Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തൃശ്ശൂരിലെ പാർട്ടി സമ്മേളന വേദിയിൽ നിന്നും തിരുവനന്തപുരത്തേക്ക് മുഖ്യമന്ത്രി ഹെലികോപ്ടറിൽ പറന്നിറങ്ങിയതിന് ദുരിതാശ്വാസ ഫണ്ടുപയോഗിച്ച്! 13 ലക്ഷം ചോദിച്ച ഹെലികോപ്ടർ കമ്പനിയോട് വിലപേശി എട്ട് ലക്ഷമാക്കി ചുരുക്കി; ഓഖി ഫണ്ടിൽ കൈയിട്ടു വാരിയത് യാത്രാ ബാധ്യത ഏറ്റെടുക്കാൻ 'സിയാൽ' മടിച്ചതോടെ; ഖജനാവിൽ പണമില്ലാതെ സർക്കാർ നട്ടം തിരിയുമ്പോൾ പിണറായിയുടെ ഹെലികോപ്ടർ യാത്ര വിവാദത്തിൽ

തൃശ്ശൂരിലെ പാർട്ടി സമ്മേളന വേദിയിൽ നിന്നും തിരുവനന്തപുരത്തേക്ക് മുഖ്യമന്ത്രി ഹെലികോപ്ടറിൽ പറന്നിറങ്ങിയതിന് ദുരിതാശ്വാസ ഫണ്ടുപയോഗിച്ച്! 13 ലക്ഷം ചോദിച്ച ഹെലികോപ്ടർ കമ്പനിയോട് വിലപേശി എട്ട് ലക്ഷമാക്കി ചുരുക്കി; ഓഖി ഫണ്ടിൽ കൈയിട്ടു വാരിയത് യാത്രാ ബാധ്യത ഏറ്റെടുക്കാൻ 'സിയാൽ' മടിച്ചതോടെ; ഖജനാവിൽ പണമില്ലാതെ സർക്കാർ നട്ടം തിരിയുമ്പോൾ പിണറായിയുടെ ഹെലികോപ്ടർ യാത്ര വിവാദത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ഓഖി ദുരിതത്തിൽ തീരദേശം നട്ടം തിരിയുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ ഹെലികോപ്ടറിൽ യാത്രനടത്തിയത് വിവാദത്തിൽ. മുഖ്യമന്ത്രിയുടെ വിമാനയാത്രക്കായി പണം ചിലവഴിച്ചത് ദുരിതാശ്വാസ ഫണ്ടിൽ നിന്നാണെന്ന വാർത്ത കൂടി പുറത്തുവന്നത് സർക്കാറിന് നാണക്കേടായി മാറുകയും ചെയ്തു.

തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ഹെലികോപ്റ്റർ യാത്രയ്ക്ക് ചെലവായത് 8 ലക്ഷം രൂപയായിരുന്നു. പണം ദുരന്ത നിവാരണ ഫണ്ടിൽ നിന്നും നൽകാൻ ഉത്തരവിറങ്ങിയതോടെയാണ് സംഭവം വിവാദമായത്. സിപിഎം സമ്മേളനത്തിൽ നിന്നുമാണ് മുഖ്യമന്ത്രി വന്നത്. ഹെലികോപ്റ്റർ കമ്പനി ആവശ്യപ്പെട്ടത് 13 ലക്ഷം. വിലപേശി തുക 8 ലക്ഷമാക്കി ചുരുക്കി. ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തെ കാണാൻ തിരുവനന്തപുരത്തേക്ക് ഹെലിക്കോപ്റ്ററിൽ സഞ്ചരിക്കേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പണം അനുവദിച്ചിരിക്കുന്നത്.

ഡിസംബർ 26ന് തൃശൂർ ജില്ലാസമ്മേളനം ഉദ്ഘാടകനായിരുന്ന മുഖ്യമന്ത്രിക്ക് അന്ന് ഉച്ചതിരിഞ്ഞ് തലസ്ഥാനത്ത് രണ്ട് പരിപാടികളാണുണ്ടായിരുന്നത്. മൂന്ന് മണിക്ക് ഓഖി കേന്ദ്ര സംഘവുമായുള്ള കൂടിക്കാഴ്ചയും അതിന് ശേഷം മന്ത്രിസഭായോഗവും. ഇത് കഴിഞ്ഞ് അന്ന് വൈകീട്ട് 4.30 ന് അദ്ദേഹം പാർട്ടിസമ്മേളന വേദിയിലേക്ക് തിരിച്ചും പറന്നു. ഇതിനായി ഇരട്ട എഞ്ചിനുള്ളെ ഹെലികോപ്റ്ററിന്റെ വാടകയായി ചെലവായത് എട്ട് ലക്ഷം രൂപ.

ഈ മാസം ആറിന് റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി.എം. കുര്യൻ ആണ് പണം നൽകുന്നത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഉത്തരവിന്റെ പകർപ്പ് മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. സാധാരണ മുഖ്യമന്ത്രിയുടെ വിമാനയാത്രയടക്കമുള്ള യാത്രാ ചെലവ് പൊതുഭരണ വകുപ്പിൽ നിന്നാണ് നൽകുന്നത്. പാർട്ടി സമ്മേളന പരിപാടിക്കിടെ പെട്ടെന്ന് തലസ്ഥാനത്തെ പരിപാടികളിൽ പങ്കെടുത്ത് തിരികെയെത്തുന്നതിന് വേണ്ടിയാണ് ഹെലികോപ്റ്റർ ഉപയോഗിച്ചതെങ്കിലും ഓഖി കേന്ദ്ര സംഘത്തിന്റെ സന്ദർശനവുമായി ബന്ധപ്പെട്ടാണ് യാത്രയെന്ന കാരണം മാത്രമാണ് പണം അനുവദിക്കുന്നതിനായി ചൂണ്ടിക്കാട്ടിയത്.

സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലത്ത് ദുരന്ത നിവാരണ ഫണ്ടിൽനിന്നും പണം ഈടാക്കിയത് വലിയ വിമർശനങ്ങൾക്കിടിയാക്കിയിരിക്കുകയാണ്. അതേസമയം മുഖ്യമന്ത്രിയുടെ ഹെലികോപ്പറ്റർ യാത്രക്കായി തുക വകമാറ്റി ചെലവഴിച്ചത് പ്രതിഷേധാർഹമാണെന്ന് കെപിസിസി. പ്രസിഡന്റ് എം.എം.ഹസൻ. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങളിൽ നിന്നും സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ അഭ്യർത്ഥിക്കുന്ന മുഖ്യമന്ത്രി ദുരന്തനിവാരണത്തിന് മാറ്റി വയ്ക്കുന്ന തുകയിൽ നിന്ന് സ്വന്തം ഹെലികോപ്റ്റർ യാത്രയ്ക്ക് പണമെടുക്കുന്നത് ന്യായീകരിക്കാനാവാത്ത നടപടിയാണെന്നും എം എം ഹസൻ.

സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തിന്റെ ഉത്ഘാടകനം ചെയ്ത ശേഷം വൈകുന്നേരം മൂന്നരക്ക് ചേർന്ന മന്ത്രിസഭ യോഗത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി ചാർട്ടേഡ് ഹെലികോപ്റ്ററിൽ പറന്നത്. ഇക്കാര്യം നേരത്തെ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. ഉച്ചയ്ക്ക് നാട്ടികയിൽ നിന്ന് ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് പോയ മുഖ്യമന്ത്രി മന്ത്രിസഭായോഗം കഴിഞ്ഞു സമ്മേളന സ്ഥലത്തേക്ക് മടങ്ങി എത്തിയതും ഹെലികോപ്റ്ററിൽ ആയിരുന്നു. സർക്കാരിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമാണെന്നും അതുകൊണ്ട് വലിയ പ്രതീക്ഷ വെയ്ക്കരുതെന്നും പ്രസംഗിച്ച ശേഷമായിരുന്നു ലക്ഷങ്ങൾ ചെലവിട്ടുള്ള യാത്രാ ധൂർത്ത് .

ബംഗലരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഹെലി ടൂറിസം കമ്പനിയുടെ ഹെലികോപ്റ്റരാണ് മുഖ്യമന്ത്രിയുടെ യാത്രക്ക് വേണ്ടി ഉപയോഗിച്ചത്. പാർട്ടി പരിപാടിയിൽ പങ്കെടുത്ത ശേഷം തലസ്ഥാനത്തേക് പോകാനും പിന്നീട് പാർട്ടി പരിപാടിയിലേക്ക് തന്നെ മടങ്ങി വരാനും ഉപയോഗിച്ച ഹെലികോപ്ടറിന്റെ വാടക ആര് നൽകും എന്ന ആശങ്ക അന്നും ഉയർന്നിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ വഴിയാണ് സ്വകാര്യ ഹെലികോപ്റ്റർ ബുക്ക് ചെയ്തത് . വിമാനത്താവള കമ്പനിയുടെ ചെയർമാനാണ് മുഖ്യമന്ത്രി .അതുകൊണ്ട് ഹെലികോപ്റ്റർ ചെലവ് വിമാനത്താവള കമ്പനി 'സിയാൽ' വഹിക്കാൻ സാധ്യതയുണ്ടെന്ന സൂചനയുമുണ്ടായിരുന്നു. എന്നാൽ, ഈ നീക്കത്തിൽ നിന്നും സിയാൽ പിന്മാറിയതോടയാണ് ദുരിതാശ്വാസ ഫണ്ടിൽ നിന്നും പണം ചിലവഴിച്ചത്.

ഹെലികോപ്റ്റർ പറന്നുയർന്നതും ഇറങ്ങിയതും എല്ലാം പ്രവാസി വ്യവസായി എം .എ .യൂസഫലിയുടെ നാട്ടികയിലെ വീടിന്റെ സമീപത്തു നിന്നാണ്. എന്തായാലും പണ ഞെരുക്കത്തെ കുറിച്ച് വേവലാതിപ്പെടുന്ന മുഖ്യമന്ത്രി നടത്തിയ ഹെലികോപ്റ്റർ ധൂർത്ത് തൃപ്രയാറിൽ നടക്കുന്ന സിപിഎം ജില്ലാ സമ്മേളന പ്രതിനിധികൾക്കിടയിൽ ചർച്ചയായിട്ടുണ്ട്. പാർട്ടി പരിപാടിക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യോമ ഗതാഗത സൗകര്യങ്ങൾ ഉപയോഗപെടുത്തുന്നത് ഇത് ആദ്യമല്ല. നവംബർ 6ന് തമിഴ് നാട്ടിലെ മധുരയിൽ നടന്ന സിപിഎം പോഷക സംഘടനയുടെ ദേശിയ സമ്മേളനത്തിൽ പങ്കെടുത്ത പിണറായി ചാർട്ടേഡ് വിമാനത്തിലാണ് പോയത്. അന്ന് സംസ്ഥാന പൊലീസ് ആസ്ഥാനത്ത് നിന്നാണ് സ്വകാര്യ വിമാനം ബുക്ക് ചെയ്തത്. എന്നാൽ ചെലവായ തുക ഏത് കണക്കിൽ പെടുത്തി നൽകി എന്നത് വ്യക്തമല്ല .

സംസ്ഥാന മുഖ്യമന്ത്രി യാത്രക്കായി ഹെലികോപ്റ്ററോ സ്വകാര്യ വിമാനങ്ങളോ ഉപയോഗിക്കുന്നതിലല്ല പ്രശ്നം അത് ഏത് തരം ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നു എന്നതാണെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത് .സർക്കാർ പരിപാടിക്കോ മറ്റ് പരിപാടിക്കോ ഇത്തരം സൗകര്യങ്ങൾ ഉപയോഗപ്പെടുത്താം , എന്നാൽ പാർട്ടി പരിപാടിക്കായി ഹെലികോപ്റ്റർ ഉപയോഗിക്കുന്നതും അതിന്റെ പണചെലവ് സുതാര്യമല്ലാത്ത രീതിയിൽ കൈകാര്യം ചെയ്യുന്നതിലെ ധാർമികതയാണ് ചോദ്യം ചെയ്യപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP