Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണയെ പിടിച്ചുകെട്ടാനുള്ള ആദ്യ പിടിവള്ളി വൈറസിനു പുറമേയുള്ള സ്‌പൈക് പ്രോട്ടീനെ നിയന്ത്രിക്കുക; നമ്മുടെ കോശത്തിലെ 'ഈർച്ചവാളി'ന്റെ മൂർച്ച കെടുത്തുക എന്നത് രണ്ടാമത്ത മാർഗ്ഗം; മൂന്നാമത്തേത് മനുഷ്യകോശത്തിൽ പ്രവേശിച്ച വൈറസിന്റെ ആർഎൻഎ നിർവീര്യമാക്കുക എന്നതും; ഇതിന് ഇനിയും മാസങ്ങളുടെ അധ്വാനം ആവശ്യമാണെന്ന് ഗവേഷകർ; കെറോണക്കെതിരെ മരുന്നു കണ്ടുപിടിക്കാമെന്ന ആത്മവിശ്വാസത്തിലേക്ക് ശാസ്ത്ര ലോകം; ഈ മഹമാരിയെ വേറിട്ട് നിർത്തുന്നത് വൈറസിന്റെ ജനിതക ഘടന

കൊറോണയെ പിടിച്ചുകെട്ടാനുള്ള ആദ്യ പിടിവള്ളി വൈറസിനു പുറമേയുള്ള സ്‌പൈക് പ്രോട്ടീനെ നിയന്ത്രിക്കുക; നമ്മുടെ കോശത്തിലെ 'ഈർച്ചവാളി'ന്റെ  മൂർച്ച കെടുത്തുക എന്നത് രണ്ടാമത്ത മാർഗ്ഗം; മൂന്നാമത്തേത് മനുഷ്യകോശത്തിൽ പ്രവേശിച്ച വൈറസിന്റെ ആർഎൻഎ നിർവീര്യമാക്കുക എന്നതും; ഇതിന് ഇനിയും മാസങ്ങളുടെ അധ്വാനം ആവശ്യമാണെന്ന് ഗവേഷകർ; കെറോണക്കെതിരെ മരുന്നു കണ്ടുപിടിക്കാമെന്ന ആത്മവിശ്വാസത്തിലേക്ക് ശാസ്ത്ര ലോകം; ഈ മഹമാരിയെ വേറിട്ട് നിർത്തുന്നത് വൈറസിന്റെ ജനിതക ഘടന

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: കോവിഡ് 19 എന്നപേരിൽ ലോകത്താകെ വ്യാപിച്ച വൈറസിനെ എന്തുകൊണ്ടാണ് ലോകത്തിന് പിടിച്ചുകെട്ടാൻ കഴിയാത്തത്്. മറ്റു രോഗങ്ങളിൽനിന്ന് ഭിന്നമായി കൊറോണയെ നേരിടാൻ നമുക്കുള്ള പ്രയാസത്തിന്റെ പ്രധാനം അതേക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ നമുക്ക് അറിയില്ല എന്നതാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഈ വൈറസ് വകഭേദത്തിന്റെ ഉറവിടം ഏതെന്നും അറിയില്ല. വുഹാനിലെ ഒരു മാംസമാർക്കറ്റുമായി ആദ്യത്തെ ചില രോഗികൾക്ക് ബന്ധമുണ്ടെന്നു മാത്രമേ നമുക്കറിയാവൂ. ഉറുമ്പുതീനിയിൽ നിന്നോ വവ്വാലിൽ നിന്നോ, ജീവിവർഗ്ഗങ്ങളുടെ അതിർത്തി ഭേദിച്ച് മനുഷ്യനിലേക്ക് എത്തിയതാണെന്ന് പലരും കരുതുന്നു. ശ്രദ്ധേയമായ സംഗതി, പുതിയ വൈറസിന്റെ ജിനോമിന്, വവ്വാലിലെ കൊറോണവൈറസിന്റേതുമായി 96 ശതമാനം സാമ്യമുണ്ട് എന്നതാണ്.കോവിഡ്-19 സാധാരണ തുടങ്ങുന്നത് പനിയും ചുമയും ദേഹാസ്വസ്ഥ്യവുമായാണ്. പിന്നെ ന്യുമോണിയയുടെ രൂപമെടുക്കും. രോഗം വഷളാകുന്നത് ശ്വാസതടസ്സം മൂലവും. ആർഎൻഎ വൈറസുകളുടെ കൊറോണവിരിഡേ കുടുംബത്തിൽ പെട്ട ഒന്നാണ് SARS-CoV-2. ഈ കുടുംബത്തിൽ പെട്ട ചില വൈറസുകൾ സാധാരണ ജലദോഷവും ഇൻഫ്‌ളുവൻസയും വരുത്തുന്നവയാണ്.

കോവിഡ്-19 ന് കാരണമായ വൈറസിന് ഗോളാകൃതിയാണുള്ളത്, വ്യാസം 60-140 നാനോമീറ്റർ (nm). പ്രധാനപ്പെട്ട നാലു പ്രോട്ടീനുകൾ വൈറസിലുണ്ട്. ന്യൂക്ലിയോപ്രോട്ടീൻ (nucleoprotein), എൻവിലോപ് പ്രോട്ടീൻ (envelope protein), മെമ്പ്രൈൻ പ്രോട്ടോൻ (Membrane protein), സ്പയിക് പ്രോട്ടീൻ (spike protein, s-protein) എന്നിവ. ഇതിൽ സ്‌പൈക് പ്രോട്ടീന് 9 മുതൽ 12 നാനോമീറ്റർ വരെ നീളമുണ്ട്.
സ്‌പൈക് പ്രോട്ടീനിന്റെ സഹായത്തോടെയാണ് കൊറോണവൈറസ് നമ്മുടെ ശരീരകോശങ്ങളിൽ കയറിപ്പറ്റുന്നത്. ഇതിന്റെ ജനിതകാംശ ഒറ്റ ഇഴയുള്ള പോസിറ്റീവ് ആർഎൻഎ (RNA) ആണ്. നമ്മുടെ ശരീരത്തിലെ കോശങ്ങളിൽ നേരിട്ട് ഉത്പാദനം നടത്തി പെരുകാൻ വൈറസിന് ഇതിന്റെ സഹായത്തോടെ കഴിയും.

2003 ലെ സാർസ് വൈറസ് പോലെ, ഇപ്പോഴത്തെ കൊറോണവൈറസും നമ്മുടെ ശ്വാസനാളത്തിൽ കടന്നുകൂടുന്നത്, മറ്റുള്ളവർ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ പുറത്തുവരുന്ന ശരീരസ്രവങ്ങളുടെ ചെറുകണങ്ങൾ വഴിയാണ്. കഫകണങ്ങൾ പോലുള്ളവയിലൂടെ നമ്മുടെ നിശ്വാസവായു വഴി ശ്വാസകോശത്തിലെത്തിയാൽ വൈറസ് പണി തുടങ്ങുമെന്ന് ഹൈദരാബാദിൽ ഐസിഎംആർ-എൻഐഎൻ ഡെപ്യൂട്ടി ഡയറക്ടറും ജനിതകശാസ്ത്രജ്ഞനുമായ ഡോ ഷോബി വെള്ളേരി പറയുന്നു.

സ്‌പൈക് പ്രോട്ടീൻ കൊണ്ട് ശ്വാസകോശങ്ങളിലെ ACE2 റിസപ്റ്ററിൽ എത്തിപ്പിടിക്കും. ഈ സ്വീകരണിപ്രോട്ടീൻ (receptor protein) മറ്റു പല ശരീരകോശങ്ങളിലും ഉണ്ടെങ്കിലും, കൂടുതലായി കാണപ്പെടുന്നത് ശ്വാസകോശ കോശങ്ങളിലാണ്. റിസപ്റ്ററിൽ പിടികിട്ടുന്ന സ്‌പൈക് പ്രോട്ടീൻ തന്മാത്രാതലത്തിൽ ചില കീറലും മുറിക്കലും നടത്തി, ആതിഥേയ കോശത്തിലേക്ക് വൈറസിന്റെ ജനിതകദ്രവ്യം കടത്തിവിടുന്നു. വൈറസിന്റെ ജനിതകദ്രവ്യം ആർഎൻഎ ആയതിനാൽ, കോശത്തിലെ സംവിധാനം ഉപയോഗിച്ചു തന്നെ വൈറസ് പതിപ്പുകൾ സൃഷ്ടിച്ചു പെരുകുന്നു. അതിന്റെ ഫലമായി രോഗം മൂർച്ഛിച്ച് ശ്വാസതടസ്സമുണ്ടാകും. 2003 ലെ സാർസ് ഒന്നും, 2012 ലെ മെർസ് രോഗവും പകർച്ചവ്യാധികൾ മാത്രമായിരുന്നു. എന്നാൽ, അതിൽ നിന്ന് വ്യത്യസ്തമായി കോവിഡ്-19 വളരെ വേഗം പടർന്ന് ഒരു മാഹാമാരിയായത് എന്തുകൊണ്ട്? കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ ഇതിന് ഗവേഷകർ ഉത്തരം കണ്ടെത്തി. പുതിയ വൈറസ് വകഭേദത്തിന്, 2003 ലെ സാർസ് വൈറസിനെ അപേക്ഷിച്ച്, ACE2 റിസപ്റ്ററിനെ പിടിച്ചെടുക്കാൻ കഴിയും. അതിനാൽ, ചെറിയ അളവിൽ പോലും കോവിഡ്-19 ന് കാരണമായ വൈറസിന് സംക്രമിക്കാൻ കഴിയും.

ലോകത്താകെ പടർന്ന കൊറോണവൈറസ് രോഗത്തെ പിടിച്ചുകെട്ടാനുള്ള ആദ്യപിടിവള്ളി വൈറസിനു പുറമേയുള്ള സ്‌പൈക് പ്രോട്ടീനാണ്. അതിനെ നിയന്ത്രിച്ചാൽ വൈറസിനെ വരുതിയിൽ വരുത്താം. കാരണം, ഈ പ്രോട്ടീനില്ലാതെ വൈറസിന് മനുഷ്യകോശത്തിൽ കയറിപ്പറ്റാനാകില്ല. സ്‌പൈക് പ്രോട്ടീന് എതിരെ mRNA-1273 എന്ന വാക്‌സിൻ അമേരിക്കൻ ഗവേഷകർ മാർച്ച് 15 ന് പരീക്ഷിച്ചു തുടങ്ങി. ഇതിന്റെ ഫലമറിയാൻ മാസങ്ങളെടുക്കും.രണ്ടാമത്തെ മാർഗ്ഗം, കൊറോണവൈറസിനെ കോശങ്ങൾക്കുള്ളിൽ കടത്താൻ സഹായിക്കുന്ന നമ്മുടെ കോശത്തിലെ 'ഈർച്ചവാളി'ന്റെ (TMPRSS2) മൂർച്ച കെടുത്തുക എന്നതാണ്. ഇതിനുള്ള സാധ്യത ചില പരീക്ഷണങ്ങളിൽ കണ്ടിട്ടുണ്ട്. മൂന്നാമതൊരു മാർഗ്ഗം, മനുഷ്യകോശത്തിൽ പ്രവേശിച്ച വൈറസിന്റെ ആർ എൻ എ നിർവീര്യമാക്കുക എന്നതാണ്. ഇതിന് ആർ എൻ എ വാക്‌സിൻ വേണ്ടിവരും. ഇതിനും മാസങ്ങളുടെ അധ്വാനം ആവശ്യമാണ്. അതിനാൽ, കോവിഡ്-19 ന് മരുന്നു കിട്ടാൻ നമ്മൾ ഇനിയും കാക്കേണ്ടി വരും.

ഈ വൈറസിന്റെ ആദ്യരൂപമല്ലേ 2003 ൽ ഭീതിയുണർത്തിയ സാർസ് വൈറസ്. സാർസ് വൈറസിലെ സ്‌പൈക് പ്രോട്ടീനെതിരെ മൂന്നു ആന്റിബോഡി വാക്‌സിനുകൾ വികസിപ്പിച്ചിരുന്നു. അവ തന്നെ ഇപ്പോഴത്തെ വൈറസ് വകഭേദത്തിനെതിരെ ഉപയോഗിച്ചു കൂടേ. ചിലർക്കെങ്കിലും സംശയം തോന്നാം. ഇതിന്റെ ഉത്തരം ഇതാണ്, ടഅഞടഇീഢ2 എന്ന പുതിയ വൈറസ് വകഭേദം അതിന്റെ യുദ്ധതന്ത്രം മാറ്റിപ്പിടിച്ചിരിക്കുന്നു. പഴയ വൈറസിലെ സ്‌പൈക് പ്രോട്ടീൻ മാറ്റിയിരിക്കുന്നു! പുതിയ വൈറസിലെ സ്‌പൈക് പ്രോട്ടീന് 98 ശതമാനവും സാമ്യം വവ്വാലിലെ വൈറസുകളുടെ സ്‌പേക് പ്രോട്ടീനുമായാണ്. ഇതാണ് ശാസ്ത്രലോകം നിലവിൽ നേരിടുന്ന വെല്ലുവിളി.

വവ്വാലിലെയോ, ടഅഞടഇീഢ2 വിലെയോ സ്‌പൈക് പ്രോട്ടീനുകളുപയോഗിച്ചുള്ള പരീക്ഷണങ്ങളിലൂടെ പുതിയയിനം വാക്‌സിനുകൾ വികസിപ്പിക്കാൻ കഴിഞ്ഞേക്കും എന്നതാണ് പ്രത്യാശ നൽകുന്ന കാര്യം. അതുപോലെ, TMPRSS2 ന്റെ മൂർച്ച കുറയ്ക്കുന്ന രാസവസ്തുക്കൾ (ഉദാ: Camostat Mesylate) നിലവിൽ ജപ്പാനിൽ മറ്റ് രോഗങ്ങൾക്ക് ഉപയോഗിക്കാൻ അനുമതിയുള്ള മരുന്നാണ്. ഭാഗ്യവശാൽ TMPRSS2 ന്റെ പ്രവർത്തനം കോശത്തിന് അത്ര അത്യന്താപേക്ഷിതവുമല്ല. പക്ഷേ, നിലവിലെ രാസവസ്തുവിന് പുതിയ കൊറോണവൈറിനെ പൂർണ്ണമായി തുരത്താനുള്ള വീര്യമില്ലെന്ന് ജർമൻ ഗവേഷകർ കണ്ടു. അതിനാൽ, വീര്യമേറിയ ഇത്തരം രാസവസ്തുക്കൾ കണ്ടെത്തേണ്ടതുണ്ട്.

മേൽ സൂചിപ്പിച്ച പരീക്ഷണങ്ങൾക്കെല്ലാം, ചുരുങ്ങിയത് 12 മുതൽ 18 മാസമെങ്കിലും വേണ്ടിവരും. അതിനാൽ, പുതിയ മരുന്നോ വാക്‌സിനോ എത്താൻ നമ്മളിനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് ഡോ ഷോബി വെള്ളേരി വിശദീകരിക്കുന്നു

അസാധാരണ അതിജീവനശേഷിയുള്ള വൈറസ്

സാധാരണഗതിയിൽ വൈറസുകൾ പെട്ടെന്ന് നശിക്കുന്നവയാണെങ്കിലും, ലോകത്തെ ശവപ്പറമ്പാക്കുന്ന കൊറോണ വൈറസിന് അതി ശക്തമായ അതി ജീവനശേഷിയാണെന്ന പുതിയ പഠനങ്ങൾ. വായുവിൽ മൂന്ന് മണിക്കൂറോളം വൈറസുകൾ സജീവമാകും. ചെമ്പ് പ്രതലത്തിൽ നാല് മണിക്കൂർ, കാർബോർഡിൽ 24 മണിക്കൂർ, പ്ലാസ്റ്റിക്, സ്റ്റെയിൻലെസ് സ്റ്റീൽ എന്നിവയിൽ മൂന്ന് ദിവസത്തോളവും കൊറോണവൈറസ് സജീവമാകുമെന്നാണ് പഠനം പറയുന്നു. ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

2002-2003ൽ പടർന്ന് പിടിച്ച സാർവ് വൈറസിന് തുല്യമായാണ് കൊവിഡ് 19നെ താരതമ്യം ചെയ്തത്. സാർസ് രോഗം 8000 പേരുടെ മരണത്തിന് കാരണമായിരുന്നു. സാർസും കൊറോണയും തമ്മിൽ അടുത്ത സാമ്യതയുണ്ടെന്നും പറയുന്നു. 2004ന് ശേഷം സാർസ് റിപ്പോർട്ട് ചെയ്തിട്ടില്ല. കൊറോണയുടെ ഉത്ഭവം സംബന്ധിച്ച് ശാസ്ത്ര ലോകത്തിനിടയിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. വൈറസ് ബാധിച്ചാൽ പെട്ടെന്ന് ലക്ഷണങ്ങൾ പ്രകടിപ്പിക്കാതിരിക്കുകയും രോഗലക്ഷണങ്ങളില്ലാത്തവരിൽ നിന്നും മറ്റുള്ളവരിലേക്ക് വ്യാപിക്കുന്നതുമാണ് ആരോഗ്യമേഖലയുടെ പ്രധാനഭീഷണി. വൈറസ് ബാധയേറ്റാൽ തന്നെ രണ്ടാഴ്ചയോളം പ്രാഥമിക ലക്ഷണങ്ങൾ കാണിക്കില്ലെന്നും പഠനം പറയുന്നു. ഈ സാഹചര്യമാണ് രോഗസ്ഥിരീകരണം വൈകിപ്പിച്ചത്.

ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരാനുള്ള കൊറോണ വൈറസിന്റെ ക്ഷമതയും മറ്റ് വൈറസുകളെ അപേക്ഷിച്ച് കൂടുതലാണ്. മരുന്നോ വാക്സിനോ കണ്ടെത്തും വരെ കടുത്ത മുൻകരുതലുകളും ശുചിത്വവും പാലിക്കുകയാണ് വൈറസ് ബാധയേൽക്കാതിരിക്കാനുള്ള പ്രധാന മാർഗം. ലോകത്താകമാനം കൊവിഡ് 19 മരണം വ്യാപിക്കുകയാണ്. ഇതുവരെയുള്ള കണക്കനുസരിച്ച് 8272 പേർ കൊവിഡ് 19 രോഗം ബാധിച്ച് മരിച്ചു. ഇറ്റലിയിൽ മരണം രണ്ടായിരവും ഇറാനിൽ ആയിരവും കടന്നു. അമേരിക്കയിൽ 116 പേരും മരിച്ചു. സ്പെയിനിൽ 623 പേരും മരിച്ചു.

കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാൻ നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ പ്രതിബന്ധങ്ങളില്ലാതെ തന്റെ തേരോട്ടം തുടരുകയാണ്. ഡിസംബറിൽ ആരംഭിച്ച രോഗബാധയിൽ രോഗികളുടെ എണ്ണം ആറക്കം കടക്കുവാൻ രണ്ടു മാസത്തിലധികം എടുത്തെങ്കിലും അത് ഇരട്ടിയായി രണ്ട് ൽക്ഷം കടക്കാൻ വേണ്ടിവന്നത് രണ്ടാഴ്ചയിൽ താഴെ സമയം മാത്രം. ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി പുറത്ത് വിട്ട കണക്ക് പ്രകാരം ഇതുവരെയായി 203,000 പേരെയാണ് രോഗം ബാധിച്ചിട്ടുള്ളത്. അന്റാർട്ടിക്ക ഒഴിച്ചുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും കൊറോണയുടെ താണ്ഡവം തുടരുകയാണ്. 160 രാജ്യങ്ങളിൽ ഇതുവരെ കൊറോണ പടർന്നു പിടിച്ചതായി റിപ്പോർട്ടുകളുണ്ട്.

യൂറോപ്പിൽ വളരെവേഗം രോഗം പടർന്നു പിടിച്ചതാണ് രോഗികളുടെ എണ്ണം 11 ദിവസത്തിനുള്ളിൽ ഇരട്ടിയാകാൻ കാരണമായത്. ഇവിടെ ഇപ്പോഴും രോഗത്തെ നിയന്ത്രിക്കുന്നതിൽ കാര്യക്ഷമമായി ഒന്നും ചെയ്യാൻ സാധിക്കാത്തതിനാൽ രോഗബാധയുടെ വേഗത ഇനിയും വർദ്ധിച്ചേക്കാം എന്നാണ് ലോകം ഭയക്കുന്നത്. മൊത്തം രോഗം ബാധിച്ചവരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ മരണനിരക്ക് 4% മാത്രമാണ് എന്നുള്ളതാണ് ഒരല്പമെങ്കിലും ആശ്വാസം നൽകുന്ന കാര്യം.

സ്വജീവൻ തൃണവത്ക്കരിച്ച് അവർ വാക്സിഷൻ പരീക്ഷണത്തിൽ

മഹാമാരിയായ കോവിഡ്19നെ പ്രതിരോധിക്കാൻ സ്വന്തം ജീവിതം സമർപ്പിച്ച ധീരർക്കു കയ്യടിക്കുകയാണു ലോകം. യുഎസിൽ കോറോണ പ്രതിരോധ മരുന്നു പരീക്ഷണത്തിനു തുടക്കം കുറിച്ച് സിയാറ്റിലിലെ ഹെൽത്ത് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ പരീക്ഷണത്തിനു വിധേയരാകുന്നത് 45 പേരാണ്. അതിൽതന്നെ ആദ്യത്തെയാളാണ് 43കാരി ജെനിഫർ ഹലെർ എന്ന ടെക്കി. വൈറസ് ബാധിച്ചിട്ടില്ലെങ്കിലും സ്വമേധയാ മരുന്നുപരീക്ഷണത്തിനു തയാറായ ജെനിഫർ രണ്ടു കുട്ടികളുടെ അമ്മയാണ്. ചെറിയ ടെക് കമ്പനിയിലെ ഓപ്പറേഷൻ മാനേജരാണു ജെനിഫർ.

'ഞാൻ സുഖപ്പെടുമെന്ന് എനിക്കുറപ്പുണ്ട്, അതുപോലെ കുടുംബവും. വീട്ടുകാരെ രക്ഷിക്കാനുള്ള സംവിധാനം രാജ്യത്തുണ്ട്. എനിക്കും കുടുംബത്തിനും ലഭിക്കുന്ന പ്രത്യേകാനുകൂല്യം ബാക്കിയുള്ള അമേരിക്കക്കാർക്കു കിട്ടുന്നില്ലെന്നതിലാണ് ആശങ്ക' - യുഎസിൽ ജെനിഫർ ഹലെർ പറയുന്നു.'കഴിഞ്ഞ വ്യാഴാഴ്ച സൂപ്പർമാർക്കറ്റിൽ പോകാനും 250 ഡോളറിനു സാധനങ്ങൾ വാങ്ങാനും എനിക്കു സാധിച്ചു. ഏതാനും ആഴ്ചകൾക്കുള്ള അവശ്യസാധനങ്ങൾ ഇപ്പോൾ കയ്യിലുണ്ട്. പക്ഷേ, ഒരുപാട് ജനങ്ങൾക്ക് ഇങ്ങനെ സാധിക്കണമെന്നില്ല. ആളുകൾക്കു ജോലി നഷ്ടപ്പെടുന്നു, പ്രത്യേകിച്ചും റസ്റ്ററന്റുകളിലും കലാരംഗത്തും ഉള്ളവർക്ക്. ആളുകൾക്കുണ്ടാകുന്ന ശാരീരിക ആഘാതത്തിനൊപ്പം കോവിഡുണ്ടാക്കുന്ന മാനസിക ആഘാതവും എന്നെ വലയ്ക്കുന്നു.' ജെനിഫർ പറഞ്ഞു.

'രണ്ടാഴ്ച മുമ്പാണു മരുന്നു പരീക്ഷണത്തിനു വൊളന്റിയർമാരെ ക്ഷണിച്ചുള്ള വിവരം അറിഞ്ഞത്. ഫേസ്‌ബുക്കിലെ സുഹൃത്തിന്റെ പോസ്റ്റാണു കണ്ടത്. മറ്റുള്ളവർക്കു സഹായകമാവുന്ന എന്തെങ്കിലും ചെയ്യാൻ കാത്തിരിക്കുകയായിരുന്നു. സർവേ പെട്ടെന്നു പൂരിപ്പിച്ചു. പിറ്റേന്ന് അധികൃതർ ഫോണിൽ വിളിച്ചു ആരോഗ്യ വിവരങ്ങൾ തിരക്കി. ആദ്യഘട്ടം കടന്നതോടെ കായികക്ഷമത, രക്ത പരിശോധന തുടങ്ങിയവയ്ക്കായി നേരിട്ടെത്താൻ പറഞ്ഞു. അതിലെല്ലാം കുഴപ്പമില്ലായിരുന്നതോടെ പരീക്ഷണത്തിന് തിരഞ്ഞെടുത്തു.രണ്ടു റൗണ്ടുകളിലായാണു വാക്‌സിൻ പരീക്ഷണം. ആറാഴ്ചയോളം നീളുമെന്നു യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് അധികൃതർ പറഞ്ഞിട്ടുണ്ട്. ശരീര താപനില, മറ്റു ലക്ഷണങ്ങൾ എന്നിവ കൃത്യമായി രണ്ടാഴ്ച സമയാസമയങ്ങളിൽ ഡയറിയിൽ രേഖപ്പെടുത്തണം. ഇൻസ്റ്റിറ്റ്യൂട്ടുകാർ ഫോണിൽ വിവരങ്ങൾ തിരക്കും. ഒരാഴ്ച കഴിയുമ്പോൾ രക്തം നൽകാൻ പോകണം. പരിശോധനകൾ തൃപ്തികരമാണെങ്കിൽ അടുത്തയാഴ്ചയും രക്തം നൽകണം. നാലാഴ്ചയ്ക്കു ശേഷം രണ്ടാംഘട്ടം വാക്‌സിൻ എടുക്കണം. വരുന്ന 14-18 മാസങ്ങൾ നിരന്തര സന്ദർശനങ്ങളും രക്ത പരിശോധനയും തുടരും.

സാങ്കേതികമായി അവരെനിക്കു പണം ഓഫർ ചെയ്തിരുന്നു. നിങ്ങൾക്കറിയാമല്ലോ, പണത്തിനു വേണ്ടിയാണു ഞാനിങ്ങനെ ചെയ്യുന്നതെങ്കിൽ ഈ തുകയൊന്നും മതിയാകില്ല. അതൊരു പ്രോത്സാഹനം മാത്രമാണ്. പണമല്ല എന്നെ ഇതു ചെയ്യാൻ പ്രേരിപ്പിച്ചത്. യുഎസിലെ എന്റെ സുഹൃത്തുക്കളുടെ സുഹൃത്തുക്കൾക്കു കോവിഡ് പിടിപെട്ടതായി അറിയുന്നുണ്ട്. യുഎസിലെ രോഗ പ്രഭവകേന്ദ്രമായ കിർക്ലാൻഡിനു സമീപമുള്ള കെന്മോറിലാണു രക്ഷിതാക്കൾ താമസിക്കുന്നത്. അമ്മയ്ക്ക് 70 വയസ്സുണ്ട്, രണ്ടാനച്ഛന് 85ഉം. അദ്ദേഹത്തിന് ആസ്മയുള്ളതിനാൽ രണ്ടാഴ്ചയിലേറെയായി വീട്ടിനകത്താണ്.

വാക്‌സിൻ പരീക്ഷണത്തിനു തയാറായതിൽ പല കൂട്ടുകാരും ആശങ്കയറിയിച്ചു. ഞാനൊരു പോസിറ്റീവ് വ്യക്തിയാണ്. നല്ലതുമാത്രമെ സംഭവിക്കൂവെന്നാണു വിശ്വാസം. മെർസും സാർസും വന്നപ്പോഴും ആളുകൾ ഇങ്ങനെയാണു പെരുമാറിയത്. അതെല്ലാം മറികടക്കാനായില്ലേ? എനിക്കു പേടിയില്ല. പക്ഷേ കോവിഡ് പടരാതിരിക്കാൻ സുഹൃത്തുക്കൾ കുറച്ചധികം പേടിക്കണം, ജാഗ്രത കാണിക്കണം. ഞാനിപ്പോൾ സന്തോഷത്തിലാണ്. വാക്‌സിൻ ഷോട്ട് വേദനാരഹിതമായിരുന്നു, പനിക്കു കുത്തിവയ്ക്കുന്ന പോലെ. കൈയ്ക്കു ചെറിയൊരു വേദനയുണ്ടെങ്കിലും സാരമില്ല, ഇതു സാധാരണമാണ്.' ജെനിഫർ പറഞ്ഞു.

പെൺമക്കൾ അച്ഛന്റെ പ്രവൃത്തിയിൽ അഭിമാനിക്കുന്നുവെന്നാണ്, മറ്റൊരു വൊളന്റിയറായ വാഷിങ്ടൻ സ്വദേശി നീൽ ബ്രൗണിങ് (46) പറഞ്ഞത്. മൈക്രോസോഫ്റ്റ് എൻജിനീയറായ നീൽ ആണ് രണ്ടാമതു വാക്‌സിൻ സ്വീകരിച്ചയാൾ. ഇവരുൾപ്പെടെ നാലു പേർക്കാണു യുഎസിൽ ആദ്യഘട്ട വാക്‌സിൻ നൽകിയത്. ചൈന ഉൾപ്പെടെയുള്ള പല രാജ്യങ്ങളും പല വാക്‌സിനുകളും മനുഷ്യരിൽ പരീക്ഷിക്കുന്നുണ്ട്. ഇന്ത്യയുടെയും നോർവേയുടെയും പിന്തുണയോടെ പ്രവർത്തിക്കുന്ന, യുഎസിലെ കോയലിഷൻ ഫോർ എപ്പിഡെമിക് പ്രിപ്പയേഡ്‌നെസ് ഇന്നവേഷൻസ് കണ്ടെത്തിയ വാക്‌സിൻ മനുഷ്യരിൽ പരീക്ഷിച്ചു തുടങ്ങി. ചൈനയും അവരുടെ ഗവേഷകർ കണ്ടെത്തിയ വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണത്തിന് അനുമതി നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP