Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മറുനാടൻ ഇംപാക്ട്: ചട്ടം ലംഘിച്ച് ആശ്രിത നിമയനം നേടി ഹെഡ് ക്വാർട്ടേഴ്സിൽ ഇരുന്ന് കണ്ടക്ടർമാരേയും ഡ്രൈവർമാരേയും പീഡിപ്പിച്ചവർക്ക് ഇനി കണ്ടക്ടറും ഡ്രൈവറുമാകാം; അപകടത്തിൽ പരിക്കേറ്റ് ജോലി ചെയ്യാൻ കഴിയാത്തവരെ മിനിസ്റ്റീരിയൽ സ്റ്റാഫാക്കി മാറ്റി നീതി നൽകാനുറച്ച് ടോമിൻ ജെ തച്ചങ്കരി; കെ എസ് ആർ ടി സി നേർവഴിക്ക് യാത്ര തുടരുമ്പോൾ

മറുനാടൻ ഇംപാക്ട്: ചട്ടം ലംഘിച്ച് ആശ്രിത നിമയനം നേടി ഹെഡ് ക്വാർട്ടേഴ്സിൽ ഇരുന്ന് കണ്ടക്ടർമാരേയും ഡ്രൈവർമാരേയും പീഡിപ്പിച്ചവർക്ക് ഇനി കണ്ടക്ടറും ഡ്രൈവറുമാകാം; അപകടത്തിൽ പരിക്കേറ്റ് ജോലി ചെയ്യാൻ കഴിയാത്തവരെ മിനിസ്റ്റീരിയൽ സ്റ്റാഫാക്കി മാറ്റി നീതി നൽകാനുറച്ച് ടോമിൻ ജെ തച്ചങ്കരി; കെ എസ് ആർ ടി സി നേർവഴിക്ക് യാത്ര തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആരോഗ്യമുള്ളവർ അവശതക്കാർക്കായി മാറിക്കൊടുക്കണം. അങ്ങനെ കെ എസ് ആർ ടി സിയിൽ സ്‌നേഹത്തിന്റെ പൊൻകിരണമെത്തുകയാണ്. പല പരിഷ്‌കാരങ്ങളും കെ എസ് ആർ ടി സിയിൽ ടോമിൻ തച്ചങ്കരി കൊണ്ടു വന്നു. എല്ലാ ജീവനക്കാർക്കും കൃത്യ സമയത്ത് ശമ്പളം കൊടുക്കുന്നത് പതിവായി. ഇതോടെ ജീവനക്കാർ ആലസ്യത്തിൽ നിന്ന് ഉണർന്നു. ഇപ്പോഴിതാ ഏവരുടേയും കൈയടി വാങ്ങാൻ പുതിയ തീരുമാനവും.

കെഎസ്ആർടി എല്ലാക്കാലത്തും സർക്കാർ പണം തിന്നുതീർക്കുന്ന വെള്ളാനയായി തുടരുന്നത് എന്തുകൊണ്ടാണ് എന്ന മറുനാടന്റെ അന്വേഷണം പുറത്തുകൊണ്ടുവരുന്നത് ഞെട്ടിക്കുന്ന ചില വിവരങ്ങളായിരുന്നു. ഇക്കാര്യം മറുനാടൻ കണ്ടെത്തി വിശദമായി റിപ്പോർട്ട് ചെയ്തിരുന്നു. കോർപ്പറേഷനെ നഷ്ടങ്ങളുടെ പടുകുഴിയിലേക്ക് വീഴിക്കുന്നതിന് പ്രധാന കാരണം നിയമനത്തിന്റെയും സ്ഥാനക്കയറ്റത്തിന്റേയും മറവിൽ കാട്ടിക്കൂട്ടുന്ന തട്ടിപ്പുകളാണെന്ന് പകൽപോലെ തെളിഞ്ഞുനിൽക്കുന്ന കണക്കുകൾ മാത്രം പരിശോധിച്ചാൽ വ്യക്തമാകും. എക്‌സിക്യുട്ടീവ് ഡയറക്ടർ തസ്തികമുതൽ യൂണിറ്റധികാരികളും സൂപ്രണ്ടുമാരും ജൂനിയർ അസിസ്റ്റന്റുമാരും വരെയുള്ള തസ്തികളിൽ വരെ ആശ്രിത നിയമനത്തിന്റെ മറവിൽ നുഴഞ്ഞുകയറിയവരായിരുന്നു വിലസുന്നതിൽ ഭൂരിഭാഗവും. ഇത് തിരിച്ചറിഞ്ഞാണ് പുതിയ തീരുമാനം തച്ചങ്കരി എടുക്കുന്നത്.

കെഎസ്ആർടിസിയിൽ ആശ്രിതനിയമനവ്യവസ്ഥകൾ മറികടന്നു മിനിസ്റ്റീരിയിൽ വിഭാഗത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരെ ഡ്രൈവർമാരായും കണ്ടക്ടർമാരായും നിയമിക്കാനാണ് തച്ചങ്കരിയുടെ തീരുമാനം. ജോലിക്കിടയിൽ അപകടത്തിൽപെട്ടു ശാരീരിക അവശത അനുഭവിക്കുന്ന ഡ്രൈവർ, കണ്ടക്ടർ ജീവനക്കാരെ മിനിസ്റ്റീരിയൽ വിഭാഗത്തിലേക്കു മാറ്റും. ഇതിനായി നിയമോപദേശം തേടി. ആശ്രിതനിയമനത്തിലൂടെ സർവീസിൽ കയറി ഒരേ കസേരയിൽ നാളുകളായി കള്ളപ്പണി നോക്കുന്നവരെ മാറ്റിനിയമിക്കാനാണ് തീരുമാനം. ഇത്തരക്കാരാണ് ഹെഡ് ഓഫീസിൽ ഇരുന്ന് ഭരണം നടത്തുന്നത്. ഈ സംവിധാനമാണ് കെ എസ് ആർ ടി സിയെ തകർച്ചയിലേക്ക് കൊണ്ടു പോയതും. ഇത് മനസ്സിലാക്കിയാണ് ഹെഡ് ക്വാർട്ടേഴ്‌സിലെ നിമനങ്ങളിൽ മനുഷ്യത്വം കൊണ്ടു വരാൻ ശ്രമിക്കുന്നത്.

ഓരോ വിഭാഗങ്ങളിലും അഞ്ചുശതമാനം തസ്തികകളിൽ മാത്രമേ ആശ്രിതനിയമനം പാടുള്ളൂ. എന്നാൽ മിനിസ്റ്റീരിയിൽ വിഭാഗത്തിൽ മാത്രം ഇതു ലംഘിച്ചതായി കണ്ടെത്തിയിരുന്നു. 231 സൂപ്രണ്ടുമാരിൽ 206 പേരും ആശ്രിതനിയമനക്കാരാണ്. 1142 അസിസ്റ്റന്റുമാരിൽ 548 പേരും ആശ്രിതനിയമനം നേടിയവരാണ്. അതേസമയം കണ്ടക്ടർ, മെക്കാനിക്, ഡ്രൈവർ വിഭാഗങ്ങളിൽ ആശ്രിതനിയമനം യഥാക്രമം അഞ്ചുശതമാനത്തിലും താഴെയാണെന്നു എംഡി: ടോമിൻ തച്ചങ്കരി പറഞ്ഞു. ഇവരെയാണ് മാറ്റാൻ ശ്രമിക്കുന്നത്.

കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക്ക് വിഭാഗത്തിൽ ജോലി ചെയ്തിരുന്നവരും രോഗങ്ങളും അപകടങ്ങളും കാരണം അവശത അനുഭവിക്കുന്നവരുമായ ജീവനക്കാരെയാണ് പകരം ഈ തസ്തികകളിൽ നിയമിക്കുക. കോർപ്പറേഷനിൽ അത്യധ്വാനം ആവശ്യമില്ലാത്ത തസ്തികകളിലൊക്കെ ആശ്രിതനിയമനക്കാരുടെ ബാഹുല്യമാണ്. ബിരുദാനന്തര ബിരുദക്കാർ വരെ ജോലിക്കു കയറുന്ന അസിസ്റ്റന്റ് തസ്‌കകളിൽ 548 പേരും ആശ്രിതനിയമനക്കാരാണ്. എന്നാൽ, കണ്ടക്ടർ തസ്തികയിൽ ഇവർ 610 പേരേയുള്ളൂ. 4,885 മെക്കാനിക്കുകളിൽ 126 പേരും 12,699 ഡ്രൈവർമാരിൽ 20 പേരും മാത്രമാണ് ആശ്രിതനിയമനക്കാർ.

മിനിസ്റ്റീരിയൻ വിഭാഗത്തിലും സ്റ്റോർ കീപ്പർ വിഭാഗത്തിലും യഥാക്രമം 986, 201 പേർ അവശരെ നിയമിക്കാവുന്ന തസ്തികകൾ കൈയടക്കിയിരിക്കുകയാണ്. ആരോഗ്യമുള്ളവർ അവശതക്കാർക്കായി മാറിക്കൊടുക്കണമെന്നാണ് സി.എം.ഡിയുടെ അഭ്യർത്ഥന. ഇങ്ങനെ മാറുന്നവർക്കു സീനിയോരിറ്റി നഷ്ടപ്പെടില്ല. ഡ്രൈവർ ക്ഷാമം പരിഹരിക്കാൻ താൽക്കാലികാടിസ്ഥാനത്തിൽ ഡ്രൈവർമാരെ നിയമിക്കാനാണ് തീരുമാനിച്ചിട്ടുണ്ട്.

അദർ ഡ്യൂട്ടിയുടെ പേരിൽ പാവങ്ങളെ പീഡിപ്പിക്കുകയും ചില സ്ഥാനങ്ങളിൽ അദർഡ്യൂട്ടിക്കാരായി വേണ്ടപ്പെട്ടവരെ വർഷങ്ങളായി പ്രതിഷ്ഠിക്കുകയും ചെയ്യുന്നത് കഴിഞ്ഞദിവസം മറുനാടൻ വെളിപ്പെടുത്തിയിരുന്നു. സമാനമായ രീതിയിൽ, ഒരുപക്ഷേ, അതിലൂം ഭീകരമാണ് പല തസ്തികകളിലും ആശ്രിത നിയമനത്തിന്റെ പേരിൽ നിയമംപോലും അട്ടിമറിച്ച് നടന്ന നിയമനങ്ങൾ. പിഎസ് സി വഴി മാത്രം നിയമനം നടത്തേണ്ട സ്ഥാനത്താണ് നിരവധി പേർ സ്വാധീനംവച്ചും മറ്റുവഴികളിലൂടെയും കസേരയുറപ്പിച്ച് വിലസുന്നത്. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരൻ എക്‌സിക്യുട്ടീവ് ഡയറക്ടർവരെ ആയി മാറിയ സ്ഥാപനം. ആകെയുള്ള 92 കെഎസ്ആർടിസി യൂണിറ്റ് അധികാരികളിൽ 72 പേരും മതിയായ വിദ്യാഭ്യാസ യോഗ്യതകൾ ഇല്ലാത ആശ്രിത നിയമനം നടത്തി പിൻവാതിലിലൂടെ കയറിപ്പറ്റിയവർ.

പിഎസ്‌സിയെ നോക്കുകുത്തിയാക്കിയും പിഎസ് സി വഴി നിയമനം നേടിയ വിദ്യാസമ്പന്നരും മികവുള്ളതുമായ ഉദ്യോഗസ്ഥരെ കള്ളക്കേസിൽ കുടുക്കിയും സ്ഥലംമാറ്റിയുമല്ലാം രാജിവയ്‌പ്പിക്കുന്ന വലിയൊരു ഉപജാപക സംഘത്തിന്റെ നിയന്ത്രണത്തിലായിരുന്നു കോർപ്പറേഷൻ. കെഎസ്ആർടിസിയിലെ മിനി സ്റ്റീരിയൽ വിഭാഗം ജീവനക്കാരുടെ നില പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. എക്‌സിക്യുട്ടീവ് ഡയറക്ടർ തസ്തികയിൽ രണ്ടുപേർ നിയമനം നേടിയിരിക്കുന്നത് ആശ്രിത നിയമനത്തിലൂടെയും മറ്റു രണ്ടുപേർ സ്പോർട്സ് ക്വാട്ട-സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് വിഭാഗത്തിലുൾപ്പെട്ടുമാണ്. ഇതുമുതൽ താഴോട്ട് എടിഓ വരെയുള്ള ഓരോ വിഭാഗത്തിലും ആശ്രിത നിയമനങ്ങളുടെ കളിയാണ്. കെഎസ്ആർടിസിയുടെ ഭരണപരാജയത്തിന്റെ പ്രധാന കാരണം യോഗ്യതയുള്ള മിനിസ്റ്റീരിയൽ ജീവനക്കാർ ഇല്ലാത്തതാണ്. 1977ൽ പിഎസ് സി വഴി ക്‌ളാർക്കുമാരെ നിയമിച്ചതിന് ശേഷം പിന്നീട് 2007ൽ ആണ് അത്തരമൊരു നിയമനം നടന്നത്. എന്നാൽ ഈ വിഭാഗത്തിൽ ഒഴിവില്ലെങ്കിലും ആറുമാസത്തിലൊരിക്കൽ എങ്കിലും ആശ്രിത നിയമനം എല്ലാ മാനദണ്ഡവും മറികടന്ന് നടക്കാറുണ്ട്. 1986ലെ കമ്മിറ്റി റെക്കമൻഡേഷൻ പ്രകാരം ആശ്രിത നിയമനം 50 ശതമാനം വരെ ആകാമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. ഇതിന്റെ മറവിലാണ് എല്ലാം മറികടന്ന് നിയമനം പൊടിപൊടിക്കുന്നത്. ഇത് പരിഹരിക്കാനാണ് തച്ചങ്കരിയുടെ പുതിയ നീക്കം.

കണ്ടക്ടർ നിയമനത്തിൽ ആശ്രിത നിയമന ലോബി ഉപയോഗിക്കുന്ന ഒരു തന്ത്രമുണ്ട്. പിഎസ് സി അഡൈ്വസിനെ തകിടം മറിച്ചുകൊണ്ടാണ് ഇത്. പിഎസ്‌സി വഴി കണ്ടക്ടർ, മിനി സ്റ്റീരിയർ, മെക്കാനിക്കൽ, എഡിഇ ലിസ്റ്റ് വരുന്നതിന് തൊട്ടുമുമ്പ് ഒരു ആശ്രിത നിയമന റാലി നടത്തും. പിഎസ്‌സി വഴിയെത്തുന്നവർക്ക് മുന്നിലായി പതിനെട്ടു വയസ്സുകാരെ നിയമിക്കും. പിന്നാലെ എത്തുന്ന മേൽപറഞ്ഞ തസ്തികക്കാർ ഈ ആശ്രിതക്കാരുടെ താഴെ സ്ഥാനം പിടിക്കും. പരാമവധി എടിഓയോ സിഎം-ഡിഡി തസ്തികയിലോ എത്തി പെൻഷൻ പറ്റേണ്ടിവരും അവർക്ക്. എന്നാൽ മുന്നിൽ ഇടംപിടിച്ച പതിനെട്ടുകാരനായ ആശ്രിതൻ എക്‌സിക്യുട്ടീവ് ഡയറക്ടർ തസ്തികയിൽവരെ എത്തും.

ആറക്ക ശമ്പളവും വാങ്ങും. 1996ലെ കണ്ടക്ടർ ലിസ്റ്റിൽ നിന്ന് ഒരാളെപ്പോലും നിയമിക്കുന്നതിന് മുമ്പ് 86 പേരെയാണ് ഒറ്റയടിക്ക് കോർപ്പറേഷൻ കണ്ടക്ടർ തസ്തികയിൽ ആശ്രിതരിൽ നിന്ന് നിയമിച്ചത്. നിലവിൽ കെഎസ്ആർടിസിയുടെ ഭരണപരമായ ശ്രേണിയിൽ അപ്പർ മാനേജ്‌മെന്റിൽ 85 ശതമാനവും മിഡിൽ മാനേജ്‌മെന്റിൽ 100 ശതമാനും ആശ്രിതന്മാർ ആണെന്ന് അറിയുമ്പോൾ സുശീൽഖന്ന റിപ്പോർട്ടിന് എന്താണ് പ്രസക്തിയെന്ന് ആരും ചോദിച്ചുപോകും. കെഎസ്ആർടിസിയിലെ രണ്ട് അംഗീകൃത യൂണിയനുകളിലെ സംസ്ഥാന തല നേതാക്കളെല്ലാവരും തന്നെ ആശ്രത നിയമനം വഴി പിൻവാതിൽ വഴി കയറിയവരാണ്. ഇത്തരത്തിൽ ഇവരുടെ ലോബിയാണ് ഇന്ന് കെഎസ്ആർടിസിയെ ഭരിക്കുന്നതും കെടുകാര്യസ്ഥതയിലേക്ക് നയിക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP