Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏറെ ശ്രദ്ധയും കരുതലുമായി മുന്നോട്ടു പോയില്ലെങ്കിൽ കാര്യങ്ങൾ ഗുരുതരമാകും; വീട്ടിലിരിക്കുക മാത്രമാണ് ഇപ്പോഴത്തെ സുരക്ഷിത വഴി; ഇനിയുള്ള നാലാഴ്ച നിർണ്ണായകം; സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി; ലോക് ഡൗൺ കാലാവധി നീട്ടുമോ എന്ന ചോദ്യത്തിന് ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു എന്ന മറുപടി; ഹർഷവർദ്ധന്റെ വാക്കുകളിലുള്ളത് നിയന്ത്രണങ്ങൾ ഏപ്രിൽ 14ന് ശേഷവും തുടരുമെന്ന് തന്നെ; കോവിഡിൽ നിലപാട് വിശദീകരിച്ച് കേന്ദ്ര സർക്കാർ

ഏറെ ശ്രദ്ധയും കരുതലുമായി മുന്നോട്ടു പോയില്ലെങ്കിൽ കാര്യങ്ങൾ ഗുരുതരമാകും; വീട്ടിലിരിക്കുക മാത്രമാണ് ഇപ്പോഴത്തെ സുരക്ഷിത വഴി; ഇനിയുള്ള നാലാഴ്ച നിർണ്ണായകം; സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി; ലോക് ഡൗൺ കാലാവധി നീട്ടുമോ എന്ന ചോദ്യത്തിന് ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു എന്ന മറുപടി; ഹർഷവർദ്ധന്റെ വാക്കുകളിലുള്ളത് നിയന്ത്രണങ്ങൾ ഏപ്രിൽ 14ന് ശേഷവും തുടരുമെന്ന് തന്നെ; കോവിഡിൽ നിലപാട് വിശദീകരിച്ച് കേന്ദ്ര സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വരാനിരിക്കുന്ന നാലാഴ്ച രാജ്യത്തിന് നിർണായകമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ. കോവിഡിന്റെ വ്യാപനം നിയന്ത്രിക്കുന്നതിൽ ലോക്ക്ഡൗൺ ഏറെ ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി നിലപാടുകൾ വ്യക്തമാക്കിയത്.

ലോക്ക്ഡൗൺ കാലാവധി നീട്ടുമോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി അദ്ദേഹം നൽകിയില്ല. ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു എന്ന മറുപടിയാണ് മന്ത്രി ഇതു സംബന്ധിച്ച് അഭിപ്രായപ്പെട്ടത്. നിലവിൽ രാജ്യത്ത് രോഗത്തിന്റെ സമൂഹ വ്യാപനം നടന്നിട്ടില്ല. വിദേശത്തു നിന്നു വന്നവർക്കും അവരുമായി ബന്ധപ്പെട്ടവർക്കുമാണ് രോഗബാധ കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഏറെ ശ്രദ്ധയും കരുതലുമായി മുന്നോട്ടു പോയില്ലെങ്കിൽ കാര്യങ്ങൾ ഗുരുതരമാകുമെന്നും വീട്ടിലിരിക്കുക മാത്രമാണ് ഇപ്പോഴത്തെ സുരക്ഷിത വഴിയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കോവിഡ് രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള മരുന്നുമായി ബന്ധപ്പെട്ട നിരവധി പരീക്ഷണങ്ങൾ ലോകത്തിൽ നടക്കുന്നുണ്ട്. എന്നാൽ വാക്‌സിനിലേയ്ക്ക് ഇതുവരെ എത്തിയിട്ടില്ല. മറ്റു രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും ഇക്കാര്യത്തിൽ പരീക്ഷണ, നിരീക്ഷണങ്ങിലാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്ത് കോവിഡ് രോഗ ബാധിതരുടെ എണ്ണം 2000 കടന്നു. ബുധനാഴ്ച മാത്രം 300 ലധികം പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഡൽഹിയിലെ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്കാണ് വിവിധ സംസ്ഥാനങ്ങളായി ബുധനാഴ്ച കോവിഡ് കണ്ടെത്തിയത്.

സമ്മേളനത്തിൽ പങ്കെടുത്തവരെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കി. സമ്മേളനത്തിൽ പങ്കെടുത്തവർ ഉടൻതന്നെ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കണമെന്ന് വിവിധ സംസ്ഥാനങ്ങൾ നിർദ്ദേശം നൽകി. രാജ്യത്ത് ഇതുവരെ 60 പേർ മരിച്ചതായി റിപ്പോർട്ട് ചെയ്തു. രാജസ്ഥാനിലെ അൽവാറിൽ വ്യാഴാഴ്ച ഒരാൾ മരിച്ചു. 89 വയസുള്ളയാളാണ് മരിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു. ലഡാക്കിൽ രണ്ടുപേർക്ക് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു. കാർഗിലിലെ സൻജാക് ഗ്രാമത്തിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഗ്രാമത്തിലെ ജനങ്ങൾ 15 ദിവസമായി നിരീക്ഷണത്തിൽ കഴിയുകയാണ്.

രാജ്യത്തെ ഏറ്റവും വലിയ ചേരിയായ മുംബൈ ധാരാവിയിലെ തൂപ്പു തൊഴിലാളിക്ക് കോവിഡ് ബാധ കണ്ടെത്തി. മഹാരാഷ്ട്രയിലെ സാഹചര്യം കൂടുതൽ സങ്കീർണമാവുകയാണ്. ലക്ഷക്കണക്കിന് ആളുകൾ തിങ്ങിപ്പാർക്കുന്ന മുംബൈയിലെ ചേരികളിൽ കൂടുതൽ പേർക്ക് രോഗം റിപ്പോർട്ട് ചെയ്യുന്നത് ആശങ്ക വർധിപ്പിക്കുന്നു. ധാരാവിയിലെ ചേരിയിൽ ഇന്നലെ മരിച്ച 56 കാരന് രോഗം പകർന്നതെങ്ങനെയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. ഇയാളുടെ 7 അംഗ കുടുബത്തെ നീരീക്ഷണത്തിലാക്കി. ഇവർ താമസിച്ചിരുന്ന വീടിന് സമീപത്തുള്ള മൂന്നൂറ് വീടുകളും 90 കടകളും പൊലീസ് സീൽ ചെയ്തു. മറ്റൊരു മരണം റിപ്പോർട്ട് ചെയ്ത വർളിയിലെ കൊളിവാഡ ചേരിയിലെ 80 പേരെ ആശുപത്രിയിലേയ്ക്ക് മാറ്റി.

ജനസാന്ദ്രത ഏറെയുള്ള ചേരികളിൽ രോഗവ്യാപനം തടയാനുള്ള നിയന്ത്രണങ്ങൾ പ്രായോഗികമല്ലെന്നത് സ്ഥിതി ഗുരുതരമാക്കുന്നു. ഇന്നലെ മാത്രം 4 മരണം റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ ആകെ കോവിഡ് മരണം 16 ആയി. വൈറസ്ബാധിതരുടെ എണ്ണം 335 ലെത്തി. ആന്ധ്രപ്രദേശിൽ പുതുതായി 21 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെ 132 പേർക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചു. തമിഴ്‌നാട്ടിലും കോവിഡ് ബാധിതർ കൂടുകയാണ്. രോഗബാധിതരിൽ 80-85% രക്ഷപ്പെടാനുള്ള സാധ്യതയുണ്ട്. കോവിഡ് പ്രതിമരാധത്തിന് കൃത്യമായ വാക്സിൻ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമായിട്ടുണ്ട്.

ഹരിയാനയിൽ ആദ്യമരണം രേഖപ്പെടുത്തിയതോടെയാണ് മരണസംഖ്യ 50ൽ എത്തിയത്. അംബാല സ്വദേശിയായ 67 കാരനാണ് ഒടുവിൽ മരിച്ചത്. ഇയാൾക്ക് കൊറോണ ബാധിച്ചതായി കഴിഞ്ഞദിവസമാണ് സ്ഥിരീകരിച്ചത്. വഡോദരയിലും ഇന്നു രാവിലെ ഒരാൾ മരിച്ചു. ശ്രീലങ്കയിൽ സന്ദർശനം നടത്തി മടങ്ങിവന്ന 52 കാരനാണ് മരിച്ചത്. ഇദ്ദേഹത്തെ മാർച്ച് 19ന് എസ്എസ്ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുടുംബാംഗങ്ങളായ നാലു പേരും കോവിഡ് ബാധിച്ച് ചികിത്സയിലാണ്. അസമിലെ ഗോൽപാറ ജില്ലയിൽ മൂന്നു പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 16 ആയി. മണിപ്പൂരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. നിസാമുദ്ദീൻ മർക്കസ് തബ്ലിഗി ജമാത്ത് സമ്മേളനത്തിൽ പങ്കെടുത്ത ആളാണിദ്ദേഹം. ഇതോടെ മണിപ്പൂരിലെ രോഗബാധിതരുടെ എണ്ണം രണ്ടായി.

രാജസ്ഥാനിൽ ഇന്ന് ഒമ്പത് പേരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 129 ആയി. പഞ്ചാബ് സുവർണക്ഷേത്രത്തിലെ ആസ്ഥാന ഗായകൻ ഭായ് നിർമ്മൽ സിങ് മരണമടഞ്ഞതോടെ ഇവിടുത്തെ മരണസംഖ്യ ആറായി. തമിഴ്‌നാട്ടിൽ എട്ടു പേർക്ക് രോഗം സ്ഥിരീകരിച്ചു. നിസാമുദ്ദീനിൽ നിന്ന് മടങ്ങിയെത്തിയവർ തമിഴ്‌നാട്ടിൽ പലയിടത്തും പ്രാർത്ഥന സംഘടിപ്പിച്ചിരുന്നുന്നെും കണ്ടെത്തിയിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ച 70 പേരും നിസാമുദ്ദീനിൽ പങ്കെടുത്തവരാണ്.

ഏതാനും ദിവസങ്ങൾക്കുള്ളിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 10 ലക്ഷം കടക്കുമെന്ന് ലോകാേരാഗ്യ സംഘടന വ്യക്തമാക്കി. മരണം 50,000 കടക്കും. വൈറസ് ആഗോളതലത്തിൽ വ്യാപകമായി പടരുകയാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡോസ് ആഥനോൻ ഗെബ്രിയേസൂസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP