Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉമ്മൻ ചാണ്ടിയുടെ ലെറ്റർ ഹെഡിൽ വ്യാജരേഖ ചമച്ച കേസ്; ബിജു രാധാകൃഷ്ണന് എതിരായ കേസിൽ രേഖകൾ ഹാജരാക്കാൻ ഉത്തരവിട്ട് കോടതി; വിധി പ്രസ്താവം മാറ്റിവച്ചു; രണ്ടാം പ്രതിയായ കമ്പ്യൂട്ടർ വിദഗ്ധൻ കേസിൽ മാപ്പുസാക്ഷിയാകും

ഉമ്മൻ ചാണ്ടിയുടെ ലെറ്റർ ഹെഡിൽ വ്യാജരേഖ ചമച്ച കേസ്; ബിജു രാധാകൃഷ്ണന് എതിരായ കേസിൽ രേഖകൾ ഹാജരാക്കാൻ ഉത്തരവിട്ട് കോടതി; വിധി പ്രസ്താവം മാറ്റിവച്ചു; രണ്ടാം പ്രതിയായ കമ്പ്യൂട്ടർ വിദഗ്ധൻ കേസിൽ മാപ്പുസാക്ഷിയാകും

പി നാഗരാജ്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ലെറ്റർ ഹെഡിൽ വ്യാജരേഖ നിർമ്മിച്ച് പ്രവാസിക്ക് നൽകി ഒരു കോടി രൂപ തട്ടിയെടുത്ത് ചതിച്ചെന്ന കേസിൽ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയിൽ നിലവിലുള്ള കേസിന്റെ റെക്കോർഡുകൾ മാർച്ച് 15ന് ഹാജരാക്കാൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു.കേസിലെ പ്രതി ബിജു രാധാകൃഷ്ണൻ അന്തിമവാദ വേളയിൽ സമർപ്പിച്ച ഹർജി അംഗീകരിച്ചു കൊണ്ടാണ് സിജെഎം: എ.എസ്. മല്ലികയുടെ ഉത്തരവ്.

വ്യാജരേഖ നിർമ്മിച്ചുവെന്ന കേസും അതേ വ്യാജ രേഖ നൽകി പ്രവാസിയായ റാസിഖ് അലിയെ ചതിച്ച് ഒരു കോടി രൂപ തട്ടിയെടുത്തതിന് ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയിൽ നടക്കുന്ന വഞ്ചനാ കേസും ഒരുമിച്ച് വിചാരണ ചെയ്യേണ്ടതാണെന്നും ഒരുമിച്ച് വിചാരണ നടത്തി വിധി പ്രസ്താവിക്കേണ്ടതാണെന്നും കാണിച്ച് ബിജു സമർപ്പിച്ച ഹർജിയിൽ കഴമ്പുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി ഉത്തരവ്. അന്തിമ വാദം കേട്ട് വിധി പ്രസ്താവിക്കാനിരിക്കെയാണ് ബിജുവിന്റെ ഹർജിയെത്തിയത്.

സോളാർ തട്ടിപ്പ് കേസിലെ ബിജു രാധാകൃഷ്ണനാണ് കേസിൽ സിജെഎം കോടതിയിൽ വിചാരണ നേരിട്ട ഏക പ്രതി. വ്യാജ നിർമ്മാണത്തിന് സഹായിച്ച രണ്ടാം പ്രതിയായ കംപ്യൂട്ടർ വിദഗ്ധനെ കേസന്വേഷണ ഘട്ടത്തിൽ തന്നെ മാപ്പുസാക്ഷിയാക്കിയിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 465 (വ്യാജ നിർമ്മാണം), 468 (ചതിക്കുന്നതിന് വേണ്ടിയുള്ള വ്യാജ നിർമ്മാണം) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങൾ ബിജുവിന് മേൽ ചുമത്തിയാണ് സിജെഎം കോടതി കേസ് വിചാരണ ചെയ്തത്.

2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉമ്മൻ ചാണ്ടിയുടെ ലെറ്റർ പാഡിൽ, ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണന്റെ നിർദേശമനുസരിച്ച് രണ്ടാം പ്രതിയും കംപ്യൂട്ടർ വിദഗ്ധനുമായ എറണാകുളം ഗ്രാഫ്എക്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമ തമ്മനം സ്വദേശി പോൾ എന്ന ഫ്രെനി, വ്യാജമായ വിവരങ്ങൾ സ്‌കാൻ ചെയ്ത് ചേർത്ത് സോളാർ തട്ടിപ്പിന് ഇരകളെ ആകർഷിക്കാനായി വ്യാജ നിർമ്മാണം നടത്തിയെന്നാണ് കേസ്. ഫ്രെനിയെ കേസിൽ പിന്നീട് മാപ്പുസാക്ഷിയാക്കി. താൻ ചെയ്ത കൃത്യവും ബിജു ചെയ്ത കൃത്യവും അന്വേഷണ ഘട്ടത്തിൽ കുറ്റസമ്മത മൊഴിയായി മജിസ്‌ട്രേട്ടിന് രഹസ്യമൊഴി നൽകി.

തുടർന്ന് കോടതി ഇയാൾക്ക് മാപ്പ് നൽകി പ്രതിസ്ഥാനത്ത് നിന്നും കുറവ് ചെയ്ത് മാപ്പുസാക്ഷിയാക്കുകയായിരുന്നു. കുറ്റകൃത്യത്തിൽ അപരാധമനസ്സും പങ്കും പങ്കാളിത്തവും താരതമ്യേന കുറവുള്ള രണ്ടാം പ്രതിയെ മാപ്പ് സാക്ഷിയാക്കണമെന്ന അന്വേഷണ സംഘത്തിന്റെ അപേക്ഷ അനുവദിച്ചാണ് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 306 പ്രകാരം സി.ജെ.എം കോടതി രണ്ടാം പ്രതിക്ക് മാപ്പ് നൽകി പ്രോസിക്യൂഷൻഭാഗം സാക്ഷിയാക്കിയത്. മാപ്പുസാക്ഷി വിചാരണ വേളയിൽ പ്രോസിക്യൂഷന് അനുകൂലമായി കൃത്യമായ സാക്ഷിമൊഴിയാണ് നൽകിയിട്ടുള്ളത്. പ്രോസിക്യൂഷൻ കേസ് ബലപ്പെടുത്താനാണ് കുറ്റപത്രം സമർപ്പിക്കും മുമ്പേ രണ്ടാം പ്രതിയെ മാപ്പ് സാക്ഷിയാക്കിയത്.

സ്വിസ് സോളാർ ടെക്‌നോളജി എന്ന പേരിൽ ബിജുവിന്റെ ഉടമസ്ഥതയിൽ കമ്പനി നടത്തിവന്നിരുന്നു. ഈ കമ്പനിയുടെ മറവിൽ സോളാർ തട്ടിപ്പ് നടത്തുന്നതിന് വ്യാജ നിർമ്മാണം നടത്തിയെന്നാണ് കേസ്. പ്രവാസിയായ തിരുവനന്തപുരം മണക്കാട് സ്വദേശി റാസിഖ് അലിയുടെ പരാതിയിൽ തമ്പാനൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സോളാർ പാനലിന്റെ മൊത്ത വിതരണം റാസിഖ് അലിക്ക് നൽകാമെന്ന് പ്രലോഭിപ്പിച്ചും തെറ്റിദ്ധരിപ്പിച്ചും ബിജു രാധാകൃഷ്ണൻ 1, 04 ,60 ,000 രൂപ വഞ്ചിച്ചെടുത്തിരുന്നു. കേന്ദ്ര ഊർജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകാനായി ബിജു വ്യാജ ശുപാർശക്കത്ത് ഫ്രെനിയുടെ പങ്കാളിത്തത്തോടെ നിർമ്മിച്ച് റാസിഖ് അലിക്ക് നൽകുകയായിരുന്നു.

2014 ജനുവരി 1 നാണ് സോളാർ പ്രത്യേക അന്വേഷണ സംഘം കേസിൽ കുറ്റപത്രം സമർപ്പിച്ചത്. റാസിഖ് അലിയെ ചതിച്ച് ഒരു കോടി രൂപ തട്ടിച്ചതിന് ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയിൽ നടക്കുന്ന കേസിൽ 3 പ്രതികളുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP