Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ചൈനയിൽ നിന്ന് മടങ്ങിയെത്തിയ എല്ലാവരും നിരീക്ഷണത്തിൽ; ആശുപത്രിയിലുള്ളത് 15 പേർ; വൈറസ് സ്ഥിരീകരിച്ച പെൺകുട്ടിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി; രോഗ ബാധിത ഗുരുതരാവസ്ഥ തരണം ചെയ്തുവെന്ന് സൂചന; മണിക്കൂറുകൾക്കുള്ളിൽ ഐസുലേഷൻ വാർഡും പ്രതിരോധ സംവിധാനവും ഒരുക്കി വീണ്ടും ആരോഗ്യ കേരളത്തിന്റെ അതിവേഗ ഇടപെടൽ; എല്ലാ ജില്ലകളിലും കനത്ത ജാഗ്രത; ആലുപ്പുഴയിലെ വൈറോളജി ഇൻസിറ്റിറ്റിയൂട്ടും സജീവമാക്കും

ചൈനയിൽ നിന്ന് മടങ്ങിയെത്തിയ എല്ലാവരും നിരീക്ഷണത്തിൽ; ആശുപത്രിയിലുള്ളത് 15 പേർ; വൈറസ് സ്ഥിരീകരിച്ച പെൺകുട്ടിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി; രോഗ ബാധിത ഗുരുതരാവസ്ഥ തരണം ചെയ്തുവെന്ന് സൂചന; മണിക്കൂറുകൾക്കുള്ളിൽ ഐസുലേഷൻ വാർഡും പ്രതിരോധ സംവിധാനവും ഒരുക്കി വീണ്ടും ആരോഗ്യ കേരളത്തിന്റെ അതിവേഗ ഇടപെടൽ; എല്ലാ ജില്ലകളിലും കനത്ത ജാഗ്രത; ആലുപ്പുഴയിലെ വൈറോളജി ഇൻസിറ്റിറ്റിയൂട്ടും സജീവമാക്കും

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: തൃശൂരിൽ കൊറോണ ബാധിച്ച് ചികിൽസയിലുള്ള വിദ്യാർത്ഥിനിയുടെ നില തൃപ്തികരം. കൊറോണ സ്ഥിരീകരിച്ചതായുള്ള വിവരം കിട്ടിയതോടെ തൃശ്ശൂരിൽ കണ്ടത് യുദ്ധകാലാടിസ്ഥാനത്തിലുള്ള ഒരുക്കങ്ങളായിരുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് വൈറസ് ബാധിച്ച വിദ്യാർത്ഥിനിയെ തൃശ്ശൂർ ജില്ലാ ജനറൽആശുപത്രിയിൽനിന്ന് മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്. അഞ്ചുമണിക്കൂറിനുള്ളിൽ ഐസൊലേഷൻ വാർഡൊരുക്കി വിദ്യാർത്ഥിനിയെ ഇവിടേക്ക് മാറ്റുന്ന നടപടി പൂർത്തിയാക്കി. തൃശൂരിലെ ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ മറ്റൊരു വിദ്യാർത്ഥി നിരീക്ഷണത്തിലുണ്ട്. അഞ്ചുദിവസമായി ഇവിടെ അഞ്ചുവിദ്യാർത്ഥികളാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇവരെല്ലാം ചൈനയിൽ മെഡിക്കൽ വിദ്യാർത്ഥികളാണ്.

തൃശ്ശൂരിലെ ആശുപത്രിയിൽ കഴിയുന്ന രോഗികൾക്കും ജീവനക്കാർക്കും മുഖാവരണം (മാസ്‌ക്) നിർബന്ധമാക്കി. മാസ്‌ക് അണിയുന്നതടക്കമുള്ള പ്രതിരോധമാർഗങ്ങൾ സംബന്ധിച്ച് ജനറൽ ആശുപത്രിയിൽ നിശ്ചിത ഇടവേളകളിൽ ഉച്ചഭാഷിണിയിലൂടെ നിർദ്ദേശം നൽകുന്നുണ്ട്. തൃശൂർ മെഡിക്കൽകോളേജ് ആശുപത്രിയിലെ പേവാർഡ് ബ്ലോക്ക് ഐസൊലേഷൻ വാർഡായൊരുക്കി. ഇവിടെ 17 മുറികളാണ് തയ്യാറാക്കിയത്. 24 പേരെ ഒരേസമയം നിരീക്ഷിക്കുന്നതിനും ചികിത്സിക്കുന്നതിനുമുള്ള സൗകര്യമുണ്ട്. ഓരോരുത്തർക്കും പ്രത്യേകം ശൗചാലയങ്ങളും തയ്യാർ. നിലവിൽ കൊറോണ വൈറസിന് ചികിത്സ ലഭ്യമല്ല. അതിനാൽത്തന്നെ ആയുർവേദ, ഹോമിയോമരുന്നുകൾ ഫലപ്രദമെന്ന പ്രചാരണങ്ങൾ ഒഴിവാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.

ചൈനയിൽനിന്ന് ഒരുമിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയവരാണിവർ. ഇവരിൽ കൊറോണ സ്ഥിരീകരിച്ച വിദ്യാർത്ഥിനി പനി ലക്ഷണങ്ങളോടെയാണെത്തിയത്. അതോടെ െഎസൊലേഷൻ വാർഡിലാക്കി. കൂടെയുണ്ടായിരുന്ന വിദ്യാർത്ഥികളെയും കൊറോണ സാധ്യത മുൻനിർത്തി ആശുപത്രിയിലെത്തിച്ച്‌ െഎസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാക്കി. ഇവരിൽ മൂന്നുപേരുടെ രക്തപരിശോധനാഫലം നെഗറ്റീവ് ആയതിനാൽ വിട്ടയച്ചു. ഒരാളുെട ഫലം എത്താത്തതിനാൽ െഎസോലേഷൻ വാർഡിൽ തുടരുന്നു. ആൺകുട്ടിയാണ് ജനറൽആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. ചൈനയിലെ രോഗബാധിത പ്രദേശങ്ങളിൽനിന്ന് ഇതുവരെ 1053 പേർ സംസ്ഥാനത്ത് മടങ്ങിയെത്തി. പുതുതായി 247 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇതിൽ വിവിധ ജില്ലകളിലായി 1038 പേർ വീടുകളിലും 15 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. കൊല്ലത്ത് രണ്ടും ആലപ്പുഴ, തൃശൂർ, എറണാകുളം, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ ഓരോരുത്തരേയുമാണ് വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൈനയിൽ രോഗം ആദ്യമായി സ്ഥിരീകരിക്കുകയും മരണമുണ്ടാവുകയും ചെയ്ത വുഹാനിലെ മെഡിക്കൽ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിനി കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്.

വൈറസ് സ്ഥിരീകരിച്ചയാളുമായി സമ്പർക്കമുള്ളവരുടെ പട്ടിക തയ്യാറാക്കി നിരന്തരം നിരീക്ഷിക്കുന്നുണ്ട്. രോഗിയുമായി അടുത്തിടപഴകിയവർ സ്വമേധയാ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. ചൈനയിൽനിന്ന് മടങ്ങിയെത്തിയവർ ഏതെങ്കിലും ആരോഗ്യകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. ചിലർ ഇനിയും ഇക്കാര്യം റിപ്പോർട്ടു ചെയ്തിട്ടില്ലെന്ന് കരുതുന്നുണ്ട്. അത്തരക്കാരെ കണ്ടെത്തും. സ്വകാര്യ ആശുപത്രികളോട് സഹകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രിയിൽ റിപ്പോർട്ട് ചെയ്യുന്ന ഒരു രോഗിയെയും തിരിച്ചയക്കാൻ പാടില്ല. രോഗിയെ നടപടിക്രമങ്ങൾ പാലിച്ച് പരിശോധിക്കുകയും സാമ്പിളെടുത്ത് വൈറോളജി ലാബിൽ അയക്കുകയും വേണം. വിദഗ്ധരുടെ ഉപദേശത്തോടെ ചികിത്സ തുടങ്ങണം.

സംസ്ഥാനത്തുനിന്ന് പരിശോധനയ്ക്ക് അയച്ച 24 സാമ്പിളുകളിൽ 15 ലും രോഗബാധയില്ല. ബാക്കിയുള്ള ഫലം വരാനുണ്ട്. വൈറസ് ബാധ സ്ഥിരീകരിക്കുന്ന ആദ്യപരിശോധനയായ ആർടിപിസിആറിന്റെ ഫലമാണ് വന്നത്. ആദ്യഫലം വന്ന ഉടൻ മന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം തലസ്ഥാനത്ത് ചേർന്നു. മുഖ്യമന്ത്രിയെ കണ്ട് സ്ഥിതിഗതികൾ വിശദീകരിച്ചു. വൈറസ് പ്രതിരോധത്തിന് ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന റാപിഡ് റെസ്പോൺസ് ടീം യോഗം കാര്യങ്ങൾ ആസൂത്രണം ചെയ്തു. ആരോഗ്യമന്ത്രി, മന്ത്രി എ സി മൊയ്തീൻ, ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ എൻ ഖോബ്രഗഡെ എന്നിവർ തൃശൂർ മെഡിക്കൽ കോളേജിൽ പ്രതിരോധനടപടികൾക്ക് നേതൃത്വം നൽകി.

കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ രോഗം നേരിടാനും പടരുന്നതു തടയാനുമുള്ള നടപടികളുമായി സംസ്ഥാനകേന്ദ്ര ആരോഗ്യവകുപ്പുകൾ. ആരോഗ്യമന്ത്രി കെ.കെ. ശൈലജയും സംഘവും രാത്രി തൃശൂരിലെത്തി മെഡിക്കൽ സംഘവുമായി സംസാരിച്ചു. പുണെയിൽ നിന്നുള്ള വൈറോളജി സംഘവും എത്തുന്നുണ്ട്. കേന്ദ്ര ആരോഗ്യ സംഘത്തെ കേരളത്തിലേക്ക് അയയ്ക്കുമെന്ന് അറിയിപ്പ് ലഭിച്ചതായി ടി.എൻ.പ്രതാപൻ എംപി പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ യോഗം വിളിച്ചിട്ടുമുണ്ട്. കൊറോണ പരിശോധനയ്ക്ക് കേരളത്തിൽ ആലപ്പുഴ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 12 ലാബുകൾ പ്രവർത്തനം ആരംഭിക്കും. ആലപ്പുഴയിൽ പരിശോധകരും പരിശോധനാ സാമഗ്രികളും പുണെയിലെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നായിരിക്കും.

എല്ലാ ജില്ലയിലും ജാഗ്രത

എല്ലാ ജില്ലയിലും ജാഗ്രതാനിർദ്ദേശം നൽകി. വിമാനത്താവളങ്ങളിലും പരിശോധന ശക്തമാക്കി. സ്ഥിരീകരിച്ച കേസിൽ സമ്പർക്കമുള്ളവരെ നിരന്തരം നിരീക്ഷിക്കും. വൈറസ് ബാധയിൽ ആശങ്ക വേണ്ടെന്നും ഭീതി പരത്തരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. രോഗിയുമായി അടുത്തിടപഴകിയവർ സ്വമേധയാ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

ഓരോ ജില്ലയിലെ നോഡൽ ഓഫീസർമാർ

തിരുവനന്തപുരം

ജിഎച്ച് തിരുവനന്തപുരം, ഡോ. പി.ബി. മീനാകുമാരി, 9446705590
എംസിഎച്ച്, തിരുവനന്തപുരം, ഡോ. ആർ. അരവിന്ദ്, 9447834808

കൊല്ലം

ഡിഎച്ച് കൊല്ലം, ഡോ. അനുരൂപ്, 7358645451
ജിഎംസി പാരിപ്പള്ളി, ഡോ. സിനിയ, 7907862136

ആലപ്പുഴ

ജിഎച്ച് ആലപ്പുഴ, ഡോ. ശ്രീനാഥ്, 9747117055
എംസിഎച്ച് ആലപ്പുഴ, ഡോ. ജുബി ജോൺ, 9846671588

പത്തനംതിട്ട

ഡിഎച്ച് കോഴഞ്ചേരി, ഡോ. ജിനേഷ്, 9496651625
ജിഎച്ച് പത്തനംതിട്ട, ഡോ. ആഷിഷ് മോഹൻ, 9947370079

കോട്ടയം

ജിഎച്ച് കോട്ടയം, ഡോ. സിന്ധു ജി. നായർ, 9447347282
എംസിഎച്ച് കോട്ടയം, ഡോ. സജിത്ത്കുമാർ, 9447239277

ഇടുക്കി

ഡിഎച്ച് തൊടുപുഴ, ഡോ. ജോസ്‌മോൻ, 9496357226
അൽ അസർ എംസിഎച്ച് തൊടുപുഴ, ഡോ. വിവേക്, 9746686957

ഡിഎച്ച് ഇടുക്കി, ഡോ. ദീപേഷ്, 9447169947

എറണാകുളം

ഡിഎച്ച് ആലുവ, ഡോ. പ്രസന്ന, 9744841155
എംസിഎച്ച് എറണാകുളം, ഡോ. ഫത്താഹുദ്ദീൻ, 9847278924

തൃശൂർ

ഡിഎച്ച് തൃശൂർ, ഡോ. സുമേഷ്, 9895558784
എംസിഎച്ച് തൃശൂർ, ഡോ. രാജേഷ്, 9995420412

പാലക്കാട്

ഡിഎച്ച് പാലക്കാട്, ഡോ. സോന, 9446074423
താലൂക്ക് ആശുപത്രി ഒറ്റപ്പാലം, ഡോ. മനോജ്, 9495657880

മലപ്പുറം

ഡിഎച്ച് തിരൂർ, ഡോ. കൃഷ്ണദാസ്, 9947424562
എംസിഎച്ച് മഞ്ചേരി, ഡോ. ഷിനാസ് ബാബു, 9645289308

കോഴിക്കോട്

ബീച്ച് ആശുപത്രി കോഴിക്കോട്, ഡോ. മൈക്കിൾ, 9847476700
എംസിഎച്ച് കോഴിക്കോട്, ഡോ. ഷീല മാത്യു, 9447760932

വയനാട്

ഡിഎച്ച് മാനന്തവാടി, ഡോ. റഹീം, 9496344562
ജിഎച്ച് കൽപറ്റ, ഡോ. എം.എ. അരുൺ, 8075377084, 9446016129

കണ്ണൂർ

ഡിഎച്ച് കണ്ണൂർ, ഡോ. എൻ. അഭിലാഷ്, 9961730233
എംസിഎച്ച് കണ്ണൂർ, ഡോ. ജയശ്രീ, 9446420557

ജിഎച്ച് തലശ്ശേരി, ഡോ. അനീഷ്, 9447804603

കാസർകോട്

ഡിഎച്ച് കാഞ്ഞങ്ങാട്, ഡോ. ആരതി രഞ്ജിത്ത്, 9400315857
ജിഎച്ച് കാസർകോട്, ഡോ. ആരതി രഞ്ജിത്ത്, 9400315857
കെയർവെൽ ഹോസ്പിറ്റൽ കാസർകോട്, ഡോ. ജയദേവ കാംഗില, 9447010565
(ജിഎച്ച്: ജനറൽ ആശുപത്രി, എംസിഎച്ച്: മെഡിക്കൽ കോളജ് ആശുപത്രി, ഡിഎച്ച്: ജില്ലാ ആശുപത്രി)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP