Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്നലെ മാത്രം ഫ്രാൻസിൽ മരിച്ചത് 833 പേർ; ഇറ്റലിയും സ്പെയിനും രോഗതീവ്രതയുടെ ദിനങ്ങൾ പിന്നിടുമ്പോൾ ഫ്രാൻസിനെ ചാമ്പലാക്കി കൊറോണയുടെ തേരോട്ടം; ഇതുവരെ ലോക്ക്ഡൗണിനു വഴങ്ങാത്ത സ്വീഡനിലും മരണതാണ്ഡവം തുടങ്ങി; യൂറോപ്പിന്റെ കണ്ണുനീർ ആരു തുടയ്ക്കും?

ഇന്നലെ മാത്രം ഫ്രാൻസിൽ മരിച്ചത് 833 പേർ; ഇറ്റലിയും സ്പെയിനും രോഗതീവ്രതയുടെ ദിനങ്ങൾ പിന്നിടുമ്പോൾ ഫ്രാൻസിനെ ചാമ്പലാക്കി കൊറോണയുടെ തേരോട്ടം; ഇതുവരെ ലോക്ക്ഡൗണിനു വഴങ്ങാത്ത സ്വീഡനിലും മരണതാണ്ഡവം തുടങ്ങി; യൂറോപ്പിന്റെ കണ്ണുനീർ ആരു തുടയ്ക്കും?

മറുനാടൻ ഡെസ്‌ക്‌

റ്റലിയും സ്പെയിനും ചെറിയ ആശ്വാസം കണ്ടെത്തുമ്പോൾ കൊറോണയുടെ തേരോട്ടം മറ്റിടങ്ങളിൽ വേഗത്തിലാകുകയാണ്. ഇറ്റലി, സ്പെയിൻ, ജർമ്മനി എന്നീ മൂന്ന് യൂറോപ്യൂൻ രാജ്യങ്ങളെ ഒരു ലക്ഷത്തിലധികം കോവിഡ് 19 രോഗികളുള്ള രാഷ്ട്രങ്ങളുടെ പട്ടികയിൽ പ്രതിഷ്ഠിച്ച ഈ കൊലയാളി വൈറസ് ഇപ്പോൾ ലക്ഷ്യം വയ്ക്കുന്നത് ഫ്രാൻസിനേയും ഈ പട്ടികയിൽ ഉൾപ്പെടുത്താനാണ്. ഇത് എഴുതുന്ന സമയം വരെയും ഫ്രാൻസിലെ മൊത്തം രോഗബാധിതരുടെ എണ്ണം 98,010 ആയിക്കഴിഞ്ഞിരിക്കുന്നു. ഇന്നലെ മാത്രം 5000 ത്തിൽ അധികം പുതിയ രോഗബാധകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഈ നിലയിൽ പോയാൽ ഒരു ലക്ഷത്തിൽ എത്തുക എന്നത് ഏതാനും മണിക്കൂറുകൾക്കുള്ളിൽ സംഭവിച്ചേക്കാം എന്നർത്ഥം.

മരണസംഖ്യയും ഫ്രാൻസിനെ ആശങ്കയിലാഴ്‌ത്തുന്നതാണ് ഇറ്റലിക്കും സ്പെയിനിനും തൊട്ടുപിന്നിലായി യൂറോപ്യൻ രാജ്യങ്ങളിൽ മൂന്നാം സ്ഥാനമാണ് ഫ്രാൻസിന് ഇക്കാര്യത്തിൽ ഉള്ളത്. ഇതുവരെ 8911 കോവിഡ് മരണങ്ങളാണ് ഫ്രാൻസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇന്നലെ രേഖപ്പെടുത്തിയ പ്രതിദിന മരണസംഖ്യയും വളരെ വലുതായിരുന്നു. 833 മരണങ്ങളാണ് ഇന്നലെ മാത്രം ഫ്രാൻസിൽ രേഖപ്പെടുത്തിയത്. കൊറോണയെ ചെറുക്കാൻ മാർച്ച് 17 ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ച ഫ്രാൻസിനെ, ഇനിയും ഏറെദൂരം പോകാനുണ്ടെന്ന് ഓർമ്മിപ്പിക്കുന്നതാണ് ഈ കണക്കുകൾ.

ഇതിനിടയിൽ ഫ്രാൻസിന് പ്രതീക്ഷക്ക് വക നൽകുന്ന ഒരേയൊരു കണക്ക്, രോഗബാധിതനായ ഒരു വ്യക്തിയിൽ നിന്നും രോഗം ബാധിക്കുന്നവരുടെ ശരാശരി എണ്ണത്തിൽ ഉണ്ടാകുന്ന കുറവാണ്. ഇത് 1 ൽ എത്തിക്കാൻ കഴിഞ്ഞാൽ മാത്രമേ ഈ പകർച്ചവ്യാധി അവസാനിപ്പിക്കാൻ കഴിയും എന്ന വിശ്വാസമുണ്ടാകു. കർശനമായ ലോക്ക്ഡൗൺ നിബന്ധനകൾ ഇത് ഏതാണ്ട് 1 ന് അടുത്ത് എത്തിച്ചിട്ടുണ്ട് എന്നതാണ് ആശ്വാസകരം. ചില മേഖലകളിൽ ഇത് 1 ന് താഴെയും പോയിട്ടുണ്ട്.

കൊലയാളി വൈറസിന് പാതയൊരുക്കുന്ന സ്വീഡൻ

യൂറോപ്പ്യൻ രാജ്യങ്ങളൊക്കെയും അദ്യത്തെ അലസത വിട്ട് കൊറോണയെ നേരിടാൻ സടകുടഞ്ഞെഴുന്നേറ്റപ്പോഴും, കാര്യമായ നടപടികൾക്കൊന്നും മുതിരാതെ ഉറങ്ങുകയായിരുന്നു സ്വീഡിഷ് സർക്കാർ. അയൽക്കാരെല്ലാം കർശനമായ ലോക്ക്ഡൗണുമായി വന്നപ്പോഴും അത്തരമൊരു നടപടിക്ക് തുനിയാതെ കേവലം ചില നിർദ്ദേശങ്ങൾ മാത്രം നൽകി മാറിനിൽക്കുകയായിരുന്നു സ്വീഡിഷ് ഭരണകൂടം. സ്വീഡനിലെ ജനങ്ങൾ പക്വതയുള്ളവരാണ്, മറ്റ് യൂറോപ്യൻ ജനതയേക്കാൾ ആരോഗ്യമുള്ളവരാണ് എന്നൊക്കെയായിരുന്നു അവർ ഉയർത്തിയ വാദങ്ങൾ.

ആരോഗ്യവും പക്വതയുമൊന്നും കൊറോണയ്ക്ക് പ്രശ്നമല്ലെന്ന് തെളിയിക്കുന്ന വിധത്തിലാണ് ഈ കൊലയാളി വൈറസ് സ്വീഡനിൽ ആഞ്ഞടിക്കുന്നത്. ഇതുവരെ 7206 പേർക്കാണ് സ്വീഡനിൽ കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 477 പേർ ഇതുവരെ ഈ രോഗത്തിന് കീഴടങ്ങി മരണമടഞ്ഞു. ഇന്നലെ ഒരു ദിവസം മാത്രം 76 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഇത്രയൊക്കെ സംഭവിച്ചിട്ടും പ്രൈമറി സ്‌കൂളുകളും, ബാറുകളും റെസ്റ്റോറന്റുകളുമൊക്കെ തുറന്നു തന്നെയിരിക്കുന്നു സ്വീഡനിൽ. എന്നാൽ ഇക്കാര്യത്തിൽ ഒരു മാറ്റം സംഭവിച്ചേക്കാമെന്നാണ് പുതിയ സംഭവ വികാസങ്ങൾ സൂചിപ്പിക്കുന്നത്. കൂടുതൽ കടുത്ത നടപടികൾക്കായി സർക്കാരിന് പ്രത്യേക അധികാരങ്ങൾ നൽകണമെന്ന് സ്വീഡിഷ സർക്കാർ ആവശുപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട ഒരു ബിൽ ഇന്ന് പാരലമെന്റിൽ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. ഈ അടിയന്തരഘട്ടത്തിൽ, വളരെ പെട്ടെന്ന് തന്നെ കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കുകയും അവ നടപ്പിലാക്കുകയും ചെയ്യേണ്ടി വരും എന്നതുകൊണ്ടാണ് ഇത്തരമൊരു അധികാരത്തിനായി ശ്രമിക്കുന്നത് എന്നാണ് ഭരണപക്ഷം പറയുന്നത്. എന്നാൽ പ്രതിപക്ഷം ഇത്തരമൊരു ബില്ലിനെ കുറിച്ചുള്ള ആശങ്കകൾ പങ്ക്വയ്ക്കുന്നുണ്ട്.

നിലവിലുള്ള നിയമത്തിന്റെ കീഴിൽ തന്നെ എടുക്കാവുന്ന പല നടപടികളും എടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇപ്പോഴുള്ള നിയമമനുസരിച്ച് തന്നെ നിലവിലുള്ള നടപടികൾ എടുക്കാൻ കാലതാമസം ഉണ്ടായില്ലെന്നും അത്തരമൊരു സാഹചര്യത്തിൽ പ്രത്യേക അധികാരത്തിന്റെ ആവശ്യമില്ലെന്നുമാണ് അവർ പറയുന്നത്.

കൊറോണയെ തടയുവാൻ എടുത്ത നടപടികളുടെ പേരിൽ ഇപ്പോൾ തന്നെ രണ്ടഭിപ്രായങ്ങളാണ് ഉയരുന്നത്. എടുത്ത നടപടികൾ എല്ലാം തന്നെ ശരിയായിരുന്നു എന്നും കൃത്യ സമയത്ത് കൃത്യമായ നടപടികളാണ് എടുത്തിട്ടുള്ളതെന്നും പകർച്ചരോഗ വിഭാഗം തലവൻ ആൻഡേഴ്സ് ടെഗ്‌നെൽ അവകാശപ്പെടുമ്പോൾ, കൂടുതൽ കർശനമായ ലോക്ക്ഡൗൺ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നോബേൽ ഫൗണ്ടേഷൻ തലവൻ കാൾ ഹെന്റിക്ക് ഹെൽഡിൻ ഉൾപ്പടെ 2000 ഡോക്ടർമാരും ഗവേഷകരും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന്, 500 വരെ കൂട്ടം കൂടാമെന്നത് 50 പേർ എന്ന് ആക്കി എന്നതല്ലാതെ വേറൊരു നടപടിയും കൈക്കൊണ്ടിട്ടില്ല.

ഇറ്റലിയേയും സ്പെയിനിനേയും പോലെ അത്ര വേഗത്തിലല്ല കൊറോണ പടരുന്നതെങ്കിലും അത് ആഘാതം കുറവായിരിക്കും എന്നതിന്റെ സൂചനയല്ലെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയിട്ടും കർശന നടപടികൾ സ്വീകരിക്കാത്തത് രാഷ്ട്രീയ ലാഭത്തിനാണെന്നും ആരോപണമുയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP