Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

2009ൽ ചെലവിട്ടതു പത്തു കോടി രൂപ; വർഷംതോറും 10 ലക്ഷം രൂപ ശമ്പളവും; എന്നിട്ടും പൊതുമരാമത്തു സംവിധാനം നോക്കുകുത്തി; റോഡിലെ കുഴികളെയും അപകടങ്ങളെയും കുറിച്ചു ജനങ്ങൾക്കു പരാതി പറയാൻ ഒരുക്കിയ കാൾ സെന്റർ അടച്ചുപൂട്ടണമെന്നു ജനകീയ കൂട്ടായ്മ

2009ൽ ചെലവിട്ടതു പത്തു കോടി രൂപ; വർഷംതോറും 10 ലക്ഷം രൂപ ശമ്പളവും; എന്നിട്ടും പൊതുമരാമത്തു സംവിധാനം നോക്കുകുത്തി; റോഡിലെ കുഴികളെയും അപകടങ്ങളെയും കുറിച്ചു ജനങ്ങൾക്കു പരാതി പറയാൻ ഒരുക്കിയ കാൾ സെന്റർ അടച്ചുപൂട്ടണമെന്നു ജനകീയ കൂട്ടായ്മ

 

തൃശ്ശൂർ: പൊതുമരാമത്ത് വകുപ്പിന്റെ കിഴിലുള്ള റോഡിലെ കുഴികളെക്കുറിച്ചും ഇവിടെ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ചും അധികൃതരെ നേരിട്ടറിയിക്കാൻ ഒരു കാൾ സെന്റർ കേരളത്തിൽ ഉണ്ടെന്ന് എത്രപേർക്കറിയാം? എന്നാൽ, അത്തരത്തിലൊരു സംവിധാനം സംസ്ഥാനത്തു നിലവിലുണ്ട്. പക്ഷേ, കാൾ സെന്റർ നമ്പറായ 18004257771 ലേക്ക് പരാതി വിളിച്ചു പറഞ്ഞിട്ടു ഒരു കാര്യവുമില്ല എന്നാണ് തൃശ്ശൂരിൽ നിന്നുയരുന്ന ആക്ഷേപം.

വിളിച്ചാൽ നമ്മളുടെ നമ്പറിലേക്ക് എക്‌സിക്യൂട്ടീവ് എൻജിനിയർ ഒന്ന് വിളിക്കും. സംഭവങ്ങൾ ചോദിച്ചറിയും പിന്നെ അനക്കമൊന്നുമില്ല. 2009 ൽ 10 കോടി ചെലവിട്ട് റോഡുമായി വരുന്ന പരാതികൾ പരിഹരിക്കാനായി താത്കാലിക ജീവനക്കാരെ വച്ചുകൊണ്ട് വർഷം 10 ലക്ഷം രൂപ ചെലവാക്കിയാണു കാൾ സെന്റർ സ്ഥാപിച്ചത്. തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന കോൾ സെന്ററിൽ വന്ന പരാതികളിൽ 13000 ലധികം പരാതികൾ ഇപ്പോഴും കെട്ടിക്കിടക്കുകയാണ്. ആളുകളുടെ നികുതി പണം ഇതുമൂലം വെറുതെ നഷ്ടപ്പെടുകയാണ് എന്നും അതിനാൽ ഇത് അടച്ചു പൂട്ടി ജില്ലാ തലത്തിൽ ഇത്തരത്തിലുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നുമാണ് ആവശ്യം.

എങ്കിലേ പൊതുജനത്തിന് ഇതുമായി ബന്ധപെട്ടു സഹായങ്ങൾ ലഭ്യമാകുകയുള്ളൂ എന്നും മണ്ണുത്തി കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രാദേശിക കൂട്ടായ്മയായ നേർക്കാഴ്ച പ്രവർത്തകർ പറയുന്നു. കോൾ സെന്ററിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ തെളിവ് സഹിതം വച്ചുള്ള പരാതി പൊതുമരാമത്തു മന്ത്രിക്ക് അയച്ചിരിക്കുകയാണ് ഈ കൂട്ടായ്മ. ദേശിയപാത നാട്ടുകാർ മുറിച്ചു കടക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളുടെ കണക്കു വെളിപ്പെടുത്തി ഹൈവേയിൽ സബ്‌വേ പോലുള്ള സൗകര്യങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടു നേർക്കാഴ്ച മുൻപ് രംഗത്തു വന്നിരുന്നു.

നായ ശല്യം പോലെയാണ് റോഡിലെ കുഴി ശല്യവും. എന്നാൽ, തെരുവ് നായയെ കൊല്ലാൻ കാണിച്ച ശുഷ്‌കാന്തി ആളുകളെ കൊല്ലുന്ന റോഡിന്റെ കാര്യത്തിൽ സർക്കാർ കാണിക്കുന്നില്ല എന്നാണു പരാതി ഉയരുന്നത്. തൃശ്ശൂരിൽ നിന്ന് അറിയിച്ച 33 പരാതിയിൽ ഒരു വർഷത്തിന് ശേഷം നടപടിയായായത് ഒരെണ്ണം മാത്രമാണ്. കുഴി അടക്കാൻ പോലും ഉപയോഗിക്കാൻ കഴിയാതെ, ജനങ്ങളുടെ നികുതി പണം കൊണ്ട് ഒരു ഗുണവുമില്ലാതെ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന കാൾ സെന്റർ സംവിധാനം ദയവായി അടച്ചു പൂട്ടണമെന്നാണു വകുപ്പ് മന്ത്രിയോട് തൃശ്ശൂരിലെ ജനകീയ കൂട്ടായ്മ ആവശ്യപ്പെടുന്നത്.

പുല്ലുവിളയിൽ 65കാരി തെരുവുനായയുടെ ആക്രമണത്തിൽ മരിച്ചു. ഇതിനു പിന്നാലെ തെരുവുനായ്ക്കൾക്കെതിരായി നടപടിയെടുക്കാൻ സർക്കാർ തീരുമാനിച്ചു. എന്നാൽ തൃശൂർ പടിഞ്ഞാറെ കോട്ടയിലും, ഒല്ലൂരും റോഡിലെ കുഴിയിൽ വീണു ബൈക്ക് അപകടത്തിൽ പെട്ട് മരണം നടന്നപ്പോൾ പൊതുമരാമത്തു വകുപ്പും കോർപറേഷനും പരസ്പരം പഴിചാരുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

കാൾ സെന്റർ പ്രവർത്തനം തുടങ്ങി 7 വർഷത്തെ കാലയളവിൽ 34,724 പരാതികൾ ഇതുവഴി വന്നു. പരാതികളിൽ പകുതിപോലും പരിഹരിക്കാൻ ആയില്ല. തൃശൂർ മുളയം റോഡിൽ അര മീറ്ററോളം വരുന്ന കുഴി രൂപപ്പെട്ടപ്പോൾ 2014 സെപ്റ്റംബർ 16ന് കാൾ സെന്റർ വഴി പരാതി പറഞ്ഞു. നടപടിയെടുക്കാൻ കാലതാമസം വന്നപ്പോൾ എക്‌സിക്യൂട്ടീവ് എൻജിനീയറെ വിളിക്കാനാണ് ആവശ്യപ്പെട്ടത്. അവിടേക്ക് ഇൻഫോർമേഷൻ കൊടുത്തിട്ടുണ്ട് എന്നും ഇതുവരെ ശരിയാക്കിയില്ലേ എന്നുമാണ് ലഭിച്ച മറുപടി. ടെണ്ടർ എടുക്കാൻ ആളില്ല എന്നും മറുപടി ലഭിച്ചു.

അതിനുശേഷം ഒന്നരവർഷം കഴിഞ്ഞു. അര മീറ്റർ കുഴി 7 മീറ്റർ വീതിയിലും 10 മീറ്റർ ആഴത്തിലും പൊട്ടി തകർന്നു. മഴ വെള്ള ചാലായി മാറിയപ്പോൾ നിരന്തരം പരാതികൾ പറഞ്ഞപ്പോഴാണ് നന്നാക്കിയത് എന്നും നേർക്കാഴ്ച സെക്രട്ടറി പി ബി സതീഷ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഏഴു താത്കാലിക ജീവനക്കാർ അടക്കം, വെള്ളം , വാടക, കറന്റ്, ഇന്റർനെറ്റ് തുടങ്ങിയ ചിലവുകളും കുട്ടി സംസ്ഥാന സർക്കാരിന്റെ 10 ലക്ഷം രൂപ വെറുതെ ജനങ്ങളുടെ നികുതി പണം കൊണ്ട് പ്രതിവർഷം ചിലവഴിച്ചു പ്രവർത്തിക്കുന്ന ഈ സംരഭംകൊണ്ട് പ്രയോജനമില്ല എന്നാണ് ഇവരുടെ വാദം. 33 പരാതികൾ നാളിതുവരെ കാൾ സെന്റർ വഴി തൃശ്ശൂരിൽ നിന്ന് തന്നെ ലഭിച്ചിട്ടും പരിഹാരം കണ്ടത് ഒന്നിൽ മാത്രമാണ് എന്ന് വിവരവാകാശ രേഖകളും തെളിയിക്കുന്നു.

ജില്ലകൾ കേന്ദ്രികരിച്ച് എക്‌സിക്യൂട്ടീവ് എൻജിനിയർ വഴി ഇത്തരത്തിൽ ഒരു സംരംഭം ഉണ്ടായാലേ റോഡിലെ പ്രശ്‌നങ്ങൾ അപകടങ്ങൾ ഇവക്കു പരിഹാരം കാണാനാകു എന്നാണ് ഇവരുടെ വാദം. തെരുവ് നായ പ്രശ്നത്തിൽ കാണിക്കുന്ന ശുഷ്‌കാന്തി പോലും അപകടം പതിഞ്ഞിരിക്കുന്ന റോഡുകളിൽ കാണിക്കുന്നില്ല എന്ന പരാതി ഇവർക്കുണ്ട്. പരാതിയിൽ വകുപ്പ് മന്ത്രി നടപടികൾ സ്വീകരിക്കുമെന്നാണു പ്രതീക്ഷയെന്നും സതീഷ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP