Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു മടിയുമില്ലാതെ എന്ത് പണിയും ചെയ്യുന്ന ചുള്ളൻ പയ്യൻ എല്ലാവരുടേയും കയ്യടി നേടിയപ്പോഴും ആരും അറിഞ്ഞില്ല അതൊരു കലക്ടറാണെന്ന്; കേരളത്തെ പ്രളയം ബാധിച്ചപ്പോൾ പത്തു ദിവസത്തെ അവധി എടുത്ത് ദാദ്ര- നഗർ ഹവേലി കലക്ടർ കൊച്ചിയിൽ എത്തിയത് സ്വന്തം ഐഡന്റിറ്റി രഹസ്യമായി വച്ച്; കള്ളി പുറത്തായത് ക്യാമ്പിൽ കൊച്ചി കലക്ടർ സന്ദർശിച്ചപ്പോൾ; ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അപൂർവ്വ നന്മയുടെ കഥകൾ പുറത്ത് വരുമ്പോൾ

ഒരു മടിയുമില്ലാതെ എന്ത് പണിയും ചെയ്യുന്ന ചുള്ളൻ പയ്യൻ എല്ലാവരുടേയും കയ്യടി നേടിയപ്പോഴും ആരും അറിഞ്ഞില്ല അതൊരു കലക്ടറാണെന്ന്; കേരളത്തെ പ്രളയം ബാധിച്ചപ്പോൾ പത്തു ദിവസത്തെ അവധി എടുത്ത് ദാദ്ര- നഗർ ഹവേലി കലക്ടർ കൊച്ചിയിൽ എത്തിയത് സ്വന്തം ഐഡന്റിറ്റി രഹസ്യമായി വച്ച്; കള്ളി പുറത്തായത് ക്യാമ്പിൽ കൊച്ചി കലക്ടർ സന്ദർശിച്ചപ്പോൾ; ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അപൂർവ്വ നന്മയുടെ കഥകൾ പുറത്ത് വരുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ആളെ തിരിച്ചറിഞ്ഞ ശേഷം പലരും സെൽഫി എടുക്കാനായി ചുറ്റും കൂടിയെങ്കിലും കളക്ടർ അതെല്ലാം സ്നേഹപൂർവം നിരസിച്ചു. ഒരു സന്നദ്ധ പ്രവർത്തകനായി മാത്രം ജോലിചെയ്യാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് കണ്ണൻ ഗോപിനാഥൻ പറഞ്ഞു. വേഷം മാറി ദുരിതാശ്വാസ പ്രവർത്തനത്തിനെത്തിയ കളക്ടറാണ് കണ്ണൻ ഗോപിനാഥൻ. ആരോടും ഒന്നും പറയാതെ എല്ലാം ചെയ്ത് മടങ്ങുകയാണ് ഈ യുവാവ്. കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പിലെ വ്യത്യസ്തതയുടെ കഥയാണ് കണ്ണൻ ഗോപിനാഥന്റേത്.

കാക്കനാട് കെബിപിഎസ് പ്രസിൽ വന്ന ലോറികളിൽ നിന്നും എത്രയും വേഗം സാധനങ്ങൾ ഇറക്കാനുള്ള തിരക്കിനിടെ ചാക്കു കെട്ടുകൾ അയാൾ മടിയൊന്നുമില്ലാതെ എടുത്തുകൊണ്ട് പോയി. മൂന്ന് ദിവസം കെബിപിഎസിന്റെ പ്രസിൽ ഓടി നടന്ന് ദുരിതത്തിൽ വലയുന്നവർക്കായി സേവനം നടത്തിയിട്ടും ആരും അയാളെ തിരിച്ചറിഞ്ഞില്ല. എന്നാൽ ചുമടെടുത്തും പരിസരം വൃത്തിയാക്കിയും ദുരിത ബാധിതർക്കൊപ്പം കൂടെ നിന്നത് സാധാരണ ആളായിരുന്നില്ല. അദ്ദേഹം ഒരു ജില്ല ഭരിക്കുന്ന ഐഎഎസ് ഉദ്യോഗസഥൻ ആയിരുന്നു. ആളെ അറിയാതെ വഴക്കു പറഞ്ഞവരും ഉണ്ട്. അവരോടെല്ലാം സൗമ്യമായി തന്നെ പെരുമാറി. പദവിയുടെ വലുപ്പം കാട്ടിയതുമില്ല. അതുകൊണ്ട് തന്നെ സാധാരണക്കാരനായി ഏവരും കളക്ടറെ കരുതി. അങ്ങനെ നാടിനെ സേവിച്ചാണ് കണ്ണൻ താരമാകുന്നത്.

സംസ്ഥാനത്ത് ദുരിതാശ്വസ പ്രവർത്തനത്തിൽ സിനിമാ താരങ്ങൾ ഉൾപ്പടെയുള്ളവർ പങ്കെടുത്തതും അത് സമൂഹ മാധ്യമങ്ങളിൽ വരെ വൈറലായിട്ടും കലക്ടറുടെ സേവനം ആരും പെട്ടന്ന് തിരിച്ചറിഞ്ഞില്ല. രസകരമായ സംഗതി അതല്ല 10 ദിവസം പ്രവർത്തിച്ചിട്ടും അപൂർവ്വം ആളുകൾ മാത്രമാണ് ഈ കലക്ടറെ തിരിച്ചറിഞ്ഞത്.കേന്ദ്ര ഭരണ പ്രദേശമായ ദാദ്ര- നഗർ ഹവേലി കലക്ടറായ കണ്ണൻ ഗോപിനാഥനാണ് 10 ദിവസത്തെ അവധിയെടുത്ത് ദുരിതാശ്വാസ പ്രവർത്തനത്തിനായി കേരളത്തിലേക്ക് വണ്ടികയറിയത്. ക്യാമ്പിലെത്തി ദിവസങ്ങൾ പിന്നിട്ടിട്ടും ഇദ്ദേഹത്തെ ആരും തിരിച്ചറിഞ്ഞില്ല. മൂന്നു ദിവസം ആലപ്പുഴയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം എറണാകുളത്ത് എത്തിയത്. തിങ്കളാഴ്ച വൈകുന്നേരം ദാദ്രനഗർ ഹവേലിക്ക് കളക്ടർ തിരിച്ചുപോയി. ആളുകൾ കൂടുതലറിഞ്ഞതിനാലാണ് അദ്ദേഹം വേഗം മടങ്ങിപ്പോയതെന്നാണ് സൂചന.

ജില്ലയിലെ സംഭരണ കേന്ദ്രങ്ങളുടെ ചുമതലയുള്ള കളക്ടർ മുഹമ്മദ് വൈ. സഫീറുള്ളയും തലശ്ശേരി സബ് കളക്ടർ എസ്. ചന്ദ്രശേഖറും കെ.ബി.പി.എസ്. സന്ദർശിച്ചപ്പോഴാണ് അതുവരെ കൂടെ പണിയെടുത്തിരുന്ന വ്യക്തിയെ എല്ലാവരും തിരിച്ചറിയുന്നത്. സ്വന്തം ബാച്ചുകാരൻ എസ്. സുഹാസ് ജില്ലാ കളക്ടർ ആയിരിക്കുന്ന ആലപ്പുഴയിൽ പോലും ആരാണെന്ന് വെളിപ്പെടുത്താതെ, തന്നാൽ കഴിയുന്ന പോലെ പ്രവർത്തിച്ചശേഷമാണ് കണ്ണൻ ഗോപിനാഥൻ എറണാകുളത്ത് പ്രവർത്തിക്കാൻ എത്തിയത്. ആലുവ താലൂക്കിൽ ഉൾപ്പെട്ട വില്ലേജുകളിൽ പ്രളയദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞവർക്കുള്ള കിറ്റുകളുടെ തയ്യാറാക്കലും വിതരണവുമാണ് കെ.ബി.പി.എസിൽ നടക്കുന്നത്. കോളേജ് കുട്ടികളും മറ്റുമായി നിരവധി സന്നദ്ധ പ്രവർത്തകർ ഇവിടെ പ്രവർത്തിക്കുന്നു.

ആദ്യ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു ദാദ്ര- നഗർ ഹവേലിയുടെ വകയായി ഒരു കോടി രൂപയുടെ ചെക്ക് കൈമാറിയിരുന്നെങ്കിലും പ്രളയബാധിത മേഖലകളിലേക്കു പോകുമെന്ന് അറിയിച്ചിരുന്നില്ല. മിസോറമിൽ കലക്ടറായിരുന്നപ്പോൾ വിദ്യാഭ്യാസരംഗത്ത് കണ്ണൻ നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. 2012 ഐ.എ.എസ്. ബാച്ചുകാരനായ കണ്ണൻ ഗോപിനാഥൻ കോട്ടയം പുതുപ്പള്ളി സ്വദേശിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP