Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാധ്യമ പ്രവർത്തകനായ പിതാവ് എഴുതിയ പുസ്തകം മകളുടെ പേരിലാക്കി നൽകിയപ്പോൾ കൂട്ടിക്ക് ബാല സാഹിത്യ പുരസ്‌ക്കാരം; വർഷങ്ങൾക്ക് മുമ്പേ മറ്റൊരു പ്രസിദ്ധീകരണത്തിൽ പിതാവ് എഴുതിയ രചനകളുടെ തെളിവ് ഹാജരാക്കി ഒരു വിഭാഗം; വിവാദമായതോടെ ഇത്തവണ ബാലസാഹിത്യ പുരസ്‌ക്കാരം ആർക്കും നൽകുന്നില്ലെന്ന് എഴുത്തുകാരൻ സി രാധാകൃഷ്ണൻ; ഭീമാ ബാലസാഹിത്യ പുരസ്‌ക്കാര സമർപ്പണ വേദിയിൽ വെളിയിൽ വരുന്നത് കുട്ടികളുടെ രചനയുടെ പേരിൽ നടക്കുന്ന കോപ്പിയടികൾ

മാധ്യമ പ്രവർത്തകനായ പിതാവ് എഴുതിയ പുസ്തകം മകളുടെ പേരിലാക്കി നൽകിയപ്പോൾ കൂട്ടിക്ക് ബാല സാഹിത്യ പുരസ്‌ക്കാരം; വർഷങ്ങൾക്ക് മുമ്പേ മറ്റൊരു പ്രസിദ്ധീകരണത്തിൽ പിതാവ് എഴുതിയ രചനകളുടെ തെളിവ് ഹാജരാക്കി ഒരു വിഭാഗം; വിവാദമായതോടെ ഇത്തവണ ബാലസാഹിത്യ പുരസ്‌ക്കാരം ആർക്കും നൽകുന്നില്ലെന്ന് എഴുത്തുകാരൻ സി രാധാകൃഷ്ണൻ; ഭീമാ ബാലസാഹിത്യ പുരസ്‌ക്കാര സമർപ്പണ വേദിയിൽ വെളിയിൽ വരുന്നത് കുട്ടികളുടെ രചനയുടെ പേരിൽ നടക്കുന്ന കോപ്പിയടികൾ

എം ബേബി

കോഴിക്കോട്:ഇരുപത്തയ്യായിരം മുതൽ രണ്ട് ലക്ഷം രൂപ വരെ നൽകിയാൽ ഇതരസംസ്ഥാന യൂണിവേഴ്സിറ്റികളുടെ ഡോക്ടറേറ്റ് ലഭിക്കുമെന്ന വാർത്ത പുറത്ത് വന്നിട്ട് അധികനാളായിട്ടില്ല. ഇത്തരത്തിൽ ഡോക്ടറേറ്റും നേടി പത്രത്തിൽ ഫോട്ടോയും കൊടുത്ത് സ്വീകരണങ്ങളും ഏറ്റുവാങ്ങി വിലസുന്ന നിരവധി വ്യാജന്മാരുണ്ടെന്നാണ് അടുത്തിടെയാണ് വ്യക്തമായത്. ഇത്തരത്തിൽ തരികിട ഡോക്ടറേറ്റ് നേടി വിലസിയ പന്തലായന ബി പി ഒയ്‌ക്കെതിരെ വകുപ്പ് തല നടപടിയുണ്ടായത് അടുത്തിടെയാണ്. രണ്ടുവർഷം മുമ്പ് നടന്ന കോഴിക്കോട് ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം ലഭിച്ച കവിത കോപ്പിയടിയാണെന്നും വ്യക്തമായിരുന്നു. കവിയായ സ്വന്തം പിതാവിന്റെ കവിത തന്നെയായിരുന്നു മത്സരാർത്ഥി കോപ്പിയടിച്ചത്. ഗവേഷണ പ്രബന്ധങ്ങളും മറ്റും പലപ്പോഴും ഇത്തരത്തിൽ കോപ്പിയടിച്ചുണ്ടാക്കുന്നുവെന്നതും പരസ്യമായ സത്യം.

ഇപ്പോഴിതാ ബാലസാഹിത്യത്തിന്റെ പേരിൽ നാണം കെട്ടിരിക്കുന്നത് ഒരു മാധ്യമ പ്രവർത്തകൻ. അടുത്തിടെയാണ് കോഴിക്കോട്ടെ ഈ മാധ്യമ പ്രവർത്തകന്റെ മകളുടെ പേരിൽ ഒരു ബാലസാഹിത്യ കൃതി പ്രസിദ്ധീകരിച്ചത്. പൊതുജനങ്ങൾക്കിടയിൽ പുസ്തകം നല്ല അഭിപ്രായവും നേടി. കൃതി ഭീമാ ബാലസാഹിത്യ പുരസ്‌ക്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുത്ത പുസ്തകത്തെപ്പറ്റി ജൂറി ഭാരവാഹികൾ പറഞ്ഞത് അസാധാരണമായ രചനയാണ് ഇതെന്നായിരുന്നു. മുതിർന്നവരുടെ രചനകളെപ്പോലും പിന്നിലാക്കുന്നതാണ് പുസ്തകമെന്നും ഇത് സംബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ ജൂറി അംഗങ്ങൾ വ്യക്തമാക്കി.

ഞായറാഴ്ച പുരസ്‌ക്കാര വിതരണ ചടങ്ങിലായിരുന്നു അപ്രതീക്ഷിതമായി ചില സംഭവങ്ങൾ ഉണ്ടായത്. ചില ആളുകൾ സംഘാടകരെ സമീപിച്ച് ആ പുസ്തകത്തിന് പുരസ്‌ക്കാരം സമ്മാനിക്കരുതെന്ന് വ്യക്തമാക്കുകയായിരുന്നു. പുസ്തകം കുട്ടി എഴുതിയതല്ലെന്നായിരുന്നു ഇവരുടെ വാദം. കുട്ടിയുടെ പേരിൽ മാധ്യമ പ്രവർത്തകനായ പിതാവ് എഴുതി അവാർഡിനായി അയച്ചതാണെന്ന് അവർ വ്യക്തമാക്കി. ഇതിനായുള്ള തെളിവുകളും അവർ ഹാജരാക്കി. വർഷങ്ങൾക്ക് മുമ്പേ മറ്റൊരു പ്രസിദ്ധീകരണത്തിൽ പിതാവ് എഴുതി രചനകൾ അദ്ദേഹം മകളുടെ പേരിൽ പുസ്തകമാക്കുകയായിരുന്നുവെന്ന് വ്യക്തമായപ്പോൾ സംഘാടകർ പ്രഖ്യാപിച്ച പുരസ്‌ക്കാരം നൽകിയില്ല.

വേദിയിൽ വെച്ച് സാഹിത്യകാരൻ സി.രാധാകൃഷ്ണൻ അക്കാര്യം വ്യക്തമാക്കുകയും ചെയ്തു. പ്രഖ്യാപിച്ച പുരസ്‌ക്കാരം നൽകുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം അതിനുള്ള കാരണവും വ്യക്തമാക്കി. മാധ്യമ പ്രവർത്തകനായ ഒരാൾ ഇത്തരത്തിൽ ചെയ്തത് വളരെ മോശമായിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികൾക്ക് കഴിവുണ്ടെങ്കിൽ അവർ എഴുതും. അല്ലാതെ രക്ഷിതാക്കൾ എഴുതി കുട്ടികളുടെ പേരിൽ പ്രസിദ്ധീകരിക്കുന്നതും അത് പുരസ്‌ക്കാരങ്ങൾക്ക് അയക്കുന്നതും നല്ല കാര്യമല്ല. കുട്ടിയെ തന്നെയാണ് അത് അപമാനിക്കുന്നതെന്നുമെല്ലാം അദ്ദേഹം തുറന്നു പറഞ്ഞു. നാണം കെട്ട മാധ്യമ പ്രവർത്തകൻ പതിയെ ചടങ്ങിൽ നിന്ന് സ്ഥലം കാലിയാക്കുകയായിരുന്നു.

തുടർന്ന് കുട്ടികളെഴുതിയ മികച്ച ബാലസാഹിത്യത്തിനുള്ള അവാർഡ് നൽകാതെ ബാലസാഹിത്യമെഴുതിയ മുതിർന്നവർക്കുള്ള പുരസ്‌ക്കാരം മാത്രം ഇന്നലെ സമ്മാനിക്കുകയായിരുന്നു. ഭീമാ ബാലസാഹിത്യ പുരസ്‌കാരം ഡോ.ടി.ആർ ജയകുമാരിക്കും, ആർവിനോദ് കുമാറിനും പുരസ്‌ക്കാരം സമ്മാനിച്ചു.

ഹോട്ടൽ അളകാപുരിയിൽ നടന്ന ചടങ്ങിൽ സാഹിത്യകാരൻ സി.രാധാകൃഷ്ണൻ അവാർഡ് നൽകി. ബിസിനസുകാർ സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം അവാർഡുകൾ പ്രഖ്യാപിച്ചാൽ എഴുത്തുകാർക്ക് മാന്യമായ ജീവിതം നയിക്കാം. ജീവിതം വഴിമുട്ടുന്ന എഴുത്തുകൾക്ക് ഇത് രക്ഷയായിരിക്കുമെന്നും എഴുത്തുകാരുടെ ദാരിദ്ര്യം മാറാൻ ഇത് സഹായിക്കുമെന്നും സി.രാധാകൃഷ്ണൻ പറഞ്ഞു. ഡോ.കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു. ബി.ഗിരിരാജൻ അധ്യക്ഷത വഹിച്ചു. രാജീവ് ആലുങ്കൽ ഭീമഭട്ടർ അനുസ്മരണം നടത്തി. ഡോ.കെ ശ്രീകുമാർ, എസ്.ഉഷ, ടി.വി ഹരികുമാർ, സുജാത പാലത്തുങ്കൽ സംസാരിച്ചു. രവി പാലത്തുങ്കൽ സ്വാഗതവും എ.എൻ.പുരം ശിവകുമാർ നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP