Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിജെപിയെ പ്രതിക്കൂട്ടിലാക്കുന്ന മറ്റൊരു വമ്പൻ തട്ടിപ്പൂകൂടി പുറത്ത്; ബിജെപിക്ക് അനധികൃത സംഭാവന നൽകി കള്ളക്കമ്പനികളിലൂടെ ഡിഎച്ച്എഫ്എൽ മറിച്ചത് 31,000 കോടി രൂപ; രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക തിരിമറിയുടെ വിശദാംശങ്ങളുമായി കോബ്ര പോസ്റ്റ്

ബിജെപിയെ പ്രതിക്കൂട്ടിലാക്കുന്ന മറ്റൊരു വമ്പൻ തട്ടിപ്പൂകൂടി പുറത്ത്; ബിജെപിക്ക് അനധികൃത സംഭാവന നൽകി കള്ളക്കമ്പനികളിലൂടെ ഡിഎച്ച്എഫ്എൽ മറിച്ചത് 31,000 കോടി രൂപ; രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക തിരിമറിയുടെ വിശദാംശങ്ങളുമായി കോബ്ര പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: താൻ രാജ്യത്തിന്റെ കാവൽക്കാരനാണെന്നും ഡൽഹിയിൽ താൻ അധികാരത്തിലുള്ളപ്പോൾ അഴിമതി അനുവദിക്കില്ലെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ച് പ്രഖ്യാപിക്കുന്നത്. കഴിഞ്ഞദിവസം തൃശൂരിൽ യുവമോർച്ച സമ്മേളനത്തിലെ പ്രസംഗം മോദി അവസാനിപ്പിച്ചതും ചൗക്കീദാറിന്റെ ജാഗ്രതയെക്കുറിച്ച് പ്രസംഗിച്ചുകൊണ്ടാണ്. എന്നാൽ, അഴിമതിയാരോപണങ്ങൾ കേന്ദ്ര സർക്കാരിനെ വിടാതെ പിന്തുടരുന്നുവെന്നതാണ് സത്യം. റഫാൽ അഴിമതിക്ക് പിന്നാലെ ഇപ്പോൾ സ്റ്റിങ് ഓപ്പറേഷനിലൂടെ കോബ്ര പോസ്റ്റ് കൊണ്ടുവന്ന ഡി.എച്ച്.എഫ്.എൽ അഴിമതിയാണ് കേന്ദ്ര സർക്കാരിന്റെ ഉറക്കം കെടുത്തുന്നത്.

31,000 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പിന്റെ വിവരങ്ങളാണ് ഇന്നലെ ഡൽഹിയിൽ പത്രസമ്മേളനം നടത്തി കോബ്ര പോസ്റ്റ് പുറത്തുവിട്ടത്. എഡിറ്റർ അനിരുദ്ധ് ബഹൽ ന്യൂഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ യശ്വന്ത് സിൻഹ, അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ, മാധ്യമപ്രവർത്തകൻ പരഞ്‌ജോയ് ഗുഹ തകൂർത്ത, ജോസി ജോസഫ് എന്നിവരുമുണ്ടായിരുന്നു.

മുംബൈ ആസ്ഥാനമായ സ്വകാര്യ ഭവനവായ്പാ കമ്പനിയാണ് ഡി.എച്ച്.എഫ്.എൽ എന്ന ദിവാൻ ഹൗസിങ് ഫിനാൻസ് കോർപറേഷൻ ലിമിറ്റഡ്. പൊതുമേഖലാ ബാങ്കുകളിൽനിന്നടക്കം 31,000 കോടി രൂപ വായ്പയെടുക്കുകയും തങ്ങളുടെ തന്നെ കടലാസ് സ്ഥാപനങ്ങൾ വഴി വിദേശത്തേക്ക് കടത്തുകയും ചെയ്തുവെന്നാണ് കോബ്ര പോസ്റ്റിന്റെ വെളിപ്പെടുത്തൽ. വായ്പയെടുക്കുന്നതിന് ബിജെപി. നൽകിയ സഹായത്തിന് പ്രതിഫലമായി 19.5 കോടി രൂപ പാർട്ടി ഫണ്ടിലേക്ക് കൈമാറിയെന്നുമാണ് കോബ്ര പോസ്റ്റിന്റെ ആരോപണം. ഇതിന്റെ തെളിവുകളും അവർ പുറത്തുവിട്ടു.

ഡി.എച്ച്.എഫ്.എൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടത്തിയ ഇടപാടുകളുടെ രേഖകളും ബാലൻസ് ഷീറ്റും പൊതുമേഖല ബാങ്കുകളുടെ രേഖകളും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയാണ് കോബ്ര പോസ്റ്റ് തട്ടിപ്പിന്റെ ചുരുളഴിച്ചത്. ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത കോടികൾ ചെറുകമ്പനികൾക്ക് വായ്പ നൽകുന്നു. പിന്നീട് കമ്പനിയുടെ പ്രമോട്ടർമാർ നിയന്ത്രിക്കുന്ന വിദേശത്തും സ്വദേശത്തുമുള്ള കടലാസ് കമ്പനികളുടെയും വിദേശ വ്യവസായ സംരംഭങ്ങളിൽ നിക്ഷേപങ്ങളുടെയും പേരിലാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പ്. ശ്രീലങ്ക, ദുബൈ, യു.കെ, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പണം കടത്തിയത്. ചേരി വികസനം പോലുള്ള പദ്ധതികളുടെ പേരിൽ അനുവദിച്ച വായ്പ ഉപയോഗിച്ച് ശ്രീലങ്കയിൽ ക്രിക്കറ്റ് ക്ലബ് വരെ വാങ്ങി.

ഗുജറാത്തിലെ കമ്പനികൾക്ക് 1160 കോടി രൂപവരെ കൈമാറി. കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ 21,477 കോടി രൂപ വിവിധ കടലാസ് കമ്പനികളിലേക്ക് വായ്പ, നിക്ഷേപം എന്നീ രീതികളിലേക്ക് മാറ്റിയെന്നും കോബ്ര പോസ്റ്റ് ആരോപിക്കുന്നു. ഡി.എച്ച്.എഫ്.എല്ലിന്റെ മാനേജിങ് ഡയറക്ടർ കപിൽ വാദ്‌വാൻ, മുഖ്യ ഓഹരി ഉടമകളായ അരുണ വാദ്‌വാൻ, ധീരജ് വാദ്‌വൻ എന്നിവരാണ് ഇതിന് പിന്നിലെന്നും അനിരുദ്ധ് ബഹൽ പറഞ്ഞു.

96,880 കോടി രൂപയാണ് ഡി.എച്ച്.എഫ്.എൽ എടുത്ത ആകെ വായ്പ. എസ്.ബി.ഐ ആണ് ഏറ്റവും കൂടുതൽ വായ്പ നൽകിയത്. 11000 കോടി. ബാങ്ക് ഓഫ് ബറോഡയിൽ നിന്ന് 4000 കോടിയും. ഗുജറാത്ത്, കർണാടക അസംബ്ലി തെരഞ്ഞെടുപ്പുകൾക്ക് തൊട്ടുമുമ്പ് മാത്രം ആയിരം കോടി രൂപ വായ്പ ഡി.എച്.എഫ്.എൽ സഹോദര സ്ഥാപനങ്ങളിലേക്ക് ഒഴുക്കി. 19.5 കോടി രൂപ ബിജെപിക്ക് നൽകിയതായി തെരഞ്ഞെടുപ്പ് കമ്മിഷനിൽ നൽകിയ സത്യവാങ്മൂലത്തിൽത്തന്നെ പറയുന്നുണ്ട്. ഇത് വായ്പകളൊരുക്കിയതിനുള്ള പ്രതിഫലമാണെന്ന് കോബ്ര പോസ്റ്ര് ആരോപിച്ചു.

ഈടില്ലാതെയായിരുന്നു ഭൂരിഭാഗം വായ്പ അനുവദിക്കലും നടന്നത്. പണം മാറ്റിയ കടലാസ് കമ്പനികൾക്കെല്ലാം ഒരേ ഡയറക്ടർമാരാണുള്ളത്. ഇവയ്ക്ക് കാര്യമായ മൂലധനമോ ലാഭമോ ഇല്ലാത്തതിനാൽ പണം തിരിച്ചുപിടിക്കുകയും എളുപ്പമാവില്ല. 2014 മുതൽ 2017 വരെയുള്ള കാലയളവിലാണ് ഇന്ത്യകണ്ട എക്കാലത്തെയും വലിയ സാമ്പത്തിക തട്ടിപ്പ് അരങ്ങേറിയതെന്നും അനിരുദ്ധ് ബഹൽ പറഞ്ഞു. തന്റെ സർക്കാർ അഴിമതിക്കെതിരാണെന്ന മോദിയുടെ വാദം പൊള്ളയാണെന്ന് വീണ്ടും തെളിഞ്ഞതായി എൻ.ഡി.എ സർക്കാരിൽ ധനമന്ത്രിയായിരുന്ന യശ്വന്ത് സിൻഹ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP