Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈ നാട്ടിൽ പെൺകുട്ടികൾക്ക് ഒരുവിലയുമില്ല; വധശിക്ഷ നടക്കില്ലെന്ന് പ്രതികൾ വെല്ലുവിളിക്കുകയാണ്; ഇവർക്ക് ശിക്ഷ നൽകിയില്ലെങ്കിൽ ഭരണഘടന തന്നെ കത്തിച്ചുകളയണം; പ്രതികളുടെ വധശിക്ഷ വീണ്ടും നീട്ടിയതിനു പിന്നാലെ കോടതി മുറ്റത്ത് പൊട്ടിക്കരഞ്ഞ് നിർഭയയുടെ അമ്മ; കോടതിയിൽ നിന്ന് തിരിച്ചടി ഉണ്ടായതിന് കാരണം അരവിന്ദ് കെജ്രിവാളെന്ന് ആരോപിച്ചു പിതാവും; അന്ത്യാഭിലാഷം ആരാഞ്ഞു, ഡമ്മി പരീക്ഷണം വരെ നടത്തിയതിന് പിന്നാലെ പ്രതികൾ തൂക്കുകയറിൽ നിന്നും രക്ഷപെട്ടതിൽ രോഷംപൂണ്ട് നിർഭയയുടെ മാതാപിതാക്കൾ

ഈ നാട്ടിൽ പെൺകുട്ടികൾക്ക് ഒരുവിലയുമില്ല; വധശിക്ഷ നടക്കില്ലെന്ന് പ്രതികൾ വെല്ലുവിളിക്കുകയാണ്; ഇവർക്ക് ശിക്ഷ നൽകിയില്ലെങ്കിൽ ഭരണഘടന തന്നെ കത്തിച്ചുകളയണം; പ്രതികളുടെ വധശിക്ഷ വീണ്ടും നീട്ടിയതിനു പിന്നാലെ കോടതി മുറ്റത്ത് പൊട്ടിക്കരഞ്ഞ് നിർഭയയുടെ അമ്മ; കോടതിയിൽ നിന്ന് തിരിച്ചടി ഉണ്ടായതിന് കാരണം അരവിന്ദ് കെജ്രിവാളെന്ന് ആരോപിച്ചു പിതാവും; അന്ത്യാഭിലാഷം ആരാഞ്ഞു, ഡമ്മി പരീക്ഷണം വരെ നടത്തിയതിന് പിന്നാലെ പ്രതികൾ തൂക്കുകയറിൽ നിന്നും രക്ഷപെട്ടതിൽ രോഷംപൂണ്ട് നിർഭയയുടെ മാതാപിതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച് നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള എല്ലാ ഒരുക്കങ്ങളും തിഹാർ ജയിൽ അധികൃതർ പൂർത്തിയാക്കയതിന് പിന്നാലെയാണ് ഇന്ന് വിധി നടപ്പിലാക്കുന്നതിന് സ്റ്റേ ഡൽഹി പട്യാല കോടതി അനുവദിച്ചത്. ഇതോടെ മകൾക്ക് വേണ്ടി നീതി തേടിയ മാതാപിതാക്കൾ ശരിക്കും രോഷാകുലരായി. കോടതിയോടും സർക്കാറിനോടും കലഹിച്ചു കൊണ്ടാണ് അവർ തങ്ങളുടെ രോഷം പ്രകടിപ്പിച്ചത്.

കോടതിയും സർക്കാരും കുറ്റവാളികൾക്കൊപ്പമാണ് നിൽക്കുന്നതെന്ന് നിർഭയയുടെ അമ്മ ആശാദേവി പ്രതികരിച്ചു. പ്രതികൾക്ക് വധശിക്ഷ നടപ്പാക്കാനുള്ള പോരാട്ടം തുടരുമെന്നും അ്‌ദേഹം പറഞ്ഞു. വധശിക്ഷ നടക്കില്ലെന്ന് പ്രതികൾ വെല്ലുവിളിക്കുകയാണ്.. ഇവർക്ക് ശിക്ഷ നൽകിയില്ലെങ്കിൽ ഭരണഘടന തന്നെ കത്തിച്ചുകളയണമെന്നും നിർഭയയുടെ അമ്മ ആശാദേവി പറഞ്ഞു. നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ വീണ്ടും നീട്ടിയതിനു പിന്നാലെ കോടതി മുറ്റത്ത് പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു ആശാദേവിയുടെ പ്രതികരണ. 'വധശിക്ഷ ഒരിക്കലും നടപ്പാകില്ല' എന്നു പ്രതികളുടെ അഭിഭാഷകൻ എ.പി.സിങ് കോടതിയിൽവച്ചു തന്നെ വെല്ലുവിളിച്ചതായി ആശാദേവി മാധ്യമങ്ങളോടു പറഞ്ഞു. മകൾക്കു നീതിക്കു ലഭിക്കുന്നതിനുള്ള പോരാട്ടം തുടരുമെന്നും പ്രതികളെ തൂക്കിലേറ്റുന്നത് വരെ അവസാനിപ്പിക്കില്ലെന്നും അവർ പറഞ്ഞു.

അതേസമയം പ്രതികളെ തൂക്കിലേറ്റാത്തതിന്റെ കാരണം രാഷ്ട്രീയമാണെന്ന് പറഞ്ഞ് പൊട്ടിത്തെറിക്കുകയാണ് നിർഭയയുടെ പിതാവും. നിർഭയ കേസിൽ കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായതിന് കാരണം ന്യൂഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണെന്ന് അദ്ദേഹം പ്രതികരിച്ചു. ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് വേളയിൽ ജനങ്ങൾ ഇക്കാര്യം ആലോചിക്കണം. രാജ്യത്ത് സ്ത്രീകളുടെ സുരക്ഷിതത്വം നൽകണമെന്നും നിർഭയയുടെ അച്ഛൻ പറഞ്ഞു. നേരത്തെ നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ വൈകിപ്പിക്കുന്നതിന് കാരണം ഡൽഹി സർക്കാറാണെന്ന് നിർഭയയുടെ മാതാപിതാക്കാൾ ആരോപിച്ചിരുന്നു.

നിർഭയ കേസ് രാഷ്ട്രീയലാഭത്തിനു വേണ്ടി ഉപയോഗിക്കുകയാണെന്നാണ് അവർ പ്രതികരിച്ചിരുന്നത്. നിർഭയ കേസിലെ വിധി നടപ്പിലാവാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് പ്രതികളെ തൂക്കിലേറ്റാനുള്ള വിധി പട്യാല ഹൗസ് കോടതി സ്റ്റേ ചെയ്തു കൊണ്ട് ഉത്തരവിറക്കിയത്. നാല് പ്രതികളുടെയും വധശിക്ഷ ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെയാണ് നീട്ടിവെച്ചിരിക്കയാണ്. ഫെബ്രുവരി ഒന്നിന് രാവിലെ ആറിന് പ്രതികളെ തൂക്കിലേറ്റാനായിരുന്നു നിശ്ചയിച്ചിരുന്നത്. ആരാച്ചാർ പവൻ ജല്ലാദ് കഴിഞ്ഞ ദിവസംതന്നെ ജയിലിൽ എത്തിയിരുന്നു. പ്രതികൾ വധശിക്ഷ അർഹിക്കുന്നുവെന്നും അവരെ തൂക്കിലേറ്റുന്നതിൽ യാതൊരു കുറ്റബോധവുമില്ലെന്നും അഭിപ്രായപ്പെട്ട ആരാച്ചാർ ജയിലിൽ രണ്ടു തവണ ഡമ്മി പരീക്ഷണം നടത്തുകയും ചെയ്തിരുന്നു. വധശിക്ഷ നടപ്പിലാക്കുന്നതിന് മുൻപ് പ്രതികളോട് അന്ത്യാഭിലാഷം ചോദിച്ചിരുന്നെങ്കിലും പ്രതികൾ മൗനം പാലിക്കുകയാണ് ചെയ്തത്.

എന്നാൽ, വധശിക്ഷ നടപ്പാക്കുന്നതിന് മണിക്കൂറുകൾ ബാക്കിനിൽക്കെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. പ്രതികൾക്കെതിരെ പുറപ്പെടുവിച്ച മരണ വാറണ്ട് പട്യാല ഹൗസ് കോടതി റദ്ദാക്കി. ഇനിയൊരു ഉത്തരവ് ഉണ്ടാകുംവരെ വധശിക്ഷ നടപ്പാക്കരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തു. വധശിക്ഷ നീട്ടിക്കൊണ്ടു പോകുന്നതിനുള്ള എല്ലാ അടവുകളും പയറ്റുകയാണ് പ്രതികൾ. ഇതിനെതിരെ കേന്ദ്രസർക്കാരും കോടതിയും വിമർശമുന്നയിച്ചിരുന്നു. വധശിക്ഷ നടപ്പാക്കുന്നതിൽ ഇരയ്ക്ക് അനുകൂലമായ വിധത്തിലുള്ള മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. പ്രതികൾക്ക് അനുകൂലമാണ് നിലവിലെ നടപടിക്രമങ്ങളെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

അതിനിടെ, കുറ്റകൃത്യം നടന്ന സമയത്ത് പ്രതികളിൽ ഒരാൾക്ക് പ്രായപൂർത്തി ആയിരുന്നില്ലെന്ന് അവകാശപ്പെട്ട് കോടതിയെ സമീപിക്കുകയും ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാതിരിക്കുകയും ചെയ്ത അഭിഭാഷകനെ കോടതി ശാസിക്കുകയും ചെയ്തിരുന്നു. പവൻ ഗുപ്ത എന്ന പ്രതിക്കുവേണ്ടി ഹാജരായ അഭിഭാഷകന് 25000 രൂപ പിഴ ചുമത്തിയ കോടതി അഭിഭാഷകനെതിരെ നടപടി സ്വീകരിക്കാൻ ബാർ കൗൺസിലിന് നിർദ്ദേശം നൽകുകയും ചെയ്തു. അതിനിടെ, ജയിലിൽവച്ച് ക്രൂരമായ ലൈംഗിക പീഡനം നേരിടേണ്ടി വന്നുവെന്ന് വധശിക്ഷ കാത്ത് കഴിയുന്ന പ്രതികളിൽ ഒരാൾ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആരോപിച്ചിരുന്നു. കോടതിയെ സമീപിക്കാൻ ആവശ്യമായ രേഖകൾ നൽകിന്നില്ലെന്ന ആരോപണം തിഹാർ ജയിൽ അധികൃതർക്കെതിരെയും പ്രതികൾ ഉന്നയിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം കോടതി തള്ളുകയാണ് ഉണ്ടായത്.

അതിനിടെ, നിർഭയ കേസ് പ്രതികളെ തൂക്കിലേറ്റാൻ തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു. അന്താരാഷ്ട്ര ഷൂട്ടിങ് താരം വർത്തിക സിങ് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചിരുന്നു. ചോരകൊണ്ട് എഴുതിയ കത്ത് അവർ മാധ്യമ പ്രവർത്തകരെ കാണിക്കുകയും ചെയ്തിരുന്നു. ജനുവരി 22ന് രാവിലെ ഏഴിന് നാല് പ്രതികളുടെയും വധശിക്ഷ നടപ്പാക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ ഇതിന് പിന്നാലെ മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിച്ചതിനാൽ വിധി നടപ്പാക്കൽ വീണ്ടും നീളുകയായിരുന്നു. പന്നീടാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്. ഫെബ്രുവരി ഒന്നിന് രാവിലെ നാല് പ്രതികളെയും തൂക്കിലേറ്റുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്തിയെങ്കിലും വധശിക്ഷ നീട്ടിവെക്കപ്പെട്ടു.

2012 ഡിസംബർ 16-ന് രാത്രിയാണ് ഡൽഹിയിൽ ഓടുന്ന ബസിൽവെച്ച് 23-കാരിയായ പാരാമെഡിക്കൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനും ക്രൂരമർദനത്തിനും ഇരയായത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനി പിന്നീട് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ആറുപേരായിരുന്നു പ്രതികൾ. ഇതിൽ ഒന്നാം പ്രതി റാംസിങ് തിഹാർ ജയിലിൽ വെച്ച് ജീവനൊടുക്കി. പ്രായപൂർത്തിയാകാത്ത പ്രതിക്ക് മൂന്നുവർഷം തടവുശിക്ഷയും ലഭിച്ചു. ബാക്കിയുള്ള നാലുപ്രതികളെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP