Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വേലി തന്നെ വിളവു തിന്നുന്ന അവസ്ഥയിൽ സഹകരണ മേഖല; മുക്കുപണ്ടം കൊണ്ടു നിറഞ്ഞു ലോക്കറുകൾ; കെടുകാര്യസ്ഥതയിൽ സഹകരണ ബാങ്കുകൾക്കു നഷ്ടമായതു ഉപഭോക്താക്കളുടെ വിശ്വാസം

വേലി തന്നെ വിളവു തിന്നുന്ന അവസ്ഥയിൽ സഹകരണ മേഖല; മുക്കുപണ്ടം കൊണ്ടു നിറഞ്ഞു ലോക്കറുകൾ; കെടുകാര്യസ്ഥതയിൽ സഹകരണ ബാങ്കുകൾക്കു നഷ്ടമായതു ഉപഭോക്താക്കളുടെ വിശ്വാസം

രഞ്ജിത് ബാബു

കാസർഗോഡ്: വേലി തന്നെ വിള തിന്നുന്ന അവസ്ഥയിലേക്ക് സഹകരണ മേഖല മാറിയിരിക്കയാണ്. മുക്കുപണ്ടം കൊണ്ട് നിറഞ്ഞിരിക്കയാണ് സഹകരണ ബാങ്കുകളിലെ ലോക്കറുകൾ. കാസർഗോഡ് മുട്ടത്തൊടി സഹകരണ ബാങ്കിലെ വ്യാജ സ്വർണ്ണപ്പണയതട്ടിപ്പിനെ തുടർന്നുള്ള പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

കെടുകാര്യസ്ഥത കണ്ടില്ലെന്ന് നടിച്ചതിന്റെ ഫലമാണ് സഹകരണ ബാങ്കുകൾ ഇന്ന് നേരിടുന്ന വിശ്വാസ ത്തകർച്ചയുടെ കാരണം. രാഷ്ട്രീയക്കാർക്ക് പദവി നൽകുന്നതിലേക്ക് ചുരുങ്ങിപ്പോകുന്ന സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തെ അടിമുടി മാറ്റി പ്രതിഷ്ഠിക്കേണ്ട കാലം അതിക്രമിച്ചിരിക്കയാണ്. സഹകരണം എന്ന് പേര് വഹിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയപാർട്ടികളുടെ നേതാക്കൾ അവരുടെ ഇഗിതം പോലെ കൊണ്ടു നടക്കുകയാണ് ഈ ബാങ്കുകൾ. വർഷത്തിൽ ഒരിക്കൽ നടക്കുന്ന ജനറൽ ബോഡി യോഗത്തിൽ ലാഭവിഹിതം പ്രഖ്യാപിച്ചാൽ എല്ലാം കഴിഞ്ഞുവെന്ന് ഭരണ സമിതി വിശ്വസിക്കുന്നു.

ആദ്യകാലത്തെ ഐക്യനാണയ സംഘങ്ങളാണ് ഇന്ന് കാണുന്നവിധം സഹകരണ പ്രസ്ഥാനമായി വളർന്നത്. പഴയകാലത്തെ ക്കൂട്ടായ്മ ഇന്ന് ഇല്ല. പാർട്ടികൾക്ക് വേണ്ടി പാർട്ടിക്കാരാൽ ഭരിക്കപ്പെടുന്ന അവസ്ഥയിലേക്ക് സഹകരണ സംഘങ്ങൾ മാറിക്കഴിഞ്ഞു. എന്നും പാർട്ടിയുടെ പിന്നിൽ നിൽക്കണമെന്നതിനാൽ പാർട്ടിക്കാർ തന്നെയാണ് ഓഹരി ഉടമകളെ നിർണ്ണയിക്കുന്നത്. അതുകൊണ്ടു തന്നെ വാർഷിക ജനറൽ ബോഡികളിൽ ചായകുടിച്ചു പിരിയുന്ന പതിവാണുള്ളത്.

യോഗഹാളിൽ കയറിയിരിക്കുന്നവർ പത്തിലൊന്നുപോലും വരില്ല. അയ്യായിരത്തിലേറെ അംഗങ്ങളുള്ള ഒരു സഹകരണ സ്ഥാപനത്തിന്റെ ജനറൽ ബോഡിയിൽ പങ്കെടുത്തത് ഇരുനൂറിൽ താഴെ ഓഹരി ഉടമകൾ മാത്രം. ഇതാണ് ഈ പ്രസ്ഥാനത്തിന്റെ ഇന്നത്തെ നില. നോക്കെത്തും ദൂരത്ത് വായ്പകൾ ലഭിച്ചു പോന്ന സഹകരണ പ്രസ്ഥാനം സാധാരണക്കാരന് ഇന്നും അനുഗ്രഹമാണ്. ഈ പ്രസ്ഥാനത്തെ ഇത്തരം ഒരു അവസ്ഥയിലേക്ക് എത്തിച്ചതിന് സഹകരണ വകുപ്പ് ഉദ്യോഗസ്ഥർക്ക് മുഖ്യ പങ്കുണ്ട്.

ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ പാർട്ടികളുമായുള്ള ഒത്തുകളിയും വീഴ്ചയും ഇപ്പോൾ നടക്കുന്ന സ്വർണ്ണപണയ തട്ടിപ്പിന് പ്രോത്സാഹനമായിട്ടുണ്ട്. സ്വർണ്ണപണയം സ്വീകരിക്കുന്ന സഹകരണ സ്ഥാപനങ്ങളിൽ ഓഡിറ്റർ പദവിയിലുള്ള ഉദ്യോഗസ്ഥർ കൃത്യമായി പരിശോധന നടത്തേണ്ടതുണ്ട്. പരിശോധനക്ക് മറ്റ് വിദഗ്ദനേയും അയാൾക്ക് കൊണ്ടു വരാം. അതിന്റെ ചെലവ് ബാങ്ക് തന്നെ വഹിക്കും. സഹകരണ വകുപ്പ് ഇത്തരം പരിശോധനകളിൽ കൃത്യത പാലിക്കാറില്ല.

കോടിക്കണക്കിന് രൂപയുടെ സ്വർണം വായ്പാ ഇനത്തിൽ ലോക്കറിലെത്തുന്നുണ്ടെങ്കിലും നിലവിൽ ഓഡിറ്റർമാർ പരിശോധന കൃത്യമായി നടത്താറില്ല. ഈയൊരു വീഴ്ചയിലാണ് അപ്രൈസർ മുതൽ മാനേജർ വരെയുള്ള കണ്ണി ബാങ്കിനെ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നത്. കൃത്യമായ പരിശോധനയുണ്ടെങ്കിൽ ജീവനക്കാർ കാര്യക്ഷമതയോടെ പ്രവർത്തിക്കും. നിലവിൽ സഹകരണ മേഖലയിലെ സ്വർണ്ണ വായ്പാ രംഗം കുറ്റമറ്റതല്ല.

സംസ്ഥാനത്തെ സഹകരണ മേഖലയിലെ ധനകാര്യ സ്ഥാപനങ്ങളടക്കം എല്ലാ രംഗങ്ങളും രാഷ്ട്രീയ പാർട്ടികളാണ് ഭരിക്കുന്നത്. പാർട്ടിക്കാർ തന്നെ ഭരണ സമിതിയും ജീവനക്കാർ പാർട്ടി അംഗങ്ങളുമാകുമ്പോൾ സ്വജനപക്ഷപാതവും ക്രമക്കേടുകളും സ്വാഭാവികം. മുട്ടത്തൊടി ബാങ്കിന്റെ മാനേജർ പാർട്ടിയുടെ ഉന്നത ഭാരവാഹിയാണ്. അണികൾ തന്നെയാണ് ജീവനക്കാരിൽ ഏറെയും. രാഷ്ട്രീയക്കാരനായ മാനേജർ പറഞ്ഞത് അണികൾ അംഗീകരിച്ചതാണ് അഞ്ചു കോടിയോളം രൂപയുടെ മുക്കുപണ്ട തട്ടിപ്പിന് സാഹചര്യമൊരുങ്ങിയത്.

സമാന സംഭവങ്ങൾ മറ്റു സഹകരണ ബാങ്കുകളിലെ പരിശോധനയിലും കണ്ടെത്തി വരികയാണ്. പീലിക്കോട് സഹകരണ ബാങ്ക്, പനയാൽ അർബൻ സൊസൈറ്റി, ഇപ്പോഴിതാ ഉപ്പളാ മജ്ബയിൽ സഹകരണ ബാങ്ക് എന്നിവിടങ്ങളിലും തട്ടിപ്പ് അരങ്ങേറിയിട്ടുണ്ടെന്ന് കണ്ടെത്തിക്കഴിഞ്ഞു. ഇതുവരെ ഏഴ് കോടിയോളം രൂപയുടെ തട്ടിപ്പാണ് പുറത്തായത്. പരിശോധന തുടരുകയുമാണ്. കാസർഗോഡ് ജില്ലയിൽ മാത്രം ഒറ്റപ്പെട്ട സംഭവമായിരിക്കില്ല ഇത്. സംസ്ഥാനത്തെ എല്ലാ സഹകരണ ധനകാര്യ സ്ഥാപനങ്ങളിലും പരിശോധന വ്യാപിപ്പിക്കേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീളുന്നത്.

ഞെട്ടിക്കുന്ന തട്ടിപ്പുകൾ അരങ്ങേറയിട്ടും എന്തുകൊണ്ട് സഹകരണ വകുപ്പ് മറ്റു ജില്ലകളിൽ ഇത്തരം പരിശോധനക്ക് തയ്യാറാവുന്നില്ല എന്നത് സംശയത്തിന് ഇട നൽകുന്നു. കാസർഗോഡ് ജില്ലയിൽ മാത്രം ഒതുങ്ങുന്ന തട്ടിപ്പായിരിക്കില്ല ഇതെന്ന് വ്യക്തമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP