Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ട് പേരുടെ ജീവനെടുത്ത് ഇറ്റലിയിൽ കൊറോണ വൈറസിന്റെ തേരോട്ടം; ആൾ ദൈവത്തിൽ ആശ്രയം തേടി അനേകർക്ക് കൊറോണ പിടിപെട്ടതിന്റെ ഞെട്ടലിൽ ദക്ഷിണ കൊറിയ; സിംഗപ്പൂരിലും ഇറാനിലും രോഗബാധ തുടരുന്നു; 2253 പേരുടെ ജീവൻ എടുക്കുകയും 77267 പേരെ ബാധിക്കുകയും ചെയ്ത കൊറോണ വൈറസിനെ തടയാൻ ഇനിയും പ്രതിവിധി കണ്ടെത്താനാവാതെ നിരാശയിൽ ലോകം

രണ്ട് പേരുടെ ജീവനെടുത്ത് ഇറ്റലിയിൽ കൊറോണ വൈറസിന്റെ തേരോട്ടം; ആൾ ദൈവത്തിൽ ആശ്രയം തേടി അനേകർക്ക് കൊറോണ പിടിപെട്ടതിന്റെ ഞെട്ടലിൽ ദക്ഷിണ കൊറിയ; സിംഗപ്പൂരിലും ഇറാനിലും രോഗബാധ തുടരുന്നു; 2253 പേരുടെ ജീവൻ എടുക്കുകയും 77267 പേരെ ബാധിക്കുകയും ചെയ്ത കൊറോണ വൈറസിനെ തടയാൻ ഇനിയും പ്രതിവിധി കണ്ടെത്താനാവാതെ നിരാശയിൽ ലോകം

മറുനാടൻ ഡെസ്‌ക്‌

മിലാൻ: രണ്ട് പേരുടെ ജീവനെടുത്ത് ഇറ്റലിയിൽ കൊറോണ വൈറസിന്റെ തേരോട്ടം. രാജ്യത്തുകൊറോണ മരണം സ്ഥിരീകരിച്ചതോടെ ഇറ്റാലിയൻ സർക്കാർ ആശങ്കയിലായിരിക്കുകയാണ്. കൊറോണ ബാധിച്ച് രണ്ട് പേർ മരിച്ചതിന് പിന്നാലെ മുൻകരുതലെന്നോണം ഇറ്റിലി മൂൂന്ന് ഫുട്ബോൾ മാച്ചുകൾ മാറ്റിവെച്ചു. വടക്കൻ പ്രവിശ്യയായ ലോംബാർഡിയിലും വെനിറ്റോയിലും നടക്കാനിരുന്ന ഫുട്ബോൾ മത്സരങ്ങളാണ് മാറ്റിവെച്ചത്. രാജ്യത്തെ 12 ടൗണുകളും സർക്കാർ അടച്ചിട്ടു. പൊതുജനങ്ങളിലേക്ക് വളരെ വേഗം അസുഖം പകരുമെന്നതിനാൽ ഞായറാഴ്ച നടക്കാനിരുന്ന ഇറ്റാലിയൻ ലീഗ് മത്സരങ്ങളും മാറ്റിവെച്ചു.

ശനിയാഴ്ച ഇറ്റലിയിലെ നിരവധി ടൗണുകളാണ് കൊറോണ ഭീതിയെ തുടർന്ന് അടഞ്ഞു കിടന്നത്. ഒരു ഡസനോളം ടൗണുകൾ അടഞ്ഞു കിടന്നപ്പോൾ 50,000 ത്തോളം ജനങ്ങളോട് വീടിന് വെളിയിൽ ഇറങ്ങാതെ അകത്ത് തന്നെ ഇരിക്കാനാണ് സർക്കാർ ആവശ്യപ്പെട്ടത്. രണ്ട് പേർ മരിച്ചതിനെ തുടർന്നും ഇറ്റലിയിൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇത്. നിിരവധി സ്‌കൂളുകളും ബിസിനസ് സ്ഥാപനങ്ങളും റെസ്റ്റൊറന്റുകളും അടച്ചിടുകയും കായിക മത്സരങ്ങളും കുർബാനയും വരെ മാറ്റിവയ്ക്കുകയും ചെയ്തു.

മിലാനിലെ പബ്ലിക് ഓഫിസുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. 78 വയസ്സുള്ള വയോധികനും 77 വയസ്സുള്ള വയോധികയുമാണ് ഇറ്റലിയിൽ മരിച്ചത്. ഇരുവരിലും കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു. വയോധികയും മരിച്ചതിന് പിന്നാലെ വൈറസ് ബാധ പടർന്ന് പിടിക്കുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്. ഇവരുമായി അടുത്ത് ഇടപെഴുകിയവരെ കണ്ടെത്തി ഐസൊലേറ്റ് ചെയ്യാനുള്ള നീക്കത്തിലാണ് സർക്കാർ. നിലവിൽ കൊറോണ ബാധ സംശയമുള്ള 54 പേർ നിരീക്ഷണത്തിലാണ്.

ദക്ഷിണ കൊറിയയിൽ ആദ്യത്തെ കൊറോണ മരണം സ്ഥിരീകരിച്ചു. കൊറിയയിലെ നാലാമത്തെ വലിയ നഗരമായ ഡേഗുവിൽ ക്രിസ്ത്യൻ പള്ളിയിലെ ആരാധനയിൽ പങ്കെടുത്ത മുതിർന്ന പൗരനാണ് മരിച്ചത്. ഇതോടെ പ്രാർത്ഥനയിൽ പങ്കെടുത്ത അനേകം പേരിൽ വൈറസ് ബാധ സ്ഥിരീകരിച്ചു. പള്ളി പ്രാർത്ഥനയിൽ പങ്കെടുത്ത 231 പേരലാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ദക്ഷിണ കൊറിയയിൽ കൊറോണ ബാധിതരുടെ എണ്ണം 433 ആയി. ഇന്നലെ രാവിലെ പുതാതിയ 142 പേരിൽ രോഗം ബാധിച്ചതായാണ് സർക്കാർ സ്ഥിരീകരിച്ചതെങ്കിൽ ഉച്ചതിരിഞ്ഞപ്പോൾ 87 പേരിൽ കൂടി വൈറസ് ബാധ പിടിപെട്ടതായും കൊറിയയുടെ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ സെന്റർ പുറത്ത് വിട്ട സ്റ്റേറ്റ്മെന്റിൽ വ്യക്തമാക്കി.

പള്ളിയിൽ നടന്ന പ്രാർത്ഥനയിൽ 9,300 പേർ പങ്കെടുത്തിരുന്നു. ഇതിൽ 1,200 പേരും പനിപോലുള്ള ലക്ഷണങ്ങൾ പ്രകടിപ്പിച്ചതായാണ് അറിയുന്നത്. ഇതോടെ കൂടുതൽ പേരിലേക്ക് അസുഖം പടരുമെന്നെ ആശങ്ക ശക്തമായിരിക്കുകയാണ്. ഇവരെ പ്രവേശിപ്പിച്ച ആശുപത്രികളിലും അസുഖ ബാധ പടരുമോ എന്ന ആശങ്കയും നിലനിൽക്കുകയാണ്. കൊറോണ രോഗി പ്രാർത്ഥിക്കാനെത്തിയ ഡാഗു നഗരത്തിലെ 25 ലക്ഷം പേരോടും പുറത്തിറങ്ങരുതെന്നു മേയർ അഭ്യർത്ഥിച്ചു. രോഗബാധ സ്ഥിരീകരിച്ചതോടെ നഗരം ശൂന്യമായി.

അതിനിടെ ആയിരക്കണക്കിനാളുകളുടെ ജീവനെടുത്ത കൊറോണ വൈറസ് ചെകുത്താന്റെ കളിയാണെന്ന് ദക്ഷിണ കൊറിയയിലെ ക്രിസ്തീയ നേതാവ് പറയുന്നു. ഇത് വിധിയുടെ പരീക്ഷണമാണെന്നും എല്ലാത്തിനും പിന്നിൽ ചെകുത്താനാണെന്നുമാണ് ദക്ഷിണ കൊറിയയിലെ സ്വയം പ്രഖ്യാപിത മത നേതാവായ ലീ മാൻ ഹീ പറഞ്ഞത്. 1984-ൽ സ്ഥാപിക്കപ്പെട്ട ഷിൻഷോൻജി ചർച്ച് ഓഫ് ജീസസിന്റെ നേതാവാണ് ലീ മാൻ ഹീ. സഭയിലെ അംഗങ്ങൾ ഉപോയോഗിക്കുന്ന സോഷ്യൽ മീഡിയ ആപ്പിലൂടെ നൽകിയ സന്ദേശത്തിലാണ് ലീ ചെകുത്താന്റെ ഇടപെടലിനെക്കുറിച്ച് പറഞ്ഞത്. ഈ പള്ളിയിൽ എ്ത്തുന്നവർക്കാണ് കൂടുതലായും വൈറസ് പടരുന്നത്.

ഷിൻഷോൻജി സഭയുടെ വളർച്ച തടയാനുള്ള ചെകുത്താന്റെ ശ്രമമാണ് വൈറസ് ബാധയെന്നും ഇതൊരു പരീക്ഷണ കാലമാണെന്നും ലീ പറയുന്നു. ദക്ഷിണ കൊറിയയിയൽ കൂടുതൽ വൈറസ് ബാധകൾ സ്ഥിരീകരിക്കുന്നതിനിടെയാണ് സഭാ നേതാവിന്റെ സന്ദേശം പ്രചരിക്കുന്നത്. സഭയുടെ ആഭ്യന്തര ആപ്പിൽ വന്ന സന്ദേശം പിന്നീട് മറ്റ് മാധ്യമങ്ങളിലും പ്രചരിച്ചു. ഡേഗുവിൽ ഭൂരിഭാഗം ആളുകൾക്കും രോഗം പകർന്നത് പള്ളിയിൽ പ്രാർത്ഥനയ്‌ക്കെത്തിയ 61 കാരിയിൽ നിന്നാണ്. തനിക്ക് മരണമില്ലെന്ന് പ്രഖ്യാപിച്ച ആൾ ദൈവാണ് ലീ മാൻ ഹീ.

ഷിൻഷോൻജി സഭയുടെ പള്ളിയിലാണ് ഈ സ്ത്രീ പോയത്. പള്ളിയിലെത്തിയ 400ലധികം ആളുകൾക്ക് വൈറസ് ബാധയുടെ ലക്ഷണങ്ങളുണ്ട്. എല്ലാവരുടെയും പരിശോധനാഫലം പുറത്തുവന്നിട്ടില്ല. പരിശോധനകൾ തുടരുകയാണെന്ന് ഡേഗു മേയർ യുങ് ജിൻ പറഞ്ഞു. വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യത്തെ ഷിൻഷോൻജി പള്ളികൾ അടച്ചിടാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. പള്ളികളിലെ പ്രാർത്ഥനകളും ആശുപത്രികളും ശവസംസ്‌കാരങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കണണെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജോ നിർദ്ദേശം നൽകിയിട്ടുണ്ട്.

മുൻപ് വിചാരിച്ചിരുന്നതിനേക്കാളും വേഗം പകരുന്ന രോഗമാണിതെന്ന നിലപാടാണ് കൊറിയൻ ശാസ്ത്രജ്ഞർക്കുള്ളത്. ഇൻഫ്ലുവൻസ മാതിരിയാണ് രോഗം കാണപ്പെടുന്നതെന്നും ലക്ഷണങ്ങളൊന്നും കാണിക്കാത്തവരിൽ പോലും അണുബാധ കണ്ടതായും ശാസ്ത്രജ്ഞർ പറഞ്ഞു. രോഗലക്ഷണം കാണിക്കാത്തവരും രോഗം പകർത്തുന്നുവെന്നത് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ഇത് ആശങ്കാജനകമായി വിദഗ്ദ്ധർ കരുതുന്നു. ലോകാരോഗ്യ സംഘടനയും ഇക്കാര്യം നിരീക്ഷിച്ചുവരുകയാണ്.

പള്ളിയിൽ നിന്നാണോ രോഗി എത്തിയ ആശുപത്രിയിൽ നിന്നാണോ രോഗം പകർന്നതെന്നതും പരിശോധിച്ചുവരുകയാണ്. ആശുപത്രി അടച്ചിട്ട് ജീവനക്കാരും രോഗികളുമായി അവിടെയുണ്ടായിരുന്ന 600 പേരെയും പരിശോധിക്കും. നഗരത്തിലുള്ള യുഎസ് സൈനിക താവളത്തിലെ ഒരു ഭടനും രോഗബാധയുണ്ടായിട്ടുണ്ട്. അതേസമയം ചൈനയിൽ പുതുതായി 349 പേർക്കു കൂടി അണുബാധ സ്ഥിരീകരിച്ചു. ആകെ രോഗബാധിതർ 77,267 ആണ്. ഇതോടെ അണുബാധ കുറഞ്ഞുതുടങ്ങിയെന്ന ചൈനീസ് കണക്കുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുണ്ട്. വുഹാനിൽ കടകൾ തുറക്കുന്നത് മാർച്ച് 11 വരെ നീട്ടി. സ്‌കൂളുകൾ തുറക്കാനിരുന്നതും മാറ്റിവച്ചു.

ജപ്പാൻ തീരത്തു കിടക്കുന്ന ഡയമണ്ട് പ്രിൻസസ് കപ്പിലിലെ രണ്ട് പേർ മരിച്ചു. 3700 പേർ ഉണ്ടായിരുന്ന കപ്പലിലെ 634 പേർക്കാണ് രോഗബാധയുണ്ടായത്. കുഴപ്പമില്ലെന്നു കണ്ട് കപ്പിൽ നിന്ന് യാത്രക്കാരെ വിട്ടയച്ചുതുടങ്ങിയിരുന്നു. ഇറാനിലെ വിശുദ്ധ നഗരമായ ഖോമിൽ രണ്ട് പേർ മരിക്കുകയും മൂന്ന് പേരിൽ കൂടി രോഗം സ്ഥിരീകരിക്കുകയും ചെയ്തതോടെ മതസമ്മേളനങ്ങൾ നടത്തരുതെന്ന അധികൃതർ നിർദ്ദേശം നൽകി. നഗരത്തിലെ എല്ലാ സ്ഥാപനങ്ങളും അടച്ചു.

ചൈനയ്ക്ക് പുറത്ത് ഇറാനിലും സൗതക്തുകൊറിയയിലും സിംഗപ്പൂരിലും രോഗ ബാധിതരുടെ എണ്ണം ദിവസം തോറും പെരുകുകയാണ്. ഇറാനിൽ ദിവസങ്ങൾക്കുള്ളിൽ 28 പേരിൽ രോഗം സ്ഥിരീകരിച്ചപ്പോൾ അഞ്ച് പേരണ് കൊറോണ ബാധിച്ച മരിച്ചത്. ശനിയാഴ്ച ഒരാൾ കൂടി മരിച്ചതോടെ ഇറാനിൽ മരണം ആറായി. പത്ത് പേരിൽ കൂടി പുതുതായി വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP