Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പട്ടിണിയും പരിവട്ടവും സഹിക്കാതെ ഉത്തരേന്ത്യൻ നഗരങ്ങൾ വിട്ട് സ്വന്തം ഗ്രാമങ്ങളിലേക്ക് പോകുന്നവരുടെ പ്രവാഹം തുടരുന്നു; എട്ട് മാസം ഗർഭിണിയായ യുവതിയും ഭർത്താവും നടന്നത് 100 കിലോമീറ്റർ; സഹായ ഹസ്തം നീട്ടി നാട്ടുകാർ; ഡൽഹി ഉൾപ്പടെയുള്ള നഗരങ്ങളിൽ നിന്നും കൂട്ടത്തോടെയുള്ള ഈ പ്രയാണം അനുസ്മരിപ്പിക്കുന്നത് സ്വാന്തന്ത്ര്യാനന്തരമുള്ള അഭയാർത്ഥി പ്രവാഹത്തെ

പട്ടിണിയും പരിവട്ടവും സഹിക്കാതെ ഉത്തരേന്ത്യൻ നഗരങ്ങൾ വിട്ട് സ്വന്തം ഗ്രാമങ്ങളിലേക്ക് പോകുന്നവരുടെ പ്രവാഹം തുടരുന്നു; എട്ട് മാസം ഗർഭിണിയായ യുവതിയും ഭർത്താവും നടന്നത് 100 കിലോമീറ്റർ; സഹായ ഹസ്തം നീട്ടി നാട്ടുകാർ; ഡൽഹി ഉൾപ്പടെയുള്ള നഗരങ്ങളിൽ നിന്നും കൂട്ടത്തോടെയുള്ള ഈ പ്രയാണം അനുസ്മരിപ്പിക്കുന്നത് സ്വാന്തന്ത്ര്യാനന്തരമുള്ള അഭയാർത്ഥി പ്രവാഹത്തെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശരൺപൂരിൽ നിന്നും എട്ടുമാസം ഗർഭിണിയേയും കൂട്ടി വക്കീൽ നടന്നത് 100 കിലോമീറ്റർ. ശരൺപൂരിൽ ഒരു ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു വക്കീൽ. തന്റെ ഭാര്യ യാസ്മിനും ഒരുമിച്ച്, ഫാക്ടറിയോടു ചേർന്നുള്ള ഒറ്റമുറിയിലായിരുന്നു താമസം. എന്നാൽ മൂന്നാഴ്ചത്തെ ലോക്കൗട്ട് പ്രഖ്യാപിച്ചപ്പോൾ ഫാക്ടറി അടച്ച ഉടമസ്ഥൻ വക്കീലിനോട് മുറി ഒഴിഞ്ഞ് പോകുവാൻ പറയുകയായിരുന്നു. കൂലിയും നൽകിയില്ലെന്നാണ് വക്കീൽ പറഞ്ഞത്.

തലക്ക് മീതെ ഉണ്ടായ മേൽക്കൂര നഷ്ടപ്പെട്ടപ്പോൾ പിന്നെ ഗർഭിണിയായ ഭാര്യയേയും കൂട്ടി സ്വന്തം ഗ്രാമമായ ബുലന്ത്ഷഹറിലേക്ക് മടങ്ങുകയല്ലാതെ മറ്റൊരു വഴിയും ആ പാവത്തിന്റെ മുന്നിലില്ലായിരുന്നു. വാഹനങ്ങൾ ഒന്നും ഒടാത്ത സാഹചര്യത്തിൽ ഉള്ളതൊക്കെ തൂത്ത് പെറുത്തെടുത്ത് നടക്കാൻ ആരംഭിക്കുകയായിരുന്നു വക്കീലും ഭാര്യ യാസ്മിനും. രണ്ട് ദിവസം കൊണ്ട് 100 കിലോമീറ്റർ നടന്ന് മീററ്റിലെത്തിയപ്പോഴാണ് ചില നാട്ടുകാർ അവരുടെ വിധി മനസ്സിലാക്കുന്നത്. നല്ലവരായ ചില നാട്ടുകാർ പൊലീസിൽ ഈ വിവരം അറിയിക്കുകയും ഇവർക്ക് ഭക്ഷണവും കുറച്ച് പണവും നൽകുകയും ചെയ്തു. പിന്നീട് പൊലീസ് ഇടപെട്ട് ഒരു ആംബുലൻസ് ഏർപ്പാടാക്കി ഇവരെ സ്വന്തം ഗ്രാമത്തിലെത്തിക്കുകയായിരുന്നു.

ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ല. കഴിഞ്ഞ ദിവസം ഡെൽഹിയിൽ നിന്നും മടങ്ങാനായി ബസ്സുകാത്ത് തടിച്ചുകൂടിയ ആയിരങ്ങളുടെ കഥ നമ്മൾ കണ്ടതാണ്. ഇത് ഡൽഹിയിലോ ശരൺപൂരിലോ മാത്രമൊതുങ്ങുന്നില്ല. ഒട്ടുമിക്ക ഉത്തരേന്ത്യൻ നഗരങ്ങൾക്കുമുണ്ട് ഇത്തരം മടക്കയാത്രയ്ക്കായി കൊതിക്കുന്ന നിസ്സഹായരായ അതിഥി തൊഴിലാളികളുടെ കഥകൾ.

കാർഷികമേഖലയുടെ തകർച്ചയും അനുബന്ധ തൊഴിലുകളുടെ കുറവുമാണ് മിക്ക ഗ്രാമവാസികളേയും നഗരങ്ങളിലേക്ക് കുടിയേറാൻ പ്രേരിപ്പിക്കുന്നത്. കാർഷികാടിസ്ഥാനത്തിലുള്ള ഒരു സമ്പദ്വ്യവസ്ഥയിൽ നിന്നും വ്യതിചലിച്ച് വ്യവസായ മേഖലക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന നവസാമ്പത്തിക നയങ്ങളുടെ ഫലമായി അതിവേഗം സംഭവിച്ചുകൊണ്ടിരിക്കുന്ന നഗരവത്ക്കരണവും ഇതിനൊരു കാരണമാണ്. തങ്ങൾക്ക് ലഭിക്കാതെ പോയ വിദ്യാഭ്യാസം ഉൾപ്പടെയുള്ളവ അടുത്ത തലമുറക്കെങ്കിലും ലഭ്യമാക്കണമെന്ന ആഗ്രഹമാണ് മറ്റ് ചിലരെ നഗരങ്ങളിൽ കുടിയേറുവാൻ പ്രേരിപ്പിക്കുന്നത്. നഗരത്തിന്റെ ആഡംബരം കണ്ട് ഭ്രമിച്ച് വരുന്നവരും ഏറെയാണ്.

ഇത്തരത്തിൽ എത്തുന്നവരിൽ ചെറിയൊരു ശതമാനം മാത്രമേ കുറച്ചു കാലം കഴിഞ്ഞാണെങ്കിലും സാമ്പത്തികഭദ്രത കൈവരിക്കുന്നുള്ളു എന്നാണ് വിവിധ പഠനങ്ങൾ തെളിയിക്കുന്നത്. ഭൂരിഭാഗവും ഇപ്പോഴും അന്നന്നത്തേക്കുള്ള അന്നത്തിനായി കഷ്ടപ്പെടുന്നവരാണ്. കാര്യമായ വിദ്യാഭ്യാസയോഗ്യതകൾ ഇല്ലാത്ത അവർ തുച്ഛമായ ശമ്പളത്തിന് വ്യവസായ മേഖലകളിൽ ഹെൽപ്പർമാരായോ മറ്റ് ഒറ്റപ്പെട്ട തൊഴിലുകളീൽ ഏർപ്പെട്ടോ ജീവിക്കുന്നവരാണ്. അവരുടെ നിത്യവരുമാനത്തെ തടയുന്ന എന്തും അവരെ ഗുരുതരമായി തന്നെ ബാധിക്കും. അത് തികച്ചും അപ്രതീക്ഷിതമായി എത്തുമ്പോൾ പ്രത്യാഘാതം കൂടുതൽ ഗുരുതരമാകും. ഇതാണ് ഇന്ന് ഉത്തരേന്ത്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

വരുമാന സ്രോതസ്സുകൾ അടഞ്ഞുപോയി എന്നുമാത്രമല്ല, അവ ഇനിയെന്ന് തുറക്കും എന്ന കാര്യം തികച്ചും അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്. കേരളത്തിലേ പോലെ തൊഴിൽ നിയമങ്ങൾ ശക്തമായി നടപ്പാക്കാത്ത ഉത്തരേന്ത്യൻ നഗരങ്ങളിൽ ഇത്തരത്തിൽ പെട്ട ലക്ഷക്കണക്കിന് തൊഴിലാളികളുടെ ഭാവി തൊഴിലുടമയുടെ ഔദാര്യത്തിൽ മാത്രമായി. ഇത് ഒരു അവസരമായി കണ്ട പല തൊഴിലുടമകളും നിയമപ്രകാരമുള്ള നഷ്ടപരിഹാരം പോലും നൽകാതെയാണ് തൊഴിലാളികളെ പിരിച്ചുവിട്ടത്. ഒപ്പം അവർ താമസിച്ചിരുന്ന ക്വാർട്ടേഴ്സുകൾ ഒഴിപ്പിക്കുകയും ചെയ്തു. ഇതാണ് തൊഴിലാളികളെ വെട്ടിലാക്കിയത്.

ഇന്ത്യാ വിഭജനകാലഘട്ടത്തിലെ അഭയാർത്ഥി പ്രവാഹത്തേയാണ് ഇന്ന് അതിജീവനത്തിനായി നടത്തുന്ന ഈ മഹായാനങ്ങൾ ഓർമ്മിപ്പിക്കുന്നത്. ഇരുപത്തൊന്നു ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ, നിങ്ങൾ എവിടെയാണോ 21 ദിവസം അവിടെത്തന്നെ തുടരുക എന്നാണ് പ്രധാനമന്ത്രി ജനങ്ങളോടാവശ്യപ്പെട്ടത്. എന്നാൽ ഉണ്ടായിരുന്ന ആവാസകേന്ദ്രം പോലും നഷ്ടപ്പെട്ട്, അഭയാർത്ഥികളെപ്പോലെ കിലോമീറ്ററുകൾ താണ്ടി സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചുപോകുന്നവരുടെ എണ്ണം കൂടിക്കൂടി വരികയാണ്.

അതിഥി തൊഴിലാളികളുടെ കാര്യത്തിൽ കേരള സർക്കാർ കൈക്കൊണ്ടിരിക്കുന്ന നടപടികൾ തീർത്തും ഫലപ്രദമാണ്. മറ്റു സംസ്ഥാനങ്ങൾ കൂടി ഇത്തരത്തിലുള്ള നടപടികൾ ഉടനെ കൈക്കൊണ്ടില്ലെങ്കിൽ കുടിയേറ്റത്തൊഴിലാളികളുടെ പ്രയാണം തുടരുക തന്നെ ചെയ്യും. അത് അവരെ കഷ്ടപ്പെടുത്തുക മാത്രമല്ല, കൊറോണയുടെ സമൂഹ വ്യാപനത്തിന് സഹായകരമാകും എന്നത് കൂടി ഓർക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP