Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏക സിവിൽകോഡിനെതിരെ ഹാലിളക്കം തുടങ്ങി; പരസ്പരം കടിച്ചു കീറാൻ നിൽക്കുന്ന മുസ്ലിം സംഘടനകൾ ഇക്കാര്യത്തിൽ യോജിച്ച പോരാട്ടത്തിന്; ശരീഅത്ത് നിയമത്തിൽ കോടതിയെ ഇടപെടാൻ അനുവദിക്കില്ലെന്ന് മുസ്ലീലീഗ് അടക്കമുള്ള സംഘടനകൾ

ഏക സിവിൽകോഡിനെതിരെ ഹാലിളക്കം തുടങ്ങി; പരസ്പരം കടിച്ചു കീറാൻ നിൽക്കുന്ന മുസ്ലിം സംഘടനകൾ ഇക്കാര്യത്തിൽ യോജിച്ച പോരാട്ടത്തിന്; ശരീഅത്ത് നിയമത്തിൽ കോടതിയെ ഇടപെടാൻ അനുവദിക്കില്ലെന്ന് മുസ്ലീലീഗ് അടക്കമുള്ള സംഘടനകൾ

കെ വി നിരഞ്ജൻ

കോഴിക്കോട്: പരിഷ്‌കൃത രാജ്യങ്ങളുടെയൊക്കെ മുഖമുദ്രയാണ് ഏക സിവിൽ കോഡെങ്കിലും ഇന്ത്യയിൽ അതേക്കുറിച്ച് കേൾക്കുമ്പോൾ തന്നെ ന്യൂനപക്ഷ സംഘടനകൾക്ക് ഹാലിളക്കം തുടങ്ങിയിരക്കയാണ്. വിവിധ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് പരസ്പരം കടിച്ചുകീറാൻ ഒരുങ്ങിനിൽക്കുന്ന മുസ്ലിം സംഘടനകൾ മുഴുവനും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ്. ഏക സിവിൽകോഡ് നടപ്പാക്കിയാൽ വൻ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ശരീഅത്ത് നിയമത്തിൽ കോടതിയെ ഇടപെടാൻ അനുവദിക്കില്ലെന്ന് മുസ്ലീലീഗ് അടക്കമുള്ള സംഘടനകൾ പറയുന്നതജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും തൊട്ട് ലീഗ്വരെയുള്ള വിവിധ സംഘടനകളെ കൂട്ടിച്ചേർത്ത് പ്രക്ഷോഭസമിതിയിണ്ടാക്കാനും അണിയറയിൽ നീക്കം നടക്കുകയാണ്.

അതേസമയം മുസ്ലിം വോട്ടുബാങ്കിന്റെ സമ്മർദത്താൽ ഇടതുപക്ഷത്തിനും കോൺഗ്രസിനുമെന്നുമല്ല ആം ആദ്മി പാർട്ടിക്കുപോലും ഈ വിഷയത്തിൽ വ്യക്തമായ നിലപാട് എടുക്കാനായിട്ടില്ല. താത്വികമായ ഏക സിവിൽകോഡിനെ അനുകൂലിക്കുമ്പോഴും, രാജ്യത്തെ ഏറ്റവും പ്രധാനപ്രശ്‌നം ദാരിദ്രവും തൊഴില്ലായ്മയും ആണെന്നും, ഏക സിവിൽകോഡ് നടപ്പാക്കാനുള്ള സമയം ആയിട്ടില്ലെന്നുമാണ് സിപിഐ.എം അടക്കമുള്ള ഇടതുപാർട്ടികളുടെ നിലപാട്.ഏ്തതാണ്ട് ഇതേ നിലപാടാണ് ആം ആദ്മി പാർട്ടിയും ഉയർത്തുന്നത്.കോൺഗ്രസ് ആകട്ടെ കേന്ദ്ര സർക്കാറിനെ അടിക്കാനുള്ള വടിയായാണ് ഈ വിഷയത്തെയും കാണുന്നത്.

ഏക സിവിൽകോഡ് ശരീഅത്തിനെ അട്ടിമറിക്കാനാണെന്ന് പ്രമുഖ മുസ്ലിം നേതാക്കൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ബ്രിട്ടീഷ് സർക്കാർ പാസാക്കിയ 1937ലെ ഇന്ത്യൻ ശരീഅത്ത് ആപ്‌ളിക്കേഷൻ ആക്ടിൽ വിവാഹം, വിവാഹമോചനം, അനന്തരാവകാശം, വഖ്ഫ് തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യൻ മുസ്ലിംകൾക്ക് ശരീഅത്ത് അനുസരിച്ച് ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്തിയിട്ടുള്ളതാണ്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യൻ ഭരണഘടനയിൽ ഈ അവകാശങ്ങൾ നിലനിർത്തി 25 മുതൽ 30 വരെയുള്ള വകുപ്പുകൾ മൗലികാവകാശങ്ങളായി അംഗീകരിച്ചിട്ടുമുണ്ട്്. മൗലികാവകാശങ്ങളെ മറികടക്കാൻ മാർഗനിർദേശക തത്ത്വങ്ങൾക്ക് അർഹതയില്ല. കെ.പി. അബൂബക്കർ ഹസ്രത്ത്, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, കെ.പി. മുഹമ്മദ്, തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, തേവലക്കര അലിയാരുകുഞ്ഞ് മൗലവി, എം.എ. സമദ്, എ.കെ. ഉമർ മൗലവി, പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി, എസ്. അബ്ദുൽ ഹക്കീം മൗലവി എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവച്ചത്.

ഏക സിവിൽകോഡ് നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ യോജിച്ച പോരാട്ടം വേണ്ടിവരുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. എല്ലാ സംഘടനകളും ഇതിനുവേണ്ടി ഒരുമിച്ചിരിക്കാൻ സന്നദ്ധമാണം. കേന്ദ്രസർക്കാർ നീക്കം ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കും. ഓരോരുത്തർക്കും അവരവരുടെ മതപരമായ വിശ്വാസങ്ങൾ അനുസരിച്ച് ജീവിക്കാൻ ഭരണഘടന നൽകുന്ന അവകാശത്തിന്മേലാണ് സർക്കാർ കൈവെക്കുന്നത്. രാജ്യത്തെ സമാധാനാന്തരീക്ഷം തകർക്കുന്നതാണ് ഈ നീക്കം. ഇതിനെതിരെ എല്ലാവരും ചേർന്ന് വലിയ പ്രക്ഷോഭം വേണ്ടിവരും. ഹൈദരലി തങ്ങൾ പറഞ്ഞു.

പലവിധ വിശ്വാസം സൂക്ഷിക്കുന്നവർ ഒരുമിച്ച് ജീവിക്കുന്നതാണ് രാജ്യത്തിന്റെ സൗന്ദര്യം. ഏക സിവിൽകോഡ് മുസ്ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്‌നമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമംനടക്കുന്നുണ്ട്. ഭൂരിപക്ഷ വർഗീയതയെ ഉണർത്തി മുതലെടുക്കുകയാണ് സംഘ്പരിവാർ ലക്ഷ്യം. ദലിതരും ആദിവാസികളും ക്രൈസ്തവ, ജൈന, ബുദ്ധമതവിഭാഗങ്ങളും ഏക സിവിൽകോഡിനെതിരായി ഒരുമിച്ചുനീങ്ങണമെന്ന് ഹൈദരലി തങ്ങൾ ആവശ്യപ്പെട്ടു.

മുസ്ലിം വ്യക്തിനിയമത്തെ തള്ളിക്കളഞ്ഞ് മുത്തലാഖിനെ എതിർത്ത് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം ഭരണഘടനാ ശിൽപികളോടും ഭരണഘടനയോടുമുള്ള അവഹേളനമാണ്.ഏക സിവിൽ കോഡ് നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാറിന്റെ നിർദേശപ്രകാരം ദേശീയ നിയമ കമീഷൻ ജനങ്ങൾക്ക് മുമ്പാകെ 16 ഇന ചോദ്യവലി നൽകിയത് വെറും കൺകെട്ട് വിദ്യയാണ്. രാജ്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളെ ഉന്മൂലനം ചെയ്ത് രാഷ്ട്രീയലാഭം നേടാമെന്ന ദുഷ്ടലാക്ക് രാജ്യത്തെ സ്‌നേഹിക്കുന്ന മുഴുവൻ ജനങ്ങളും ഒന്നിച്ച് ചെറുത്തുതോൽപിക്കണമെന്നും ഹൈദരലി തങ്ങൾ ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ വൈവിധ്യം ഉൾക്കൊണ്ട് തയാറാക്കിയ ഭരണഘടനയുടെ അന്തസ്സത്തയെ വോട്ടുബാങ്ക് ലക്ഷ്യമിട്ട് ചിലർ അപമാനിക്കാൻ ശ്രമിക്കുകയാണെന്ന് ഹൈദരലി തങ്ങൾ ചൂണ്ടിക്കാട്ടി. മുസ്ലിം സമുദായത്തിലെ യുവാക്കൾ തീവ്രവാദത്തിലേക്ക് പോകുന്നതിന് തടയിടാൻ മുസ്ലിം ലീഗ് വിപുലമായ പഠനക്‌ളാസുകൾ സംഘടിപ്പിക്കുമെന്നും ഹൈദരലി തങ്ങൾ പറഞ്ഞു.

വ്യക്തിനിയമങ്ങൾ പരിഷ്‌കരിക്കുന്നതിനും പൊതുനിയമത്തിന്റെ കീഴിലാക്കുന്നതിനും മോദി സർക്കാർ നടത്തുന്ന നീക്കങ്ങൾക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം. സാദിഖലി പറഞ്ഞു. രാജ്യത്തിന്റെ വൈവിധ്യത്തെയും മതേതര പാരമ്പര്യത്തെയും തകർക്കാനുള്ള ശ്രമമാണിത്. ഇത്തരം ഗൂഢലക്ഷ്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ മതേതര സമൂഹത്തിന് കഴിയണം. ഇക്കാര്യത്തിൽ ഭിന്നതകൾ വെടിഞ്ഞ് മുസ്ലിം സമുദായം ഒറ്റക്കെട്ടായി നിൽക്കേണ്ട സന്ദർഭമാണിതെന്നും അദ്ദേഹം പറഞ്ഞു.

ശരീഅത്ത് നിയമത്തിൽ കോടതി ഇടപെടേണ്ട സാഹചര്യമില്ലെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ ജന. സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ വ്യക്തമാക്കി. മതനിയമങ്ങൾ പാലിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന രാജ്യത്തെ എല്ലാ പൗരന്മാർക്കും ഉറപ്പ് നൽകുന്നുണ്ട്. ഏക സിവിൽകോഡ് മതസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ്. ഏക സിവിൽകോഡിനുവേണ്ടി കേന്ദ്രസർക്കാർ ഇടക്കിടെ കാടിളക്കുന്നത് ന്യൂനപക്ഷങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യൻ ഭരണഘടന വകവച്ച് നൽകിയ മതസ്വാതന്ത്ര്യത്തിന് തടസ്സം നിൽക്കുന്ന തരത്തിലുള്ള ഏക സിവിൽകോഡിനെ ശക്തമായി ചെറുക്കുമെന്ന് കേരള നദ്വത്തുൽ മുജാഹിദീൻ സംസ്ഥാന പ്രവർത്തക സമിതി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP