Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാധ്യമാകുന്നത്ര ഇന്ത്യക്കാരെ വുഹാൻ നഗരത്തിൽ നിന്നും ഒഴിപ്പിക്കാൻ കേന്ദ്ര സർക്കാർ; ചൈനയിലേക്കയക്കുക എയർ ഇന്ത്യയുടെ ബി 747 വിമാനം; രാജ്യത്ത് വൈറസ് ബാധയെന്ന് സംശയിക്കുന്ന നാലുപേരും ചൈനയിൽ നിന്നും അടുത്തിടെ തിരിച്ചെത്തിയവർ; സംസ്ഥാനത്ത് 436 പേർ നിരീക്ഷണത്തിലെന്ന് ആരോഗ്യ മന്ത്രി; ആർക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും കെ കെ ശൈലജ ടീച്ചർ; നിശബ്ദനായെത്തുന്ന കൊലയാളി വൈറസിനെ തുരത്താൻ സജ്ജമായി ഭരണകൂടം

സാധ്യമാകുന്നത്ര ഇന്ത്യക്കാരെ വുഹാൻ നഗരത്തിൽ നിന്നും ഒഴിപ്പിക്കാൻ കേന്ദ്ര സർക്കാർ; ചൈനയിലേക്കയക്കുക എയർ ഇന്ത്യയുടെ ബി 747 വിമാനം; രാജ്യത്ത് വൈറസ് ബാധയെന്ന് സംശയിക്കുന്ന നാലുപേരും ചൈനയിൽ നിന്നും അടുത്തിടെ തിരിച്ചെത്തിയവർ; സംസ്ഥാനത്ത് 436 പേർ നിരീക്ഷണത്തിലെന്ന് ആരോഗ്യ മന്ത്രി; ആർക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും കെ കെ ശൈലജ ടീച്ചർ; നിശബ്ദനായെത്തുന്ന കൊലയാളി വൈറസിനെ തുരത്താൻ സജ്ജമായി ഭരണകൂടം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സാധ്യമാകുന്നത്ര ഇന്ത്യക്കാരെ വുഹാൻ നഗരത്തിൽ നിന്ന് ഒഴിപ്പിക്കാൻ ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനായി എയർ ഇന്ത്യയുടെ B747 വിമാനം അയക്കുമെന്നാണ് സൂചന. കേന്ദ്ര സർക്കാർ എയർ ഇന്ത്യയോട് പ്രത്യേക സർവ്വീസ് നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വിദേശകാര്യമന്ത്രലായത്തിനായിരിക്കും ഇതിന്റെ ചുമതല. ഇതിനായി ചൈനയുടെ സഹായം ഇന്ത്യ തേടും.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാൻ ഉൾപ്പെടെയുള്ള പ്രവിശ്യകളിൽ ഭീതിയിൽ കഴിയുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിന് അടിയന്തര നടപടി വേണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ചൈനയിൽ കൊറോണവൈറസ് ബാധ മൂലം 81 പേർ ഇത് വരെ മരണത്തിന് കീഴടങ്ങിയതായാണ് ചൈനയുടെ ഔദ്യോഗിക കണക്ക്.

മലയാളി വിദ്യാർത്ഥികളടക്കം നിരവധി ഇന്ത്യക്കാരാണ് വുഹാനിൽ കുടുങ്ങികിടക്കുന്നത്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് വുഹാനിൽ നിന്ന് ഇന്ത്യക്കാരെ പുറത്തെത്തിക്കാൻ പ്രത്യേക വിമാനസർവീസ് നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രിക്കും കത്തയച്ചിരുന്നു. ആവശ്യമെങ്കിൽ വൈദ്യ സഹായം ലഭ്യമാക്കാൻ കേരളത്തിൽ നിന്നുള്ള ഡോക്ടർമാരെ ലഭ്യമാക്കാമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്തിൽ പറഞ്ഞിരുന്നു.

അതേസമയം, രാജ്യത്ത് നാലുപേർക്ക് കൊറോണ വൈറസ് ബാധയെന്ന് സംശയം. ചൈനയിൽ നിന്നും അടുത്തിടെ തിരിച്ചെത്തിയ രാജസ്ഥാൻ, ബിഹാർ, ബംഗളൂരു സ്വദേശികളിലാണ് വൈറസ് ബാധയുടെ ലക്ഷണങ്ങൾ കണ്ടത്. ചൈനയിൽ നിന്നും വൈദ്യപഠനത്തിന് ശേഷം തിരിച്ചെത്തിയ വിദ്യാർത്ഥിയെ ജയ്പൂരിലെ എസ്.എം.എസ് മെഡിക്കൽ കൊളേജിലെ പ്രത്യേക വാർഡിലേക്ക് മാറ്റി. രക്ത സാംപിൾ പുണെ വൈറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചതായി സംസ്ഥാന ആരോഗ്യ മന്ത്രി രഘു ശർമ അറിയിച്ചു. വുഹാനിൽ നിന്നും അടുത്തിടെ മടങ്ങിയെത്തിയ പെൺകുട്ടി ബിഹാറിലെ ചപ്രയിൽ മെഡിക്കൽ കോളജിൽ ചികിൽസയിലാണ്.

കേരളത്തിലും അതീവ ജാഗ്രത

കെറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കേരളവും അതീവജാഗ്രതയിൽ. സംസ്ഥാനത്ത് 436 പേർ നിരീക്ഷണത്തിലാണ്. അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. കൊറോണ വൈറസ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാനവും നടപടികൾ സ്വീകരിക്കുന്നത്. മുൻകരുതലും ജാഗ്രതയും തുടരും. ഭയപ്പെടാനുള്ള സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചൈനയിലെ കൊറോണ വൈറസ് ബാധിത മേഖലകളിൽ നിന്ന് തിരികെ വന്നവരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. മുൻകരുതൽ നടപടിയുടെ ഭാഗമായി ഇവരോട് സ്വന്തം വീടുകളിൽ തന്നെ കഴിയാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

എല്ലാത്തരത്തിലുമുള്ള ജാഗ്രതാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രകടമായ കൊറോണ ലക്ഷണങ്ങളുമായി ആശുപത്രിയിലുള്ള എട്ട് പേരിൽ ആറ് പേരുടെ റിസൾട്ട് വന്നിട്ടുണ്ടെന്നും ഇതിലൊന്നും പോസിറ്റീവ് കേസുകളില്ലെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിയിൽ ചികിത്സയിലുള്ള പെരുമ്പാവൂർ സ്വദേശിയും ഇതിൽ പെടും. ഇതിൽ രണ്ട് പേർക്ക് എച്ച്‌വൺ എൻവൺ പനിയാണെന്ന് വ്യക്തമായിട്ടുണ്ട്. ഇനി റിസൾട്ട് കിട്ടാനുള്ള രണ്ട് കേസുകളും പോസിറ്റീവാകാനുള്ള ലക്ഷണങ്ങൾ ഇപ്പോൾ പ്രകടിപ്പിക്കുന്നില്ലെന്നും മന്ത്രി അറിയിച്ചു.

ഏതെങ്കിലും കേസുകൾ കൊറോണ പോസിറ്റീവായാൽ നേരിടാനുള്ള ഉപകരണങ്ങൾ അടക്കം എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്നവരെ കണ്ടെത്താൻ ഒന്നിച്ചു നിൽക്കുകയാണ് വേണ്ടത്. പ്രാദേശികമായി ആരോഗ്യപ്രവർത്തകരെ കൃത്യമായി വിവരമറിയിക്കണം. നിരന്തരമായി അവരുമായി സമ്പർക്കം പുലർത്തണം - മന്ത്രി പറഞ്ഞു. കോറോണവൈറസ് ബാധയുടെ ലക്ഷണങ്ങൾ പ്രകടമായി കാണാൻ 28 ദിവസമെടുത്തേക്കുമെന്നതാണ് ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം. ലക്ഷണങ്ങൾ കാണുന്നതിന് മുമ്പ് തന്നെ പടരാനും സാധ്യതയുണ്ട്. അതിനാൽ, പനി ബാധിച്ച നിലയിലുള്ള എല്ലാവരും കൃത്യമായി തൊട്ടടുത്തുള്ള പ്രധാന ആരോഗ്യകേന്ദ്രത്തിലെത്തിത്തന്നെ ചികിത്സ തേടണം - ആരോഗ്യമന്ത്രി പറഞ്ഞു.

കേന്ദ്രസംഘം കേരളത്തിൽ

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വിമാനത്താവളങ്ങളിലും മെഡിക്കൽ കോളജിലും ഒരുക്കിയിട്ടുള്ള സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ കേന്ദ്ര സംഘം കൊച്ചിയിൽ എത്തിയിരുന്നു. ഡൽഹി ലേഡി ഹാർഡിങ് മെഡിക്കൽ കോളജിലെ ഡോ. പുഷ്പേന്ദ്ര കുമാർ വർമ, ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലെ ഡോ. രമേശ് ചന്ദ്ര മീണ, കോഴിക്കോട് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെ ഡോ. ഷൗക്കത്തലി എന്നിവരാണ് കേന്ദ്ര സംഘത്തിൽ ഉള്ളത്. ഇവരോടൊപ്പം കോഴിക്കോട് നിന്നുള്ള ഡോ. ഹംസക്കോയ, ഡോ. റാഫേൽ ടെഡി എന്നിവരുമുണ്ട്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ സംഘം ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തി. വിമാനത്താവളത്തിൽ പരിശോധന നടത്തിയ സംഘം 178 യാത്രക്കാരുടെ വിവരങ്ങളും പരിശോധിച്ചു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം കളമശ്ശേരി മെഡിക്കൽ കോളജിൽ ഏർപ്പെടുത്തിയ ഐസൊലേഷൻ വാർഡ് അടക്കമുള്ള സൗകര്യങ്ങളും പരിശോധിച്ചു.

നിരീക്ഷണം നിരന്തരം

ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ നിരീക്ഷണത്തിലുള്ളത്. 72 പേർ. ഇവരെല്ലാവരും വീടുകളിലാണ്. മലപ്പുറത്ത് ചൈനയിൽ നിന്ന് മടങ്ങിയെത്തിയയാൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കണ്ണൂരിൽ നിരീക്ഷണത്തിലുള്ളവരിൽ ഒരാളെ മടങ്ങിയെത്തി ഒരു മാസം പിന്നിട്ടതിനാൽ പട്ടികയിൽ നിന്നൊഴിവാക്കി.

വെള്ളിയാഴ്ച കൊൽക്കത്ത എയർപോർട്ട് വഴി പേരാവൂരിൽ മടങ്ങിയെത്തിയ ഒരു കുടുംബത്തിലെ നാലു പേരും നിരീക്ഷണത്തിലാണ്. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സ്ഥലങ്ങളിൽ നിന്ന് മടങ്ങിയെത്തിയവരുടെ വിവരങ്ങൾ രേഖപ്പെടുത്തി പ്രത്യേക പട്ടിക ആരോഗ്യവകുപ്പ് ജില്ലകളിൽ തയ്യാറാക്കുകയാണ്. വിവരങ്ങൾ രേഖപ്പെടുത്തി ഇടപെടൽ എളുപ്പമാക്കുന്നതിനാണിത്. ഇത്തരത്തിൽ മടങ്ങിയെത്തുന്നവർ പൊതു ഇടങ്ങളിൽ പോകാനോ ഇടപഴകാനോ പാടില്ലെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. 28 ദിവസത്തേക്കാണ് ഇവരെ നിരീക്ഷിക്കുക. ആരുടെയും നിലയിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് പ്രത്യേകം വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP