Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കൊറോണ ഇന്ത്യൻ സമൂഹത്തെ ഭ്രാന്ത് പിടിപ്പിക്കുകയാണോ ? കൊറോണാ ബാധിതർക്ക് അയിത്തം കൽപിക്കുകയും മൃതദേഹങ്ങൾ സംസ്‌കരിക്കാൻ പോലും അനുവദിക്കാതിരിക്കുകയും ചെയ്യുന്നത് അറിവില്ലായ്മ മൂലമോ? സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അർദ്ധസത്യങ്ങളും അസത്യങ്ങളും ഒരു സമൂഹത്തിന്റെ മനോനിലയെ എങ്ങിനെ ബാധിക്കുന്നു എന്നതിലേക്കൊരു അന്വേഷണം

കൊറോണ ഇന്ത്യൻ സമൂഹത്തെ ഭ്രാന്ത് പിടിപ്പിക്കുകയാണോ ? കൊറോണാ ബാധിതർക്ക് അയിത്തം കൽപിക്കുകയും മൃതദേഹങ്ങൾ സംസ്‌കരിക്കാൻ പോലും അനുവദിക്കാതിരിക്കുകയും ചെയ്യുന്നത് അറിവില്ലായ്മ മൂലമോ? സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അർദ്ധസത്യങ്ങളും അസത്യങ്ങളും ഒരു സമൂഹത്തിന്റെ മനോനിലയെ എങ്ങിനെ ബാധിക്കുന്നു എന്നതിലേക്കൊരു അന്വേഷണം

മറുനാടൻ ഡെസ്‌ക്‌

സാമൂഹിക വിഭ്രാന്തി എന്നത് അത്യന്തം അപകടകരമായ ഒന്നാണ്. ഒരു മനുഷ്യന് ഭ്രാന്തു പിടിച്ചാൽ ചങ്ങലക്കിടാം എന്നാൽ ഒരു സമൂഹത്തിന് പിടിച്ചാലോ എന്ന എൺപതുകളിലെ നാടക ഡയലോഗിന് പ്രസക്തി വർദ്ധിക്കുകയാണ് ഈ കൊറോണക്കാലത്ത്. കൽക്കത്തയിൽ നടന്ന ഒരു സംഭവം തന്നെ ഇതിന് ഉദാഹരണമാണ്.

കൊറോണാ ബാധ സ്ഥിരീകരിച്ചതിനു രണ്ട് ദിവസത്തിനു ശേഷമാണ് റെയിൽവേ ജീവനക്കാരനായിരുന്ന 57 കാരൻ സമീർ മരണത്തെ പുൽകിയത്. കൊറോണാ ബാധമൂലമുള്ള മരണം 34,000 ത്തോട് അടുക്കുന്ന നാളുകളിലാണ് നമ്മൾ ജീവിക്കുന്നത്. ഇന്ത്യയിൽ തന്നെ 27 പേർ ഇതിനകം തന്നെ കോവിഡ് 19 മൂലം മരണമടഞ്ഞിരിക്കുന്നു. ഈ മരണങ്ങളിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല സമീറിന്റെ മരണവും. എന്നാൽ മരണശേഷമുണ്ടായ സംഭവ വികാസങ്ങളാണ് ഇതിനെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

തന്റെ മകൻ സാത്യകിയേയും അമേരിക്കക്കാരിയായ ഭാര്യയേയും കണ്ട് അവരിൽ നിന്നും രോഗവുമായി എത്തിയതാണ് സാത്യകി എന്ന രീതിയിൽ അദ്ദേഹത്തെ ആക്ഷേപിച്ചുകൊണ്ട് നിരവധിപേരാണ് സമീറിന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ കമന്റുകളുമായി എത്തിയത്. ഇതുകൊണ്ടും തീരുന്നില്ല ആൾകൂട്ടത്തിന്റെ രോഷം. അതിനെ ഭയന്ന് തന്റെ അമ്മയും ബന്ധുക്കളും ഒരു ആശുപത്രിയിൽ അഭയം തേടിയിരിക്കുകയാണെന്നും വീട്ടിലേക്ക് മടങ്ങാൻ കഴിയുന്നില്ലെന്നും സാത്യകി പറയുന്നു.

സമീർ അടുത്തകാലത്ത് ഇറ്റലിയിലേക്ക് പോയിരുന്നു എന്നും അവിടെനിന്നാണ് ഈ ഭീകര വൈറസിനെ തങ്ങളുടെ നാട്ടിൽ എത്തിച്ചതെന്നും വേറോരു ആരോപണവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. എന്നാൽ സമീർ അടുത്തകാലത്തൊന്നും വിദേശ രാജ്യങ്ങൾ സന്ദർശിക്കുകയോ വിദേശയാത്ര കഴിഞ്ഞെത്തിയവരുമായി സമ്പർക്കത്തിൽ ഏർപ്പെടുകയോ ചെയ്തിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും പറയുന്നത്.

സമീർ രോഗബാധിതനായിക്കിടക്കുമ്പോൾ പ്രചരിച്ച മറ്റൊരു സോഷ്യൽ മീഡിയ സന്ദേശം ഇറ്റലിക്കാരിയായ ഭാര്യയേയും കൂട്ടി മകൻ സാത്യകി അടുത്തയിടെ ഇന്ത്യയിൽ എത്തിയിരുന്നു എന്നും അച്ഛന് മകൻ നൽകിയ സമ്മാനമാണ് ഈ രോഗം എന്നതുമായിരുന്നു. എന്നാൽ കഴിഞ്ഞ ജൂലായ് 19 നാണ് താൻ അവസാനമായി ഇന്ത്യയിൽ വന്നതെന്നാണ് സാത്യകി പറയുന്നത്. യാത്രയുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചാൽ ആർക്കും മനസ്സിലാകുന്ന കാര്യമാണതെന്നും അത് മനസ്സിലാക്കാതെ, അച്ഛന്റെ മരണം നൽകിയ ദുഃഖത്തിൽ നിന്നും മോചിതനാകുന്നതിന് മുൻപേ തന്നെ അതിന്റെ ഉത്തരവാദിയായി ചിത്രീകരിക്കുന്നത് കൂടുതൽ വേദന നൽകുന്നു എന്നും അദ്ദേഹം പറയുന്നു.

മാർച്ച് 23 ന്, സമീർ മരിച്ചയുടനെ അദ്ദേഹത്തിന്റെ മൃതദേഹം എത്രയും പെട്ടെന്ന് സംസ്‌കരിക്കാൻ മുഖ്യമന്ത്രി മമതാ ബാനർജി പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. ഡോക്യുമെന്റേഷൻ ജോലികൾ പൂർത്തിയാക്കി മൃതദേഹം നദിക്കരയിലെ ശ്മശാനത്തിലെത്തിക്കുമ്പോഴേക്കും അവിടെ നൂറുകണക്കിന് തദ്ദേശവാസികൾ തടിച്ചു കൂടിയിരുന്നു. ഈ മൃതദേഹം ഇവിടെ സംസ്‌കരിക്കുന്നത് പരിസരമലിനീകരണം ഉണ്ടാക്കുമെന്നും അതിനാൽ മൃതദേഹം സംസ്‌കരിക്കാൻ അനുവദിക്കില്ലെന്നതുമായിരുന്നു അവരുടെ നിലപാട്. പൊലീസിന്റെ വാക്കുകൾ ജനങ്ങൾ കേൾക്കാതെ വരികയും കാണെക്കാണെ ജനക്കൂട്ടം വലുതായി വരികയും ചെയ്തതോടെ പൊലീസിന് ലാത്തിചാർജ്ജ് നടത്തി ജനക്കൂട്ടത്തെ പിരിച്ചുവിടേണ്ടി വന്നു മൃതദേഹം സംസ്‌കരിക്കുന്നതിനായി.

കൽക്കത്തയിൽ നടന്ന സംഭവം ഒരുപക്ഷെ തികച്ചും ഒറ്റപ്പെട്ട ഒന്നാകാം, പക്ഷെ കൊറോണ ഒരുതരം സാമൂഹിക വിഭ്രാന്തി ഉണ്ടാക്കുന്നു എന്നതിന് തെളിവായി മറ്റനേകം ഉദാഹരണങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുണ്ടാകുന്നുണ്ട്. രോഗം പകരുമെന്ന പേടിയാൽ ആരോഗ്യപ്രവർത്തകരെ തങ്ങളുടെ താമസസ്ഥലത്ത് നിന്നും ഇറക്കി വിടുന്നതും, വീടുകളിൽ എത്തുന്ന ആരോഗ്യ പ്രവർത്തകർക്ക് നേരെ ആക്രോശിക്കുന്നതും, അക്രമങ്ങൾ നടത്തുന്നതുമെല്ലാം ഈ സാമൂഹിക വിഭ്രാന്തിയുടെ കുറേക്കൂടി ശക്തികുറഞ്ഞ പതിപ്പുകളാണ്.

സോഷ്യൽ മീഡിയയാണ് ഇത്തരത്തിൽ ഒരു വിഭ്രാന്തി പടർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് എന്നാണ് ഈ മേഖലയിലെ വിദഗ്ദർ അഭിപ്രായപ്പെടുന്നത്. തികച്ചും തെറ്റായ കാര്യങ്ങൾ, തികച്ചും സത്യമെന്ന രീതിയിൽ, പ്രചരിപ്പിക്കപ്പെടുമ്പോൾ സാധാരണക്കാർ അത് വിശ്വസിക്കുന്നത് തികച്ചും സ്വാഭാവികമാണ്. സന്ദർഭവുമായി ബന്ധമില്ലാത്തതോ, മോർഫ് ചെയ്തതോ ആയ ചിത്രങ്ങളും വീഡിയോകളും കൂടി ചേർക്കപ്പെറ്റുമ്പോൾ ഇത്തരം നുണകൾക്ക് വിശ്വാസ്യതയേറുന്നു.

ഇതാണ് ഇന്ന് നാം കാണുന്ന ഈ സാമൂഹിക വിഭ്രാന്തിയിലേക്ക് പോകുന്നത് എന്നാണിവർ പറയുന്നത്. ഇത്തരത്തിലുള്ള വ്യാജപ്രചരണങ്ങൾ തടയുവാൻ എത്രയും പെട്ടെന്ന് കർശന നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ അതിന്റെ ഭവിഷ്യത്ത് വലുതായിരിക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP