Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാധാരണക്കാരന്റെ തീന്മേശയിൽനിന്ന് മത്തി അപ്രത്യക്ഷമാകുന്ന കാലം വരുമോ; കേരള തീരങ്ങളിൽ മത്തിയും അയലയും കുറയുന്നു; മലയാളിക്കു കഴിക്കാൻ മീൻ എത്തുന്നത് തമിഴ്‌നാട്ടിൽനിന്ന്; സമുദ്രോത്പന്ന ലഭ്യതയിൽ കേരളം നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടപ്പോൾ ഒന്നാംസ്ഥാനം നിലനിർത്തി ഗുജറാത്ത്

സാധാരണക്കാരന്റെ തീന്മേശയിൽനിന്ന് മത്തി അപ്രത്യക്ഷമാകുന്ന കാലം വരുമോ; കേരള തീരങ്ങളിൽ മത്തിയും അയലയും കുറയുന്നു; മലയാളിക്കു കഴിക്കാൻ മീൻ എത്തുന്നത് തമിഴ്‌നാട്ടിൽനിന്ന്; സമുദ്രോത്പന്ന ലഭ്യതയിൽ കേരളം നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടപ്പോൾ ഒന്നാംസ്ഥാനം നിലനിർത്തി ഗുജറാത്ത്

കൊച്ചി: സാധാരണക്കാരന്റെ ആഹാരമായ മത്തിയുടെ ലഭ്യതയിൽ സംസ്ഥാനം പിന്നിൽ. മൊത്ത മത്സ്യലഭ്യതയിലും സംസ്ഥാനം നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ഇന്ത്യൻ തീരങ്ങളിൽ നിന്ന് കഴിഞ്ഞ വർഷം ലഭിച്ച മീനുകളുടെ വിവരങ്ങളെ കുറിച്ച് കാച്ചി ആസ്ഥാനമായ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ.) തയ്യാറാക്കിയ വാർഷിക പഠന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാകുന്നത്.

അതേസമയം രാജ്യത്തിന്റെ മൊത്തം സമുദ്രോത്പന്ന ലഭ്യതയിൽ നേരിയ വർധനവ് ഉണ്ടായിട്ടുണ്ട്. മൊത്ത മത്സ്യലഭ്യതയിൽ കേരളം ആദ്യമായിട്ടാണ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടടുന്നത്. ഗുജറാത്താണ് ഒന്നാമത്. 2016ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യം അയലയാണ്. പുതിയ മത്സ്യമായ പുള്ളി അയല കേരള തീരത്തു മാത്രമാണു കണ്ടുവരുന്നത്.

സമുദ്രോത്പന്നങ്ങളിൽ ഇന്ത്യയിൽ മൊത്തം 6.6 ശതമാനം വർധനവ് (3.63 ദശലക്ഷം ടൺ) ആണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. കേരളത്തിൽ 8 ശതമാനം വർധനവും (5.23 ലക്ഷം ടൺ) ഉണ്ടായി. കേരള തീരത്ത് സുലഭമായിരുന്ന അയലയും കുറഞ്ഞുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രാജ്യത്ത് മൊത്തമായും കേരളത്തിൽ പ്രത്യേകിച്ചും മത്തിയുടെ ലഭ്യതയിൽ വീണ്ടും കുറവ് ഉണ്ടായി.

സി.എം.എഫ്.ആർ.ഐ. തയ്യാറാക്കിയ വാർഷിക പഠന റിപ്പോർട്ടിൽ സംസ്ഥാനത്ത് മത്തി കൂടാതെ അയലയുടെ ലഭ്യതയിലും കുറവുണ്ടായതായി കണ്ടെത്തി. 1998 ന് ശേഷം കേരളത്തിൽ മത്തി ഇത്രയും കുറയുന്നത് ആദ്യമാണ്. മുൻ വർഷത്തേക്കാൾ 32.8 ശതമാനം കുറഞ്ഞ് 45,958 ടൺ മത്തിയാണ് കഴിഞ്ഞ വർഷം കേരളത്തിൽ ലഭിച്ചത്. 2015ൽ ഇത് 68,431 ആയിരുന്നു.

2012 ൽ 3.9 ലക്ഷം ടൺ മത്തി കേരള തീരങ്ങളിൽ നിന്ന് ലഭിച്ചിരുന്നു. ഇതിന് ശേഷം ഓരോ വർഷവും മത്തിയുടെ ലഭ്യത കുറഞ്ഞുവരികയാണ്. കഴിഞ്ഞവർഷം മാത്രം മത്തിയുടെ കുറവ് മൂലം 1300 കോടി നഷ്ടമാണ് സംസ്ഥാനത്തുണ്ടായിട്ടുള്ളത്. മാത്രമല്ല, 2015 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം അയലയുടെ ലഭ്യതയിൽ 33 ശതമാനം കുറവുണ്ടായതായി സി.എം.എഫ്.ആർ.ഐ.യുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

47,253 ടൺ അയലയാണ് കഴിഞ്ഞ വർഷം കേരളത്തിൽ ലഭിച്ചത്. കേരളത്തിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ലഭിച്ചത് തിരിയാൻ മത്സ്യമാണ്. ഇത് കൂടുതലും വളം, തീറ്റ എന്നീ ആവശ്യങ്ങൾക്കാണ് ഉപയോഗിച്ചുവരുന്നത്. രണ്ടാം സ്ഥാനത്ത് അയലയാണ്. മത്തിയും അയലയും കഴിഞ്ഞാൽ സാധാരണയായി കൂടുതൽ കാണപ്പെടുന്ന കിളിമീനിന്റെ ലഭ്യതയിലും ഇത്തവണ കുറവുണ്ടായിട്ടുണ്ട്.

മത്സ്യലഭ്യതയിൽ കേരളം ആദ്യമായാണ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നത്. 2013 മുതൽ കേരളത്തിന് ഒന്നാം സ്ഥാനം നഷ്ടമായിരുന്നു. ഗുജറാത്ത് തന്നെയാണ് തുടർച്ചയായി നാലാം വർഷവും ഒന്നാം സ്ഥാനത്തുള്ളത് (7.74 ലക്ഷം ടൺ). തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

എന്നാൽ, കേരളത്തിന്റെ മത്സ്യലഭ്യതയിൽ മുൻവർഷത്തേക്കാൾ 8 ശതമാനം വർധനവുണ്ടായിട്ടുണ്ട്. 5.23 ലക്ഷം ടൺ മത്സ്യമാണ് 2016 ൽ കേരള തീരത്ത് നിന്ന് ലഭിച്ചത്. 2015 ൽ ഇത് 4.82 ലക്ഷം ടൺ ആയിരുന്നു. ഇതര മത്തി വർഗ്ഗങ്ങൾ, തിരിയാൻ, പെർച്ച് മത്സ്യങ്ങൾ എന്നിവയിലുണ്ടായ വർധനവാണ് കേരളത്തിന്റെ മൊത്ത മത്സ്യലഭ്യതയിൽ ചെറിയ വർധനവിന് കാരണമായത്.

കേരളത്തിൽ കുറഞ്ഞെങ്കിലും രാജ്യത്ത് മൊത്തത്തിൽ ഏറ്റവും കൂടുതൽ ലഭിച്ചത് ഇന്ത്യയുടെ ദേശീയ മത്സ്യമായ അയലയാണ്. മൊത്തം 2.49 ലക്ഷം ടൺ അയലയാണ് കഴിഞ്ഞ വർഷം ഇന്ത്യയിൽ പിടിച്ചത്. 1999 ന് ശേഷം ആദ്യമായാണ് അയല ലഭ്യതയിൽ ഒന്നാം സ്ഥാനത്തെത്തുന്നത്. കർണാടകയിൽ നിന്നാണ് അയല ഏറ്റവും കൂടുതൽ ലഭിച്ചത്.

ഇന്ത്യയിൽ മൊത്തമായി കഴിഞ്ഞ വർഷത്തെ സമുദ്ര മത്സ്യ ലഭ്യത 3. 63 ദശലക്ഷം ടൺ ആണ്. മുൻ വർഷത്തെ അപേക്ഷിച്ച് 6.6 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്. ബംഗാളികളുടെ പ്രിയ മത്സ്യമായ ഹിൽസ വൻതോതിൽ വർധിച്ചതിനാൽ ബംഗാളിൽ മീൻലഭ്യത ഏതാണ്ട് ഇരട്ടിയായി വർധിച്ചിട്ടുണ്ട്. പ്രകൃതിക്ഷോഭം മൂലമുള്ള പ്രതികൂല കാലാവസ്ഥ കാരണം മത്സ്യബന്ധന ദിനങ്ങൾ കുറഞ്ഞതിനാൽ ആന്ധ്ര പ്രദേശ്, ഒഡീഷ്സ എന്നീ സംസ്ഥാനങ്ങളിൽ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞതായും സി.എം.എഫ്.ആർ.ഐ.യുടെ റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

സി.എം.എഫ്.ആർ.ഐ. കഴിഞ്ഞ വർഷം പുതുതായി കണ്ടെത്തിയ പുള്ളി അയല മത്സ്യം കേരള തീരങ്ങളിൽ നിന്ന് മാത്രമാണ് ലഭിച്ചത്. ആയിരം ടൺ പുള്ളി അയല കേരളത്തിൽ കഴിഞ്ഞ വർഷം ലഭിക്കുകയുണ്ടായി. തെക്കൻ കേരളത്തിലാണ് ഇവ കൂടുതലും പിടിക്കപ്പെട്ടത്. അയല വർഗ്ഗത്തിൽ പെട്ട മത്സ്യമാണ് ഇത്.

രാജ്യത്തെ മൊത്തം മീൻപിടുത്ത കേന്ദ്രങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിലൂടെ 48,381 കോടി രൂപയാണ് കഴിഞ്ഞ വർഷം ലഭിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് 20.6 ശതമാനം വർധനവുണ്ട്. ചില്ലറ മത്സ്യവ്യാപാര കേന്ദ്രങ്ങളിൽ ഇത് 73,289 കോടി രൂപയാണ്. മത്സ്യലഭ്യതയിൽ വർധനവുണ്ടായെങ്കിലും കേരളത്തിൽ ചില്ലറ മത്സ്യവ്യാപാര കേന്ദ്രങ്ങളിൽ മത്സ്യവിലയുടെ മൂല്യം മുൻവർഷത്തെ അപേക്ഷിച്ച് 18.09 ശതമാനം കുറഞ്ഞതായും സി.എം.എഫ്.ആർ.ഐ. പഠനം ചൂണ്ടിക്കാട്ടുന്നു.

2012 വരെ ഏറെക്കാലം ലഭ്യതയിൽ ഒന്നാം സ്ഥാനത്തായിരുന്ന മത്തി ഇത്തവണ കേരളത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മത്സ്യത്തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ സാമ്പത്തിക നേട്ടമുണ്ടാക്കിക്കൊടുക്കുന്ന മത്സ്യമാണ് മത്തി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള മീനാണിത്. കേരളത്തിൽ മത്തിയുടെ ലഭ്യത കുറഞ്ഞതിനാൽ വിപണിയിലെ ആവശ്യം നിറവേറ്റുന്നതിനായി തമിഴ്‌നാട്ടിൽ നിന്നാണ് കേരളത്തിലേക്ക് ഏറ്റവും കൂടുതൽ മത്തി എത്തുന്നതെന്ന് സി.എം.എഫ്.ആർ.ഐ. മുമ്പ് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.

സി.എം.എഫ്.ആർ.ഐ.യിലെ ഫിഷറീസ് റിസോഴ്‌സ് അസസ്‌മെന്റ് വിഭാഗമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. അമിത മത്സ്യബന്ധനവും വൻതോതിൽ ചെറുമീനുകളെ പിടിച്ചതുമാണ് മത്തിയുടെ കുറവിന് പ്രധാന കാരണമെന്ന് സി.എം.എഫ്.ആർ.ഐ. ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ ചൂണ്ടിക്കാട്ടി. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് സമുദ്രത്തിൽ ചൂട് വർധിക്കുന്നതും സമുദ്രജലനിരപ്പ് ഉയരുന്നതും മത്സ്യസമ്പത്തിനെ ബാധിക്കുന്നുണ്ട്.

മത്സ്യമേഖലയിൽ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് സി.എം.എഫ്.ആർ.ഐ. ഗവേഷണ പദ്ധതികൾ നടപ്പിലാക്കിവരുന്നുണ്ട്. അതോടൊപ്പം തന്നെ മീൻപിടുത്ത കാര്യങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സി.എം.എഫ്.ആർ.ഐ.യിലെ ഫിഷറീസ് റിസോഴ്സ് അസസ്മെന്റ് വിഭാഗം മേധാവി ഡോ ടി വി സത്യാനന്ദൻ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP