎമ്മിന്റെ പ്രാഥമിക വിലയിരുത്തലും ഏതാണ്ട് ഇതിന് സമാനമാണ്. പാലക്കാടും ആറ്റിങ്ങലും ആലത്തൂരും വടകരയിലും സിപിഎമ്മിന് ഇപ്പോഴും പ്രതീക്ഷയുണ്ട്. ബിജെപിക്ക് സീറ്റ് കിട്ടില്ലെന്നും വിലയിരുത്തുന്നു. എന്നാൽ പത്തനംതിട്ടയിലും തിരുവനന്തപുരത്തും തൃശൂരും ഇടത് സ്ഥാനാർത്ഥിക്ക് മുകളിൽ ബിജെപി മുന്നേറുമെന്ന് സിപിഎമ്മും വിലയിരുത്തുന്നു. ഈ റിപ്പോർട്ട് ശരിയാണെങ്കിൽ അത് പിണറായി വിജയന് കടുത്ത തിരിച്ചടിയാകും. ശബരിമല തെരഞ്ഞെടുപ്പിൽ ചർച്ചയായെന്ന വിലയിരുത്തലും പിണറായിയെ ക്ഷുഭിതനാക്കുന്നുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് സമ്പൂർണ്ണ പരാജയമുണ്ടായാൽ നേതൃമാറ്റമെന്ന ആവശ്യം സിപിഎം കേന്ദ്ര നേതൃത്വം മുന്നോട്ട് വയ്ക്കാൻ സാധ്യതയുണ്ട്. സംസ്ഥാന നേതൃത്വത്തിൽ പിണറായിയ്‌ക്കെതിരെ ആരും നിലവിൽ ശബ്ദമുയർത്തുന്നില്ല. എന്നാൽ എതിർപ്പുകൾ ഏറെയുണ്ട്. അതുകൊണ്ട് തന്നെ സംസ്ഥാന കമ്മറ്റിയിലും പിണറായിയ്‌ക്കെതിരെ എതിർശബ്ദം ഉയരാൻ സാധ്യതയുണ്ട്. കൊല്ലത്ത് പികെ ഗുരുദാസനെ പോലുള്ളവരെ നിശബ്ദനാക്കിയാണ് പിണറായി സ്വന്തം സ്ഥാനാർത്ഥിയുമായി വന്നത്. പി ജയരാജനെ കണ്ണൂരിൽ നിന്ന് മാറ്റുന്നതിനുള്ള ഗൂഢാലോചന പാർട്ടിക്കുള്ളിൽ നടന്നുവെന്ന വാദവും സജീവമാണ്. അതുകൊണ്ട് തന്നെ വടകരയിൽ ജയരാജൻ തോറ്റാൽ അതിനെതിരെ കണ്ണൂരിലെ ഭൂരിഭാഗം പ്രവർത്തകരും രംഗത്ത് വരും. സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ പാർട്ടിക്കായില്ലെന്ന വാദമാകും പിണറായി മുന്നോട്ട് വയ്ക്കുക. അതിനെ ചെറുക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തന്ത്രങ്ങൾ ഒരുക്കുന്നുണ്ട്.

കേരളത്തിൽ വലിയ തോതിൽ വർഗ്ഗീയ ധ്രൂവീകരണം ഉണ്ടായി. ശബരിമലയിൽ സർക്കാരിനെതിരെ ഭൂരിപക്ഷം നിലപാട് എടുത്തു. എന്നാൽ ന്യൂനക്ഷം രാഹുൽ തരംഗത്തിൽ കോൺഗ്രസിനൊപ്പം കൂടുകയും ചെയ്തു. ഇതോടെ സിപിഎമ്മിന് പരമ്പരാഗത വോട്ട് ബാങ്ക് പോലും നഷ്ടമായി. പത്തനംതിട്ടയിൽ സിപിഎം സ്ഥാനാർത്ഥി മൂന്നാമത് പോകുന്നതും മുഖ്യമന്ത്രിക്ക് തിരിച്ചടിയാണ്. സഭാ കേസിൽ സർക്കാരിന്റെ നിലപാടും ശബരിമലയിൽ ഭക്തരെ പിണക്കിയതും മുഖ്യമന്ത്രിയുടെ തീരുമാനമായിരുന്നു. മസാല ബോണ്ടിലേക്ക് എസ് എൻ സി ലാവ്‌ലിൻ കടന്നു വന്നതും തെരഞ്ഞെടുപ്പുകാലത്താണ്. ശബരിമലയിൽ ഭക്തരെ പിണക്കിയത് കൈവിട്ട കളിയാണെന്ന് തിരിച്ചറിയുകയാണ് സിപിഎമ്മും. വെള്ളാപ്പള്ളി നടേശനെ ഒപ്പം നിർത്താൻ എൻ എസ് എസിനെ പിണക്കി. ഇതും തന്ത്രപരമായ പിഴവായിരുന്നു.

നേരത്തെ തലസ്ഥാനത്തെ ഒരു ഹോട്ടലിലെ ചർച്ചയിൽ നിന്ന് മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രി ഇറക്കി വിട്ടിരുന്നു. 'കടക്ക് പുറത്ത്' എന്നു പറഞ്ഞുകൊണ്ടുള്ള അദ്ദേഹത്തിന്റെ ആക്രോശം അന്ന് ഏറെ വിവാദമായിരുന്നു. റെക്കോഡ് പോളിംഗാണ് കേരളത്തിൽ രേഖപ്പെടുത്തിയത്. ഏറ്റവുമൊടുവിലായി വിവരം കിട്ടുമ്പോൾ 77.68 ശതമാനമാണ് കേരളത്തിലെ പോളിങ്. ട്രന്റ് തങ്ങൾക്കനുകൂലമാണെന്ന് മൂന്ന് മുന്നണികളും ഒരേ സ്വരത്തിൽ പറയുമ്പോഴും ഇടതു പക്ഷം ആശങ്കയിലാണ്. ഇതു സംബന്ധിച്ച ചോദ്യങ്ങൾ പിണറായിയെ അലോസരപ്പെടുത്തുന്നും തോൽവി മുന്നിൽ കാണുന്നതു കൊണ്ടാണ്. ഈ വിഷയത്തിൽ പ്രതികരണം തേടിയ മാധ്യമങ്ങളോട് മാറി നിൽക്കങ്ങോട്ടെന്ന് മുഖ്യമന്ത്രി ക്ഷോഭിച്ചു. ക്ഷുഭിതനായ മുഖ്യമന്ത്രി മറ്റൊന്നും പറയാതെ വാഹനത്തിൽ കയറി പോവുകയും ചെയ്തു.

എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയെ കാണാനെത്തിയ മാധ്യമപ്രവർത്തകരോടായിരുന്നു പിണറായിയുടെ രോക്ഷ പ്രകടനം. ഏറെ നേരം കാത്തുനിന്ന ശേഷമായിരുന്നു മുഖ്യമന്ത്രി പുറത്തെത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ റെക്കോഡ് പോളിങ് രേഖപ്പെടുത്തിയതിനെക്കുറിച്ചായിരുന്നു ചോദ്യം. വളരെ ദേഷ്യത്തോടെ 'മാറി നിൽക്കങ്ങോട്ട്' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP