Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പാർട്ടി ക്രിമിനലുകളെ സംരക്ഷിക്കാനുള്ള നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത് '; ഷുഹൈബ് വധത്തിൽ വീണ്ടും പ്രക്ഷോഭം നടത്താൻ കോൺഗ്രസ്; ഡിസിസി പ്രസിഡന്റ് സതീശൻ പാചേനി 48 മണിക്കൂർ സത്യാഗ്രഹമിരിക്കും; സിബിഐ അന്വേഷണത്തിലൂടെ മാത്രമേ കേസിലെ ഗൂഢാലോചന പുറത്ത് വരുവെന്നും കോൺഗ്രസ്

'പാർട്ടി ക്രിമിനലുകളെ സംരക്ഷിക്കാനുള്ള നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത് '; ഷുഹൈബ് വധത്തിൽ വീണ്ടും പ്രക്ഷോഭം നടത്താൻ കോൺഗ്രസ്; ഡിസിസി പ്രസിഡന്റ് സതീശൻ പാചേനി 48 മണിക്കൂർ സത്യാഗ്രഹമിരിക്കും; സിബിഐ അന്വേഷണത്തിലൂടെ മാത്രമേ കേസിലെ ഗൂഢാലോചന പുറത്ത് വരുവെന്നും കോൺഗ്രസ്

രഞ്ജിത് ബാബു

കണ്ണൂർ: ഷുഹൈബ് വധം കോൺഗ്രസ്സ് വീണ്ടും പ്രക്ഷോഭത്തിന്. പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റ പത്രത്തിലെ 12 മുതൽ 17 വരെ പ്രതികളെ അറസ്റ്റ് ചെയ്യാത്ത നിലപാടിൽ പ്രതിഷേധിച്ചാണ് പ്രക്ഷോഭം വീണ്ടും സജീവമാക്കുന്നത്. ഓഗസ്റ്റ് 8 ന് ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനി 48 മണിക്കൂർ നിരാഹാര സത്യഗ്രഹം അനുഷ്ടിച്ചു കൊണ്ട് സമരം വീണ്ടും ശക്തമാക്കാനാണ് കോൺഗ്രസ്സ് വീണ്ടും ഒരുങ്ങുന്നത്. ഷുഹൈബിന്റെ രക്ഷിതാക്കൾ സുപ്രീം കോടതിയെ സമീപിച്ചപ്പോൾ സിബിഐ. യെ അന്വേഷണത്തിൽ നിന്ന് ഒഴിവാക്കാനും പാർട്ടി ക്രിമിനലുകളെ സംരക്ഷിക്കാനുമുള്ള നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചതെന്ന് ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനി പറഞ്ഞു.

ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് പൊലീസ് തന്നെ പ്രതികളെ കണ്ടെത്തി കുറ്റ പത്രം സമർപ്പിച്ചിട്ടും പൊലീസ് അവരെ അറസ്റ്റ് ചെയ്യുന്നില്ല. സിപിഎം. ജില്ലാ നേതൃത്വത്തിന്റെ ചട്ടുകമായാണ് പൊലീസ് പ്രവർത്തിക്കുന്നത്. സിപിഎം. പ്രാദേശിക നേതാക്കൾ ഉൾപ്പെടെ പിടികൂടപ്പെടേണ്ടവരെക്കുറിച്ച് നാട്ടിൽ തന്നെ അങ്ങാടി പാട്ടായിരിക്കയാണ്. എന്നിട്ടും പൊലീസിൽ നിന്നും യാതൊരു നടപടിയുമുണ്ടാകുന്നില്ല. സിപിഎം. ജില്ലാ നേതൃത്വത്തിന്റെ അറിവോടെ ഏരിയാ ലോക്കൽ നേതാക്കളാണ് കൊലപാതകം ആസൂത്രണം ചെയ്തത്. പ്രതികൾക്ക് സഞ്ചരിക്കാനുള്ള വാഹനം സജ്ജീകരിച്ചത് അറിയപ്പെടുന്ന പ്രാദേശിക നേതാക്കളാണ്.

കൃത്യത്തിൽ നേരിട്ട പങ്കെടുത്തവരെ മാത്രംം പ്രതിയാക്കി അന്വേഷണം അവസാനിപ്പിക്കാനാണ് പൊലീസിന്റെ നീക്കം. ഈ വധക്കേസിലെ ഗൂഢാലോചന കണ്ടെത്തുമെന്നും തുടരന്വേഷണം ഉണ്ടാവുമെന്നുമുള്ള സർക്കാറിന്റെ ഉറപ്പിനെ തുടർന്നാണ് സിബിഐ. അന്വേഷണത്തിനുള്ള ഹൈക്കോടതി സിങ്കിൽ ബഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തത്. എന്നാൽ സർക്കാറിന്റെ ഉറപ്പുകൾ ലംഘിക്കപ്പെട്ടിരിക്കയാണ്. കണ്ണൂർ കലക്ട്രേറ്റിന് മുന്നിൽ നടക്കുന്ന സത്യഗ്രഹ സമരം കോൺഗ്രസ്സ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി ഉത്ഘാടനം ചെയ്യും.

ഷുഹൈബ് വധക്കേസ് സിബിഐ. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കളായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. ആദ്യം ഹൈക്കോടതി സിംഗിൾ ബഞ്ച് സിബിഐ. അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇഷ്ടമില്ലാത്തവരെ ഇല്ലാതാക്കുന്നതിന് പിന്നാമ്പുറം പ്രവർത്തിക്കുന്നവരെ കണ്ടെത്താനും കോടതി നിർദ്ദേശിച്ചിരുന്നു. അടിത്തട്ടിലുള്ള പ്രവർത്തകരെ ബ്രെയിൻവാഷ് ചെയ്ത് എതിരാളികളെ ഇല്ലാതാക്കാൻ ഉപയോഗിക്കുന്നത് പരസ്യമായ രഹസ്യമാണ്. അതിന് അറുതി വരണം എന്നും കോടതി പരാമർശിച്ചിരുന്നു. എന്നാൽ സിംഗിൾ ബഞ്ചിന്റെ ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച് അപ്പീൽ ഹരജിയിൽ സിബിഐ.അന്വേഷണത്തിന് സ്റ്റേ നൽകുകയായിരുന്നു. അതോടെയാണ് കോൺഗ്രസ്സ് നേതൃത്വം സുപ്രീം കോടതിയെ സമീപിച്ചത്.

നിയമ തർക്കത്തിനിടെ ഷുഹൈബ് വധക്കേസിലെ അന്വേഷണം മരവിച്ച അവസ്ഥയിലാണ്. നിയമകുരുക്കിൽ പെട്ടതോടെ സി.ബി.എ.െ യുമില്ല പൊലീസുമില്ല എന്ന നിലയിലാണ് ഈ കേസിന് സംഭവിച്ചത്. എന്നാൽ ഈ വധക്കേസിൽ നിയമത്തിന്റെ ഏതറ്റം വരേയും പോകാൻ തയ്യാറായിരിക്കയാണ് കോൺഗ്രസ്സ് നേതൃത്വം. പൊലീസിനേയും സർക്കാറിനേയും അതി നിശിതമായി വിമർശിച്ചാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കമാൽ പാഷ ഷുഹൈബ് കേസിന്റെ അന്വേഷണം സിബിഐ. ക്ക് വിട്ടത്. സിബിഐ. അന്വേഷണത്തിലൂടെ മാത്രമേ ഷുഹൈബ് വധക്കേസിലെ ഗൂഢാലോചന നിയമത്തിന്റെ മുന്നിൽ കൊണ്ടു വരാൻ സാധിക്കൂ എന്ന വിശ്വാസത്തിലാണ് കോൺഗ്രസ്സ്.

അതുകൊണ്ടു തന്നെ ഷുഹൈബ് കൊല്ലപ്പെട്ട് 48 മണിക്കൂറിനകം സിബിഐ.അന്വേഷണം ആവശ്യപ്പെട്ട് പാർട്ടി രംഗത്തിറങ്ങുകയും അടുത്ത ദിവസം തന്നെ കണ്ണൂർ കലക്ട്രേറ്റിന് മുന്നിൽ ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനിയുടെ നേതൃത്വത്തിൽ ഉപവാസ സമരം ആരംഭിച്ചിരുന്നു. തുടർന്ന് കോൺഗ്രസ്സ് നേതാവ് കെ.സുധാകരൻ അനിശ്ച്ിത കാല ഉപവാസ സമരവും നടത്തിയിരുന്നു. പ്രതികൾക്കുവേണ്ടി വൻതുക പ്രതിഫലം പറ്റുന്ന അഭിഭാഷകരാണ് കോടതികളിൽ ഹാജരാകുന്നതെന്ന് പാച്ചേനി ആരോപിച്ചു. ഷുഹൈബ് വധക്കേസിൽ ആറ് മാസം കൊണ്ട് അന്വേഷണം സംബന്ധിച്ച പരാതിയിൽ തീർപ്പാക്കണമെന്ന് സുപ്രീം കോടതി തന്നെ ഹൈക്കോടതിക്ക് നിർദ്ദേശം നൽകിയിരുന്നു. ഹൈക്കോടതി മുമ്പാകെ ഷുഹൈബിന്റെ രക്ഷിതാക്കൾ ഉടൻ തന്നെ അന്വേഷണം ആവശ്യപ്പെട്ട് സമീപിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP