Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുപ്രീംകോടതിയുടെ മുഖമടച്ചുള്ള അടി കിട്ടിയത് പിണറായിയുടെ പിടിവാശിക്ക്; ആഭ്യന്തര മന്ത്രിയെന്ന നിലയിലെ ആദ്യ നടപടി തന്നെ പാളിയതു മുഖ്യമന്ത്രിയെ കൂടുതൽ ദുർബലനാക്കും; സെൻകുമാർ മടങ്ങിവരുമ്പോൾ ലോകനാഥ് ബെഹ്റ ഇനി എന്തു ചെയ്യും?

സുപ്രീംകോടതിയുടെ മുഖമടച്ചുള്ള അടി കിട്ടിയത് പിണറായിയുടെ പിടിവാശിക്ക്; ആഭ്യന്തര മന്ത്രിയെന്ന നിലയിലെ ആദ്യ നടപടി തന്നെ പാളിയതു മുഖ്യമന്ത്രിയെ കൂടുതൽ ദുർബലനാക്കും; സെൻകുമാർ മടങ്ങിവരുമ്പോൾ ലോകനാഥ് ബെഹ്റ ഇനി എന്തു ചെയ്യും?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ടി പി സെൻകുമാറിനെ പൊലീസ് മേധാവിയായി വീണ്ടും നിയമിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടതോടെ പ്രത്യക്ഷത്തിൽ ഏറ്റവും വലിയ തിരിച്ചടി നേരിട്ടിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ്. കാരണം പിണറായി വിജയന്റെ പിടിവാശി തന്നെയാണ് ഡിജിപി സ്ഥാനത്തു നിന്നും സെൻകുമാറിനെ മാറ്റി ലോകനാഥ് ബെഹ്‌റയെ കൊണ്ടുവന്നതിന് പിന്നിൽ. ഇത് സംബന്ധിച്ച വിവാദങ്ങൾ ഉണ്ടായപ്പോൾ പല വിധത്തിൽ പ്രതിരോധിക്കാൻ നേരിട്ടിറങ്ങിയത് സെൻകുമാർ തന്നെയായിരുന്നു. ടി പി വധക്കേസിലെ അടക്കം ഇടപെടലുകളാണ് സെൻകുമാറിനെ മാറ്റി നിർത്താൻ ഇടതു സർക്കാറിനെ പ്രേരിപ്പിച്ചത്.

ആഭ്യന്തര മന്ത്രിയെന്ന നിലയിൽ പിണറായി വിജയൻ കൈക്കൊണ്ട ആദ്യത്തെ നടപടി കൂടിയായിരുന്നു സെൻകുമാറിനെ മാറ്റിയത്. അതുകൊണ്ട് തന്നെ ഈ വിധി കനത്ത പ്രഹരമായിരിക്കുന്നത് പിണറായി വിജയന്റെ പിടിവാശിക്ക് കൂടിയായിരുന്നു. വി എസ് അടക്കമുള്ള മുൻ മുഖ്യമന്ത്രിമാർ കൈക്കൊണ്ടുപോന്ന കീഴ് വഴക്കങ്ങളുടെ ലംഘനമായിരുന്നു പിണറായിയുടേത്. അതുകൊണ്ട് തന്നെ അനിവാര്യമായ തിരിച്ചടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതും.

ഡിജിപി സ്ഥാനത്തു നിന്നും മാറ്റുമ്പോൾ മാന്യമായ പദവി അദ്ദേഹത്തിന് നൽകുമെന്ന് പ്രതീക്ഷിച്ചവരും ഏറെയാണ്. എന്നാൽ, അതും ഉണ്ടായില്ല. എഡിജിപി തസ്തികയിയിൽ ഇരിക്കേണ്ട പദവിയാണ് പിണറായി നൽകിയത്. ഇത് സെൻകുമാറിനെ കൂടുതൽ വിഷമിക്കുകയും ചെയ്തു. ഇതോടെയാണ് നിയമത്തിന്റെ വഴിയിലേക്ക് സെൻകുമാർ നീങ്ങിയതും ഇപ്പോൾ വിജയം നേടിയത്. കോടതി ഉത്തരവോടെ സെൻകുമാർ ഡിജിപി പദവിയിലേക്ക് തിരിച്ചെത്തുമ്പോൾ പിണറായി വിജയന് കടുത്ത ക്ഷീണമാണ് ഉണ്ടിയിരിക്കുന്നത്.

സെൻകുമാർ തിരികെ ജോലിയിൽ പ്രവേശിക്കാൻ തീരുമാനിച്ചാൽ നിലവിലെ ഡിജിപിയായ ലോകനാഥ് ബെഹ്‌റെ എന്തു ചെയ്യുമെന്ന ചോദ്യമാണ് ഉയരുന്നത്. സെൻകുമാറിന് രണ്ട് മാസം മാത്രമാണ് ഇനി സർവീസുള്ളത്. ബെഹ്‌റയ്ക്കാകട്ടെ കൂടുതലുണ്ട് താനും. അടുത്തിടെ ആഭ്യന്തര വകുപ്പിൽ നിന്നുണ്ടായ നടപടികളുടെ പേരിൽ പിണറായി വിജയൻ കടുത്ത വിമർശനം കേൾക്കേണ്ടി വന്നിരുന്നു. ബെഹ്‌റയെ മാറ്റണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ നിന്നു തന്നെ ഉയർന്നിരുന്നു.

പിണറായിക്കൊപ്പം തിരിച്ചടി നേരിട്ടതിനൊപ്പം തന്നെ നളിനി നെറ്റോക്ക് കൂടി ഏറ്റ തിരിച്ചടിയായിരുന്നു അദ്ദേഹം നേരിട്ടത്. നെറ്റോയ്ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി തിരുവനന്തപുരം വിജിലൻസ് കോടതിയിൽ അദ്ദേഹം ഹർജി നേരത്തെ നൽകിയിരുന്നു. ഡിജിപി സ്ഥാനത്തുനിന്നു മാറ്റാനായി രേഖകളിൽ കൃത്രിമത്വം കാണിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളാണ് നളിനെക്കിരേ ഉന്നയിച്ചിരിക്കുന്നത്. ഈ വിഷയം താൻ മറന്നിട്ടില്ലെന്ന കാര്യവും സെൻകുമാർ ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്.

പുറ്റിങ്ങൽ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കെതിരേ നടപടി എടുക്കാത്തതിലും പെരുമ്പാവൂർ ജിഷ വധക്കേസിൽ വീഴ്ചവരുത്തിയതും ചൂണ്ടിക്കാട്ടിയാണ് ടി.പി. സെൻകുമാറിനെ ഡിജിപി സ്ഥാനത്തുനിന്നു മാറ്റുന്നത്. എന്നാൽ ഡിജിപി സ്ഥാനത്തുനിന്ന് സെൻകുമാറിനെ മാറ്റിയശേഷമാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് നളിനി നെറ്റോ മുഖ്യമന്ത്രി പിണറായി വിജയനു സമർപ്പിച്ചത്. സാധാരണഗതിയിൽ ഇത്തരം റിപ്പോർട്ടുകൾ ചീഫ് സെക്രട്ടറി വഴിയാണ് മുഖ്യമന്ത്രിക്കു സമർപ്പിക്കാറുള്ളതെന്നും അതിനാൽ നളിനി നെറ്റോയുടെ റിപ്പോർട്ട് ചട്ടലംഘനമാണെന്നും പരാതിയിൽ ആരോപിക്കുന്നു.

വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരേ വിവിധ കേസുകളിൽ അന്വേഷണം ആവശ്യപ്പെടുന്ന റിപ്പോർട്ട് നളിനി നെറ്റോ പൂഴ്‌ത്തിവച്ചതായും പരാതിയിൽ ആരോപിക്കുന്നു. ഇതിനു പുറമേ, സ്വജനപക്ഷപാതം അടക്കമുള്ള ആരോപണങ്ങളും നളിനിക്കെതിരേ ഉയർത്തുന്നുണ്ട്. സർക്കാർ നീതിയുക്തമായല്ല പെരുമാറിയതെന്നും അതുകൊണ്ട് തന്നെ ഹൈക്കോടതിയുടേയും ട്രിബ്യൂണലിന്റേയും ഉത്തരവ് റദ്ദാക്കുന്നതിൽ വിയോജിപ്പില്ലെന്നും പറഞ്ഞാണ് സെൻുകമാറിന് അനുകൂലമായി കോടതി വിധിച്ചിരിക്കുന്നത്. ജസ്റ്റിസ് മദൻ ബി ലോക്കൂർ അധ്യക്ഷനായ ബഞ്ചാണ് വിധി പറഞ്ഞത്. ദുഷ്യന്ത് ദാവെ, പ്രശാന്ത് ഭൂഷൺ എന്നിവരാണ് സെൻകുമാറിന് വേണ്ടി ഹാജരായത്. ഹരീഷ് സാൽവെ സർക്കാരിന് വേണ്ടിയും ഹാജരായി.

പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തി ആദ്യം എടുത്ത തീരുമാനങ്ങളിൽ ഒന്ന് സെൻകുമാറിനെ മാറ്റി ലോക്നാഥ് ബെഹ്റയെ ഡിജിപിയാക്കുകയായിരുന്നു. എന്നാൽ ആ തീരുമാനമാണ് ഇന്ന് സർക്കാർ ഒരു വർഷം പൂർത്തിയാക്കുമ്പോൾ ബൂമറാങ്ങായി തിരിച്ചുവരുന്നത്. സെൻകുമാറിനെ നീക്കി ബെഹ്റയെ ഡിജിപിയാക്കിയത് മുതൽ പൊലീസിന്റെ ഭാഗത്ത് വീഴ്ചകളുടെ പരമ്പര തന്നെ സംഭവിച്ചു. ജിഷ്ണുക്കേസ് അടക്കമുള്ള സംഭവങ്ങളിലെ ഈ വീഴ്ചകൾ സുപ്രീംകോടതിയിൽ അക്കമിട്ട് സെൻകുമാർ നിരത്തി. സർക്കാരിന്റെ അനിഷ് ടത്തെ തുടർന്ന് ഒഴിവാക്കിയ അതേ കസേരയിലേക്ക് സെൻകുമാർ തിരിച്ചെത്തുന്നു എന്നതാണ് വിധിയുടെ ഏറ്റവും വലിയ പ്രാധാന്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP