Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിപ്പയ്ക്കും എച്ച് വൺ എൻ വണ്ണിനും പിന്നാലെ സംസ്ഥാനത്തെ ഭീതിയിലാഴ്‌ത്തി കോംഗോ പനി; അസുഖം സ്ഥിരീകരിച്ചത് വിദേശത്ത് ജോലി ചെയ്തിരുന്ന മലപ്പുറം സ്വദേശിക്ക്; പുതിയ പനി സ്ഥിരീകരിച്ചത് നിപ്പ വീണ്ടുമെത്തുമെന്ന ജാഗ്രത നിർദ്ദേശം നിലനിൽക്കെ; പക്ഷികളിൽ നിന്നും മൃഗങ്ങളിൽ നിന്നും മനുഷ്യനിലേക്കെത്തുന്ന പനി ബാധിച്ചത് വിദേശത്ത് നിന്നെന്നും സൂചന

നിപ്പയ്ക്കും എച്ച് വൺ എൻ വണ്ണിനും പിന്നാലെ സംസ്ഥാനത്തെ ഭീതിയിലാഴ്‌ത്തി കോംഗോ പനി; അസുഖം സ്ഥിരീകരിച്ചത് വിദേശത്ത് ജോലി ചെയ്തിരുന്ന മലപ്പുറം സ്വദേശിക്ക്; പുതിയ പനി സ്ഥിരീകരിച്ചത് നിപ്പ വീണ്ടുമെത്തുമെന്ന ജാഗ്രത നിർദ്ദേശം നിലനിൽക്കെ; പക്ഷികളിൽ നിന്നും മൃഗങ്ങളിൽ നിന്നും മനുഷ്യനിലേക്കെത്തുന്ന പനി ബാധിച്ചത് വിദേശത്ത് നിന്നെന്നും സൂചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിപ്പ വൈറസ് സംസ്ഥാനത്ത് വീണ്ടും പടരാൻ സാധ്യതയുണ്ടെന്നും ജാഗ്രതവേണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശത്തിനും പിന്നാലെ സംസ്ഥാനത്തെ ഭീതിയിലാഴ്‌ത്തി കോംഗോ പനി സ്ഥിരീകരിച്ചു. വിദേശത്ത് ജോലി ചെയ്തിരുന്ന മലപ്പുറം സ്വദേശിക്കാണ് പനി സ്ഥിരീകരിച്ചത്.ഇയാളെ ഇപ്പോൾ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിട്ടാണ് വിവരം. ഇത് ആദ്യമായിട്ടാണ് സംസ്ഥാനത്ത് കോംഗോ പനി റിപ്പോർട്ട് ചെയ്യുന്നത്. പക്ഷികളിലേയും മൃഗങ്ങളുടേയും ചെള്ളിൽ നിന്നാണ് ഈ അസുഖം പടരുന്നത്.

കഴിഞ്ഞ 27ാം തിയതി യുഎഇയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയാണ് ചികിൽസയിലുള്ളത്. വിദേശത്തായിരിക്കെ രോഗത്തിന് ചികിൽസയിലായിരുന്ന ഇയാൾ നാട്ടിലെത്തിയപ്പോൾ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടുകയായിരുന്നു. ഇയാളുടെ രക്തസാംപിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്കും ഈ മൃഗങ്ങളുടെ ശരീരത്തിലുള്ള ചെള്ളുകൾ വഴി മനുഷ്യരിലേക്കും പകരുന്ന രോഗമാണ് കോംഗോ പനി . നെയ്‌റോ വൈറസുകൾ വഴിയാണ് രോഗം ഉണ്ടാകുന്നത് .

ക്രിമിയൻ കോംഗോ ഹെമറേജിക് ഫിവർ ( സി. സി. എച്ച്. എഫ്) എന്നതാണ് കോംഗോ പനിയുടെ പൂർണമായ പേര്. സി.സി. എച്ച്. എഫ് എന്നും രോഗകാരണമായ വൈറസ് അറിയപ്പെടുന്നു. ആർ. എൻ.എ. വൈറസുകളുടെ കുടുംബത്തിൽപ്പെട്ട ഈ വൈറസ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നാണ് പൊട്ടിപ്പുറപ്പെട്ടത്. വളർത്തുമൃഗങ്ങളിലും വന്യമൃഗങ്ങളിലും കാണുന്ന ചെള്ളാണ് രോഗം പരത്തുന്നത്. ഇതിന്റെ ലാർവ മുയൽ, കോഴി തുടങ്ങിയ ചെറുമൃഗങ്ങളിലാണ് കാണുന്നത്. എന്നാൽ ചെള്ള് വളർച്ചയെത്തിയാൽ വലിയ മൃഗങ്ങളിലേക്ക് ചേക്കേറും.

രോഗം പിടിപെടുന്ന പത്തിൽ നാലുപേർ മരണപ്പെടുന്നുണ്ടെന്നാണ് കണക്ക്. കന്നുകാലികളിലും ആടുകളിലുമാണ് രോഗകാരണമായ വൈറസുകൾ പെരുകുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരെ ചെള്ള് കടിച്ചുകഴിഞ്ഞാൽ മൂന്നുദിവസം കൊണ്ട് പനി ലക്ഷണം കണ്ടുതുടങ്ങും. കടുത്ത പനി, വയർ വേദന, ഛർദി തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ഇത് ഒരാഴ്ചയോളം നീണ്ടുനിൽക്കും. എഴുപത്തിയഞ്ച് ശതമാനം പേരിലും ഇത് തലച്ചോറിനെ ബാധിക്കും. ഇങ്ങനെ ബാധിച്ചുകഴിഞ്ഞാൽ മൂന്നുമുതൽ അഞ്ചുദിവസത്തിനകം മസ്തിഷ്‌കാഘാതം സംഭവിക്കുമെന്നും അരോഗ്യവിദഗ്ദ്ധർ പറയുന്നു. എന്നാൽ പത്തുദിവസം കൊണ്ട് സുഖം പ്രാപിക്കാനുള്ള സാധ്യതയും ഉണ്ട്.

രോഗം ഗുരുതരമായാൽ രണ്ടാം ആഴ്ച മുതൽ മൂത്രത്തിൽ രക്താംശം, മൂക്കിൽ നിന്ന് രക്തം വരിക, ഛർദിൽ തുടങ്ങിയവ കണ്ടുതുടങ്ങും. ക്രമേണ കരളിനെയും വൃക്കകളെയും രോഗം ബാധിക്കും. ശരീരത്തിൽ ചിക്കൻ പോക്സിന് സമാനമായ പാടുകൾ കണ്ടുതുടങ്ങും. ഇതാണ് അത്യാഹിതത്തിൽ കലാശിക്കുന്നതും. രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുന്നതിലൂടെ രോഗം നിയന്ത്രിക്കാനാവും. പരിചരിക്കുന്നവർ അടക്കമുള്ളവർ ഗ്ലൗസും മാസ്‌കും അടക്കമുള്ളവ ധരിക്കണമെന്നും നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

മൃഗങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്നും അറവുമാടുകളെ പരിശോധനകൾക്കുശേഷമേ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കാവൂ എന്നും ജാഗ്രതാ നിർദ്ദേശം ഉണ്ട്. മൃഗങ്ങളിലെ ചെള്ള് നിയന്ത്രിക്കുന്നതിനുള്ള മുൻകരുതലും രോഗം നിയന്ത്രിക്കാൻ സഹായിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP