Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഗ്രാമങ്ങളെ സമ്പന്നമാക്കാൻ നെഹ്‌റു കൊണ്ടുവന്ന പദ്ധതി; കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തമാക്കിയപ്പോഴും കള്ളപ്പണക്കാരും അഴിമതിക്കാരും സുരക്ഷിത താവളമായി കരുതി; രാഷ്ട്രീയക്കാരുടെ അവിഹിത സമ്പാദ്യങ്ങളും മൂടി സൂക്ഷിച്ചു; നിയമത്തിന്റെ അതിർവരമ്പുകൾ കടന്നപ്പോൾ പിടി വീണു; സഹകരണ പ്രസ്ഥാനം നേരിടുന്ന പ്രതിസന്ധികൾക്ക് വഴിവച്ചത് ഇടത് വലത് പാർട്ടികളുടെ നിലപാടുകൾ തന്നെ

ഗ്രാമങ്ങളെ സമ്പന്നമാക്കാൻ നെഹ്‌റു കൊണ്ടുവന്ന പദ്ധതി; കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തമാക്കിയപ്പോഴും കള്ളപ്പണക്കാരും അഴിമതിക്കാരും സുരക്ഷിത താവളമായി കരുതി; രാഷ്ട്രീയക്കാരുടെ അവിഹിത സമ്പാദ്യങ്ങളും മൂടി സൂക്ഷിച്ചു; നിയമത്തിന്റെ അതിർവരമ്പുകൾ കടന്നപ്പോൾ പിടി വീണു; സഹകരണ പ്രസ്ഥാനം നേരിടുന്ന പ്രതിസന്ധികൾക്ക് വഴിവച്ചത് ഇടത് വലത് പാർട്ടികളുടെ നിലപാടുകൾ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് അടിത്തറയായി മാറിയ സഹകരണ പ്രസ്ഥാനങ്ങൾ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുകയാണ്. നോട്ട് പിൻവലിക്കൽ വിഷയം ബാങ്കുകളുടെ അടിത്തറ ഇലക്കി കളഞ്ഞു. ആളുകൾ വിശ്വസിച്ച് ഏല്പിച്ച പണം മാറി കിട്ടുമോ എന്നുറപ്പില്ല. പ്രാദേശിക നേതാക്കൾ നിർബന്ധിച്ച് കൊണ്ടു ചേർത്ത പണം കള്ളപ്പണമായി പുറത്തേയ്ക്ക് വരുമോ എന്ന ആശങ്കയില്ലാതില്ല. സഹകണ ബാങ്കുകളുടെ മേൽ സുരക്ഷ ഇതിനോടകം നഷ്ടമായി കഴിഞ്ഞു. സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും അടിത്തറയായി മാറിയ സഹകരണ ബാങ്കുകളെ കുളം തോണ്ടാൻ ബിജെപി ശ്രമിക്കുന്നു എന്നത് സത്യം ആണെങ്കിലും ഈ പ്രതിസന്ധിക്ക് ഇടത് വലത് നേതാക്കൾക്കുള്ള പങ്ക് കുറച്ചു കാണാൻ കഴിയില്ല.

ഗ്രാമ സ്വരാജ് എന്നതായിരുന്നു രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയായിരുന്നു. അദ്ദേഹത്തിന്റെ സ്വപ്‌ന സഫലീകരണത്തിന് കരുത്താകാനായിരുന്നു ത്രിതല സഹകരണ പ്രസ്ഥാനങ്ങൾക്ക് തുടക്കമിട്ടത്. ഗ്രാമങ്ങളിലെ സാധാരണക്കാരുടെ നിക്ഷേപ താൽപ്പര്യം വളർത്തുക. അതിലൂടെ സ്വയം പര്യാപ്തമായ ഗ്രാമങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സഹകരണ പ്രസ്ഥാനങ്ങളുടെ തുടക്കം. ഇതിന് വേണ്ടിയായിരുന്നു ബാങ്കിങ് ഇതര സാമ്പത്തിക ഇടപാടു കേന്ദ്രങ്ങളായി സഹകരണ പ്രസ്ഥാനങ്ങളെ റിസർവ്വ് ബാങ്ക് അംഗീകരിച്ചതും പ്രോത്സാഹിപ്പിച്ചതും. എന്നാൽ ഇത് രാഷ്ട്രീയമായി മുതൽക്കൂട്ടാക്കാൻ പാർട്ടികളും നേതാക്കളുമെത്തി. ഇതോടെ അടിസ്ഥാന സങ്കൽപ്പത്തിനും വ്യതിചലനമുണ്ടായി. സഹകരണ പ്രസ്ഥാനങ്ങളിലൂടെ ഗ്രാമീണരുടെ സ്വയം പര്യാപ്തയെന്ന ലക്ഷ്യം നടന്നില്ല. പകരം ശതകോടികളുടെ ഇടപാട് കേന്ദ്രങ്ങളായി സഹകരണ പ്രസ്ഥാനങ്ങൾ മാറുകയായിരുന്നു.

കാർഷി ലോണുകൾ അനുവദിക്കാനും ചെറുകിട കുടിൽ വ്യവസങ്ങൾക്ക് തുണയാകാനുമായിരുന്നു പ്രാഥമിക സഹകരണ സംഘങ്ങളിലൂടെ ലക്ഷ്യമിട്ടത്. അസംഘടിത തൊഴിൽ മേഖലയ്ക്ക് തുണയാകുമെന്നും കരുതി. എന്നാൽ സാധ്യതകൾ തിരിച്ചറിഞ്ഞ് രാഷ്ട്രീയക്കാരാണ് ഈ മേഖലകളിൽ സഹകരണ പ്രസ്ഥാനവുമായെത്തിയത്. കശുവണ്ടി, കൊപ്ര, റബ്ബർ മേഖലയിലേക്ക് രാഷ്ട്രീയക്കാരുടെ തള്ളിക്കയറ്റമുണ്ടായി. അതുകൊണ്ട് തന്നെ ഈ മേഖലയിലേക്ക് ഒഴുകിയെത്തിയ കോടിക്കണക്കിന് രൂപയുടെ സബ്‌സിഡിയുടെ പ്രയോജനം അഴിമതിക്കാർക്ക് മാത്രമായി ഒതുങ്ങി. പ്രാഥമിക തലത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ ലക്ഷ്യം തന്നെ അങ്ങനെ അട്ടിമറിക്കപ്പെട്ടു. ഭരണഘടനയനുസരിച്ച് നിക്ഷേപം സ്വീകരിക്കാനും വായ്പ നൽകാനു മാത്രമേ സഹകരണ പ്രസ്ഥാനങ്ങൾക്ക് കഴിയൂ. എന്നാൽ കറൻസി വിനിമയത്തിന് സാഹചര്യമൊരുക്കി ഈ നിയമം അട്ടിമറിക്കാൻ കേരളത്തിൽ ഇടപെടലുകൾ സജീവമായി. മെഡിക്കൽ കോളേജുകളും തീംപാർക്കുകളും സഹകരണ പ്രസ്ഥാനങ്ങളായി കേരളത്തിൽ ഉയർന്നു. ജനങ്ങളുടെ ക്ഷേമത്തിന് എന്ന പേരിൽ സഹകരണ നിയമത്തിന്റെ ഉദ്ദേശ ശുദ്ധിയെ രാഷ്ട്രീയക്കാർ അട്ടിമറിച്ചു.

സ്ഥിരതയും വിശ്വാസ്യതയും സുതാര്യതയുമാണം സഹകരണ പ്രസ്ഥാനങ്ങളുടെ മുഖമുദ്ര. എങ്കിൽ മാത്രമേ പ്രാഥമിക തലത്തിലെ നിക്ഷേപങ്ങൾ സുരക്ഷിതമാകൂ. റിസർവ്വ് ബാങ്കിന്റെ മാനദണ്ഡങ്ങൾക്ക് വിധേയമാവുകയും വേണം. എന്നാൽ റിസർവ്വ് ബാങ്കിലേക്ക് വിവരങ്ങൾ കൈമാറാതെ ചില സഹകരണ സ്ഥാപനങ്ങൾ സംവിധാനത്തെ അട്ടിമറിച്ചു. ഇത് സാമ്പത്തിക അരാജകത്വത്തിന് കാരണമായി. രാജ്യത്തെ സമ്പത്തിന്റെ ക്രയ വിക്രയങ്ങളിൽ റിസർവ്വ് ബാങ്കിന് പൂർണ്ണ നിയന്ത്രണം ഇല്ലാത്ത അവസ്ഥയുണ്ടായി. കണക്കുകൾ പുറത്തുവരാതിരിക്കാൻ പല വൻനിക്ഷേപങ്ങളും പ്രാഥമിക സഹകരണ പ്രസ്ഥാനങ്ങളിലെത്തി. ചർച്ച ചെയ്യപ്പെട്ട അഴിമതികളെക്കാൾ പത്തിരിട്ടി പണം സഹകരണ മേഖലയിലൂടെ പല കൈമറിഞ്ഞു. സഹകരണ ബാങ്കുകളുടെ ഓഡിറ്റ് റിപ്പോർട്ട് എജിക്ക് നൽകണമെന്നാണ് വ്യവസ്ഥ. ഇതും നടക്കാറില്ല. അതുകൊണ്ട് തന്നെ സഹകരണ പ്രസ്ഥാനങ്ങളിലുള്ളത് വെള്ളയാണോ കറുപ്പാണോ എന്നത് പുറം ലോകം അറിയാതെയും പോകുന്നു.

പല കഷ്ണങ്ങളായി ചിന്നിചിതറി കിടക്കുന്ന പണമിടപാട് സംവിധാനമാണ് സഹകരണ പ്രസ്ഥാനങ്ങൾ. ഇവയ്ക്ക് പരസ്പര ബന്ധമുണ്ടെന്നാണ് വയ്പ്. എന്നാൽ ഇടപാടുകാരുടെ വിവരങ്ങൾ കൈമാറുന്ന കാര്യത്തിൽ അതീവ രഹസ്യ സ്വഭാവം സൂക്ഷിക്കാറുണ്ട്. ഇത് തന്നെയാണ് ഇപ്പോഴത്തെ പ്രതിസന്ധികളിലേക്ക് കാര്യങ്ങളെത്തിക്കുന്നത്. കേരളാ ബാങ്കെന്ന ഏക ജാലക സംവിധാനത്തിലേക്ക് സഹകരണ പ്രസ്ഥാനത്തെ കൊണ്ടു വരാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കങ്ങളെ പല സഹകരണ പ്രസ്ഥാനങ്ങളും എതിർത്തത് ഇതുകൊണ്ടാണ്. പ്രാഥമിക സഹകരണ ബാങ്കുകളെ കൂട്ടിയോജിപ്പിച്ച് ഒറ്റ ബാങ്കാക്കി മാറ്റുമ്പോൾ വിവരങ്ങൾ റിസർവ്വ് ബാങ്കിലെത്തും. ആരുടേയും പണം എങ്ങനേയും സ്വീകരിച്ച് നിക്ഷേപം കൂട്ടി കരുത്തരാകാനും കഴിയില്ല. ബാങ്കിങ് രംഗത്ത് സജീവമായ പുതു തലമുറ ബാങ്കുകളുമായി മത്സരിക്കേണ്ടിയും വരും. ഇതിലെല്ലാം ഉപരി രാഷ്ട്രീയക്കാരുടെ സ്വാധീനവും അവസാനിക്കും.

കേരളത്തിലെ സഹകരണ ബാങ്കുകളിൽ 30,000 കോടി രൂപയുടെ കള്ളപ്പണമുണ്ടന്നാണ് ചില കേന്ദ്രങ്ങൾ ആരോപിക്കുന്നത്. ഈ കണക്കിന്റെ ഉറവിടം വ്യക്തമല്ല. ഏതായാലും 2016 മാർച്ച് 31ന് കേരളത്തിലെ സഹകരണ ബാങ്കുകളിലെ മൊത്തം നിക്ഷേപം 52,813.23 കോടി രൂപയായിരുന്നു. സഹകരണ മേഖല തകർന്നാൽ ഈ പണം സ്വാഭാവികമായും മുഖ്യധാര ബാങ്കുകളിൽ എത്തിച്ചേരുമെന്നത് സ്വാഭാവികമാണ്. ഇതിന്റെ പേരിൽ സഹകരണ പ്രസ്ഥാനങ്ങളുടെ നിക്ഷേപക്കണക്ക് പുറത്ത് വരാതിരിക്കുന്നതിനെ അംഗീകരിക്കാനുമാകില്ല. പുതിയ കാലത്തെ വെല്ലുവിളികൾ അതിജീവിച്ച് ശക്തമായ ബാങ്കിങ് സംവിധാനമായി മാറുകയാണ് വേണ്ടത്. എടിഎം ഉൾപ്പെടെയുള്ള സംവിധാനങ്ങളിലേക്ക് കോഓപ്പറേറ്റീവ് സൊസൈറ്റികൾ മാറിയാൽ അത് പുതിയ സാമ്പത്തിക ക്രമത്തിനും വഴിവക്കും. എന്നാൽ സഹകരണ പ്രസ്ഥാനത്തിലെ നിക്ഷേപകരിലെ അനിശ്ചിതാവസ്ഥ ഇതെല്ലാം അട്ടിമറിക്കുകയാണ്. ഇത് അംഗീകരിക്കാൻ റിസർവ്വ് ബാങ്ക് ഒരിക്കലും തയ്യാറാവുകയുമില്ല.

ജില്ലാ സഹകരണ ബാങ്കുകൾ, പ്രാഥമിക സഹകരണ സംഘങ്ങൾ എന്നിവ നിക്ഷേപം സ്വീകരിക്കരുതെന്നാണ് റിസർവ് ബാങ്കിന്റെ കൽപന. അസാധു നോട്ട് മാറ്റി വാങ്ങുന്നതിനും വിലക്കുണ്ട്. നവംബർ എട്ടിന് രാത്രി പ്രധാനമന്ത്രി പ്രഖ്യാപിച്ച അപ്രതീക്ഷിത നടപടിയെതുടർന്ന് അതുവരെ തങ്ങളുടെ പക്കലുണ്ടായിരുന്നതും തുടർദിവസങ്ങളിൽ നിക്ഷേപിക്കപ്പെട്ടതുമായ പണവും സഹകരണ മേഖലയെ അനിശ്ചിതത്വത്തിലായിരിക്കയാണിപ്പോൾ. സംസ്ഥാന സഹകരണ ബാങ്കിനെയും അർബൻ ബാങ്കുകളെയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഇവ കേരളത്തിലെ സഹകരണ രംഗത്ത് പത്തു ശതമാനം മാത്രമേ പങ്കു വഹിക്കുന്നുള്ളൂ. സർക്കാരിന്റെ പ്രഖ്യാപനത്തെതുടർന്ന് മറ്റു ബാങ്കുകളിലെന്ന പോലെ സഹകരണ ബാങ്കുകളിലും ആളുകൾ നിക്ഷേപം നടത്തുകയുണ്ടായി. കയ്യിലുണ്ടായിരുന്ന പഴയ നോട്ടുകൾ ഏതു വിധേനയും പ്രയോജനപ്പെടുത്തുക എന്നതായിരുന്നു ജനങ്ങളുടെ ലക്ഷ്യം. ഇതിന് കേന്ദ്ര സർക്കാരും റിസർവ് ബാങ്കും ജനങ്ങൾക്കും സഹകരണ ബാങ്കുകൾക്കും അനുമതി നൽകിയിരുന്നതാണ്. എന്നാൽ അഞ്ചു ദിവസം കഴിഞ്ഞ് പൊടുന്നനെ, സഹകരണ ബാങ്കുകൾ നിക്ഷേപം സ്വീകരിക്കുന്നതിന് റിസർവ് ബാങ്ക് വിലക്ക് കൽപിച്ചിച്ചു. ഇതാണ് വലിയ പ്രതിസന്ധിയുണ്ടാക്കിയത്. പ്രാഥമിക സഹകരണ സംഘങ്ങളടക്കം 2800 കോടിയോളം രൂപയാണ് സ്വീകരിച്ചിട്ടുള്ളത്.

2016 സെപ്റ്റംബർ 30 ലെ കണക്കു പ്രകാരം കേരളത്തിലെ സഹകരണ ബാങ്കുകളിൽ 1,40,000 കോടി നിക്ഷേപവും ഒരു ലക്ഷം രൂപയുടെ വായ്പയുമുണ്ട്. 15,287 പ്രഥാമിക സഹകരണസംഘങ്ങളാണ് കേരളത്തിലുള്ളത്. ബാങ്കിങ് റെഗുലേഷൻ നിയമ പ്രകാരം പ്രവർത്തിക്കുന്ന ബാങ്കുകളാണ് പ്രാഥമിക സഹകരണ ബാങ്കുകളും ജില്ലാ സഹകരണ ബാങ്കുകളുമെല്ലാം. 1904ലെ സഹകരണ വായ്പാ നിയമമാണ് രാജ്യത്ത് സഹകരണ രംഗത്ത് സഹകരണ സംഘങ്ങൾ ആരംഭിക്കുന്നതിന് കാരണമായത്. കാർഷിക വായ്പാ സഹകരണ സംഘങ്ങൾ എന്നാണ് ഇവയറിയപ്പെട്ടത്. സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവരും മാസ ശമ്പളക്കാരും വാണിജ്യ ബാങ്കുകളെ ആശ്രയിക്കുമ്പോൾ, താഴേക്കിടയിലുള്ള കർഷകരും കർഷകത്തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമാണ് ഈ മേഖലയിലെ ആദ്യകാലം മുതലുള്ള ഗുണഭോക്താക്കൾ.

ഇപ്പോഴത്തെ പ്രതിസന്ധിയിലേക്ക് കാര്യങ്ങളെത്തിച്ചത് രാഷ്ട്രീയ നേതൃത്വമാണ്. കുറഞ്ഞ പലിശയ്ക്ക് നബാർഡിൽ നിന്ന് പോലും പണം കൈപ്പാറ്റാത്ത പ്രാഥമിക സഹകരണ സംഘങ്ങളിലുണ്ട്. നൂറു കോടിയിലധികം നിക്ഷേപമുള്ള പ്രസ്ഥാനങ്ങളും. ഇത് ആരുടെ പണമെന്നതാണ് ഉയരുന്ന ചോദ്യം. ഇതിന് കൃത്യമായ മറുപടി നൽകാത്തതാണ് പ്രശ്‌നങ്ങൾക്ക് കാരണം. ഇതിലേക്ക് കാര്യങ്ങളെത്തിച്ചത് കേരളത്തിലെ ഇടത് വലത് നേതാക്കളാണ്. ഇതിനെ പിന്തുടർന്ന് ബിജെപിക്കാരും സഹകരണ പ്രസ്ഥാനങ്ങളുമായെത്തി. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും നേതൃത്വം നൽകുന്ന സഹകരണ സൊസൈറ്റികളിലും പണത്തിന്റെ കുത്തൊഴുക്ക് തന്നെയാണ് സംഭവിച്ചിട്ടുള്ളത്. ഈ പണത്തിന്റെ സ്രോതസ്സും ഉറവിടവും അജ്ഞാതമാക്കാൻ ശ്രമിച്ചാൽ റിസർവ്വ് ബാങ്ക് വിട്ടുവീഴ്ച ചെയ്യില്ലെന്ന് തന്നെയാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP