Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രി പറഞ്ഞ പത്തനംതിട്ടയിലെ സമാന്തര അടുക്കളകളിൽ ഏറെയും കോന്നി മണ്ഡലത്തിൽ; യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ അടുക്കള കൈയേറിയത് കെയു ജനീഷ് കുമാർ എംഎൽഎയുടെ പാർട്ടിക്കാർ; പിണറായിയുടെ മുന്നറിയിപ്പ് വന്നതോടെ സമാന്തര അടുക്കളകൾ അടച്ചു പൂട്ടി; തിരിച്ചടി നേരിട്ടത് രാഷ്ട്രീയ മുതലെടുപ്പിന് ഇറങ്ങിയ സിപിഎമ്മുകാർക്ക്

മുഖ്യമന്ത്രി പറഞ്ഞ പത്തനംതിട്ടയിലെ സമാന്തര അടുക്കളകളിൽ ഏറെയും കോന്നി മണ്ഡലത്തിൽ; യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ അടുക്കള കൈയേറിയത് കെയു ജനീഷ് കുമാർ എംഎൽഎയുടെ പാർട്ടിക്കാർ; പിണറായിയുടെ മുന്നറിയിപ്പ് വന്നതോടെ സമാന്തര അടുക്കളകൾ അടച്ചു പൂട്ടി; തിരിച്ചടി നേരിട്ടത് രാഷ്ട്രീയ മുതലെടുപ്പിന് ഇറങ്ങിയ സിപിഎമ്മുകാർക്ക്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സമാന്തര സാമൂഹിക അടുക്കള തട്ടിക്കൂട്ടി സ്വന്തം നിലയിൽ ഭക്ഷണ വിതരണം നടത്തുന്ന ജില്ലയിലെ സിപിഎമ്മുകാർക്ക് മുഖ്യമന്ത്രിയുടെ കടിഞ്ഞാൺ. പത്തനംതിട്ടയിൽ ഒമ്പത് സമാന്തര സാമൂഹിക അടുക്കളകൾ പ്രവർത്തിക്കുന്നുണ്ടെന്നും അത് നിർത്തണമെന്നുമായിരുന്നു പിണറായി ഇന്നലെ പതിവ് വാർത്താ സമ്മേളനത്തിനിടെ വ്യക്തമാക്കിയത്. മുഖ്യമന്ത്രി പരാമർശിച്ച ഈ അടുക്കളകൾ ഏറെയും തുറന്നിരുന്നത് കോന്നി മണ്ഡലത്തിലാണ്. കന്നിയങ്കത്തിൽ മണ്ഡലം പിടിച്ചതിന്റെ ചോരത്തിളപ്പിൽ നിൽക്കുന്ന ജനീഷ്‌കുമാറിന്റെ നിർദേശ പ്രകാരമാണ് പലയിടത്തും സമാന്തര അടുക്കള തുറന്നത്.

യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിലാണ് ഇവർ സമാന്തര അടുക്കളയുമായി രംഗത്ത് വന്നത് എന്നതും ശ്രദ്ധേയം. തണ്ണിത്തോട്, വള്ളിക്കോട് പഞ്ചായത്തുകളിൽ സിപിഎം നേരിട്ടാണ് സമൂഹ അടുക്കള സമാന്തരമായി പ്രവർത്തിപ്പിച്ചത്. ഇതിനായി പിരിവും സംഘടിപ്പിച്ചു. തണ്ണിത്തോട് പഞ്ചായത്തിന്റെ അടുക്കള സിപിഎമ്മുകാർ കൊണ്ടുപോയെന്ന് പ്രസിഡന്റ് നേരത്തേ തന്നെ പരാതിപ്പെട്ടിരുന്നു. ജനകീയ അടുക്കള എന്ന പേരിലാണ് സിപിഎം ഇതു നടത്തിയത്. ഇന്നലെ എംഎൽഎയുമായി നടത്തിയ ചർച്ചയെ തുടർന്ന് അടുക്കള പൂട്ടി. '

സാധനങ്ങൾ പഞ്ചായത്തിന്റെ അടുക്കളയിലേക്ക് മാറ്റി. പഞ്ചായത്തിന്റെ അടുക്കളയിലെ ഭക്ഷണം മോശമാവുകയും ഒരു ദിവസം പ്രവർത്തിക്കാതെ വരികയും ചെയ്തതു കൊണ്ടാണ് ജനകീയ അടുക്കള തുടങ്ങേണ്ടി വന്നത് എന്നാണ് എംഎൽഎ പറയുന്നത്. എന്നാൽ, പഞ്ചായത്തിന്റെ സമൂഹ അടുക്കള കഴിഞ്ഞ 28 ന് തുടങ്ങിയതാണെന്നും തുടക്കത്തിൽ ചില പോരായ്മകൾ ഉണ്ടായിരുന്നത് പരിഹരിച്ചുവെന്നും പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പറഞ്ഞു.

വള്ളിക്കോട് പഞ്ചായത്തിൽ സമൂഹ അടുക്കള ഭരണസമിതി അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചാണ് സിപിഎം ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ കൈപ്പട്ടൂരിലെ ഹോട്ടൽ ഏറ്റെടുത്ത് സമൂഹ അടുക്കള തുടങ്ങിയത്. പഞ്ചായത്തിൽ നിന്ന് 40 പേർക്ക് മാത്രമാണ് ഭക്ഷണം നൽകുന്നത് എന്നാണ് ആരോപണം. 200 പേർക്കാണ് പഞ്ചായത്തിൽ ആകെ ഭക്ഷണം വേണ്ടതെന്നും ഇവർ പറഞ്ഞിരുന്നു. സർക്കാർ പദ്ധതി യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് അട്ടിമറിക്കുന്നുവെന്നും ആരോപണം ഉന്നയിച്ചിരുന്നു. പഞ്ചായത്തിലെ സമൂഹ അടുക്കള ഏകപക്ഷീയമായി കുടുംബശ്രീ കഫേയ്ക്ക് നൽകിയെന്നും സിഡിഎസിനെ അടുപ്പിച്ചില്ലെന്നുമായിരുന്നു സിപിഎമ്മുകാർ പറഞ്ഞിരുന്നത്. ഇതേ പോലെ യുഡിഎഫ് ഭരിക്കുന്ന മിക്ക പഞ്ചായത്തുകളിലെയും സമൂഹ അടുക്കളയ്ക്ക് എതിരേ സിപിഎം രംഗത്ത് വന്നിരുന്നു. ആറന്മുളയിലാകട്ടെ സമൂഹ അടുക്കള അപ്പാടെ ഡിവൈഎഫ്ഐക്കാർ അടിച്ചു മാറ്റുകയും ചെയ്തു.

സംസ്ഥാനത്ത് ആദ്യമായി ഒരു എംഎൽഎ സ്വന്തമായി സന്നദ്ധ സേന രൂപീകരിച്ചു പ്രവർത്തനം തുടങ്ങിയത് കോന്നിയിലായിരുന്നു. തന്റെ ശിങ്കിടികൾക്ക് എല്ലാം പ്രത്യേക പാസും നൽകി പൊതുജന സഹായത്തിന് ഇറക്കി വിടുകയായിരുന്നു ജനീഷ്‌കുമാർ. ഇവരിൽ ചില സഖാക്കൾ ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് നേരെ തട്ടിക്കയറാൻ ശ്രമിച്ചത് വിവാദമായി. പൊലീസുകാരന്റെ പരാതിയെ തുടർന്ന് കുട്ടി സഖാവിനെതിരേ കേസ് വന്നതോടെ എംഎൽഎ നേരിട്ടെത്തി മാപ്പു പറയുകയും അഞ്ചു പേർക്ക് മാത്രമാണ് പാസ് നൽകിയിരിക്കുന്നത് എന്ന് വിശദീകരിക്കുകയും ചെയ്യുന്നു.

കോന്നി മണ്ഡലത്തിൽ റേഷൻ വാങ്ങാൻ എത്തുന്നവർക്കും എംഎൽഎയുടെ സന്നദ്ധ സേന തലവേദയാവുകയാണ്. ഓരോ റേഷൻ കടയുടെ മുന്നിലും നാലും അഞ്ചും സഖാക്കന്മാർ സഹായികളായി നിൽക്കുന്നു. ഇവർ തന്നെ ഒരു ആൾക്കൂട്ടം സൃഷ്ടിക്കുന്നു. തങ്ങൾക്ക് സഹായം ആവശ്യമില്ലെന്ന് പറഞ്ഞാലും സഖാക്കൾ കേട്ട മട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP