Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റീയൂണിയൻ ഐലന്റിൽ ബോർഡ് ചെയ്യാൻ ശ്രമിച്ച ക്രൂയിസ് ഷിപ്പിന് നേരെ നാട്ടുകാരുടെ കല്ലേറ്; ഫുട്ബോൾ അടക്കം സകല കായികോത്സവങ്ങളും റദ്ദ് ചെയ്ത് ഇറ്റലി; ജപ്പാൻ ഒളിമ്പിക്സിൽ കാണികളെ നിരോധിച്ചേക്കും; എമിറേറ്റ്സ് അടക്കമുള്ള വിമാനങ്ങൾ സർവീസുകൾ വെട്ടിച്ചുരുക്കുന്നു; കൊറോണ നിയന്ത്രണ ശ്രമങ്ങൾ പാളിയതോടെ സകല രാജ്യങ്ങളിലും ഭീതി വ്യാപിക്കുന്നു

റീയൂണിയൻ ഐലന്റിൽ ബോർഡ് ചെയ്യാൻ ശ്രമിച്ച ക്രൂയിസ് ഷിപ്പിന് നേരെ നാട്ടുകാരുടെ കല്ലേറ്; ഫുട്ബോൾ അടക്കം സകല കായികോത്സവങ്ങളും റദ്ദ് ചെയ്ത് ഇറ്റലി; ജപ്പാൻ ഒളിമ്പിക്സിൽ കാണികളെ നിരോധിച്ചേക്കും; എമിറേറ്റ്സ് അടക്കമുള്ള വിമാനങ്ങൾ സർവീസുകൾ വെട്ടിച്ചുരുക്കുന്നു; കൊറോണ നിയന്ത്രണ ശ്രമങ്ങൾ പാളിയതോടെ സകല രാജ്യങ്ങളിലും ഭീതി വ്യാപിക്കുന്നു

മറുനാടൻ ഡെസ്‌ക്‌

റോം:ലോകമെമ്പാടും അനുദിനം പെരുകുന്ന കൊറോണബാധയിൽ ലോകം കടുത്ത ഭീതിയിലായിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഫ്രാൻസ് ഭരണപ്രദേശമായ റീയൂണിയൻ ഐലന്റിൽ ബോർഡ് ചെയ്യാൻ ശ്രമിച്ച ക്രൂയിസ് ഷിപ്പിന് നേരെ നാട്ടുകാർ കല്ലേറ് നടത്തിയത് ഈ ഭീതിയുടെ ഭാഗമായിട്ടാണ്. ഈ കപ്പലിൽ കൊറോണ ബാധിച്ചവരുണ്ടൈന്ന ആശങ്കയാലായിരുന്നു നാട്ടുകാർ കപ്പലിനെ അടുപ്പിക്കാതിരിക്കാൻ അങ്ങേയറ്റം ശ്രമിച്ചത്.തുടർന്ന് പൊലീസ് ഇടപെട്ട് ടിയർഗ്യാസുകളടക്കമുള്ളവ പ്രയോഗിച്ച് നാട്ടുകാരെ വിരട്ടിയോടിച്ചാണ് കപ്പൽ കരക്കടുപ്പിച്ചത്.

കൊറോണ സംഹാരതാണ്ഡവമാടുന്ന പശ്ചാത്തലത്തിൽ ഫുട്ബോൾ അടക്കമുള്ള സകല കായികോത്സവങ്ങളും ഇറ്റലി റദ്ദാക്കിയിരിക്കുകയാണ്. ജപ്പാനിൽ നടക്കാനിരിക്കുന്ന ഒളിമ്പിക്സിൽ കാണികളെ നിരോധിക്കാനും ആലോചന ശക്തമാണ്.കൊറോണ കാരണ യാത്രക്കാരുടെ എണ്ണം കുത്തനെ ഇടിഞ്ഞിരിക്കുന്നതിനാൽ എമിറേറ്റ്സ് അടക്കമുള്ള വിമാനങ്ങൾ സർവീസുകൾ വെട്ടിച്ചുരുക്കുന്നുവെന്നും റിപ്പോർട്ടുണട്.ചുരുക്കിപ്പറഞ്ഞാൽ കൊറോണ നിയന്ത്രണശ്രമങ്ങൾ പാളിയതോടെ സകല രാജ്യങ്ങളിലും ഭീതി വ്യാപിക്കുന്ന അവസ്ഥയാണുള്ളത്.

2000 യാത്രക്കാരടങ്ങിയ സൺ പ്രിൻസസ് എന്ന പേരിലുള്ള ക്രൂയിസ് ഷിപ്പ് ഇന്നലെ റീയൂണിയനിൽ അടുപ്പിക്കാൻ ശ്രമിച്ചപ്പോഴായിരുന്നു നാട്ടുകാർ കല്ലേറുമായി അതിനെ പ്രതിരോധിക്കാൻ രംഗത്തെത്തിയത്. ഫെബ്രുവരി ആദ്യം ഈ കപ്പൽ തായ്ലൻഡിലെത്തിയപ്പോൾ അവിടെ നിന്നും കപ്പലിൽ കൊറോണ ബാധിച്ചവർ കയറിപ്പറ്റിയെന്ന ആശങ്കയാലാണ് റീയൂണിയനിലെ നാട്ടുകാർ കപ്പൽ അടുപ്പിക്കുന്നതിനെതിരെ ശക്തമായി രംഗത്തെത്തിയത്. കപ്പലിലെ യാത്രക്കാരിൽ മിക്കവരും ഓസ്്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു. ലോകമെമ്പാടും 60 രാജ്യങ്ങളിലായി 88,000 പേർക്ക് കൊറോണ ബാധിക്കുകയും ചുരുങ്ങിയത് 3000 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്.

യൂറോപ്പിന്റെ കൊറോണബാധയുടെ തലസ്ഥാനമായി ഇറ്റലി മാറിയതിനെ തുടർന്ന് രോഗത്തിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കാൻ ഇറ്റലിയിലെ സർക്കാർ ഒരുങ്ങിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ സ്പോർട്ടിങ് ഇവന്റുകളും റദ്ദാക്കാൻ അധികൃതർ ഉത്തരവിട്ടിട്ടുണ്ട്. കൊറോണ ബാധിച്ചിരിക്കുന്ന റീജിയണുകളിൽ മാർച്ച് എട്ട് വരെയാണീ നിരോധനം പ്രാബല്യത്തിൽ വന്നിരിക്കുന്നത്. ഇതിനെ തുടർന്ന് ഇറ്റാലിയൻ ഫുട്ബോൾ ക്ലബുകളായ സാംപഡോറിയയും ഹെല്ലാസ് വെറോണയും തമ്മിൽ നടക്കാനിരുന്ന ഫുട്ബോൾ മാച്ചും റദ്ദാക്കിയിരുന്നു.

കാണികളില്ലാതെ ഈ മാച്ച് നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും ഇതും വേണ്ടെന്ന് വച്ചിരിക്കുകയാണിപ്പോൾ. അറ്റ്ലാന്റയും ലാസിയോയും തമ്മിലുള്ള കളിയെയും ബോളോഗാന- ജുവെന്റസ്, ഇന്റർമിലാൻ- സാസുവാലോ മാച്ചുകളെയും ഈ നിരോധനം ബാധിക്കുന്നതാണ്. വരാനിരിക്കുന്ന മാച്ചുകൾ നടത്തണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നതിനായി ഇറ്റലിയിലെ മുൻനിരയിലുള്ള 20 ക്ലബുകളുടെ ഒരുഅടിയന്തിര യോഗം ബുധനാഴ്ച ചേരുന്നുണ്ട്. കൊറോണ കടുത്ത ഭീഷണി ഉയർത്തി രാജ്യത്ത് പടരുന്ന സാഹചര്യത്തിൽ മിക്ക മാച്ചുകളും റദ്ദാക്കാനുള്ള സാധ്യതയാണ് ശക്തമാകുന്നത്.

ഈ വർഷം മെയ്‌ മാസത്തിൽ ജപ്പാനിൽ വച്ച് നടക്കുന്ന ഒളിമ്പിക്സിനെ കൊറോണ ബാധ കടുത്ത രീതിയിൽ ബാധിക്കുമെന്ന മുന്നറിയിപ്പും ശക്തമാണ്. ജപ്പാനിൽ കൊറോണ പടർന്ന് പിടിക്കുന്നതിനാലാണിത്. കൊറോണ ജപ്പാൻ ഒളിമ്പിക്സിന് കടുത്ത വെല്ലുവിളിയാണുണ്ടാക്കുന്നതെന്ന കാര്യം സീനിയർ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി അംഗമായ ഡിക്ക് പൗണ്ട് സമ്മതിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ രോഗം പടരുന്നത് തടയാൻ കാണികളെ ഒ ഴിവാക്കി ജപ്പാൻ ഒളിമ്പിക്സ് മത്സങ്ങൾ നടത്തുന്ന കാര്യമടക്കം പരിഗണനയിലുണ്ട്.ജപ്പാനിൽ നിലവിൽ 200ഓളം പേർക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.പത്ത് പേർ ഇവിടെ മരിക്കുകയും ചെയ്തിട്ടുണ്ട്.

കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ എണ്ണം കുത്തനെ ഇടിഞ്ഞിരിക്കുന്നതിനാൽ എമിറേറ്റ്സ് അടക്കമുള്ള കമ്പനികൾ വിമാന സർവീസുകൾ വെട്ടിച്ചുരുക്കുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇതിനെ തുടർന്ന് തങ്ങളുടെ ജീവനക്കാരോട് ലീവ് എടുത്തുകൊള്ളാൻ എമിറേറ്റ്സ് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ലക്ഷത്തോളം ജീവനക്കാരോടാണ് എമിറേറ്റ് ഇക്കാര്യം നിർദ്ദേശിച്ചിരിക്കുന്നത്. ഇവരിൽ 21,000 കാബിൻ ക്രൂ, 4000 പൈലറ്റുമാർ, എന്നിവരുൾപ്പെടുന്നു. നിലവിലെ സാഹചര്യത്തിൽ മെയിൻലാൻഡ് ചൈനയിലേക്കുള്ള എല്ലാ വിമാനങ്ങളും എമിറേറ്റ്സ് റദ്ദാക്കിയിരുന്നു. ഇറാനിലേക്കുള്ള വിമാനങ്ങളും എമിറേറ്റ്സ് റദ്ദാക്കിയിരിക്കുന്നു.കൊറോണ ബാധിത രാജ്യങ്ങളിലേക്ക് യാത്രക്കാർ പോകുന്നത് കുറഞ്ഞിരിക്കുന്നത് വിമാനകമ്പനികളെ സാരമായി ബാധിച്ചിട്ടുണ്ട്.

2001 സെപ്റ്റംബർ 11ന് യുഎസിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തെ തുടർന്ന് ഏവിയേഷൻ എയർലൈൻ ഇന്റസ്ട്രി നേരിട്ടതിനേക്കാൾ കടുത്ത പ്രതിസന്ധിയാണ് കൊറോണ ബാധ ഈ ഇന്റസ്ട്രിക്കുണ്ടാക്കിയിരിക്കുന്നത്. ഇതിനെ തുടർന്ന് ഈ വർഷം മാത്രം 30 ബില്യൺ ഡോളറിന്റെ ഇടിവ് ഈ വ്യവസായത്തിനുണ്ടാകുമെന്നാണ് ഭയപ്പെടുന്നത്. ലോകമെമ്പാടും കൊറോണ വൈറസ് പടർന്ന് പിടിക്കുന്നതിനെ തുടർന്ന് വിവിധ എയർലൈൻ കമ്പനികൾ തങ്ങളുടെ ഫ്‌ളൈറ്റുകൾ റദ്ദാക്കുകയും ഷെഡ്യൂളുകൾ നാൾക്ക് നാൾ വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നത് വർധിച്ച് വരുന്ന സാഹചര്യത്തിലാണ് പുതിയ ആശങ്കകൾ ശക്തമായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP