Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണ ഭീഷണിയുടെ നിഴലിൽ ജീവിക്കുന്നത് 20 ലക്ഷം ആളുകൾ; ഉപരോധം തുടരുന്നതിനാൽ ഭക്ഷണവും കുടിവെള്ളവും മരുന്നും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾക്കും ക്ഷാമം; ​ഗസ്സ മുനമ്പിലെ ഉപരോധം അവസാനിപ്പിക്കണമെന്ന ആവശ്യങ്ങൾ ചെവിക്കൊള്ളാതെ ഇസ്രയേൽ

കൊറോണ ഭീഷണിയുടെ നിഴലിൽ ജീവിക്കുന്നത് 20 ലക്ഷം ആളുകൾ; ഉപരോധം തുടരുന്നതിനാൽ ഭക്ഷണവും കുടിവെള്ളവും മരുന്നും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾക്കും ക്ഷാമം; ​ഗസ്സ മുനമ്പിലെ ഉപരോധം അവസാനിപ്പിക്കണമെന്ന ആവശ്യങ്ങൾ ചെവിക്കൊള്ളാതെ ഇസ്രയേൽ

മറുനാടൻ മലയാളി ബ്യൂറോ

രാമള്ള: ഫലസ്തീനിൽ കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ​ഗസ്സയിലെ ഉപരോധം പിൻവലിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഗസ്സ മുനമ്പിലെ ഉപരോധം പിൻവലിക്കണമെന്ന് ഇസ്രായലിനോട് ഇസ്ലാമിക് ജിഹാദ് റെസിസ്റ്റൻസ് മൂവ്‍മെൻറ് ആവശ്യപ്പെട്ടു. ഉപരോധം അവസാനിപ്പിക്കണമെന്നും രാഷ്ട്രീയ തടവുകാരെ വിട്ടയക്കണം എന്നുമാണ് സംഘടന പ്രധാനമായും ആവശ്യപ്പെടുന്നത്. ജനസാന്ദ്രത ഏറിയ ഗസ്സ മേഖലയിൽ വൈറസ് വ്യാപനം കടുത്ത വെല്ലുവിളിയാകും എന്നാണ് പൊതുവിലയിരുത്തൽ. ഉപരോധം നിലനിൽക്കുന്നത് അത്യാവശ്യ സാധനങ്ങളുടെ വിനിമയം വെല്ലുവിളിയുണ്ടാക്കുന്നുമുണ്ട്.

20 ലക്ഷം പേരാണ് ഗസ്സ മുനമ്പിൽ ജീവിക്കുന്നത്. ഇസ്രയേൽ 2005ൽ ആക്രമണത്തിൽ നിന്ന് പിന്മാറിയെങ്കിലും 2006 മുതൽ ഉപരോധം ഏർപ്പെടുത്തി. ഇതോടെ ഗസ്സയിലേക്കുള്ള ഭക്ഷണം, കുടിവെള്ളം, മരുന്ന് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും സാമ്പത്തികരംഗവും തരിപ്പണമായി. ഇതിൽ അയവ് വരുത്തില്ലെന്നാണ് ഇസ്രയേൽ നിലപാട്. 140 ചതുരശ്രമൈൽ മാത്രം വലിപ്പമുള്ള ഗസ്സ, ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലൊന്നുമാണ്. ഇവിടെ ഒരു പകർച്ചവ്യാധി റിപ്പോർട്ട് ചെയ്‍താൽ അത് എളുപ്പം മറ്റിടങ്ങളിലേക്ക് വ്യാപിക്കും എന്നതാണ് ഭയപ്പെടുത്തുന്നത്.

പലസ്‍തീൻ മേഖലകളിൽ ഇതുവരെ 234 കൊറോണ വൈറസ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്നലെ മാത്രം 17 പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചതെന്ന് ചൈനീസ് വാർത്താ ഏജൻസി സിൻഹുവ റിപ്പോർട്ട് ചെയ്യുന്നു. ​ഗസ്സയിൽ ഏപ്രിൽ അഞ്ചിന് 17 പുതിയ കൊവിഡ്-19 കേസുകൾ സ്ഥിരീകരിച്ചു. റാമള്ള ജില്ലയിലാണ് പുതിയ കേസുകൾ. 23 പേർക്ക് കൊവിഡ്-19 ഭേദമായിട്ടുണ്ട്. ഇതിൽ ആറ് രോഗികൾ ഗസ്സയിൽ നിന്നുള്ളവരാണ്.

ക്വാറൻറൈൻ നടപ്പിലാക്കിയതോടെ പലസ്‍തീൻ മേഖലകളിൽ വന്യജീവികൾ വിഹരിക്കുന്നതായി മിഡിൽ ഈസ്റ്റ് ഐ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്‍തു. മനുഷ്യരില്ലാതെ പ്രദേശങ്ങൾ ശാന്തമായതോടെ കുറുനരികളും ചെന്നായ്ക്കളും പക്ഷികളും പ്രകൃതിയിൽ മടങ്ങിയെത്തി. വെസ്റ്റ് ബാങ്കിൽ മലയിറങ്ങി നിരവധി ജീവികൾ എത്തിയതായി താമസക്കാരെ ഉദ്ധരിച്ചാണ് റിപ്പോർട്ടുകൾ. വംശനാശ ഭീഷണി നേരിടുന്ന പലസ്‍തീൻ ഗസെൽ എന്ന മാൻ വർഗ്ഗത്തിന്റെ സംരക്ഷണത്തിനും കൊറോണ വൈറസ് ക്വാറന്റൈൻ സഹായിക്കുമെന്നാണ് പരിസ്ഥിതി വാദികൾ അവകാശപ്പെടുന്നത്.

അതിനിടെ, മാർച്ച് 27ന് ഇസ്രയേൽ ഗസ്സ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നതായി പ്രഖ്യാപിച്ചു. ഗസ്സയിൽ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം ഉണ്ടായി എന്നാണ് അവർ അവകാശപ്പെടുന്നത്. കൊറോണ വൈറസ് വ്യാപനം രൂക്ഷമായ ഇസ്രയേലിൽ നിർബന്ധിത ക്വാറൻറൈൻ ആണ് നടപ്പിലാക്കുന്നത്. ഫെബ്രുവരിക്ക് ശേഷം കാര്യമായ പ്രകോപനം ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല. പൊടുന്നനെയാണ് മേഖല വീണ്ടും സംഘർഷത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP