Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അന്നാ മാത്യുവിന്റെ കുഞ്ഞുമായി കേരളാ ഹൈക്കോടതിയെ വെട്ടിച്ചു ബ്രിട്ടീഷുകാരനായ മുൻ ഭർത്താവ് മുങ്ങിയത് നേപ്പാൾ വഴി ലണ്ടനിലേക്ക്; ലണ്ടൻ കോടതി വിധി അനുകൂലമായതോടെ ഇന്ന് കുഞ്ഞിനെ കൈമാറിയേക്കും

അന്നാ മാത്യുവിന്റെ കുഞ്ഞുമായി കേരളാ ഹൈക്കോടതിയെ വെട്ടിച്ചു ബ്രിട്ടീഷുകാരനായ മുൻ ഭർത്താവ് മുങ്ങിയത് നേപ്പാൾ വഴി ലണ്ടനിലേക്ക്; ലണ്ടൻ കോടതി വിധി അനുകൂലമായതോടെ ഇന്ന് കുഞ്ഞിനെ കൈമാറിയേക്കും

ലണ്ടൻ: ഏറെ നാളത്തെ കാത്തിരിപ്പിനും പരിശ്രമങ്ങൾക്കും ശേഷം അനുകൂലമായി വന്ന ലണ്ടൻ കോടതി വിധിയിലൂടെ ബ്രിട്ടീഷുകാരനായ മുൻഭർത്താവിൽ നിന്നും അന്നാ മാത്യു കുഞ്ഞിനെ തിരിച്ചു പിടിക്കുകയാണ്. ഇപ്പോൾ ലണ്ടനിലുള്ള അന്നയ്ക്ക് കുഞ്ഞിനെ ഇന്ന് കൈമാറിയേക്കുമെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്. കഴിഞ്ഞ ഡിസംബർ 31നാണ് ജയിംസ് കുഞ്ഞുമായി മുങ്ങിയത്. ഗോവയിലേക്കെന്ന് പറഞ്ഞ് മകനുമായി പോയ ജയിംസ് കാഠ്മണ്ഡുവിലെത്തിയതായും അവിടെ നിന്നും ജനുവരി അഞ്ചിന് ഇംഗ്ലണ്ടിലേക്കു പോയതായുമുള്ള വിവരം ചെന്നൈയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷൻ അന്നയെ അറിയിച്ചിരുന്നു. തുടർന്ന് ഹൈക്കമ്മിഷൻ വഴി ലണ്ടൻ പൊലീസിൽ വിവരം അറിയിച്ചു നടപടികൾ ഊർജിതമാക്കിയതോടെയാണ് ലണ്ടൻ കോടതിയിൽ നിന്നും അന്നയ്ക്ക് അനുകൂലമായി വിധിയുണ്ടായത്.

അന്നാ മാത്യുവും ജയിംസ് റോബർട്ട് എഡ്വേർഡ് പിയേഴ്സും തമ്മിലുള്ള വിവാഹമോചനക്കേസ് കോടതിയുടെ പരിഗണയിലിരിക്കെയാണ് മകനുമായി ഭർത്താവ് മുങ്ങിയത്. കൊച്ചിയിലെ ഹോംസ്റ്റേയിൽ നിന്നും ഡിസംബർ 31നാണ് ജയിംസ് അഞ്ചു വയസുള്ള മകനുമായി മുങ്ങിയത്. അഞ്ച് ദിവസം ഒപ്പം നിർത്താൻ ഹൈക്കോടതിയിൽ നിന്ന് താത്കാലിക അനുമതി വാങ്ങിയ ശേഷം കുട്ടിയുമായി സംസ്ഥാനം വിട്ട ജയിംസ് റോബർട്ട് എഡ്വേഡ് പിയേഴ്‌സിനായി മട്ടാഞ്ചേരി പൊലീസ് ഇതര സംസ്ഥാനങ്ങളിലടക്കം അന്വേഷണം നടത്തിവരുകയായിരുന്നു. ഇതിനിടയാണ് മകൻ സാമുവൽ ചാൾസുമായി ഭർത്താവ് ജയിംസ് ഇംഗ്ലണ്ടിലേക്കു പോയതായി അന്നയ്ക്കു വിവരം ലഭിച്ചത്.

കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഡൽഹിയിൽനിന്ന് ബ്രിട്ടിഷ് ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥരും അന്നയ്ക്ക് സഹായങ്ങൾ ലഭ്യമാക്കിയിരുന്നു. കൂടാതെ ഡിജിപി ലോക്നാഥ ബെഹ്റ വിവിധ രാജ്യാന്തര അന്വേഷണ ഏജൻസികളുമായി കേസിന്റെ വിവരങ്ങളും ചർച്ച ചെയ്തിരുന്നു. ലണ്ടനിൽ ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന 'റീയുണൈറ്റഡ്' എന്ന സന്നദ്ധ സംഘടനയുമായി ബന്ധപ്പെട്ടാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

ഇരുവരുടെയും പാസ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ വ്യാജരേഖകൾ ഉപയോഗിച്ചാണ് ജയിംസ് കുഞ്ഞിനേയും കൊണ്ട് ഇന്ത്യ വിട്ടതെന്നാണ് സൂചന. ഇരുവരുടേയും പാസ്പോർട്ട് മോഷണം പോയെന്നുള്ള ഇന്ത്യൻ പൊലീസ് റിപ്പോർട്ടും അന്നയുടെ ഒപ്പോടു കൂടിയ ഒരു വ്യാജ കത്തും ഉപയോഗിച്ചാണ് കാഠ്മണ്ഡുവിൽനിന്നു യുകെയിലേക്കുള്ള യാത്രാ രേഖകൾ ജെയിംസ് തരപ്പെടുത്തിയിരിക്കുന്നതെന്നാണ് സൂചന.

കുട്ടിയുടെ അമ്മയായ കൊല്ലം സ്വദേശിനി അന്ന മാത്യൂസ് നൽകിയ പരാതിയുടേയും ഇതിനു പുറമെ ഫോർട്ട് കൊച്ചിയിലെ സ്ഥാപനത്തിൽ നിന്നും വാടകയ്ക്കു കൊടുത്ത വാഹനം തിരിച്ചു നൽകാതെ തട്ടിയെടുത്തതിനും മുറി വാടക നൽകാത്തത്തിന് ഹോംസ്‌റ്റേ ഉടമയും നൽകിയ പരാതികളുടേയും അടിസ്ഥാനത്തിലാണ് ജയിംസ് റോബർട്ട് എഡ്വേഡ് പിയേഴ്സിനായുള്ള ഊർജ്ജിത അന്വേഷണം നടന്നത്. ജയിംസും അന്നയും തമ്മിലുള്ള വിവാഹ മോചനക്കേസ് കോടതിയിൽ നടന്നുവരുന്ന സാഹചര്യത്തിൽ മകൻ സാമുവലിനെ അമ്മ അന്നയ്ക്കൊപ്പം നിർത്തണമെന്നും പിതാവിന് ആവശ്യമെങ്കിൽ കുട്ടിയെ സന്ദർശിക്കാമെന്നുമാണു കോടതി നിർദേശിച്ചിരുന്നത്.

ഈ നിർദ്ദേശം പാലിച്ചു വരവേയാണ് ജയിംസ് കേരളാ ഹൈക്കോടതിയെ സമീപിച്ച് മകനെ ഒപ്പം നിർത്താനുള്ള ഉത്തരവ് നേടിയെടുത്തത്. കഴിഞ്ഞ ഡിസംബർ 31നു വൈകിട്ട് മൂന്നിന് ഹാജരാക്കണമെന്ന നിർദേശത്തോടെയാണ് ഡിസംബർ 26നു കോടതി കുട്ടിയെ ജയിംസിനൊപ്പം വിട്ടയച്ചത്. എന്നാൽ 31നു ശേഷവും കുട്ടിയെ വിട്ടുകൊടുക്കാൻ ജയിംസ് തയാറായില്ല. പിന്നീട് കേസ് പരിഗണിച്ചപ്പോൾ, ജയിംസ് കുട്ടിയുമായി ഗോവയ്ക്കു പോയെന്നും മറ്റു വിവരങ്ങളൊന്നും അറിയില്ലെന്നും അഭിഭാഷകൻ അറിയിക്കുകയായിരുന്നു. കഴിഞ്ഞ പത്തു വർഷമായി ടൂറിസ്റ്റ് വിസയിലാണ് ജയിംസ് ഇന്ത്യയിൽ കഴിഞ്ഞു വന്നിരുന്നത്.

ജയിംസിനു കുഞ്ഞിനെ കാണാൻ 2014 നവംബറിൽ ഹൈക്കോടതി അനുമതി നൽകിയിരുന്നു. എന്നാൽ ഒരു വർഷത്തിനുള്ളിൽ ഒരിക്കൽ പോലും സാമിനെ കാണാൻ ജെയിംസ് എത്തിയിരുന്നില്ല. ജനുവരി മൂന്നിനാണ് വിവാഹമോചന കേസ് ഹൈക്കോടതി വീണ്ടും പരിഗണനയ്ക്കെടുത്തത്. രണ്ടു ദിവസത്തേക്ക് അഭിഭാഷകൻ കേസ് മാറ്റിവച്ചു. തുടർന്ന് അഞ്ചാം തീയതി എത്തി ജെയിംസ് ഗോവയ്ക്കു പോയെന്നു കോടതിയെ അറിയിക്കുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP