Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്റേണൽ മാർക്കിലും അറ്റൻഡൻസിലും തിരിമറി; ഇഷ്ടക്കാർക്ക് എല്ലാം വാരിക്കോരി കൊടുക്കുമ്പോൾ വിമർശകരോട് പകവീട്ടും; സെലബ്രിറ്റി ഷെഫ് ലക്ഷ്മി നായരുടെ കോളേജിനെതിരെയും പരാതി; വിദ്യാർത്ഥി പ്രക്ഷോഭം ശക്തമായതോടെ കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു; പ്രതിഷേധവുമായി ഇറങ്ങിയ എസ്എഫ്‌ഐക്കാർ ലോ അക്കാദമി അടിച്ചു തകർത്തു

ഇന്റേണൽ മാർക്കിലും അറ്റൻഡൻസിലും തിരിമറി; ഇഷ്ടക്കാർക്ക് എല്ലാം വാരിക്കോരി കൊടുക്കുമ്പോൾ വിമർശകരോട് പകവീട്ടും; സെലബ്രിറ്റി ഷെഫ് ലക്ഷ്മി നായരുടെ കോളേജിനെതിരെയും പരാതി; വിദ്യാർത്ഥി പ്രക്ഷോഭം ശക്തമായതോടെ കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു; പ്രതിഷേധവുമായി ഇറങ്ങിയ എസ്എഫ്‌ഐക്കാർ ലോ അക്കാദമി അടിച്ചു തകർത്തു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സെലബ്രിറ്റി ഷെഫ് ലക്ഷ്മി നായർ പ്രിൻസിപ്പലായ തിരുവനന്തപുരം പേരൂർക്കടയിലെ കേരള ലോ അക്കാദമിയിലേക്ക് എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥി മാർച്ച് അക്രമാസക്തമായി. മാനേജ്‌മെന്റിന്റെ വിദ്യാർത്ഥി വിരുദ്ധ നിലപാടിനെതിരെ സമരവുമായി രംഗത്തെത്തിയ എസ്എഫ്‌ഐ കോളേജ് അടിച്ചു തകർത്തു. പൊലീസിന്റെ സാന്നിധ്യത്തിലാണ് വിദ്യാർത്ഥി സമരം അക്രമാസക്തമായത്. വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് ലോ അക്കൗദമി അനിശ്ചിത കാലത്തേക്ക് അടച്ചതോടെ ഇന്ന് എസ്എഫ്‌ഐ കോളേജിലേക്ക് മാർച്ചു നടത്തിയത്. കോളേജിലേക്ക് മാർച്ച് ചെയ്തു കൊണ്ടെത്തിയ വിദ്യാർത്ഥികൾ സ്ഥലത്തുണ്ടായിരുന്ന പൊലീസിനെതിരെയും കല്ലേറെഞ്ഞു.

പൊലീസ് കാമ്പസിൽ പ്രവേശിക്കരുതെന്ന മുദ്രാവാക്യം വിളിച്ചാണ് എസ്എഫ്‌ഐ മാർച്ച് നടത്തിയത്. കോളേജിലെ പുറത്തുള്ള ഫർണിച്ചറുകൾ എസ്എഫ്‌ഐക്കാർ അടിച്ചു തകർത്തു. കോളെജിന്റെ ജനൽ ചില്ലുകളും സിസിടിവി ക്യാമറയും അടിച്ചു തകർത്തു. കോളെജിന് സംരക്ഷണം നൽകാനെത്തിയപ്പോഴാണ് പൊലീസിനു നേരെയും എസ്എഫ്‌ഐ പ്രവർത്തകർ പ്രതിഷേധിച്ചത്. കോളേജിൽ പലയിടത്തായി സ്ഥാപിച്ച സിസി ടിവ്ി ക്യാമറകൾ അഴിച്ച് പ്രിൻസിപ്പലിന്റെ വീടിന് മുന്നിൽ കൊണ്ടുചെന്നിട്ടുണ്ട് പ്രവർത്തകർ. വൻ പൊലീസ് സന്നാഹം സ്ഥലത്തുണ്ട്. ഇതിനിടെ നിരാഹാരം ഇരുന്നവരെ പൊലീസ് അറസറ്റു ചെയ്തു നീക്കുകയും ചെയ്തു.

പാമ്പാടി നെഹ്രു കോളേജിലെ വിദ്യാർത്ഥിയുടെ മരണത്തെ തുടർന്ന് മാദ്ധ്യമ വാർത്തകളിൽ പല കോളേജുകളും നിറഞ്ഞിരുന്നു. ഈ സംഭവങ്ങളുടെ തുടർച്ചയായാണ് തിരുവനന്തപുരത്തെ പ്രശസ്തമായ നിയമ കോളേജായ ലോ അക്കാദമിക്കെതിരെയും വിമർശനം ഉയർന്നത്. സെലബ്രിറ്റി ഷെഫ് എന്ന നിലയിൽ ശ്രദ്ധേയയായ ലക്ഷ്മി നായർ പ്രിൻസിപ്പലായ കോളേജിനെതിരെ സമരവുമായി ആദ്യം രംഗത്തുവന്നത് എ.ഐ.എസ്.എഫും എബിവിപിയും കെഎസ് യുവും അടക്കമുള്ള വിദ്യാർത്ഥി സംഘടനകളാണ്. പിന്നാലെയാണ് ഇപ്പോൾ എസ്എഫ്‌ഐയും പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.

കോളേജിൽ പഠിക്കുന്ന മുഴുവൻ സമയ വിദ്യാർത്ഥികളാണ് ആക്ഷേപവുമായി രംഗത്തെത്തിയത്. ഇന്റേണൽ മാർക്കിന്റ കാര്യത്തിലും അറ്റൻഡൻസിലും തിരിമറി നടത്തുന്നു എന്നതാണ് കോളേജിനെതിരെ ഉയർന്നിരിക്കുന്ന പ്രധാന ആക്ഷേപം. ഇഷ്ടമില്ലാത്ത വിദ്യാർത്ഥികൾക്ക് നേരെ കൈക്കൊള്ളത് പ്രതികാര നടപടിയാണെന്നും ഇത്തരം നടപടികൾക്ക് പിന്നിൽ ലക്ഷ്മി നായരാണെന്നും വിദ്യാർത്ഥി യൂണിയനുകൾ ആരോപിക്കുന്നു. അതേസമയം ആരോപണങ്ങളിലൊന്നും യാതൊരു കഴമ്പില്ലെന്നാണ് ലോ അക്കൗദമി പ്രിൻസിപ്പലും മാനേജ്‌മെന്റും വ്യക്തമാക്കുന്നതും. മറ്റ് കോളേജുകളിൽ ഉണ്ടായ പ്രതിഷേധത്തിന്റെ മറപിടിച്ചാണ് ഇവിടെയും സമരമെന്നാണ് മാനേജ്‌മെന്റിന്റെ പക്ഷം.

ഇന്റേണൽ മാർക്ക് അദ്ധ്യാപകർ തോന്നിയതു പോലെ കൊടുക്കുന്നു എന്നതാണ് ആരോപണം. പ്രതികരിക്കുന്ന വിദ്യാർത്ഥികൾക്ക് ഇയർബാക്ക് നടത്തുക, ഇന്റേണൽ മാർക്കിലും അറ്റഡൻസിലും ക്രിതൃമം കാണിച്ച് മികച്ച വിദ്യാർത്ഥികളുടെ ഭാവി നശിപ്പിക്കുക, ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കൽ തുടങ്ങിയ ഒക്കെ ലോ അക്കാദമിയിൽ നടക്കുന്നുണ്ടെന്നാണ് ആക്ഷേപം. ഇത്തരം മാനസിക പീഡനങ്ങളെ തുടർന്ന് ആറ് മാസത്തിനിടെ അഞ്ച് വിദ്യാർത്ഥികൾ പഠനം ഉപേക്ഷിച്ചു പോയെന്നും പ്രതിഷേധക്കാർ പറയുന്നു. മതിയായ അറ്റൻഡൻസ് ഉണ്ടെങ്കിൽ തന്നെയും അത് പരസ്യപ്പെടുത്താൻ പറഞ്ഞാൽ അതിന് തയ്യാറാകാറില്ലെന്നുമാണ് ഇവരുടെ പരാതി.

കോളേജിലെ രാഷ്ട്രീയ പ്രവർത്തനത്തിനും തിരഞ്ഞെടുപ്പിനും വിലക്കേർപ്പെടുത്തിയ ചരിത്രമുള്ള കോളേജല്ല ലോ അക്കാദമി. ഗവൺമെന്റ് കോളേജുകളിലെ പോലെ വിദ്യാർത്ഥി രാഷ്ട്രീയത്തിനുള്ള പ്രവർത്തന അനുമതി ലോ അക്കാദമി നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും വിദ്യാർത്ഥി സംഘടനകളും പ്രവർത്തിക്കുന്നുണ്ട്. പാമ്പാടി കോളേജിൽ ഉണ്ടായതു പോലുള്ള സംഭവങ്ങളൊന്നും ഇവിടെ ഉണ്ടായിട്ടുമില്ല. എന്നാൽ, വാർത്തകളിൽ പല കോളേജുകളും നിറഞ്ഞ വേളയിലാണ് ലോ അക്കൗദമിക്കും എതിരായി ആരോപണങ്ങൾ ഉയരുന്നത്. ഇതിന് പിന്നിലെയ യഥാർത്ഥ കാരണം എന്താണെന്നതും വ്യക്തമല്ല.

മിടുക്കരായ വിദ്യാർത്ഥികളെ ഒഴിവാക്കി സ്വന്തം താത്പര്യങ്ങൾ മുൻനിർത്തിയുള്ള തീരുമാനങ്ങളാണ് ചില അദ്ധ്യാപകർ കൈക്കൊള്ളുന്നതെന്നാണ് പരാതികളിൽ പ്രധാനകാര്യം. ഒരു സെമസ്റ്റർ കാലയളവിൽ രണ്ടുതവണ ഇന്റേണൽ മാർക്കും അറ്റൻഡൻസും പരസ്യപ്പെടുത്തേണ്ടതുണ്ട്. എന്നാൽ ഇതൊന്നും ഒരിക്കൽ പോലും പാലിക്കപ്പെട്ടിട്ടില്ലെന്നും ഇവർ പരാതിപ്പെടുന്നു. ഈ സംഭവങ്ങളിൽ വിദ്യാർത്ഥി സംഘടനകൾ പ്രതിക്കൂട്ടിൽ നിർത്തുന്നത് പ്രിൻസിപ്പലിനെയാണ്. പണപ്പിരിവിന്റെ കാര്യത്തിൽ പോലും കോളേജ് പിന്നിലല്ലെന്നാണ് ഇവരുടെ കുറ്റപ്പെടുത്തൽ.

ലോ കോളേജുകൾ തമ്മിലുള്ള മത്സരങ്ങൾക്കുള്ള പരിശീലനമെന്നോണം രൂപീകരിച്ചിട്ടുള്ള മൂട്ട് കോർട്ടിനായി വിദ്യാർത്ഥികളിൽ നിന്നും പിരിവു നടത്തുന്നുണ്ടെന്നാണ് ആക്ഷേപം. ഈ സംഭവങ്ങളിൽ പ്രതികരിച്ചാൽ വിദ്യാർത്ഥികളുടെ പഠനം തന്നെ അവസാനിപ്പിക്കേണ്ടി വരുന്ന സാഹചര്യവും ഉണ്ടാകുന്നു. ലോ കോളേജ് മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും സദാചാര പൊലീസിങ് നടക്കുന്നു എന്നതാണ് ഉയർന്നിരിക്കുന്ന മറ്റൊരു ആരോപണം. ആൺകുട്ടികളും പെൺകുട്ടികളും സംസാരിക്കുന്നതിന് അനുവദിക്കാത്ത വിധത്തിൽ പോലും മാനേജ്‌മെന്റെ ഇടപെടൽ ഉണ്ടെന്നെ ആക്ഷേപങ്ങളെ അദ്ധ്യാപകരും ഒരു വിഭാഗം വിദ്യാർത്ഥികളും തള്ളിക്കളയുന്നു.

കോളേജിൽ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നതാണ് മറ്റൊരു ആക്ഷേപം. വേണ്ടിടത്തും വേണ്ടാത്തിടത്തുമൊക്കെ സിസി ടിവി ക്യാമറകൾ സ്ഥാപിച്ചത് വിദ്യാർത്ഥികളുടെ സ്വാകാര്യതയെ ഹനിക്കുന്നതാണെന്നുമാണം പരാതി. ഇത്തരം സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചാൽ അതിന്റെ പേരിലും പ്രതികാര നടപടി ഉണ്ടാകാറുണ്ടെന്നാണ് യൂണിയനുകളുടെ പരാതി. പ്രിൻസിപ്പൽ തന്നെ മുൻകൈയെടുത്ത് കോളേജിനെ ട്രോളുന്ന പേജ് പൂട്ടിച്ചു എന്നതാണ് സമരരംഗത്തുള്ളവരുടെ ആരോപണം.

ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് ആനുകൂല്യങ്ങളില്ലെന്ന് ആക്ഷേപവും ശക്തമാണ്. പട്ടികജാതിവർഗം, ഒഇസി വിദ്യാർത്ഥികൾക്കു ലഭിക്കേണ്ട സ്‌റ്റൈപ്പന്റും ലംപ്‌സം ഗ്രാന്റും ലോ അക്കാദമിയിൽ നിന്നു ലഭിക്കാറില്ലെന്നം ആക്ഷേപം ഉയർന്നിട്ടുണ്ട്. പേരൂർക്കടയിൽ കുടപ്പനക്കുന്ന് റോഡിലായി പ്രവർത്തിക്കുന്ന കേരളാ ലോ അക്കാദമിയിൽ മൂന്നു ബാച്ചുകളിലായി 1000ഓളം വിദ്യാർത്ഥികളാണു പഠിക്കുന്നത്. ബിഎ എൽഎൽബി, എൽഎൽഎം കോഴ്‌സുകളാണ് ഇവിടെ പഠിപ്പിക്കുന്നതും.

അതേസമയം കുട്ടികൾക്ക് സ്വാതന്ത്ര്യം നൽകുന്ന കാര്യത്തിൽ ലോ അക്കൗദമി യാതൊരു കൈകടത്തലും നടത്തിയിട്ടില്ലെന്നാണ് ലക്ഷ്മി നായരും പറയുന്നത്. പരമാവധി മാർക്ക് നൽകി കുട്ടികളെ വിജയിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. മറിച്ചുള്ള വാദങ്ങളെയെല്ലാം ഇവർ തള്ളിക്കളയുന്നു. ഒരു സെലബ്രിറ്റിയാണ് കോളേജിലെ പ്രിൻസിപ്പൽ എന്തുകൊണ്ടാണ് ഇത്തരം ആരോപണങ്ങൾ ഉയരുന്നതെന്നുമാണ് മറുവാദം. ക്ലാസിൽ കയറാത്ത അറ്റൻഡൻസ് കുറഞ്ഞ വിദ്യാർത്ഥികൾ വിദ്യാർത്ഥി സംഘടനകളെ മറയാക്കുന്നു എന്ന സംശയമാണ് ഒരു വിഭാഗം വിദ്യാർത്ഥികൾക്കമുള്ളത്.

എന്നാൽ, വിശദീകരണങ്ങളിലും തൃപ്തരാകാതെ ഒരു വിഭാഗക്കാർ സമരമുഖത്തുള്ളതു കൊണ്ടാണ് കേരള ലോ അക്കാദമി അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുന്നത്. എന്നാൽ കോളേജ് അടച്ചത് തെറ്റാണെന്നും ക്ലാസ് പുനരാരംഭിക്കണമെന്നും വിദ്യാർത്ഥി സംഘടനകൾ ആവശ്യപ്പെട്ടു. എന്തായാലും ഇപ്പോഴത്തെ വിവാദങ്ങൾക്ക് അടങ്ങിയ ശേഷം ക്ലാസുകൾ പുനരാരംഭിക്കാനാണ് കോളേജ് മാനേജ്‌മെന്റിന്റെ തീരുമാനം. എന്നാൽ പ്രിൻസിപ്പൽ രാജിവെക്കണം എന്ന ആവശ്യവുമായി സമരം ശക്തിപ്പെടുത്തിയിരിക്കയാണ് വിദ്യാർത്ഥി സംഘടനകളുടെ നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP