Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പരിശോധനാഫലം പോസിറ്റീവ് ആണെന്ന് അറിഞ്ഞപ്പോൾ കുടുംബം ഒരാഴ്ചയോളം പൂർണമായി നിരാശയിലായി; സംസാരിക്കുന്നതിനു പോലും അവർക്കു താല്പര്യമില്ലാതായി; ആദ്യഘട്ടത്തിൽ ദേഷ്യഭാവം പുലർത്തിയിരുന്ന ഇവർ പിന്നീട് ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ ഇടപെടാനും തുടങ്ങി; ആദ്യം ഞെട്ടൽ.. പിന്നെ ആശങ്കയും ടെൻഷനും; ക്ലൈമാക്‌സിൽ നിറ പുഞ്ചിരിയും; ഇറ്റലിയിലെ കുടുംബത്തെ ചികിൽസിച്ച മൂന്ന് ഡോക്ടർമാരും മനസ്സു തുറക്കുമ്പോൾ

പരിശോധനാഫലം പോസിറ്റീവ് ആണെന്ന് അറിഞ്ഞപ്പോൾ കുടുംബം ഒരാഴ്ചയോളം പൂർണമായി നിരാശയിലായി; സംസാരിക്കുന്നതിനു പോലും അവർക്കു താല്പര്യമില്ലാതായി; ആദ്യഘട്ടത്തിൽ ദേഷ്യഭാവം പുലർത്തിയിരുന്ന ഇവർ പിന്നീട് ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ ഇടപെടാനും തുടങ്ങി; ആദ്യം ഞെട്ടൽ.. പിന്നെ ആശങ്കയും ടെൻഷനും; ക്ലൈമാക്‌സിൽ നിറ പുഞ്ചിരിയും; ഇറ്റലിയിലെ കുടുംബത്തെ ചികിൽസിച്ച മൂന്ന് ഡോക്ടർമാരും മനസ്സു തുറക്കുമ്പോൾ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ആകെ അഞ്ചു രോഗികൾ. നാലു പേരും 50 ന് മുകളിൽ പ്രായമുള്ളവർ. ഉയർന്ന രക്തസമ്മർദം, ഹൃദയസംബന്ധമായ അസുഖം. കോവിഡാണ് എന്ന് കേട്ടപ്പോഴുള്ള രോഗികളുടെ മാനസിക വ്യഥ. ഇതിവിടെ ചികിൽസിക്കണോ എന്നു പോലും ചിന്തിച്ചു. അപ്പോഴാണ് ധൈര്യം നൽകി മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ജില്ലാ കലക്ടറും ഡിഎംഓയും എത്തിയത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അഞ്ചു കൊവിഡ് രോഗികളെ ചികിൽസിച്ച് ഭേദമാക്കിയ അനുഭവം പങ്കു വയ്ക്കുകയായിരുന്നു ഡോക്ടർമാരായ ശരത് തോമസ് റോയ്, ടിആർ ജയശ്രീ, നസ്ലിൻ എ സലാം എന്നിവർ.

ടിവിയിലും പത്രങ്ങളിലും മാത്രം കണ്ടും കേട്ടുമറിഞ്ഞ കോവിഡ് 19 സ്വന്തം കൺമുമ്പിലെത്തിയപ്പോൾ ആദ്യം ഞെട്ടലാണ് ഉണ്ടായതെന്ന് മൂവരും പറയുന്നു. പിന്നാലെ ആശങ്കയും ടെൻഷനും. ഒടുവിൽ, തങ്ങളുടെ മുന്നിലെത്തിയവരെ എങ്ങനെയും രക്ഷിച്ച് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണം എന്നുറപ്പിച്ചു. ജില്ലയിൽ ആദ്യമായി കോവിഡ് ബാധിച്ചെത്തിയ ഇറ്റലി കുടുംബത്തിലെ അഞ്ചു പേരിൽ മൂന്നുപേരും പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും, ഹൃദയസംബന്ധമായ പ്രശ്നങ്ങളുമൊക്കെയുള്ളവർ.

ഇതിവിടെ ചികിൽസിക്കണോ? എല്ലാവരും ഭീതിയോടു ചോദിച്ചു. ധൈര്യമായി മുന്നോട്ടു പോകൂ.എല്ലാ സഹായങ്ങളും ലഭ്യമാക്കി ഞങ്ങൾ കൂടെയുണ്ടാകുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി ഷൈലജ, ജില്ലാ കലക്ടർ പിബി നൂഹ്, ഡി.എം.ഒ: ഡോ എഎൽ ഷീജ തുടങ്ങിയവരുടെ വാക്കുകൾ ധൈര്യം പകർന്നു. ഒപ്പം ആശുപത്രി സൂപ്രണ്ട് ഡോ സാജൻ മാത്യു, ആർഎംഒ: ഡോ.ആഷിഷ് മോഹൻകുമാർ എന്നിവർ സർവ പിന്തുണകളുമായി രംഗത്ത് വന്നു. ഇറ്റലി കുടുംബത്തിനും ബന്ധുക്കൾക്കും ആദ്യം അവരുടെ രോഗം സംബന്ധിച്ച വ്യക്തതയില്ലായുരുന്നു. പരിശോധനാഫലം പോസിറ്റീവ് ആണെന്ന് അറിഞ്ഞപ്പോൾ കുടുംബം ഒരാഴ്ചയോളം പൂർണമായി നിരാശയിലായി.

മാനസികമായി തകർന്നതിനാൽ സംസാരിക്കുന്നതിനു പോലും അവർക്കു താല്പര്യമില്ലാതായി. മരിക്കുമെന്നുള്ള ഭയം. പിന്നീട് ഡോക്ടർമാരും നഴ്സുമാരും മറ്റു ജീവനക്കാരും കൗൺസിലിംഗിലൂടെ ഇവരുടെ മാനസികാരോഗ്യനില ഉയർത്തി. അപ്രതീക്ഷിതമായ സാഹചര്യമായതിനാൽ സാമ്പത്തിക പ്രശ്നങ്ങൾ നേരെയാകാൻ ഒരാഴ്ച വേണ്ടിവന്നു. ഇതിനിടയിൽ ആവശ്യമായ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ഡോക്ടർമാർ സ്വന്തം ചെലവിൽ നിർവഹിച്ചു. ആശുപത്രിയിൽ അടുക്കള പ്രത്യേകമായി ആരംഭിച്ചു. ശാസ്ത്രീയമായ രീതിയിൽ കോവിഡ് രോഗികൾക്കു ഭക്ഷണം നൽകി. ചികിത്സിക്കുന്നവർ സ്വന്തം വീടുകളിൽനിന്നുപോലും പഴവർഗങ്ങൾ ലഭ്യമാക്കി. 48 മണിക്കൂറുകൾ ഇടവിട്ട് ഇവരുടെ സാമ്പിൾ പരിശോധിച്ചുകൊണ്ടിരുന്നു.

പേഴ്സണൽ പ്രൊട്ടക്ഷൻ എക്യുപ്മെന്റ് (പി.പി.ഇ കിറ്റ്) ഡ്രസ് ധരിക്കുന്നതാണ് ഡോക്ടർമാരെ എറ്റവും ബുദ്ധിമുട്ടിച്ചിരുന്നത്. ഡ്രസ് ധരിക്കണമെങ്കിൽ 20 മിനിറ്റ് വേണം. മറ്റുള്ളവരിലേക്ക് വൈറസ് ബാധിക്കാതിരിക്കാൻ. മണിക്കൂറുകളോളം അത്യുഗ്രമായ ചൂടിൽ ഇതിനിടയിൽ വിയർത്തുകുളിച്ചിരിക്കും. ഇവ അഴിച്ചുമാറ്റുന്നതും വളരെ സൂക്ഷമതയോടെ ആകണം. ഓരോ സാമ്പിൾ പരിശോധനയിലും വൈറസിന്റെ അളവ് കുറഞ്ഞുകൊണ്ടിരുന്നു. എന്നാൽ പൂർണമായി കുറയാത്തതിനാൽ രോഗികൾ വീണ്ടും മാനസികമായി തകർന്നു. ദിവസവും ഇവരുടെ മുറികളിൽ പത്രം എത്തിച്ചിരുന്നു. കൂടാതെ മലയാള സാഹിത്യവും ബൈബിളും ഒക്കെ വായിക്കുന്നതിനു നൽകിയിരുന്നു.

തകരാറിലായ കണ്ണടയ്ക്കുപകരം പുതിയതു വാങ്ങി നൽകി. പത്രങ്ങളിലൂടെ മരണവാർത്തകൾ, നാട്ടിലെ പ്രശ്നം, സഞ്ചരിച്ചതിന്റെ റൂട്ട് മാപ്പ്, ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിൽ എന്നിവയൊക്കെ അറിഞ്ഞപ്പോൾ കുടുംബാംഗങ്ങൾ വീണ്ടും മാനസികമായി തകരാൻ തുടങ്ങി. പിന്നീട് ഡോ.ബോധിയുടെ സഹായത്താൽ കൗൺസിലിംഗിലൂടെ തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചു. ജീവനക്കാരുടെ ഭാഗത്തുനിന്നും സ്നേഹവും സാന്ത്വനവും നൽകി പരിചരിച്ചു. ആദ്യഘട്ടത്തിൽ ദേഷ്യഭാവം പുലർത്തിയിരുന്ന ഇവർ പിന്നീട് ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ ഇടപെടാൻ തുടങ്ങി. മുതിർന്നവർ മക്കളോടെന്ന പോലെയുള്ള പെരുമാറ്റം.

ഇവരെ ചികിൽസിക്കുന്ന ഡോക്ടർമാരുടെയും നഴ്സുമാരുടെയും സാമ്പിളുകളും പരിശോധിച്ചുകൊണ്ടിരുന്നു. പരിശോധനാഫലം പുറത്തുവരുന്നതുവരെ ആരോഗ്യപ്രവർത്തകരും ഭയന്നു ജീവിക്കുന്ന അവസ്ഥ. ഡോക്ടർമാർക്കും നഴ്സുമാർക്കും സ്വന്തം വീടുകളിലും നാട്ടിലും എത്തുന്നതിനും ബുദ്ധമുട്ടായി. വീടുകളിൽ പ്രായമായ മാതാപിതാക്കളും കൊച്ചുകുഞ്ഞുങ്ങളും എല്ലാമുണ്ട്. അതിനാൽ വീടുകളിൽ എത്താൻ ഭയം. ആരോഗ്യപ്രവർത്തകർ തിരിച്ചെത്തുമ്പോൾ നാട്ടുകാർക്ക് ഭയം. വേദനിപ്പിക്കുന്ന വാക്കുകൾ...

രോഗം പൂർണമായി ഭേദമായി എന്നറിഞ്ഞപ്പോൾ രോഗികളെക്കാൾ ഏറെ സന്തോഷിച്ചത് അവരെ ചികിൽസിച്ച ഡോക്ടർമാരും നഴ്സുമാരുമാണ്. ഓരോ തവണ സാമ്പിൾ എടുക്കുമ്പോഴും മരുന്ന് നൽകുമ്പോഴുമെല്ലാം ഇവരുടെ അസുഖം ഭേദമാകണമെന്ന് മനസുരുകി പ്രാർത്ഥിച്ചിരുന്നു. ഒൻപതാമത്തെ തവണയിലെ സാമ്പിൾ പരിശോധാഫലമാണ് നെഗറ്റീവായി മാറിയത്. രോഗവിമുക്തരായി പുറത്തിറങ്ങിവന്ന ഇറ്റലി കുടുംബത്തിലെ മുതിർന്നവർ, മോനെ നീ ഞങ്ങളെ രക്ഷിച്ചു എന്നുപറഞ്ഞു കെട്ടിപ്പിടിച്ചു കരഞ്ഞത് ഡോ.ശരത് തോമസ് റോയിയുടെ മനസിൽ നിന്നും ഇപ്പോഴും മാറിയിട്ടില്ല. ഇപ്പോൾ കോവിഡിന് എതിരെ പോരാടാൻ ആത്മവിശ്വാസം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുരേഷിന്റെ പ്രവർത്തനം എത്ര പ്രശംസിച്ചാലും മതിയാകില്ല. ഒപ്പം നഴ്സുമാരായ അനുഗീത്, ജയകൃഷ്ണൻ, ആര്യ, മറ്റെല്ലാ ആരോഗ്യപ്രവർത്തകരും നന്നായി സഹകരിച്ചു. ഇത് ഒരു കൂട്ടായ യത്നമായിരുന്നു. അതിന്റെ ഫലവും ലഭിച്ചു. ജനറൽ ആശുപത്രിയിലെ പരിമിതമായ സൗകര്യങ്ങളിൽ ഇത്രയുംപേരെ ചികിത്സിച്ചു ഭേദമാക്കാൻ സാധിച്ചത് വലിയൊരു വിജയമാണ്. ഭക്ഷണം എത്തിക്കുന്നതിൽ പുറത്തുള്ള സന്നദ്ധ സംഘടനകളും, നഗരസഭയും മറ്റു കേന്ദ്രങ്ങളും വളരെ നല്ല രീതിയിൽ സഹകരിച്ചു. കോവിഡ് സംബന്ധിച്ച് ജനങ്ങളിൽ ആവശ്യമായ ബോധവൽക്കരണം നൽകുന്നതിൽ മാധ്യമങ്ങൾ വഹിച്ച പങ്ക് പ്രശംസനീയമാണെന്നും ഡോക്ടർമാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP