Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശബരിമലയിൽ വെടിമരുന്ന് സൂക്ഷിച്ചാൽ കണ്ടെത്തും; പാറമടകൾക്ക് എന്തുമാകാം? ക്വാറി മാഫിയകളുടെ സ്‌ഫോടക വസ്തു ശേഖരത്തിന് കളക്ടറുടെ ഒത്താശയെന്ന് ആരോപണം; ചീഫ് സെക്രട്ടറിക്ക് പരാതി

ശബരിമലയിൽ വെടിമരുന്ന് സൂക്ഷിച്ചാൽ കണ്ടെത്തും; പാറമടകൾക്ക് എന്തുമാകാം? ക്വാറി മാഫിയകളുടെ സ്‌ഫോടക വസ്തു ശേഖരത്തിന് കളക്ടറുടെ ഒത്താശയെന്ന് ആരോപണം; ചീഫ് സെക്രട്ടറിക്ക് പരാതി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ജില്ലാ കലക്ടർ എസ്. ഹരി കിഷോർ ഒരു നല്ല നിർവഹണ ഉദ്യോഗസ്ഥനാണ്. അതിന് അദ്ദേഹത്തിന് സർക്കാരിന്റെ ഏറ്റവും മികച്ച കലക്ടർക്കുള്ള അവാർഡും കിട്ടി. എന്നാൽ, പരിസ്ഥിതി, പാറമട, മണ്ണെടുപ്പ്, നിലം നികത്തൽ തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം 'ബധിരകർണന'ാണ്. എന്തു ചോദിച്ചാലും സർക്കാർ തീരുമാനിക്കുമെന്ന് പറഞ്ഞ് നൈസായി ഊരിപ്പോകും.

ടൂറിസം വളർത്താനും തെരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനം വർധിപ്പിക്കാനും കലക്ടറേറ്റിൽ ചുവർചിത്രം വരച്ചു പിടിപ്പിക്കാനുമൊക്കെ കാണിക്കുന്ന അസാധാരണമായ കഴിവ് റവന്യുമന്ത്രിക്ക് പ്രിയപ്പെട്ടതും നാട്ടുകാർക്ക് എതിർപ്പുള്ളതുമായ വിഷയങ്ങളിൽ എത്തുമ്പോൾ കാണാനില്ലെന്നുള്ളതാണ് ഇദ്ദേഹത്തിന് എതിരായ ആരോപണം. ജില്ലയിലെ പാറമടകളിൽ സ്‌ഫോടകവസ്തുവിന്റെ വൻശേഖരണത്തിന് കലക്ടർ വഴിവിട്ടു സഹായിക്കുന്നുവെന്നുള്ള പരാതിയാണ് ഇദ്ദേഹത്തിന് എതിരേ ഉയർന്നിട്ടുള്ളത്. കലഞ്ഞൂർ ക്രഷർ വിരുദ്ധസമിതി കൺവീനർ എം.ജി. സന്തോഷ്‌കുമാർ ഇക്കാര്യം തെളിവു സഹിതം ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്ക് പരാതി നൽകി. ശബരിമലയിലെ വെടിമരുന്ന് ശേഖരം കണ്ടെത്താൻ താൽപ്പര്യം കാട്ടുന്ന കളക്ടർ എന്തുകൊണ്ട് പാറമടയ്ക്ക് എതിരെ പരിശോധന നടത്തുന്നില്ലെന്നതാണ് ഉയരുന്ന ചോദ്യം.

കലഞ്ഞൂർ പഞ്ചായത്തിൽ നിയമങ്ങളും ചട്ടങ്ങളും മറികടന്ന് കലക്ടർ എക്‌സ്‌പ്ലോസീവ് ലൈസൻസ് അനുവദിച്ചുവെന്നാണ് പ്രധാന ആരോപണം. പിരമിഡ്, ബെസ്റ്റ്, ദർശൻ എന്നീ ക്രഷർ യൂണിറ്റുകളും ക്വാറികളും പട്ടയഭൂമിയിലാണ് പ്രവർത്തിക്കുന്നത്. ആരബിൽ ഫോറസ്റ്റ് ലാൻഡ് അസൈന്മെന്റ് റൂൾ 1970 പ്രകാരം പട്ടയം നൽകുന്ന പ്രദേശത്ത് വ്യവസായം പാടില്ലെന്നാണ്. ഇതു കൃഷിക്കും താമസത്തിനും മാത്രമേ ഉപയോഗിക്കാവൂ എന്നാണ്. ഇവിടെ ചട്ടം മറികടന്ന് ജില്ലാ കലക്ടർ സ്‌ഫോടകവസ്തു ലൈസൻസ് അനുവദിച്ചു. ഇതിന് പുറമേ സ്‌ഫോടകവസ്തു ലൈസൻസില്ലാതെ ഉപയോഗിച്ച് അപകടമുണ്ടായി.

ഒരാൾ മരിച്ച ക്വാറി ഉടമയ്ക്കും കലക്ടർ എക്‌സ്‌പ്ലോസീവ് ലൈസൻസ് നൽകി. ജില്ലയിലെ മിക്ക ക്വാറികളിലും അനുവദനീയമായതിന്റെ ഇരട്ടിയിലധികം അളവിലാണ് സ്‌ഫോടക വസ്തുവിന്റെ ഉപയോഗം. ക്വാറികളിൽ പേരിനു വേണ്ടി മാത്രം ബ്ലാസ്റ്ററുടെ ലൈസൻസിന്റെ പകർപ്പ് വയ്ക്കുന്നു. എന്നാൽ, ബ്ലാസ്റ്റർ ഉണ്ടാകില്ല. ഇതേപ്പറ്റി കലക്ടർക്ക് പരാതി നൽകിയാൽ ഉടൻ വിവരം ക്വാറികളിലേക്ക് ചെല്ലും. രണ്ടു മണിക്കൂറിനു ശേഷം പരിശോധിക്കാൻ ആളെത്തുമ്പോഴേക്കും എവിടെ നിന്നെങ്കിലും ബ്ലാസ്റ്റർ ഹാജരായിരിക്കും. ഈ ക്വാറികളിലേക്ക് സ്‌ഫോടകവസ്തു കടത്തുന്നത് വനമേഖലയിലൂടെയാണ്.

ഇതിന് വനംവകുപ്പ് യാതൊരു അനുമതിയും നൽകിയിട്ടില്ല. വനത്തിനുള്ളിൽ നടക്കുന്ന ഇതരപ്രവർത്തനങ്ങൾക്ക് കേന്ദ്രവനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന ചട്ടവും കലക്ടർ ലംഘിച്ചു. ജില്ലയിൽ സ്‌ഫോടകവസ്തു എത്തിക്കുന്ന ഗൂഢസംഘവുമായി കലക്ടർക്ക് ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും പരാതിയിലുണ്ട്.

റവന്യുമന്ത്രിയുടെ സ്വന്തം ആളായിട്ടാണ് ഹരികിഷോർ ജില്ലയിലെത്തിയത്. ഇതിനു മുൻപ് വി.എൻ. ജിതേന്ദ്രൻ ആയിരുന്നു കലക്ടർ. അദ്ദേഹത്തിന്റെ കാലത്ത് അനധികൃത മണ്ണെടുപ്പ്, പാറപൊട്ടിക്കൽ, നിലം നികത്തൽ എന്നിവയ്‌ക്കെതിരേ കർശന നടപടി സ്വീകരിച്ചിരുന്നു. റവന്യൂമന്ത്രി അടൂർ പ്രകാശ് ഇതിനൊക്കെ ഒത്താശ ചെയ്യാൻ ആവശ്യപ്പെട്ടിട്ടും കലക്ടർ വഴങ്ങിയില്ല. നിയമം ലംഘിച്ച് ഒരു കാര്യവും സമ്മതിക്കാതിരുന്ന കലക്ടർ ചില ക്വാറികൾ പൂട്ടിക്കുകയും ചെയ്തു. ഇതിനെതിരേ മന്ത്രി അദ്ദേഹത്തെ പരസ്യമായി വിമർശിക്കുകയും ചെയ്തു. നേരിട്ട് രൂക്ഷമായ ഭാഷയിൽ വിമർശിച്ചിട്ടും കലക്ടർ പിന്മാറാൻ തയാറായിരുന്നില്ല.

ഒടുവിൽ വികസന പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്നുവെന്ന പേരിൽ ജിതേന്ദ്രനെ പറപ്പിച്ചു. പകരം ഹരി കിഷോർ വന്നതോടെ ജില്ലയിൽ പാറപൊട്ടിക്കൽ, മണ്ണെടുപ്പ്, നിലംനികത്തൽ എന്നിവയ്ക്ക് വ്യാപകമായി അനുമതി നൽകി. എതിർപ്പുകളോടൊന്നും അദ്ദേഹം പ്രതികരിച്ചിരുന്നുമില്ല. ജനങ്ങളോട് ഒരു ബാധ്യതയുമില്ലാത്ത കലക്ടർ മന്ത്രിയുടെ താളത്തിനു തുള്ളുകയായിരുന്നുവെന്നും പരാതിക്കാരനായ സന്തോഷ്‌കുമാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP