Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്ക് ഡൗൺ മുതൽ നാട്ടിലേക്ക് വരാൻ കൊതിച്ച് കുത്തിയിരിക്കുന്നത് അഞ്ഞൂറോളം പേർ; ടാക്സി വിളിച്ച് മടങ്ങാൻ മുതിർന്നത് എട്ടുമാസം തികഞ്ഞ ഗർഭിണിയും കുടുംബവും; ഗയയും നളന്ദയും പാറ്റ്നയുമെല്ലാം ഹോട്ട്സ്പോട്ടായി മാറുമ്പോൾ ഭീതിയും കൂടുന്നു; ബീഹാറിലെത്തിയ ട്രെയിനുകളിൽ മലയാളികൾക്ക് യാത്രാ സൗകര്യം ഏർപ്പെടുത്തണമെന്നു ആവശ്യം; കൊറോണ പടരുമ്പോൾ എന്തുചെയ്യണമെന്ന് അറിയാതെ കണ്ണൂരുകാരൻ ജോയ്‌സ് അടക്കമുള്ള ബിഹാറിലെ മലയാളികൾ

ലോക്ക് ഡൗൺ മുതൽ നാട്ടിലേക്ക് വരാൻ കൊതിച്ച് കുത്തിയിരിക്കുന്നത് അഞ്ഞൂറോളം പേർ; ടാക്സി വിളിച്ച് മടങ്ങാൻ മുതിർന്നത് എട്ടുമാസം തികഞ്ഞ ഗർഭിണിയും കുടുംബവും; ഗയയും നളന്ദയും പാറ്റ്നയുമെല്ലാം ഹോട്ട്സ്പോട്ടായി മാറുമ്പോൾ ഭീതിയും കൂടുന്നു; ബീഹാറിലെത്തിയ ട്രെയിനുകളിൽ മലയാളികൾക്ക് യാത്രാ സൗകര്യം ഏർപ്പെടുത്തണമെന്നു ആവശ്യം; കൊറോണ പടരുമ്പോൾ എന്തുചെയ്യണമെന്ന് അറിയാതെ കണ്ണൂരുകാരൻ ജോയ്‌സ് അടക്കമുള്ള ബിഹാറിലെ മലയാളികൾ

എം മനോജ് കുമാർ

തിരുവനന്തപുരം: കൊറോണ പടരുന്നത് കാരണം ബീഹാറിലെ മലയാളികൾ അനിശ്ചിതത്വത്തിന്റെ നിഴലിൽ. . കൊറോണയുടെ വ്യാപനം കാരണം ബീഹാറിൽ നിൽക്കാനും കേരളത്തിലേക്ക് മടങ്ങാനും കഴിയാത്ത അവസ്ഥയിലാണ് ഇവർ. 500 ഓളംപേർക്ക് നാട്ടിലേക്ക് അടിയന്തിരമായി മടങ്ങേണ്ടതുണ്ട്. ഇവരിൽ രോഗികളും ഗർഭിണികളുണ്ട്. ഉറ്റവർ മരിച്ചിട്ടും പോകാൻ കഴിയാത്തവരുമുണ്ട്. കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഇവർ ബീഹാറിൽ നിന്നും വിളിക്കുന്നുണ്ട്. പക്ഷെ ഒരു പരിഹാരവും വന്നിട്ടില്ല. മാർച്ച് എഴു മുതൽ ഒരു ജോലിയുമില്ലാതെ വെറുതെയിരിക്കുകയാണ് ഈ മലയാളികൾ.

സ്‌കൂളുകൾ അടച്ചതിനാൽ അദ്ധ്യാപകർക്കും ജീവനക്കാർക്കും ശമ്പളമില്ല. കേരളത്തിലേക്ക് വരാൻ ട്രെയിനോ മറ്റു വാഹന സൗകര്യങ്ങളോ ഒന്നുമില്ല. കയ്യിലെ പണമാണെങ്കിൽ തീർന്നു കൊണ്ടുമിരിക്കുന്നു. ബീഹാറിൽ കൊറോണ പോസിറ്റീവ് കേസുകൾ അനുദിനം വർദ്ധിക്കുകയാണ്. കൊറോണ ബാധിച്ചാൽ ചികിത്സിക്കാനും കഴിയില്ല. വേണ്ടത്ര ആശുപത്രികൾ ഇവിടെയില്ല. മലയാളികൾ ഇപ്പോൾ കുടുങ്ങിക്കിടക്കുന്ന ഗയ ഒരു ഹോട്ട്‌സ്‌പോട്ട് കൂടിയാണ്. ബീഹാറിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊറോണ പോസിറ്റീവ് കേസുകളിൽ കൂടുതലും ഗയയിലും പാറ്റ്‌നയിലുമാണ്. ഈ അവസ്ഥയിൽ എങ്ങനെയെങ്കിലും കേരളത്തിലേക്ക് മടങ്ങാനാണ് ഇവർ ലക്ഷ്യമിടുന്നത്. സർക്കാരിന്റെ കനിവാണ് ഇവർ തേടുന്നത്. ബീഹാർ തൊഴിലാളികളെ തിരിച്ചെത്തിക്കാൻ കാണിച്ച ഉത്സാഹം കേരളത്തിലേക്ക് എത്തുന്നവരുടെ കാര്യത്തിലും കാണിക്കണം. ബീഹാറിലെ തൊഴിലാളികളെ എത്തിക്കാൻ ഇവിടെയ്ക്ക് വന്ന ട്രെയിനുകളിൽ ഒരു ട്രെയിൻ എങ്കിലും ബീഹാറിലുള്ള മലയാളികളെ നാട്ടിലേക്ക് എത്തിക്കാൻ ഏർപ്പെടുത്തണം. ബീഹാർ സർക്കാരുമായോ കേന്ദ്ര സർക്കാരുമായോ സംസാരിച്ച് മലയാളികളുടെ തിരിച്ചുവരവ് എളുപ്പത്തിലാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

എട്ടുമാസം ഗർഭിണിയായ യുവതിയും ഭർത്താവും കാർ വിളിച്ച് മടങ്ങാൻ ഇന്നലെ പരിപാടിയിട്ടുണ്ട്. പക്ഷെ മലയാളികൾ ഇവരെ തടഞ്ഞിട്ടുണ്ട്. 2500 കിലോമീറ്റർ ദൂരം വേണ്ടത്ര ഭക്ഷണവും വിശ്രമവുമില്ലാതെ എങ്ങനെ വരും എന്നാണ് മലയാളികൾ ഇവരോട് ചോദിച്ചത്. ഇവർക്ക് പ്രസവത്തിനു നാട്ടിലെത്തിയെ മതിയാകൂ. ഇതാണ് ബീഹാറിലെ മലയാളികളുടെ അവസ്ഥ. സർക്കാർ സഹായം തന്നെയാണ് ഇവർ ആവശ്യപ്പെടുന്നത്. കൊറോണവ്യാപനം കാരണം സ്‌കൂളുകൾ അനിശ്ചിതമായി അടച്ചതിനെ തുടർന്നു മാർച്ച് ഏഴു മുതൽ ബീഹാറിൽ കുടുങ്ങിയവരാണ് ഈ ഈ മലയാളികൾ. പലരും സ്‌കൂളിലെ അദ്ധ്യാപകരും ജീവനക്കാരുമാണ്. സ്‌കൂൾ അടച്ചതിനാൽ ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നില്ല. ഭക്ഷണവും ലഭിക്കുന്നില്ല. കേരളത്തിലേക്ക് മടങ്ങാനാണ് മാനേജ്‌മെന്റുകൾ ആവശ്യപ്പെടുന്നത്. പക്ഷെ എങ്ങനെ മടങ്ങും എന്നാണ് ഇവർക്ക് മുന്നിലെ ചോദ്യം. കേരളത്തിലേക്ക് മടങ്ങാൻ ട്രെയിനില്ല. സ്വന്തം വാഹനവുമില്ല. ഒരു വാഹനം വിളിച്ചാൽ ടാക്‌സി ചെലവ് ഇവർക്ക് താങ്ങാനും കഴിയില്ല. ശമ്പളം ലഭിക്കാത്തതിനെ തുടർന്നു ഇവരുടെ കയ്യിലെ പണവും തീർന്നു തുടങ്ങി.വല്ലാത്ത അനിശ്ചിതത്വത്തിലാണ് ഈ മലയാളികൾ. കേരള സർക്കാർ ബീഹാർ സർക്കാരുമായി സംസാരിച്ച് ബീഹാറിൽ നിന്നും മടങ്ങുന്ന മലയാളികളുടെ കാര്യത്തിൽ തീരുമാനം ഉണ്ടാക്കണം എന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

നിലവിൽ അഞ്ചോളം ട്രെയിനുകൾ ബീഹാറിലേക്ക് വന്നിട്ടുണ്ട്. തൊഴിലാളികളെ എത്തിക്കാൻ വന്ന ട്രെയിനുകളാണ്. ഈ ട്രെയിനിൽ മലയാളികൾക്ക് മടങ്ങാനുള്ള സൗകര്യം ഏർപ്പെടുത്തണം എന്നാണ് ആവശ്യമുയരുന്നത്. കഷ്ടതയുടെ വലിയ ചിത്രമാണ് ബീഹാർ ഗയയിലെ മലയാളികൾ മറുനാടന് മുന്നിൽ വരച്ചു കാട്ടിയത്. തങ്ങളുടെ സ്ഥിതി പരിതാപകരമാണ് എന്നാണു ഇവർ പറഞ്ഞത്. എങ്ങിനെയും സർക്കാർ കേരളത്തിൽ എത്തിക്കണം. അതിനാവശ്യമായ നടപടികൾ സ്വീകരിക്കണം-മറുനാടനോട് മലയാളികൾ പറഞ്ഞു. കേരളം പോലെയല്ല ബീഹാർ. മാസ്‌ക് പോലും എന്താണ് എന്ന് പല ഗ്രാമവാസികൾക്കും അറിയില്ല. ഗ്രൗണ്ടിൽ ക്രിക്കറ്റ് മത്സരങ്ങൾ വരെ ഇപ്പോഴും നടക്കുന്നു. ദിവസവും നൂറു കണക്കിന് കൊറോണ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു.

ഒരു മുൻകരുതലും സ്വീകരിക്കാൻ സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്നും നടപടിയില്ല. ക്വാറന്റൈൻ സംവിധാനങ്ങൾ ഏർപ്പെടുത്താൻ കഴിയില്ല. വേണ്ടത്ര ടോയിലേറ്റ് സംവിധാനങ്ങളില്ല. ഭക്ഷണം നൽകാൻ സംവിധാനവുമില്ല. സോഷ്യൽ ഡിസ്റ്റൻസിങ് എന്താണ് എന്ന് പോലും പലർക്കും അറിയില്ല. ബീഹാറിൽ കൊറോണ വന്ന ശേഷവും കാര്യങ്ങൾ പഴയപോലെ തന്നെ മുന്നോട്ട് പോവുകയാണ്. മലയാളികൾ ഉള്ള ഗയ ഹോട്ട്‌സ്‌പോട്ടാണ്. ഇവിടെ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വരും ദിനങ്ങളിൽ കേസുകൾ കൂടുക തന്നെ ചെയ്യും. നിയന്ത്രിക്കാനുള്ള ഒരു സംവിധാനവും സർക്കാർ തലത്തിൽ നടപ്പിലായിട്ടില്ല. ഹോട്ട് സ്‌പോട്ടുകളിൽ നിന്നും ബീഹാറികൾ ടാക്‌സിയായും കാൽ നടയായും സൈക്കിൾ റിക്ഷ വഴിയും ബീഹാറിലേക്ക് എത്തുകയാണ്. എല്ലാം മലയാളികൾ ഭയപ്പാടോടെയാണ് കാണുന്നത്.

രാജസ്ഥാനിലെ കോട്ടയിൽ നിന്നും ഒരുപാട് വിദ്യാർത്ഥികൾ വന്നിറങ്ങിയിട്ടുണ്ട്. . രാജസ്ഥാനിലെ കോട്ട ഹോട്ട് സ്‌പോട്ട് ആണ്. ഈ ഹോട്ട് സ്‌പോട്ടിൽ നിന്നും വന്നിറങ്ങിയ ഒരാൾ പോലും ക്വാറന്റൈനിലല്ല. ഈ സൗകര്യങ്ങൾ ബീഹാറിലെ സാഹചര്യത്തിൽ പ്രയാസമാണ്. ടോയ്‌ലെറ്റ് സൗകര്യങ്ങൾ കുറവ്, ഭക്ഷണവുമില്ല. ക്വാരന്റൈൻ ചെയ്തവർ തന്നെ ചാടിപ്പോകുന്ന അവസ്ഥ. ഇതാണ് ബീഹാർ. കൊറോണ പോലുള്ള ഒരു മഹാമാരിയെ എങ്ങനെ പ്രതിരോധിക്കും എന്നാണ് ഇവർ ചോദിക്കുന്നത്. മഹാരാഷ്ട്രയിൽ നിന്നും സൈക്കിൾ റിക്ഷ ചവിട്ടി വന്നവർ വരെ ഇവിടെയുണ്ട്. 1000 കിലോമീറ്റർ സൈക്കിൾ റിക്ഷ താണ്ടുക എന്ന് പറഞ്ഞാൽ പോസിബിൾ അല്ല. പക്ഷെ ആളുകൾ എത്തുന്നു. നടന്നു പോലും മഹാരാഷ്ട്രയിൽ നിന്നും ആളുകൾ എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ സൈക്കിൾ റിക്ഷയിൽ എത്തി എന്ന് പറയുമ്പോൾ വരെ ഒന്നും കാര്യമാക്കുന്നില്ല. ക്വാറന്റൈൻ ഫെസിലിറ്റി ഇല്ല. എല്ലാവരും എല്ലാവരോടും ഇടപഴകുന്നു. എന്താണ് മാസ്‌ക് എന്ന് പോലും അറിയാത്തവരാണ് ഗ്രാമവാസികൾ. കൊറോണ എന്താണ് എന്നും അവർക്ക് അറിയില്ല. എല്ലാം ഇവിടെ പതിവുപോലെ പ്രവർത്തിക്കുന്നു, കൊൽക്കത്തയിൽ നിന്നും ടാക്‌സി ഡ്രൈവർമാർ അവരുടെ വാഹനവുമായാണ് പാറ്റ്‌നയിൽ എത്തിയത്. ക്വാറന്റൈൻ ചെയ്യുന്നവർ വരെ ചാടിപ്പോവുകയാണ്. ആരോഗ്യ പ്രവർത്തകരോ ജില്ലാ ഭരണ കൂടമോ ഒന്നും ഇത് ശ്രദ്ധക്കാറില്ല. ഭക്ഷണവിതരണവുമല്ല. ബാത്ത്‌റൂം സൗകര്യവുമില്ല. അതുകൊണ്ട് തന്നെ ക്വാറന്റൈൻ പ്രയാസമാണ്.

കേരളം ബീഹാറിനെക്കുറിച്ച് സംസാരിക്കുന്നില്ല. ഒട്ടനവധി മലയാളികൾ പെട്ട് കിടക്കുന്നു. ആരും സഹായിക്കാനില്ലാത്ത അവസ്ഥയാണ് കണ്ണൂരുകാരനായ ജോയ്‌സ് മറുനാടനോട് പറഞ്ഞു. എന്റെ ഭാര്യവീട് ഇടുക്കിയിലാണ്. ചെറിയ കുട്ടികൾ ഞങ്ങൾക്ക് ഒപ്പമുണ്ട്. ഇടുക്കിയിലെ ഭാര്യവീട്ടിൽ കുട്ടികളെയും ഭാര്യയേയും എത്തിക്കണം. ഒന്നരമാസമായി എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് പരിശ്രമിക്കുകയാണ് ഒരു വഴിയും ഇതുവരെ തെളിഞ്ഞില്ല. കേരള സർക്കാരിനു മാത്രമേ ഞങ്ങളെ രക്ഷിക്കാൻ കഴിയൂ-ജോയ്‌സ് പറയുന്നു.

ബീഹാറിൽ നിന്നും കേരളത്തിലേക്ക് 3000 കിലോമീറ്റർ ദൂരമുണ്ട്. വണ്ടികളിൽ വരുന്നത് പോലും പ്രായോഗികമല്ല. ഈ അവസ്ഥയിൽ ഞങ്ങൾ എന്ത് ചെയ്യും. ജോയ്‌സ് ചോദിക്കുന്നു. എല്ലാ സംസ്ഥാനങ്ങളും ആളുകളെ തിരികെ കൊണ്ടുവരുന്നു. കേരളം അതിഥി തൊഴിലാളികളെ വണ്ടി അയച്ച് കയറ്റി വിടുന്നു. എന്നാൽ കേരളത്തിലേക്ക് എത്താനുള്ള സൗകര്യം നൽകുന്നില്ല. കേരള സർക്കാരാണോ ബീഹാർ സർക്കാരാണോ മുൻ കൈ എടുക്കേണ്ടത് എന്ന് ഞങ്ങൾക്ക് അറിയില്ല-ബീഹാർ നളന്ദയിൽ സെന്റ്മേരീസ് ഹയർസെക്കൻഡറി സ്‌കൂൾ നടത്തുന്ന ഷിബു മറുനാടനോട് പറഞ്ഞു. ഗർഭിണികൾക്ക് എങ്ങനെയും നാട്ടിലെത്തിയാൽ മതിയെന്നാണ്. വണ്ടി വിളിച്ച് വരുന്നത് പോലും പ്രയാസമായ അവസ്ഥയാണ്. അത്രയധികം ദൂരം യാത്ര ചെയ്യാനുള്ള ശേഷി ഇവർക്കില്ല. സർക്കാർ സഹായം തന്നെയാണ് ലഭ്യമാകേണ്ടത്. സർക്കാർ സഹായിക്കണം. കേന്ദ്രവുമായി ആലോചിച്ച് ട്രെയിൻ സൗകര്യം ഏർപ്പെടുത്തണം. ബീഹാറിൽ നിന്ന് സ്‌പെഷ്യൽ ട്രെയിൻ വിടണം-ഷിബു ആവശ്യപ്പെടുന്നു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP