Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ന​ഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമായി തിങ്ങിപ്പാർക്കുന്നത് രണ്ട് കോടിയിലേറെ ജനങ്ങൾ; രോ​ഗം സ്ഥിരീകരിക്കുന്നത് കോവിഡ് പരിശോധന നടത്തുന്ന അഞ്ചിൽ ഒരാൾക്കും; ഭീഷണിയാകുന്നത് ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയും ആരോഗ്യപ്രവർത്തകരുടെ കുറവും; ആശുപത്രികൾക്കുള്ളിൽ പൊതിഞ്ഞുകെട്ടി നിരത്തിയിട്ട മൃതദേഹങ്ങളും വെളിയിൽ കിടക്ക ഒഴിയുന്നത് കാത്ത് രോ​ഗികളും; മുംബൈ മഹാന​ഗരത്തെ കൊവിഡ് മഹാമാരി വിറപ്പിക്കുന്നത് ഇങ്ങനെ

ന​ഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമായി തിങ്ങിപ്പാർക്കുന്നത് രണ്ട് കോടിയിലേറെ ജനങ്ങൾ; രോ​ഗം സ്ഥിരീകരിക്കുന്നത് കോവിഡ് പരിശോധന നടത്തുന്ന അഞ്ചിൽ ഒരാൾക്കും; ഭീഷണിയാകുന്നത് ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയും ആരോഗ്യപ്രവർത്തകരുടെ കുറവും; ആശുപത്രികൾക്കുള്ളിൽ പൊതിഞ്ഞുകെട്ടി നിരത്തിയിട്ട മൃതദേഹങ്ങളും വെളിയിൽ കിടക്ക ഒഴിയുന്നത് കാത്ത് രോ​ഗികളും; മുംബൈ മഹാന​ഗരത്തെ കൊവിഡ് മഹാമാരി വിറപ്പിക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: രജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുമ്പോൾ മുംബൈയിലെ കോവിഡ് വ്യാപനം സൃഷ്ടിക്കുന്നത് വലിയ ആശങ്ക. നഗരത്തിൽ കോവിഡ് പടരുന്നതിന്റെ വേഗം കഴിഞ്ഞമാസത്തെ അപേക്ഷിച്ച് ആറ് മടങ്ങായാണ് വർധിച്ചത്. മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. കോവിഡ് പരിശോധന നടത്തുന്ന അഞ്ചിൽ ഒരാൾക്ക് രോഗം സ്ഥിരീകരിക്കുന്നത് ആരോ​ഗ്യ പ്രവർത്തകരിലും ഭരണകർത്താക്കളിലും വൻ ആശങ്കയാണ് ഉയർത്തുന്നത്. ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയും ആരോഗ്യപ്രവർത്തകരുടെ കുറവും ഭീഷണിയാകുന്നുണ്ട്.

സർക്കാർ ആശുപത്രികളിൽ പൊതിഞ്ഞുകെട്ടി നിരത്തിയിട്ടിരിക്കുന്ന മൃതദേഹങ്ങളുടെയും, കോവിഡ് ചികിത്സാ കേന്ദ്രങ്ങൾക്കു മുന്നിൽ കിടക്ക ഒഴിയുന്നതു കാത്തിരിക്കുന്ന രോഗികളുടെയും കാഴ്ചകളാണ് നഗരത്തിൽ. ആംബുലൻസ് കിട്ടാതെയും കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാതെയും ആശുപത്രിയിൽ പ്രവേശനം ലഭിക്കാതെ മരിക്കുന്ന മറ്റു രോഗികളുടെ എണ്ണവും കൂടുന്നു. ചികിത്സ ലഭിക്കാതെ മരിക്കേണ്ടി വരുമോ എന്ന ആശങ്ക ശരാശരി മുംബൈക്കാരുടെ സമാധാനം കെടുത്തുന്നു. 

ജനസാന്ദ്രതയാണ് മുംബൈയിലെ രോഗവ്യാപനത്തിന്റെ അടിസ്ഥാന കാരണം. 2 കോടിയിലേറെയാണ് മുംബൈ നഗരവും പ്രാന്ത പ്രദേശങ്ങളുമടങ്ങുന്ന മേഖലയിലെ ജനസംഖ്യ. ആനുപാതികമായി ആശുപത്രികളും കിടക്കകളും ഇല്ലാതെ പോയതിനാലാണ് മഹാമാരിയിൽ നഗരത്തിന്റെ ആരോഗ്യരംഗം ആടിയുലയുന്നത്. എന്നാൽ, സ്ഥിതി നിയന്ത്രണ വിധേയമാണെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. ഇൗ മാസം അവസാനം രോഗികളുടെ എണ്ണം 1.5 ലക്ഷം വരെ ആയേക്കാമെന്ന് സാധ്യതാ പഠനങ്ങളുണ്ടായിരുന്നെങ്കിലും പകുതിയിൽ താഴെയേ ആയിട്ടുള്ളു എന്നത് ആശ്വാസകരമാണന്നു ചീഫ് സെക്രട്ടറി അജോയ് മേത്ത പറയുന്നു. മരണനിരക്ക് 7.6 ശതമാനത്തിൽ നിന്ന് 3.3 ശതമാനത്തിൽ എത്തിയതും അധികൃതർക്ക് ആശ്വാസമാകുന്നു. ഗുജറാത്തിൽ മരണനിരക്ക് 6 ശതമാനത്തിനു മുകളിലാണ്.

പ്രതിരോധ പ്രവർത്തകർക്കും കോവിഡ്

ഇതിനിടെ കൊറോണ പ്രതിരോധ പ്രവർത്തകർക്കും കോവിഡ് പിടിപെടുന്നത് ആശങ്ക വർധിപ്പിക്കുകയാണ്. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളിലും അവശ്യസേവനങ്ങളിലും ഏർപ്പെട്ട 1529 ജീവനക്കാർക്ക് കോവിഡ്-19 പിടിപെട്ടതായി മുംബൈ നഗരസഭ അറിയിച്ചു. ഇതിൽ 25 പേർ മരണമടഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമായ മുംബൈ നഗരത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുൻനിരയിൽനിന്ന് പ്രവർത്തിക്കുന്ന ജീവനക്കാർ രോഗഭീഷണിയിലാണെന്ന് പരാതിയുണ്ടായിരുന്നു.

ഒട്ടേറപ്പേർക്ക് രോഗം ബാധിച്ചതായി റിപ്പോർട്ടുമുണ്ടായിരുന്നു. എന്നാൽ, ആദ്യമായാണ് നഗരസഭാധികൃതർ തന്നെ രോഗബാധിതരുടെ കണക്ക് വെളിപ്പെടുത്തുന്നത്. രോഗഭീഷണിയുണ്ടെങ്കിലും സ്തുത്യർഹമായ സേവനമാണ് മുഴുവൻ ജീവനക്കാരും കാഴ്ചവെക്കുന്നതെന്ന് മുനിസിപ്പൽ കമ്മിഷണർ ഇഖ്ബാൽ സിങ് ചഹാൽ പറഞ്ഞു. നഗരസഭയ്ക്കു കീഴിലെ അഗ്നിരക്ഷാസേനയും സുരക്ഷാ വിഭാഗവുമാണ് കോവിഡിന്റെ കെടുതികൾ ഏറ്റവും അധികം അനുഭവിക്കുന്നതെന്ന് ചഹാൽ അറിയിച്ചു.

ഗ്രാന്റ് റോഡിലെ ഗൊവാലിയ ടാങ്ക് ഫയർ സ്റ്റേഷനിലെ 56-കാരനായ ഫയർമാനാണ് കോവിഡ് ബാധിച്ച് ഏറ്റവും ഒടുവിൽ മരണമടഞ്ഞ നഗരസഭാ ജീവനക്കാരൻ. കോവിഡ് ബാധിച്ച നഗരസഭാ ജീവനക്കാരുടെ കണക്ക് പുറത്തുവിടണമെന്ന് തൊഴിലാളി സംഘടനകൾ നേരത്തേതന്നെ ആവശ്യപ്പെടുന്നുണ്ട്. ഇതേത്തുടർന്ന് വിവിധ വകുപ്പുകളിലെ രോഗബാധിതരുടെ കണക്കെടുക്കാൻ വകുപ്പുതലവന്മാർക്ക് മുനിസിപ്പൽ കമ്മിഷണർ നിർദ്ദേശം നൽകിയിരുന്നു.

മഹാരാഷ്ട്രയിൽ മരണം രണ്ടായിരത്തോടടുക്കുന്നു

മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം രണ്ടായിരത്തോട് അടുക്കുകയാണ്. വ്യാഴാഴ്ച 85 പേർകൂടി മരിച്ചതോടെ മരണസംഖ്യ 1900 കടന്നു. മഹാരാഷ്ട്രയിലെ രോഗികളിൽ 60% പേരും മുംബൈയിൽനിന്നുള്ളവർ. 1900 മരണങ്ങളിൽ 1100ഉം മുംബൈയിൽ തന്നെ. മുംബൈയിൽ മാത്രം മരിച്ച മലയാളികളുടെ എണ്ണം എട്ടാണ്. 2598 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 59000 കടന്നു. ധാരാവിയിൽ 36 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇവിടെ ആകെ രോഗികളുടെ എണ്ണം 1675 ആയി. ധാരാവിയിൽ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 61 പേരാണ്.

24 മണിക്കൂറിനുള്ളിൽ 131 പൊലീസുകാർക്കുകൂടി രോഗം പിടിപെട്ടതോടെ സംസ്ഥാനത്ത് കോവിഡ് ബാധിക്കുന്ന പൊലീസുകാരുടെ എണ്ണം 2095 ആയി. 22 പേരാണ് മരിച്ചത്. 987 പൊലീസുകാർക്ക് രോഗം ഭേദമായിട്ടുണ്ട്. അഗ്നിശമനസേനയിൽ ഇതുവരെ 41 പേർക്ക് രോഗം പിടിപെട്ടു. താനെയിൽ രണ്ട് നഗരസഭാംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP