Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മർക്കസിനു മുന്നിൽ നടത്തി വന്ന വിദ്യാർത്ഥി സമരം ക്ലൈമാക്‌സിലേക്ക്; കോഴ്‌സുകൾക്ക് അംഗീകാരമുണ്ടെന്ന് കണ്ടെത്തിയതോടെ സമരംതീർത്ത് അനുരഞ്ജനത്തിന്റെ പാത തേടി വിദ്യാർത്ഥികൾ; വിദഗ്ധസമിതി റിപ്പോർട്ട് പുറത്തായതോടെ സമരക്കാർക്കെതിരെ കടുത്ത വിമർശനം

മർക്കസിനു മുന്നിൽ നടത്തി വന്ന വിദ്യാർത്ഥി സമരം ക്ലൈമാക്‌സിലേക്ക്; കോഴ്‌സുകൾക്ക് അംഗീകാരമുണ്ടെന്ന് കണ്ടെത്തിയതോടെ സമരംതീർത്ത് അനുരഞ്ജനത്തിന്റെ പാത തേടി വിദ്യാർത്ഥികൾ; വിദഗ്ധസമിതി റിപ്പോർട്ട് പുറത്തായതോടെ സമരക്കാർക്കെതിരെ കടുത്ത വിമർശനം

എം പി റാഫി

കോഴിക്കോട്: അംഗീകാരമില്ലാത്ത കോഴ്സ് നടത്തി വഞ്ചിച്ചുവെന്നാരോപിച്ച് മർക്കസിനു മുന്നിൽ നടത്തി വന്ന വിദ്യാർത്ഥി സമരം ക്ലൈമാക്‌സിലേക്ക്. കോഴ്‌സ് സംബന്ധിച്ച് പഠിക്കാൻ ജില്ലാ കലക്ടർ ചുമതലപ്പെടുത്തിയ മൂന്നംഗ വിദഗ്ദസമിതി കോഴ്‌സിന് അംഗീകാരമുണ്ടെന്ന് കണ്ടെത്തുകയും തുടർ നടപടിക്ക് ശുപാർശ അടങ്ങിയ റിപ്പോർട്ട് സമർപ്പിച്ചതോടെയാണ് സമരം തുടരാതെ അനുരജ്ഞനത്തിനുള്ള നീക്കം സമരസമിതി നടത്തുന്നത്. കുന്നമംഗലം പഞ്ചായത്ത് ബോർഡിന്റെ നേതൃത്വത്തിലാണ് സമരസമിതി ഇടപെടൽ നടത്തുന്നത്.

കഴിഞ്ഞ ദിവസം സമരക്കാരും പൊലീസും ഏറ്റുമുട്ടിയതിനെ തുടർന്ന് സമരം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിദഗ്ദ സമിതി കളക്ടർക്ക് സമർപ്പിച്ച റിപ്പോർട്ട് പുറത്തായത്. 2013 ന് ശേഷം പഠിച്ചവർക്കും വിവാദ കോഴ്‌സുസുകൾക്ക് അംഗീകാരം നൽകാം. പി.എസ്.സി അടക്കമുള്ള പരീക്ഷകൾക്ക് അംഗീകാരമുണ്ടെന്നുമായിരുന്നു സമിതി റിപ്പോർട്ട്.

മർകസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, പ്രൊഫഷണൽ ഏജൻസികളായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ എൻജിനിയേഴ്സ് ഇന്ത്യ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓട്ടോ മൊബൈൽ എൻജിനിയേഴ്സ് ഇന്ത്യ എന്നിവ മുഖാന്തരം നടത്തിയ ഡിപ്ലോമ കോഴ്സുകൾ കേന്ദ്ര സർക്കാറിന്റെ അംഗീകാരമുള്ളവയാണെന്നായിരുന്നു വിദഗ്ധ സമിതിയുടെ റിപ്പോർട്ട്.

കേരള സർക്കാറിന്റെ GO (MS.NO 415/PD (17071965) ഉത്തരവ് പ്രകാരം കേന്ദ്ര സർക്കാർ അംഗീകരിച്ച ഇത്തരം എല്ലാ സാങ്കേതിക, തൊഴിൽ യോഗ്യതകൾക്കും പി എസ് സിയുടെ അംഗീകാരം ബാധകമാണെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ C4/130/17(6) 7022017 ഉത്തരവ് പ്രകാരം 2013 മെയ് 31ന് മുമ്പ് ഇത്തരം കോഴ്സുകൾക്ക് പ്രവേശനം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും സ്റ്റേറ്റ് ടെക്നിക്കൽ എജ്യുക്കേഷൻ ബോർഡിന്റെ തുല്യതാ യോഗ്യത നൽകുകയും ചെയ്തിട്ടുണ്ട്.

ഡൽഹി, കേരള ഹൈക്കോടതികളുടെ ഉത്തരവുകളിലൂടെ 2013 മെയ് 31ന് ശേഷമുള്ള പ്രവേശനങ്ങളും ക്രമവത്കരിച്ചിട്ടുണ്ട്. 2013ന് മുമ്പും ശേഷവും നടന്ന പ്രസ്തുത കോഴ്സുകൾക്ക് ഒരേ പാഠ്യപദ്ധതിയാണ് പിന്തുടർന്നതെന്നും സമിതി കണ്ടെത്തി. മാത്രവുമല്ല, 1965ലെ സർക്കാർ ഉത്തരവ് നിലവിലുള്ളതിനാൽ എം ഐ ഇ ടിയിൽ നടത്തിയ വിവിധ ഡിപ്ലോമ കോഴ്സുകൾ പി എസ് സിയുടെ അംഗീകാരത്തിന് അർഹമാണെന്നും സമിതി നിരീക്ഷിച്ചു.

ഈ പാശ്ചാത്തലത്തിൽ കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ അംഗീകാരത്തോടെ എം ഐ ഇ ടിയിൽ നടന്ന സിവിൽ, ആർകിടെക്ച്ചർ, ഓട്ടോ മൊബൈൽ ഡിപ്ലോമ കോഴ്സുകളിൽ 2013 മെയ് 31ന് ശേഷം പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് കൂടെ സംസ്ഥാന സർക്കാറിന്റെ തുല്യതാ യോഗ്യത ബാധകമാക്കേണ്ടതാണെന്ന് സമിതി ശിപാർശ ചെയ്തു.

എം ഐ ഇ ടിക്കു പുറമെ കേരളത്തിലെ വടക്കൻ ജില്ലകളിലെ മറ്റു സ്ഥാപനങ്ങളിലും ഇക്കാലയളവിൽ ഇതേ കോഴ്സുകൾ നടന്നതായും സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മേഖലാ ജോയിന്റ് ഡയറക്ടർ എൻ ശാന്തകുമാർ, എൻ ഐ ടി അസോസിയേറ്റ് പ്രൊഫസർ ഡോ. എം നസീർ, എൻ ഐ ടി അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബി സജിത്ത് എന്നിവർ അംഗങ്ങളായ വിദഗ്ധ സമിതിയാണ് കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചത്.

കഴിഞ്ഞ ഇരുപത് ദിവസമായി നടക്കുന്ന സമരമാണ് ഇതോടെ പര്യവസാനത്തിൽ എത്തിയിരിക്കുന്നത്. എം.എസ്.എഫ് തുടങ്ങി വെച്ച സമരം വിവിധ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു നടന്നു വന്നത്. സമരം തീർക്കാനുള്ള ശ്രമങ്ങളും ഇടക്കാലത്തുണ്ടായി. കാന്തപുരത്തിനു കീഴിലുള്ള സംഘടനയായ എസ് എസ് എഫ് പ്രവർത്തകരിൽ ചിലർ സമരത്തിലെത്തിയത് നാടകീയ രംഗങ്ങൾക്കിടയാക്കിയിരുന്നു.

ഇതിനിടെ സമാന പ്രശ്‌നം നിലനിൽക്കുന്ന ജമാഅത്തേ ഇസ്ലാമിയുടെ തിരൂർക്കാട് ഹമദ് ഐടിഐയിലേക്കും സമരം വ്യാപിച്ചിരുന്നു. മർക്കസ് സമരം രാഷ്ട്രീയ പ്രേരിതമാണെന്നും ലീഗിന്റെ മർക്കസ് വിരോധമാണ് സമരത്തിന്റെ കാതലെന്നും തുടക്കം മുതൽ ആരോപണം ഉയർന്നിരുന്നു.

അതേ സമയം മർക്കസ് സമരത്തിന് മുസ്ലിം ലീഗിന് ബന്ധമില്ലെന്ന് നേതാക്കൾ വ്യക്തമാക്കി. എന്നാൽ കോഴ്‌സിന്റെ അംഗീകാരം സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോർട്ട് വന്നതോടെ സമരസമിതിക്കും ലീഗിനും എതിരെ കൂടുതൽ വിമർശനങ്ങൾ ഉയർന്നു. റിപ്പോർട്ട് വന്ന സാഹചര്യത്തിൽ നാട്ടുകാരുടെയും മർക്കസ് വിദ്യാർത്ഥികളുടെയും ഐക്യദാർഢ്യ പ്രകടനം നടന്നു. മർക്കസിനു നേരെയുള്ള സമരക്കാരുടെ ആക്രമണത്തിൽ വിവിധ സുന്നി സംഘടനകൾ പ്രതിഷേധിച്ചു.

എന്നാൽ മർക്കസിനു മുന്നിൽ നടന്ന അനിഷ്ട സംഭവത്തിൽ സമരക്കാർക്ക് ബന്ധമില്ലെന്ന് സമരസമിതി ചെയർമാൻ വിശ്വനാഥൻ പറഞ്ഞു. കോഴ്‌സിന്റെ അംഗീകാരം സംബന്ധിച്ച് കളക്ടറുടെ സാന്നിധ്യത്തിൽ പ്രൂവ് ചെയ്താൽ ഉൾകൊള്ളാൻ തയ്യാറാണെന്നും സമര സമിതിയുടെ തുടർപ്രവർത്തനം പഞ്ചായത്ത് ബോർഡ് സമിതിയുടെ സാന്നിധ്യത്തിൽ നടക്കുന്ന ചർച്ചക്കു ശേഷമായിരിക്കുമെന്നും ചെയർമാൻ മറുനാടൻ മലയാളിയോടു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP