Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്പെയിനിനേയും ഇറ്റലിയേയും പിന്നിലാക്കാൻ ബ്രിട്ടന്റെ മരണക്കുതിപ്പ്; ഇന്നലെ മാത്രം യു കെ യിൽ മരിച്ചത് 684 പേർ; വരും ദിവസങ്ങളിൽ പ്രതിദിന മരണം 1000 കടന്നേക്കും; ചൈനയേയും ഇറാനേയും മറികടന്നു ബ്രിട്ടൻ 3605 മരണങ്ങളുമായി ഇറ്റലിക്കും സ്പെയിനിനും അമേരിക്കക്കും ഫ്രാൻസിനും പിന്നിൽ അഞ്ചാമതെത്തി; പ്രതീക്ഷ നഷ്ടപ്പെട്ടു സൂര്യനസ്തമിക്കാത്ത സാമ്രാജ്യം

സ്പെയിനിനേയും ഇറ്റലിയേയും പിന്നിലാക്കാൻ ബ്രിട്ടന്റെ മരണക്കുതിപ്പ്; ഇന്നലെ മാത്രം യു കെ യിൽ മരിച്ചത് 684 പേർ; വരും ദിവസങ്ങളിൽ പ്രതിദിന മരണം 1000 കടന്നേക്കും; ചൈനയേയും ഇറാനേയും മറികടന്നു ബ്രിട്ടൻ 3605 മരണങ്ങളുമായി ഇറ്റലിക്കും സ്പെയിനിനും അമേരിക്കക്കും ഫ്രാൻസിനും പിന്നിൽ അഞ്ചാമതെത്തി; പ്രതീക്ഷ നഷ്ടപ്പെട്ടു സൂര്യനസ്തമിക്കാത്ത സാമ്രാജ്യം

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: കഴിഞ്ഞ ഒരാഴ്‌ച്ചയായി തുടരുന്ന ബ്രിട്ടനിലെ കോവിഡ് 19 മരണങ്ങളുടെ പ്രതിദിന മരണസംഖ്യയിലെ വർദ്ധനവ് ഇന്നലെ 684 ൽ എത്തി. ഇതോടെ ബ്രിട്ടനിൽ കൊറോണബാധ്യിൽ മരിക്കുന്നവരുടെ മൊത്തം എണ്ണം 3605 ആയി. മരണസംഖ്യയിൽ ചൈനയേയും ഇറാനേയും പിന്തള്ളി ബ്രിട്ടൻ അഞ്ചാം സ്ഥാനത്തെത്തിയതോടെ, കിഴക്കിന്റെ ദുഃഖമായി ചൈനയിൽ അവതരിച്ച ഈ മാരണത്തെ പാശ്ചാത്യനാടുകൾ ഏറ്റെടുത്തിരിക്കുന്നു എന്ന സ്ഥിതിയാണ്. ലോകത്തിലെ കൊറോണാ മരണങ്ങളിൽ ആദ്യ അഞ്ചു സ്ഥാനങ്ങളിലും പാശ്ചാത്യ രാജ്യങ്ങൾ തന്നെ.

ഈ വാരാന്ത്യമെത്തിനിൽക്കുമ്പോൾ, യു കെ യിലെ കൊറോണ മരണങ്ങൾ വിശകലനം ചെയ്യുന്നവർക്ക് ആശങ്കപ്പെടാൻ ഏറെയുണ്ട്. കഴിഞ്ഞ ഒരാഴ്‌ച്ച കൊണ്ട് മരണസംഖ്യ അഞ്ചിരട്ടിയായി എന്നതാണ് അതിൽ പ്രധാനപ്പെട്ട കാര്യം. ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെ അപര്യാപ്തതയും രോഗവ്യാപനത്തിന്റെ വേഗതയും കണക്കിലെടുത്താൽ വരുന്ന ആഴ്‌ച്ചകളിൽ സാഹചര്യം ഇനിയും കൂടുതൽ ദയനീയമായേക്കും. ഈസ്റ്റർ അടുത്തു വരുന്നതോടെ പ്രതിദിന മരണസംഖ്യ 1000 കടക്കുവാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വൈകി മാത്രം നടപ്പിലാക്കിയ സോഷ്യൽ ഡിസ്റ്റൻസിങ് പോലുള്ള നടപടികൾ ഫലം കാണുവാൻ ഇനിയും ഒന്നു രണ്ടാഴ്‌ച്ചകൾ വേണ്ടിവന്നേക്കും എന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്. എന്നാലും അത്തരം നടപടികൾ ഫലം ചെയ്യുമെന്നും, രോഗബാധിതരുടെ എണ്ണത്തിൽ കാര്യമായ കുറവ് വരുമെന്നും അവർ ഉറപ്പിച്ചു പറയുന്നുണ്ട്. പക്ഷെ ഇതിന് ജനങ്ങൾ കൂടി സഹകരിക്കണം എന്നാണ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞത്. ഇളംവെയിൽ തെളിയുന്ന ഈ വാരന്ത്യത്തിൽ ലോക്ക്ഡൗൺ വ്യവസ്ഥകൾ ലംഘിച്ച് ആരും പുറത്തിറങ്ങരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഈസ്റ്റർ ആഘോഷങ്ങൾക്കായി നിയന്ത്രണങ്ങളിൽ അയവ് വരുത്തുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏകദേശം ഒന്നുരണ്ടാഴ്‌ച്ച ജീവൻ രക്ഷാ ഉപകരണങ്ങളുടെ അലഭ്യത ഉൾപ്പടെ പല കാരണങ്ങളാൽ ചക്രശ്വാസം വലിച്ചുകൊണ്ടിരുന്ന എൻ എച്ച് എസ്സും സ്ഥിതിഗതികൾ ഭേദമാക്കി സാഹചര്യത്തിനനുസരിച്ച് ഉയർന്നു വരാൻ തുടങ്ങിയിട്ടുണ്ട്. രാജ്യത്താകമാനമായി ഇപ്പോൾ 2000 അധിക ഇന്റൻസീവ് കെയർ കിടക്കകൾ തയ്യാറാക്കിയിട്ടുണ്ടെന്നും ആവശ്യമുള്ള രോഗികൾക്ക് വെന്റിലേറ്ററുകൾ ലഭ്യമണെന്നും എൻ എച്ച് എസ് വക്താവ് പറഞ്ഞു. കൊറോണ പരിശോധന കാര്യത്തിൽ മാത്രമാണ് ഇപ്പോഴും കാര്യമായ പുരോഗതി ഉണ്ടാകാത്തത്. പ്രതിദിനം 1,00,000 പരിശോധനകളെങ്കിലും നടത്തണമെന്ന് പറയുമ്പോഴും, ഉള്ള സൗകര്യങ്ങൾ കൊണ്ട് ഏകദേശം 10,000 പരിശോധനകൾ മാത്രമേ നടത്തുവാനാവുന്നുള്ളു. അതുപോലെ രോഗബാധയ്ക്ക് ചികിത്സക്ക് വിധേയനായ ആൾ പൂർണ്ണമായും രോഗവിമുക്തനായോ എന്ന് പരിശോധിക്കുവാനുള്ള സംവിധാനവും കുറ്റമറ്റതല്ല.

ഇതേ സമയം പല സ്വകാര്യ ഗവേഷണ കേന്ദ്രങ്ങളിലേയും ശാസ്ത്രജ്ഞർ പറയുന്നത്, ഇത്തരം പരിശോധനകൾ നടത്തുവാനും ഫലം വിലയിരുത്തുവാനും തങ്ങൾ തയ്യാറാണെന്നും ഇക്കാര്യം സർക്കാരിനെ അറിയിച്ചിരുന്നെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല എന്നുമാണ്. ഇപ്പോഴാണ് ഇക്കാര്യത്തിൽ എന്തെങ്കിലും കാര്യക്ഷമമായ നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ആന്റിജൻ ആന്റിബോഡി പരിശോധന കിറ്റുകൾ, സുരക്ഷാ ഉപകരണങ്ങൾ എന്നിവ നിർമ്മിച്ചു തരുവാൻ കഴിവുള്ളവർ സർക്കാരുമായി ബന്ധപ്പെടണമെന്ന ആവശ്യം ഇപ്പോഴാണ് സർക്കാർ വിവിധ സ്വകാര്യ സ്ഥാപനങ്ങളെ അറിയിച്ചിരിക്കുന്നത്.

സ്വയം ഐസൊലേഷനിൽ പോയ ആരോഗ്യ പ്രവർത്തകർ ഉൾപ്പടെയുള്ളവരെ പരിശോധിക്കാൻ ഉതകുമെന്നതിനാൽ ആന്റിജൻ പരിശോധനക്കണ് ആരോഗ്യ വകുപ്പ് കൂടുതൽ പ്രാധാന്യം നൽകുന്നത്. ഇത് രോഗമുണ്ടോ എന്ന് കണ്ടുപിടിക്കുവാനും രോഗമില്ലാത്തവരെ കർമ്മരംഗത്തേക്ക് മടക്കി കൊണ്ടുവരുവാനും സഹായിക്കും. ഇതുവരെ ഏകദേശം 150 ഓളം വ്യത്യസ്ത ആന്റിബോഡി പരിശോധന കിറ്റുകൾ പരീക്ഷിച്ചു നോക്കി എന്നാണറിയുന്നത്. എന്നാൽ അവയെല്ലാം പരാജയപ്പെടുകയായിരുന്നു. അതിൽ ഒരെണ്ണം ഒരുസമയം 75% വരെ തെറ്റായ ഫലമാണ് കാണിച്ചതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഇതുവരെ 1,73,784 പേരെ പരിശോധനക്ക് വിധേയരാക്കിയിട്ടുണ്ടെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ കാണിക്കുന്നത്. ഇന്നലെ മാത്രം 7.651 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്. തൊട്ട് മുൻപത്തെ ദിവസം 11,764 പേരേയും. അതുപോലെ തന്നെ ഓരോദിവസവും മരണമടയുന്നവരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ഇന്നലെ മരിച്ചവർ 24 വയസ്സിനും 100 വയസ്സിനും ഇടയിലുള്ളവരായിരുന്നു. അവരിൽ 34 പേർക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നതുമില്ല.

ഇതിനിടയിൽ വർദ്ധിച്ചുവരുന്ന മരണസംഖ്യ, അത് രേഖപ്പെടുത്തുന്ന രീതി മാറ്റുവാൻ നിർബന്ധിതമാക്കി. മരിക്കുന്ന ഓരോ രോഗിയേയും ചികിത്സിച്ച ആശുപത്രിയുടെ പേര് ഇനി മുതൽ രേഖകളിൽ ഉണ്ടാകില്ല. അതിനുപകരം ഓരോ മേഖല തിരിച്ച് അവിടങ്ങളിലെ മൊത്തം മരണസംഖ്യ രേഖപ്പെടുത്താനാണ് തീരുമാനം. മരണസംഖ്യ ക്രമാതീതമായി വർദ്ധിക്കുന്നതിനാൽ, ഇത് രേഖപ്പെടുത്തുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ മൂലമാണ് ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.

ഇന്നലെ മരിച്ചവരിൽ 161 രോഗികൾ ലണ്ടനിൽ നിന്നുള്ളവരാണ്. 150 പേർ മിഡ്ലാൻഡ്സിൽ നിന്നും, 88 പേർ നോർത്ത് വെസ്റ്റ് മേഖലയിൽ നിന്നും 66 പേർ ഈസ്റ്റ് ലണ്ടനിൽ നിന്നും ഉള്ളവരാണ് നോർത്ത് ഈസ്റ്റ് യോർക്ക്ഷയർ 62, സൗത്ത് ഈസ്റ്റ് 41, സൗത്ത് വെസ്റ്റ് 36 എന്നിങ്ങനെയാണ് മറ്റുള്ളിടങ്ങളിലെ മരണനിരക്കുകൾ. സ്‌കോട്ട്ലാന്റിൽ ഇന്നലെ 46 പേരും വെയിൽസിൽ 24 പേരും നോർത്തേൺ അയർലൻഡിൽ 12 പേരും മരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP