Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആഗോള പട്ടികയിലെ കണക്കുമായി താരതമ്യം ചെയ്താൽ മഹാരാഷ്ട്രയ്ക്കുള്ളത് ലോകത്ത് ഇരുപതാം സ്ഥാനം; മുംബൈയിലെ 30542 രോഗികൾക്ക് ആഗോള തലത്തിലുള്ളത് 25-ാം സ്ഥാനം; ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്ത് കോവിഡ് വ്യാപനം അതിവേഗം; ആഭ്യന്തര വിമാന സർവ്വീസ് കൂടി തുടങ്ങുമ്പോൾ കാര്യങ്ങൾ കൈവിട്ടു പോകാൻ സാധ്യത; ലോക് ഡൗൺ പിൻവലിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ഉദ്ദവ് സർക്കാർ; ഇന്ത്യയുടെ കൊറോണയിലെ 'മഹാതലസ്ഥാനമായി' മഹാരാഷ്ട്ര മാറുമ്പോൾ

ആഗോള പട്ടികയിലെ കണക്കുമായി താരതമ്യം ചെയ്താൽ മഹാരാഷ്ട്രയ്ക്കുള്ളത് ലോകത്ത് ഇരുപതാം സ്ഥാനം; മുംബൈയിലെ 30542 രോഗികൾക്ക് ആഗോള തലത്തിലുള്ളത് 25-ാം സ്ഥാനം; ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്ത് കോവിഡ് വ്യാപനം അതിവേഗം; ആഭ്യന്തര വിമാന സർവ്വീസ് കൂടി തുടങ്ങുമ്പോൾ കാര്യങ്ങൾ കൈവിട്ടു പോകാൻ സാധ്യത; ലോക് ഡൗൺ പിൻവലിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ഉദ്ദവ് സർക്കാർ; ഇന്ത്യയുടെ കൊറോണയിലെ 'മഹാതലസ്ഥാനമായി' മഹാരാഷ്ട്ര മാറുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: കോവിഡ് രോഗ വ്യാപനത്തിൽ ഇന്ത്യ പത്താം സ്ഥാനത്താണ്. ഒന്നരലക്ഷം കോവിഡ് രോഗികളിലേക്ക് അടുക്കുകയാണ് ഇന്ത്യ. ഇതിൽ അമ്പതിനായിരത്തിൽ അധികം പേരും മഹാരാഷ്ട്രയിൽ. കോവിഡ് ബാധിതരുടെ എണ്ണം മഹാരാഷ്ട്രയിൽ കുതിച്ചുയരുന്നു. ഞായറാഴ്ച മാത്രം 3041 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രോഗികളുടെ എണ്ണം അമ്പതിനായിരം കടന്നു. 58 പേർ ഞായറാഴ്ച മാത്രം മരിച്ചു. ഇതുവരെ 50,231 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 33,996 പേർ ചികിത്സയിലുണ്ട്. 14,600 പേർ രോഗമുക്തരായി. മരണം 1635.

അതായത് രാജ്യങ്ങളുടെ ആഗോള പട്ടികയിലേക്ക് മഹാരാഷ്ട്രയിലെ ഈ കണക്ക് മാത്രം എടുത്തു വച്ചാൽ ഇരുപതാം സ്ഥാനം. അത്ര ഭീകരമാണ് മഹാരാഷ്ട്രയിലെ രോഗ വ്യാപനം. മുംബൈയിൽ മാത്രം 30,542 രോഗികൾ. ആഗോള പട്ടികയിലെ കണക്കുമായി തട്ടിച്ചു നോക്കിയാൽ ഈ എണ്ണത്തിന് ഇരുപത്തിയാറം സ്ഥാനമുണ്ട്. അതായത് കാര്യങ്ങൾ കൈവിട്ട് പോകുന്ന അവസ്ഥയിലാണ് മുംബൈ. ധാരാവി പോലുള്ള ചേരികളിൽ രോഗം വ്യാപിച്ചതാണ് ഇതിന് കാരണം. അതിനിടെ രോഗം നിയന്ത്രണവിേധയമാക്കാൻ സാധിക്കാത്തതിനാൽ മെയ്‌ 31 ശേഷവും ലോക്ഡൗൺ നീട്ടേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സൂചിപ്പിച്ചു.

അതിനിടെ മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രി അശോക് ചവാന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയണ്. മന്ത്രിയുടെ വസതിയിലെ ജീവനക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. ആദ്യ പരിശോധനയിൽ തന്നെ രോഗ ബാധ സ്ഥിരീകരിക്കുകയായിരുന്നു. മന്ത്രിയുടെ കുടുംബാംഗങ്ങളെ ക്വറന്റീനിൽ പ്രവേശിപ്പിച്ചു. വനംവകുപ്പ് മന്ത്രി ജിതേന്ദ്ര ആവാഡിനും നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്നു. മുൻ മുഖ്യമന്ത്രി കൂടിയാണ് അശോക് ചവാൻ.

മഹാരാഷ്ട്രയിലെ കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിന്റെ സഹായം തേടി മഹാരാഷ്ട്ര സർക്കാർ രംഗത്ത് എത്തി കഴിഞ്ഞു. കേരളത്തിൽ നിന്നുമുള്ള ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സഹായമാണ് മഹാരാഷ്ട്ര ആവശ്യപ്പെട്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് മഹാരാഷ്ട്ര മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ആരോ?ഗ്യ മന്ത്രി കെ.കെ.ശൈലജയ്ക്ക് കത്തയച്ചു. വിദ?ഗ്ധരായ 50 ഡോക്ടർമാരെയും നഴ്‌സുമാരെയും അയക്കണമെന്നാണ് മഹാരാഷ്ട്ര ആവശ്യപ്പെട്ടിരിക്കുന്നത്. മുംബൈ, പുനൈ എന്നിവിടങ്ങളിലേക്കാണ് കേരളത്തിൽ നിന്നുള്ള മെഡിക്കൽ സംഘത്തിന്റെ സേവനം മഹാരാഷ്ട്ര ആവശ്യപ്പെട്ടിരിക്കുന്നത്.

രോഗികളുടെ എണ്ണത്തിൽ മുംബൈയിലും റെക്കോർഡ് വർധന ഉണ്ടായി. 1725 പേർക്ക് പുതുതായി രോഗം സ്ഥീരികരിച്ചപ്പോൾ 38 മരണം മുംബൈയിൽ റിപ്പോർട്ട് ചെയ്തു.30,542 പോസിറ്റീവ് കേസുകളും 988 മരണവും മുംബൈയിൽ നിന്നുണ്ടായി. പൂണെ മറികടന്ന് താനെയിൽ രോഗികളുടെ എണ്ണം വർധിച്ചു. ഔറംഗബാദ്, നാസിക്, റായ്ഗഡ്, പാൽഘഡ്, സോലാപൂർ, നാഗ്പൂർ എന്നിവിടങ്ങളിൽ സ്ഥിതി വഷളാണ്. അതിനിടെ ആഭ്യന്തര വിമാന സർവീസ് ആരംഭിക്കുന്നതിൽ ആദ്യം എതിർപ്പ് പ്രകടിപ്പിച്ച മഹാരാഷ്ട്ര നിയന്ത്രണങ്ങളോടെ സർവീസ് പുനരാരംഭിക്കാം എന്ന് സന്നദ്ധത അറിയിച്ചു. ദിനംപ്രതി മുംബൈയിൽ നിന്ന് 25 വിമാനങ്ങൾക്ക് സർവീസ് നടത്താനാണ് സംസ്ഥാനം അനുമതി നൽകിയത്.

അതിനിടെ കേരളത്തിന്റെ എതിർപ്പിനെതുടർന്ന് മഹാരാഷ്ട്രയിൽ നിന്ന് എറണാകുളത്തേക്കുള്ള ശ്രമിക് ട്രെയിൻ അവസാന നിമിഷം റദ്ദാക്കി. താനെയിൽ നിന്ന് എറണാകുളത്തേക്കുള്ള ട്രെയിനാണ് റദ്ദാക്കിയത്. ഇന്ന് വൈകീട്ട് ആറ് മണിക്ക് എറണാകുളം സൗത്തിലേക്ക് പുറപ്പെടേണ്ട ട്രെയിൻ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് റദ്ദാക്കിയത്.നിലവിലെ കേന്ദ്രനിർദ്ദേശപ്രകാരം യാത്ര പുറപ്പെടാൻ കേരളത്തിന്റെ അനുമതി വേണ്ടെങ്കിലും ഔദ്യോഗികമായി ലഭിച്ച അഭ്യർത്ഥന മാനിക്കുകയാണെന്ന് താനെയിലെ നോഡൽ ഓഫീസർ യാത്രക്കാരെ അറിയിച്ചു. യാത്രയ്ക്കുള്ള മുഴുവൻ ചെലവും മഹാരാഷ്ട്ര സർക്കാരാണ് വഹിക്കുന്നത്. കഴിഞ്ഞ ദിവസം മുംബയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഒരു ശ്രമിക് ട്രെയിൻ എത്തിയിരുന്നു.

ആഭ്യന്തര വിമാന സർവീസ് ആരംഭിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതോടെ മുംബൈ നഗരത്തിലെത്തുന്ന രോഗബാധിതരുടെ എണ്ണം കൂടാൻ സാധ്യതയുണ്ട്. ദിവസേന 25 വിമാനങ്ങൾക്കാണ് സംസ്ഥാന സർക്കാർ പറക്കാൻ അനുമതി നൽകിയതായി സംസ്ഥാന മന്ത്രി നവാബ് മാലിക് എൻഡിടിവിയോട് പറഞ്ഞു. രാജ്യത്ത് തുടർച്ചയായി അഞ്ചാം ദിവസവും ആറായിരത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച 6575 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ മരണം 4014 ആയി. 57,429 പേർ രോഗമുക്തരായി. 1,38,041 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

തമിഴ്‌നാട്ടിൽ 16,275 രോഗബാധിതർ. 7,841 പേർ ചികിത്സയിൽ. 8,324 മുക്തരായി. 112 മരണം. ഗുജറാത്തിൽ 14,063 പേർക്ക് രോഗം. 6,793 പേർ ചികിത്സയിൽ. 6412 പേർ മുക്തരായി. മരണം 858. ഡൽഹിയിൽ 13,418 പേർക്ക് രോഗം. 6,617 പേർ ചികിത്സയിൽ. 6,540 പേർ മുക്തരായി. 261 പേർ മരിച്ചു. രാജസ്ഥാനിൽ 6,894 പേർക്ക് രോഗം. 2917 പേർ ചികിത്സയിൽ. 3816 പേർ മുക്തരായി. 161 മരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP