Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്ക് പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ; ഒരു ലക്ഷത്തി എഴുപതിനായിരം കോടി രൂപ പ്രഖ്യാപിച്ചത് സാമൂഹ്യക്ഷേമപദ്ധതികൾക്കായി; 49,000 വെൻറിലേറ്ററുകളും വാങ്ങാൻ ഓർഡർ നൽകിക്കഴിഞ്ഞുവെന്നും കേന്ദ്രസർക്കാർ

കൊവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്ക് പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ; ഒരു ലക്ഷത്തി എഴുപതിനായിരം കോടി രൂപ പ്രഖ്യാപിച്ചത് സാമൂഹ്യക്ഷേമപദ്ധതികൾക്കായി; 49,000 വെൻറിലേറ്ററുകളും വാങ്ങാൻ ഓർഡർ നൽകിക്കഴിഞ്ഞുവെന്നും കേന്ദ്രസർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊവിഡ് പ്രതിരോധത്തിന് പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. ഒരു ലക്ഷത്തി എഴുപതിനായിരം കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് പ്രഖ്യാപിച്ചത്. കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച 15,000 കോടി രൂപയുടെ ഉത്തരവ് ഇറങ്ങിയതിന് പിന്നാലെയാണ് സാമൂഹ്യക്ഷേമപദ്ധതികൾക്കുള്ള വിഹിതം കൂട്ടി, ഒരു ലക്ഷത്തി എഴുപതിനായിരം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് അനുവദിച്ചത്. അതേസമയം, ഓരോ സംസ്ഥാനങ്ങളുടെയും വിഹിതം എത്രയെന്ന് വ്യക്തമാക്കിയിട്ടില്ല.

നിലവിൽ വിവിധ സംസ്ഥാനങ്ങളിലേക്ക് പിപിഇകളും മാസ്കുകളും വെൻറിലേറ്ററുകളും വിതരണം ചെയ്ത് തുടങ്ങിയെന്ന് ആരോഗ്യമന്ത്രാലയം അറിയിക്കുന്നു. 20 ആഭ്യന്തര ഉത്പാദകർ പിപിഇ നി‍ർമാണം തുടങ്ങി. 1.7 കോടി പിപിഇകളും, 49,000 വെൻറിലേറ്ററുകളും വാങ്ങാൻ ഓർഡർ നൽകിക്കഴിഞ്ഞുവെന്നും കേന്ദ്രസർക്കാർ അറിയിക്കുന്നു. കേന്ദ്രം ഏറ്റവുമൊടുവിൽ പ്രഖ്യാപിച്ച പാക്കേജ് അനുസരിച്ച്, 15,000 കോടി രൂപയിൽ 7774 കോടി രൂപ എമർജൻസി റെസ്പോൺസ് ഇനത്തിൽ, അടിയന്തരമായി പ്രവർത്തിക്കാനുള്ള ധനസഹായമായി നൽകും.

ബാക്കിയുള്ള പണം, അടുത്ത ഒന്ന് മുതൽ നാല് വർഷത്തേക്ക് ഘട്ടം ഘട്ടമായിട്ടാകും സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുക. കൊവിഡ് വ്യാപനം തടയാൻ വേണ്ട അടിയന്തര നടപടികൾ സ്വീകരിക്കാൻ വേണ്ട, ഉപകരണങ്ങൾ വാങ്ങിക്കാനാണ് പ്രധാനമായും ഈ ഫണ്ട് ഉപയോഗിക്കേണ്ടത്. റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ, കൊവിഡ് പ്രത്യേക ആശുപത്രികൾ, അടിയന്തര മെഡിക്കൽ ഉപകരണങ്ങളുടെ സംഭരണം, പരിശോധനാലാബുകൾ തയ്യാറാക്കൽ, ക‍ർശനനിരീക്ഷണം ഏർപ്പെടുത്താനുള്ള നടപടികൾ, പരിസരശുചീകരണം, അണുനശീകരണം, രോഗപ്രതിരോധഗവേഷണം, കൃത്യമായ ആശയവിനിമയം ഉറപ്പാക്കൽ എന്നിവയ്ക്ക് ഈ ഫണ്ട് ഉപയോഗിക്കാം.

ഇതിന്റെ മേൽനോട്ടം വഹിക്കുന്നത് കേന്ദ്ര ആരോഗ്യമന്ത്രാലയമായിരിക്കും. ഈ നടപടികൾക്ക് വേണ്ട എല്ലാ സഹായവും എൻഎച്ച്എം, കേന്ദ്ര സംഭരണം, റെയിൽവേ, ഐസിഎംആർ, എൻസിഡിസി എന്നിവയിൽ നിന്ന് ലഭിക്കും. രാജ്യത്തെമ്പാടും കൊവിഡ് പരിശോധനയ്ക്കായി 223 ലാബുകൾ തുറന്നുവെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ പറയുന്നു. 157 സർക്കാർ ലാബുകളും 66 സ്വകാര്യ ലാബുകളുമാണിവ. വിവിധ സംസ്ഥാനസർക്കാരുകൾക്കായി 4113 കോടി രൂപ നൽകിക്കഴിഞ്ഞതായും കേന്ദ്രം അറിയിക്കുന്നു.

നേരത്തേ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കേരളത്തിന് പ്രത്യേക ധനസഹായമായി നൽകിയത് 157 കോടി രൂപ മാത്രമാണ്. ഇത് അപര്യാപ്തമാണെന്ന് അപ്പോൾത്തന്നെ സംസ്ഥാനസർക്കാരും മുഖ്യമന്ത്രിയും വ്യക്തമാക്കുകയും ചെയ്തിരുന്നു. രോഗവ്യാപനത്തോത് കുറയ്ക്കാനായെങ്കിലും കാസർകോട്ടെ രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ ഇപ്പോഴും 270-ഓളം പേർ കൊവിഡ് ചികിത്സയിലുണ്ട്. രോഗബാധിതരുടെ എണ്ണത്തിൽ ഏറ്റവുമൊടുവിലത്തെ കണക്കനുസരിച്ച് രാജ്യത്ത് ആറാം സ്ഥാനത്തുമാണ്.

അതേസമയം, രാജ്യത്തുകൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 169 ആയെന്ന് കേന്ദ്രസർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 5734. ഇതിൽ കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത് 549 കേസുകളാണ്. ഇന്നലെ മാത്രം മരിച്ചവരുടെ എണ്ണം 17 ആണ്. 473 പേർ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടെന്നും ആരോഗ്യമന്ത്രാലയ ജോയൻറ് സെക്രട്ടറി ലാവ് അഗർവാൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP