Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി ലോക്ഡൗൺ നിയമങ്ങൾ ലംഘിച്ചാൽ ഉപദേശവും അടിയുമല്ല; കൂറ്റൻ ഇരുമ്പു മറയ്ക്കുള്ളിൽ അഴിയെണ്ണി ജീവിതം; ലോക് ഡൗൺ നിയമ ലംഘകരെ ജയിലിൽ അടയ്ക്കാൻ സംസ്ഥാനങ്ങളോട് അമിത് ഷാ; കേരളത്തിന്റെ പുറത്ത് നിന്നെത്തിയാൽ 28 ദിവസം ക്വാറന്റൈൻ നിർബന്ധമാക്കി കേരളവും; കൊറോണയെ നേരിടാൻ ഇനി കടുത്ത നടപടികൾ  

ഇനി ലോക്ഡൗൺ നിയമങ്ങൾ ലംഘിച്ചാൽ ഉപദേശവും അടിയുമല്ല; കൂറ്റൻ ഇരുമ്പു മറയ്ക്കുള്ളിൽ അഴിയെണ്ണി ജീവിതം; ലോക് ഡൗൺ നിയമ ലംഘകരെ ജയിലിൽ അടയ്ക്കാൻ സംസ്ഥാനങ്ങളോട് അമിത് ഷാ; കേരളത്തിന്റെ പുറത്ത് നിന്നെത്തിയാൽ 28 ദിവസം ക്വാറന്റൈൻ നിർബന്ധമാക്കി കേരളവും; കൊറോണയെ നേരിടാൻ ഇനി കടുത്ത നടപടികൾ   

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോക്ക്ഡൗൺ ലംഘിക്കുന്നവർക്കും ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തുന്നവർക്കും കടുത്ത ശിക്ഷ നൽകണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശം കേരളവും നടപ്പാക്കും. നിയമലംഘകർക്കെതിരെ നടപടി കടുപ്പിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തര മന്ത്രി കഴിഞ്ഞ ദിവസമാണ് നിർദ്ദേശിച്ചത്. ഇത്തരക്കാർക്ക് രണ്ട് വർഷം വരെ തടവ് ശിക്ഷ നൽകണം. ഡോക്ടർമാരോ, ആരോഗ്യപ്രവർത്തകരോ അക്രമിക്കപ്പെട്ടാൽ നിലവിലുള്ള നിയമപ്രകാരം ശിക്ഷനൽകണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. കോവിഡ് ഇന്ത്യയിലും പടരുന്ന സാഹചര്യത്തിലാണ് ഇത്.

ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരെ തടസ്സപ്പെടുത്തുന്നവർക്ക് ഒരു വർഷം വരെ ജയിൽ ശിക്ഷ നൽകാം. അത്തരം പ്രവർത്തി ആരുടെയെങ്കിലും മരണത്തിലേയ്ക്ക് നയിച്ചാൽ രണ്ട് വർഷം വരെ തടവ് ശിക്ഷ നൽകാം. ജാമ്യം കൊടുത്താലും കേസ് കടുപ്പിക്കണമെന്നാണ് നിർദ്ദേശം. വ്യാജ പ്രചരണവും അംഗീകരിക്കില്ല. എല്ലാ അർത്ഥത്തിലും നടപടി കടുപ്പിച്ചാലേ കോവിഡിനെ പിടിച്ചു കെട്ടാനാകൂവെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. അതിനിടെ കേരളത്തിന്റെ പുറത്ത് നിന്നെത്തിയാൽ 28 ദിവസം ക്വാറന്റൈൻ നിർബന്ധമാക്കി കേരളവും നടപടികൾ കർശനമാക്കി. നേരത്തെ എത്തിയവർക്കും ഇത് ബാധകമാണ്. വീടുകൾക്ക് മുമ്പിൽ ക്വാറെന്റൈൻ സ്റ്റിക്കറും ഒട്ടിച്ചു.

കർശനമായ നിർദ്ദേശമാണ് അമിത് ഷാ നൽകിയത്. പണത്തിനായി തെറ്റായ അവകാശവാദം ഉന്നയിക്കുന്നവരെ രണ്ടുവർഷം ജയിലിലടയ്ക്കാം. തെറ്റായ മുന്നറിയിപ്പുകൾ അല്ലെങ്കിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന സന്ദശങ്ങൾ എന്നിവയ്ക്ക് ഒരു വർഷത്തേക്ക് ജയിൽ ശിക്ഷ നൽകാം. നിയമലംഘനം ഉണ്ടായാൽ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ സംസ്ഥാന സർക്കാരുകൾക്ക് കത്ത് നൽകി. നേരത്തെ മധ്യപ്രദേശിലെ ഇന്ദോറിൽ ആരോഗ്യ പ്രവർത്തകരെ ഒരു സംഘം ആളുകൾ അക്രമിച്ചിരുന്നു. ഹൈദരാബാദിൽ ഡോക്ടർമാർക്ക് നേരെ മരണപ്പെട്ട രോഗിയുടെ ബന്ധുക്കൾ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇത്തരം നടപടികളും ഇനി അംഗീകരിക്കില്ല.

കഴിഞ്ഞ ദിവസം കേരളത്തിൽ പലയിടത്തും നിരോധനാജ്ഞ ലംഘിച്ച് പുറത്തിറങ്ങി അനാവശ്യമായി ബൈക്കിൽ കറങ്ങിയവർെക്കതിരെ ചുമത്തിയത് രണ്ട് വർഷം തടവും 10000 രൂപ പിഴയുംവരുന്ന കേസുകൾ ചുമത്തിയിരുന്നു. ജാമ്യത്തിലിറങ്ങിയെങ്കിലും പ്രതികൾ ഇനി വട്ടംകറങ്ങും. കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് സർക്കാർ നിർദേശങ്ങൾക്ക് വിരുദ്ധമായി പുറത്തിറങ്ങിയ എട്ടുപേരെയാണ് ഇത്തരംകേസുകൾ ചുമത്തി മലപ്പുറത്തെ കൊളത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ മുതൽ ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ കർശനമായി വീണ്ടും നടപ്പാക്കുവാൻ തീരുമാനിച്ചതിന്റെ ഭാഗമായാണ് കൂടുതൽ അറസ്റ്റ് നടന്നത്. സംസ്ഥാനത്ത് ജനങ്ങളും വാഹനങ്ങളും കൂടുതലായി നിരത്തിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയതായി റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിക്കുവാൻ താഴെ തട്ടിലേക്ക് നിർദ്ദേശം കൊടുത്തിരുന്നു.

ഇങ്ങനെ പിടികൂടി പ്രതികൾക്കെതിരെ രണ്ട് വർഷം തടവും 10000 രൂപ പിഴയും ചുമത്താവുന്ന കുറ്റങ്ങൾ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.പ്രതികള ജാമ്യത്തിൽ വിട്ടയച്ചു. അതേ സമയം പ്രതികളെ ജാമ്യത്തിൽ വിട്ടെങ്കിലും കേസുമായി ബന്ധപ്പെട്ടുള്ള നിയമ നൂലാമാലകളിൽ കുടങ്ങി ഇവർ ഇനി വട്ടംകറങ്ങും. കേസ് കോടതിയിലെത്തുന്നതും, ചോദ്യംചെയ്യലുകളുമായി ഇവർക്കിനി കേസിനുപിന്നാലെ ഓടേണ്ടിവരും. അനാവശ്യമായ യാതൊരു ആവശ്യവുമില്ലാത്ത വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കാതെ വെറുതെ പുറത്തിറങ്ങുന്നവർക്കിത് ഒരുപാഠമാകണമെന്ന് പൊലീസ് പറഞ്ഞു. കറങ്ങി നടക്കുന്നവരെ കേരള എപ്പിഡമിക് ഡിസീസസ് ഓർഡിനൻസ് നിയമപ്രകാരവും കേരള പൊലീസ് നിയമ പ്രകാരവും മനപ്പൂർവ്വം പകർച്ചവ്യാധികൾ പടർത്തുന്നതിന് ഉദാസീനമായ പ്രവൃത്തി ചെയ്ത കുറ്റത്തിന് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും കേസെടുക്കുകയായിരുന്നു. ഇതിനൊപ്പം കേന്ദ്ര നിയമവും ഇവർക്കെതിരെ ചുമത്താം.

ലോകത്താകമാനം കൊറോണ വൈറസ് രോഗവ്യാപനം രൂക്ഷമാകുകയാണെന്നും ഈ സാഹചര്യത്തിൽ നമ്മുടെ നാട്ടിലെ ജാഗ്രത ഇനിയും വർധിപ്പിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു. മാർച്ച് 5 മുതൽ 24 വരെ വിദേശ രാജ്യങ്ങളിൽ നിന്നോ മറ്റ് സംസ്ഥാനങ്ങളിൽനിന്നോ വന്നവരും അവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരും 28 ദിവസത്തെ ഐസലേഷൻ നിർബന്ധമായും പൂർത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. അത്തരക്കാർ ദിശാ നമ്പറിലേക്ക് വിളിക്കുകയും എന്തെല്ലാം ചെയ്യണമെന്ന് മനസിലാക്കുകയും വേണം. ഇവർ 60 വയസിന് മുകളിലുള്ളവർ, കുട്ടികൾ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ എന്നിവരുമായി ഇടപഴകരുത്. സമൂഹ വ്യാപനം തടയനുള്ള ഏറ്റവും പ്രധാനപ്പെട്ട വഴിയാണിതെന്നും അദ്ദേഹം പറഞ്ഞു.

പോത്തൻകോട്ട് ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും തരത്തിൽ ജനജീവിതം സ്തംഭിപ്പിക്കാൻ അല്ല ഉദ്ദേശിക്കുന്നതെന്നും എന്നാൽ നല്ല കരുതലോടെ നാം നീങ്ങേണ്ടതുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഒരു കുടുംബത്തെയും ഈ ഘട്ടത്തിൽ ഒറ്റപ്പെടുത്താൻ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ കുടുംബത്തോട് ചിലർ സ്വീകരിക്കുന്ന സമീപനത്തെക്കുറിച്ച് പരാതികൾ ഉയർന്നിട്ടുണ്ട്. അത്തരത്തിൽ അനുഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സർക്കാർ സംവിധാനവും സമൂഹവും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.

ഉത്തരവാദിത്തപ്പെട്ട പൊതുപ്രവർത്തകർ ഉൾപ്പെടെ മുൻകരുതലുകളില്ലാതെ ആളുകളുമായി ഇടപെഴകുന്നുന്നതായി കാണുന്നു. ആരും വൈറസ് ഭീഷണിക്ക് അതീതരല്ല. കൃത്യമായ നിയന്ത്രണം പാലിക്കണം. അതോടൊപ്പം ആവശ്യമായ ബോധവൽക്കരണവും ഉണ്ടാകണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP