Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലോകത്തെ സർവ അഴിമതിയുടെയും കേന്ദ്രം സൊമാലിയ; അഴിമതിയെക്കുറിച്ച് ചിന്തിക്കാനാവാത്ത രാജ്യം ഡെന്മാർക്ക്; അഴിമതി കുറവുള്ള രാജ്യങ്ങളുടെ പട്ടികയിൽ 78-ാം സ്ഥാനത്ത് ഇന്ത്യ; മികച്ച രാജ്യങ്ങളുടെ പട്ടികയിൽനിന്ന് അമേരിക്ക പുറത്ത്

ലോകത്തെ സർവ അഴിമതിയുടെയും കേന്ദ്രം സൊമാലിയ; അഴിമതിയെക്കുറിച്ച് ചിന്തിക്കാനാവാത്ത രാജ്യം ഡെന്മാർക്ക്; അഴിമതി കുറവുള്ള രാജ്യങ്ങളുടെ പട്ടികയിൽ 78-ാം സ്ഥാനത്ത് ഇന്ത്യ; മികച്ച രാജ്യങ്ങളുടെ പട്ടികയിൽനിന്ന് അമേരിക്ക പുറത്ത്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: പട്ടിണിയുടെയും ദാരിദ്യത്തിന്റെയും കാര്യത്തിൽ മാത്രമല്ല, അഴിമതിയുടെ കാര്യത്തിലും സോമാലിയ ലോകത്ത് ഒന്നാമതാണെന്ന് റിപ്പോർട്ട്. അഴിമതിയില്ലാത്ത രാജ്യങ്ങളിൽ ഡെന്മാർക്ക് ഒന്നാമതുനിൽക്കുമ്പോൾ, ഇക്കാര്യത്തിൽ അമേരിക്കയുടെ പോക്ക് ഒട്ടും ശുഭകരമല്ലെന്നും ട്രാൻസ്‌പേരൻസി ഇന്റർനാഷണൽ തയ്യാറാക്കിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

അഴിമതിരഹിതമായ രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ 20 സ്ഥാനത്തുനിന്നാണ് അമേരിക്ക പുറത്തായത്. നാല് പോയന്റുകൾ നഷ്ടമായതോടെ ഡൊണാൾഡ് ട്ര്ംപിന്റെ അമേരിക്ക 2011-നുശേഷം ആദ്യമായി ആദ്യ 20-ൽനിന്ന് പുറത്താവുകയായിരുന്നു. അഴിമതിക്കെതിരേ സ്വീകരിച്ചിരുന്ന കാര്യങ്ങളിൽ വിട്ടുവീഴ്ച വന്നതും ജാഗ്രതക്കുറവുമാണ് അമേരിക്കയെ പിന്തള്ളിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അഴിമതിയില്ലാത്ത രാജ്യങ്ങളിൽ ആദ്യസ്ഥാനത്താണ് ഡെന്മാർക്ക്. ന്യൂസീലൻഡ്, ഫിൻലൻഡ്, സിംഗപ്പുർ, സ്വീഡൻ, സ്വിറ്റ്‌സർലൻഡ്, നോർവെ, നെതർലൻഡ്‌സ്, കാനഡ, ലക്‌സംബർഗ്, ജർമനി, ബ്രിട്ടൻ, ഓസ്‌ട്രേലിയ, ഓസ്ട്രിയ, ഹോങ്‌കോങ്, ഐസ്‌ലൻഡ്, ബെൽജിയം, എസ്‌തോണിയ, അയർലൻഡ്, ജപ്പാൻ എന്നിവയാണ് ആദ്യ 20-ലുള്ള രാജ്യങ്ങൾ. ഫ്രാൻസ് 21-ാം സ്ഥാനത്തും അമേരിക്ക 22-ാം സ്ഥാനത്തുമാണ്.

സോമാലിയായാണ് അഴിമതിയുടെ കാര്യത്തിൽ ഏറ്റവും മോശം. സിറിയ, സൗത്ത് സുഡാൻ, യെമൻ, ഉത്തരകൊറിയ, സുഡാൻ, ഗിനി ബിസോ, ഇക്വറ്റോറിയൽ ഗിനി, അഫ്ഗാനിസ്ഥാൻ എന്നിവയാണ് പട്ടികയിൽ ഏറ്റവും പിന്നിലുള്ള പത്തുരാജ്യങ്ങളിലുള്ളത്. വിവിധ ഘടകങ്ങൾ പരിശോധിച്ച് നൂറുമാർക്കിലാണ് സ്‌കോർ കണക്കാക്കിയിട്ടുള്ളത്. ഒന്നാം സ്ഥാനത്തുള്ള ഡെന്മാർക്കിന് 88 പോയന്റുള്ളപ്പോൾ, ഒടുവിലുള്ള സോമാലിയക്ക് 10 മാർക്കാണുള്ളത്.

അഴിമതിയുടെ കാര്യത്തിൽ കുപ്രസിദ്ധിയുള്ള ഇന്ത്യ പട്ടികയിൽ 78-ാം സ്ഥാനത്താണ്. നൂറിൽ 41 പോയന്റാണ് ഇന്ത്യക്കുള്ളത്. ബുർക്കിന ഫാസോ, ഘാന, കുവൈറ്റ്, ലസോതോ, ട്രിനിഡാഡ് ആൻഡ് ടുബേഗോ, തുർക്കി എന്നീ രാജ്യങ്ഹളും 78-ാം സ്ഥാനം ഇന്ത്യക്കൊപ്പം പങ്കുവെക്കുന്നു. പട്ടികയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ രാജ്യങ്ങൾ എസ്‌തോണിയയും ഐവറി കോസ്റ്റും സെനഗലും ഗയാനയുമാണ്. പിന്തള്ളപ്പെട്ടത് ഓസ്‌ട്രേലിയയും ചിലിയും മാൾട്ടയും മെക്‌സിക്കോയും.

ഭരണാധികാരികൾക്ക് ഭിന്നതാത്പര്യങ്ങൾ വരുന്നതും രാജ്യത്തിന്റെ പുരോഗതി വിഷയമല്ലാതാകുന്നതുമാണ് അഴിമതി കൂടാൻ കാരണമെന്ന് ട്രാൻസ്‌പേരൻസി ഇന്റർനാഷണലിന്റെ അമേരിക്കൻ പ്രതിനിധി സോയ് റെയ്റ്റർ പറഞ്ഞു. ട്രംപിന്റെ ഭരണത്തിലുണ്ടായിട്ടുള്ള വിവിധ താത്പര്യങ്ങളാണ് അമേരിക്കയെ പിന്നോട്ടുകൊണ്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയ്ക്ക് പുറമെ, ഹംഗറിയെയും ബ്രസീലിനെയുമാണ് ശ്രദ്ധിക്കേണ്ട രാജ്യങ്ങളായി റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP