Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുതിയ രോഗികൾ ഇല്ലെങ്കിലും കേന്ദ്രസർക്കാർ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച പത്തനംതിട്ട ആശങ്കയിൽ തന്നെ; സമൂഹ വ്യാപനം തള്ളാതെ മുന്നൊരുക്കങ്ങൾ; വെന്റിലേറ്റർ കുറവായതും പുതിയത് ഓർഡർ ചെയ്തത് കിട്ടാൻ വൈകുന്നതും തലവേദന; ആൾക്കൂട്ടം ഒഴിവാക്കണമെന്ന് വീണ്ടും കലക്ടറും ജില്ലാ പൊലീസ് മേധാവിയും

പുതിയ രോഗികൾ ഇല്ലെങ്കിലും കേന്ദ്രസർക്കാർ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച പത്തനംതിട്ട ആശങ്കയിൽ തന്നെ; സമൂഹ വ്യാപനം തള്ളാതെ മുന്നൊരുക്കങ്ങൾ; വെന്റിലേറ്റർ കുറവായതും പുതിയത് ഓർഡർ ചെയ്തത് കിട്ടാൻ വൈകുന്നതും തലവേദന; ആൾക്കൂട്ടം ഒഴിവാക്കണമെന്ന് വീണ്ടും കലക്ടറും ജില്ലാ പൊലീസ് മേധാവിയും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: രണ്ടാംഘട്ടത്തിൽ ആദ്യം കോവിഡ് 19 സ്ഥിരീകരിച്ച ജില്ലയാണ് പത്തനംതിട്ട. അതു കൊണ്ടു തന്നെ പിന്നീടുള്ള പ്രവർത്തനങ്ങളും നീക്കങ്ങളും ചടുലമായിരുന്നു. ഐത്തലയിൽ നിന്നുള്ള കുടുംബാംഗങ്ങളും ബന്ധുക്കളുമായി ഒമ്പതു പേരെ കണ്ടെത്തിയതിന് ശേഷം പിന്നീട് രണ്ടു പേർക്ക് കൂടി മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഏഴു പേർ ആശുപത്രി വിട്ടു കഴിഞ്ഞു. ഒട്ടനവധി പേർ വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിലുണ്ട്.

പുതിയ രോഗികൾ ഇല്ലെന്ന് കരുതി ആശ്വസിക്കണ്ട എന്നാണ് ജില്ലാ ഭരണകൂടം നൽകുന്ന മുന്നറിയിപ്പ്. സാമൂഹിക വ്യാപന സാധ്യത ഇപ്പോൾ തള്ളിക്കളയാറായിട്ടില്ല. പ്രത്യേകിച്ചും നിസാമുദ്ദീൻ സംഭവത്തോടെ. ആദ്യം ഒമ്പത് പേർക്ക് രോഗം സ്ഥിരീകരിച്ചതിന്റെ പേരിലാണ് കേന്ദ്രം രാജ്യത്തെ അതീവജാഗ്രത വേണ്ട ഹോട്ട്സ്പോട്ടുകളിൽ ഒന്നായി പത്തനംതിട്ട പ്രഖ്യാപിച്ചത്. ഇവിടെ പുറമേ നിന്ന് നോക്കിയാൽ അതിനുള്ള വകുപ്പില്ല. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണ്.

കൂടുതൽ പ്രൈമറി, സെക്കൻഡറി കോൺടാക്ടുകൾ വരുന്നില്ല. ഇന്നലെ സർവൈലൻസ് ആക്ടിവിറ്റികൾ വഴി പുതിയ പ്രൈമറി, സെക്കൻഡറി കോൺടാക്ടുകളെ ജില്ലയിൽ കണ്ടെത്തിയിട്ടില്ല. ആകെ 17 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ ഉണ്ട്. നിസാമുദ്ദീനിൽ തബ്ലീഗ് ചടങ്ങിൽ പങ്കെടുത്ത 17 പേരെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇവരെല്ലാം നിരീക്ഷണത്തിലാണ്. ഇന്നലെ പുതിയതായി ആറു പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.

വീടുകളിൽ 415 പ്രൈമറി കോൺടാക്ടുകളും 180 സെക്കൻഡറി കോൺടാക്ടുകളും നിരീക്ഷണത്തിൽ ആണ്. നിലവിൽ വിദേശത്തു നിന്നും തിരിച്ചെത്തിയ 3644 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 4731 പേരും വീടുകളിൽ നിരീക്ഷണത്തിലാണ്. വിദേശത്ത് നിന്നും തിരിച്ചെത്തിയ 162 പേരെയും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 506 പേരേയും നിരീക്ഷണത്തിൽ നിന്നും വിടുതൽ ചെയ്തു. ആകെ 8970 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.

കണക്കുകൾ ഇങ്ങനെയാണെങ്കിലും അത് ജില്ലാ ഭരണകൂടം കണക്കിലെടുക്കുന്നില്ല. എന്തും സംഭവിക്കാൻ സാധ്യതയുണ്ട് അതു കൊണ്ട് തന്നെ അതിനായി തയ്യാറെടുക്കുക എന്നൊരു നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ജില്ലാ കലക്ടർ പിബി നൂഹും ഡിഎംഓ ഡോ ഷീജയും. നിലവിൽ രണ്ടാം ഘട്ടത്തിൽ തന്നെ നില കൊള്ളുകയാണ് ജില്ല. മൂന്നാംഘട്ടം സമൂഹ വ്യാപനമാണ്. അതിലേക്ക് ഇതുവരെ എത്തിയിട്ടില്ല. അഥവാ എത്തിയാൽ ആദ്യം കുഴയ്ക്കുന്നത് വെന്റിലേറ്ററുകളുടെ എണ്ണമാണ്. ജില്ലയിലെ ആശുപത്രികളിൽ എല്ലാം കൂടി നൂറിൽ താഴെ വെന്റിലേറ്റർ മാത്രമാണുള്ളത്. പുതിയത് നൽകാൻ പലരും സന്നദ്ധ പ്രകടിപ്പിച്ചു.

പണവും കൈമാറി. മൈസൂരിലുള്ള ഫാക്ടറിയിലാണ് വെന്റിലേറ്ററിന് ഓർഡർ കൊടുത്തത്. പക്ഷേ, അവിടെ ഇപ്പോൾ ഓർഡർ കുമിഞ്ഞു കിടക്കുന്നു. കർണാടക സർക്കാരിനുള്ള വെന്റിലേറ്ററുകളാണ് അവിടെ നിർമ്മിക്കുന്നത്. അതു കൊണ്ടു തന്നെ പുറത്തു നിന്നുള്ള ഓർഡർ സ്വീകരിക്കുന്നതിന് മടിയാണ്. അഥവാ കൊടുത്താലും ഉടനെ എങ്ങും കിട്ടുന്ന ലക്ഷണവുമില്ല. രോഗികളെ ഐസൊലേറ്റ് ചെയ്യുന്നതിനായി നിരവധി സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതൊക്കെ സജ്ജവുമാണ്. അതിനാൽ അക്കാര്യത്തിൽ ആശങ്കയില്ല. ആന്റോ ആന്റണി എംപിയുടെ ഫണ്ടിൽ നിന്നും അനുവദിച്ച വെന്റിലേറ്റർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സ്ഥാപിച്ചു. കൂടാതെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടിൽ നിന്നും ലഭിച്ച ഒരു വെന്റിലേറ്ററും സ്ഥാപിച്ചു.

ആൾക്കൂട്ടം ഒഴിവാക്കണമെന്ന് ആവർത്തിച്ച് അഭ്യർത്ഥിക്കുകയാണ് ജില്ലാ കലക്ടറും എസ്‌പിയും. സന്നദ്ധ പ്രവർത്തനത്തിന്റെ പേരും പറഞ്ഞ് നിരവധി ആൾക്കാരാണ് റോഡിൽ കറങ്ങുന്നതും സമൂഹ അടുക്കളയിലും മറ്റും കൂട്ടം കൂടുന്നതും. രാഷ്ട്രീയക്കാരും ജനപ്രതിനിധികളുമായതിനാൽ ഇവരോട് ബലം പിടിക്കാൻ പൊലീസിനും കഴിയുന്നില്ല എന്നതാണ് സത്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP