Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹയർസെക്കൻഡറി പ്രാക്റ്റിക്കൽ പരീക്ഷ അവതാളത്തിൽ; നിരവധി സ്‌ക്കൂളുകളിൽ അദ്ധ്യാപകർക്ക് പരീക്ഷ ഡ്യൂട്ടി നൽകിയില്ല; നവോത്ഥാന കാലത്ത് പുതിയ ഡ്യൂട്ടി പരീക്ഷണമെന്ന് അദ്ധ്യാപക വാട്സ് അപ്പ് ഗ്രൂപ്പുകളിൽ ചർച്ച

ഹയർസെക്കൻഡറി പ്രാക്റ്റിക്കൽ പരീക്ഷ അവതാളത്തിൽ; നിരവധി സ്‌ക്കൂളുകളിൽ അദ്ധ്യാപകർക്ക് പരീക്ഷ ഡ്യൂട്ടി നൽകിയില്ല; നവോത്ഥാന കാലത്ത് പുതിയ ഡ്യൂട്ടി പരീക്ഷണമെന്ന് അദ്ധ്യാപക വാട്സ് അപ്പ് ഗ്രൂപ്പുകളിൽ ചർച്ച

ടി പി ഹബീബ്

കോഴിക്കോട്:ഹയർസെക്കൻഡറി സ്‌ക്കൂളുകളിൽ 14 ന് ആരംഭിക്കുന്ന പ്രാക്റ്റിക്കൽ പരീക്ഷ അവതാളത്തിൽ. പരീക്ഷയുടെ ഭാഗമായി ബുധനാഴ്ച കോഴിക്കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വിളിച്ചു ചേർത്ത ഹയർസെക്കൻഡറി അദ്ധ്യാപകരുടെ യോഗം വ്യക്തമായ ആസൂത്രണമില്ലാതെ പിരിഞ്ഞു. സ്‌ക്കൂളുകളിൽ രണ്ടാം വർഷ പരീക്ഷയുടെ മോഡൽ പരീക്ഷക്കിടയിലാണ് ഏറെ ക്ലേശിച്ച് അദ്ധ്യാപകരുടെ യോഗം വിളിച്ചു ചേർത്തത്. സംസ്ഥാനത്ത് ഒട്ടാകെ ഇതേ സാഹചര്യമാണ് നിലനിൽക്കുന്നതെന്നാണ് സൂചന.

ഹയർസെക്കൻഡറി സ്‌ക്കൂളുകളിലെ സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് പ്രാക്റ്റിക്കൽ വിഷയങ്ങളിലെ അദ്ധ്യാപകരുടെ യോഗമാണ് ജില്ലാ കേന്ദ്രങ്ങളിൽ നടന്നത്. ഈ യോഗത്തിലാണ് വിവിധ സ്‌ക്കൂളുകളിൽ പ്രാക്റ്റിക്കൽ പരീക്ഷാ ഡ്യൂട്ടിക്ക് പേകേണ്ട അദ്ധ്യാപകരുടെ പേരു വിവരങ്ങൾ ലഭിക്കുന്നത്. സ്വന്തം സ്‌ക്കൂളുകളിൽ പ്രാക്റ്റിക്കലിന് എത്തുന്ന അദ്ധ്യാപകരുടെ പേരു വിവരങ്ങളും യോഗത്തിൽ ലഭ്യമാക്കും. ഇതിന് പിന്നാലെ പ്രാക്റ്റിക്കൽ രീതിയെ കുറിച്ച് അദ്ധ്യാപകർ തമ്മിൽ ചർച്ച നടത്താറാണ് പതിവ്.

കോഴിക്കോട് ജില്ലയിലെ പകുതി സ്‌ക്കൂളുകളിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി പ്രാക്റ്റിക്കൽ പരീക്ഷ ആര് നടത്തുമെന്നതിനെ കുറിച്ച് വ്യക്തമായ വിവരം യോഗത്തിൽ നൽകിയിട്ടില്ല. സാധാരണ ഡയരക്ടറേറ്റിൽ നിന്നും ഇ മെയിൽ വഴി ജില്ലയിലെ അദ്ധ്യാപക കേന്ദ്രങ്ങളിൽ ഡ്യൂട്ടി ലിസ്റ്റ് എത്താറാണ് പതിവ്. എന്നാൽ പകുതി അദ്ധ്യാപകർക്കും പകുതി സ്‌ക്കൂളുകൾക്കും മാത്രമേ ഡ്യുട്ടി ലിസ്റ്റ് വന്നിട്ടുള്ളൂ. ശേഷിക്കുന്ന ലിസ്റ്റ് പിന്നീട് എത്തിക്കുമെന്ന മറുപടിയാണ് പല കേന്ദ്രങ്ങളിൽ നിന്നും ലഭിച്ചത്. പിന്നെ എന്തിനാണ് ഇത്ര ധ്യതിപ്പെട്ട് യോഗം വിളിച്ചതെന്നാണ് അദ്ധ്യാപകരുടെ ചോദ്യം.

മെഡിക്കൽ-എൻജിനീയറിങ് വിഷയങ്ങളിൽ പ്രാക്റ്റിക്കൽ മാർക്ക് അടക്കം ഏറെ പ്രധാനപ്പെട്ടതാണ്. പ്രാക്റ്റിക്കൽ പരീക്ഷക്ക് അടുത്തടുത്തുള്ള സ്‌ക്കൂളുകളിലെ അദ്ധ്യാപകർ തമ്മിൽ അഡ്ജസ്റ്റ്മെന്റ് നടക്കുന്നുവെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് ഓൺ ലൈൻ വഴിയാണ് ഇപ്പോൾ അദ്ധ്യാപകർക്ക് ഡ്യൂട്ടി ലഭിക്കുന്നത്. ചില ട്യൂഷൻ സെന്ററുകൾ പ്രാക്റ്റിക്കൽ വിഷയങ്ങളിൽ അദ്ധ്യാപകരെ സമീപിച്ച് ഒത്തുകളി നടത്തുന്നുവെന്ന ആരോപണവും സജീവമാണ്. അതിനിടയിലാണ് പ്രാക്റ്റിക്കൽ പരീക്ഷയുടെ നടത്തിപ്പിനെ കുറിച്ച് ആലോചിക്കാൻ ചേർന്ന യോഗം പ്രഹസനമായത്. പ്രാക്റ്റിക്കൽ പരീക്ഷയുടെ യോഗം അലങ്കോലമായത് അദ്ധ്യാപകരുടെ വിവിധ ഗ്രൂപ്പുകളിൽ പ്രധാന ചർച്ചയായിട്ടുണ്ട്.

അദ്ധ്യാപകരുടെ ക്ലാസ് തീരുമാനിക്കുന്നതും അദ്ധ്യാപകർ ഏത് സ്‌ക്കൂളുകളിൽ പോകണമെന്നുള്ള തീരുമാനം എടുക്കുന്നതും ഡയക്ടറേറ്റിൽ നിന്നാണെന്ന് കോഴിക്കോട് റീജിണൽ ഡപ്യൂട്ടി ഡയറക്ടർ കെ.ഗോകുൽക്യഷ്ണൻ പറഞ്ഞു.അദ്ധ്യാപകർക്കുള്ള ക്ലാസ് തുടങ്ങിയപ്പോഴാണ് ലിസ്റ്റ് അപൂർണമാണെന്ന് അറിയുന്നത്. പൂർണമായ ലിസ്റ്റ് അടുത്ത് തന്നെ വരുമെന്നും പ്രാക്റ്റിക്കൽ പരീക്ഷക്ക് പ്രയാസമൊന്നും വരികയില്ല.നിരവധി പ്രിൻസിപ്പൾമാർ പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ആ വിവരം ഡയറക്ട്രേറ്റിൽ അറിയിച്ചിട്ടുണ്ടെന്ന് അദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP