Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക് ഡൗണിൽ ഒരു കോവിഡ് രോഗി വീട്ടിലിരിക്കാതെ ഇറങ്ങി നടന്നാൽ 30 ദിവസത്തിനകം വൈറസ് പരത്തുന്നത് 406 പേർക്ക്; രോഗികളും നിരീക്ഷണത്തിൽ ഉള്ളവരും സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ വരുത്തുന്ന വിന കാട്ടി ഐസിഎംആറിന്റെ പഠന റിപ്പോർട്ട്; വരും ആഴ്ചകളിലെ മതാഘോഷങ്ങളിൽ കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്ന് മതനേതാക്കളോട് അഭ്യർത്ഥിച്ച് ആരോഗ്യ മന്ത്രാലയം; ലോക് ഡൗൺ നീട്ടുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും ഊഹാപോഹങ്ങൾ അരുതെന്നും വിശദീകരണം

ലോക് ഡൗണിൽ ഒരു കോവിഡ് രോഗി വീട്ടിലിരിക്കാതെ ഇറങ്ങി നടന്നാൽ 30 ദിവസത്തിനകം  വൈറസ് പരത്തുന്നത് 406 പേർക്ക്; രോഗികളും നിരീക്ഷണത്തിൽ ഉള്ളവരും സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ വരുത്തുന്ന വിന കാട്ടി ഐസിഎംആറിന്റെ പഠന റിപ്പോർട്ട്; വരും ആഴ്ചകളിലെ മതാഘോഷങ്ങളിൽ കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്ന് മതനേതാക്കളോട് അഭ്യർത്ഥിച്ച് ആരോഗ്യ മന്ത്രാലയം; ലോക് ഡൗൺ നീട്ടുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും ഊഹാപോഹങ്ങൾ അരുതെന്നും വിശദീകരണം

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: ലോക്ഡൗൺ നീട്ടുന്ന കാര്യത്തിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇക്കാര്യത്തിൽ ഊഹാപോഹങ്ങൾ പരത്തരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.. ചില സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരം ലോക് ഡൗൺ നീട്ടിയേക്കുമെന്ന് ദേശീയ പത്രങ്ങളിൽ വാർത്ത വന്നിരുന്നു. അതേസമയം, ഐസിഎംആറിന്റെ പഠനപ്രകാരം ഒരു കോവിഡ് രോഗി ലോക് ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ 30 ദിവസത്തിനകം 406 പേർക്ക് രോഗ ബാധയുണ്ടാകാമെന്ന് കണ്ടത്തി. അതുകൊണ്ട് രോഗികളും നിരീക്ഷണത്തിലുള്ളവരും സാമൂഹിക അകലം പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.

ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രാജ്യത്ത് 4,421 കോവിഡ് കേസുകളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 354 കേസുകൾ റിപ്പോർട്ട് ചെയ്തു. 326 പേർ സുഖം പ്രാപിച്ചു. തിങ്കളാഴ്ചയ്ക്ക് ശേഷം എട്ട് പേർ മരിച്ചു.

1,07.006 കോവിഡ്19 ടെസ്റ്റുകൾ ഇതിനകം നടത്തിയതായി ഐസിഎംആർ അറിയിച്ചു.11,795 ടെസ്റ്റുകൾ ഇന്നലെ നടത്തിയതിൽ 2,530 ഉം സ്വകാര്യ ലാബുകളിൽ ആയിരുന്നു. 136 സർക്കാർ ലാബുകളും 59 സ്വകാര്യ ലാബുകളും ഇപ്പോൾ പരിശോധനയിൽ പങ്കാളികളാകുന്നുണ്ട്.

റെയിൽവെ ദിനംപ്രതി 375 ഐസൊലേഷൻ ബെഡുകൾ തയ്യാറാക്കുന്നുണ്ട്. രാജ്യത്തെ 133 കേന്ദ്രങ്ങളിലാണ് കോച്ചുകൾ വാർഡുകളാക്കി മാറ്റുന്നത്. വരും അഴ്ചകളിൽ നിരവധി മതാഘോഷങ്ങൾ കടന്നുവരുന്നുണ്ട്. കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന് സർക്കാർ മതനേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ലോക് ഡൗൺ നീട്ടുമോ ?

ഏപ്രിൽ 14 വരെ പ്രഖ്യാപിച്ച രാജ്യവ്യാപകമായുള്ള ലോക് ഡൗൺ തീരുന്നതോടെ പുറത്തിറങ്ങാമെന്ന ശുഭപ്രതീക്ഷയിലാണ് ജനങ്ങൾ. എന്നാൽ, അത് സാധ്യമാകുമോ എന്ന കാര്യത്തിൽ സംശയങ്ങൾ ഉയരുന്നു. നിലവിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് ലോക് ഡൗൺ നീട്ടണമെന്ന് പല സംസ്ഥാന സർക്കാരുകളും കേന്ദ്രസർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനൊപ്പം വിദഗ്ധരും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ഐഎംഎ പോലുള്ള സംഘടനകളും ലോക് ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ട് ലോക് ഡൗൺ നീട്ടുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കുന്നുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം, ലോക് ഡൗൺ അവസാനിപ്പിക്കും മുമ്പുള്ള അടുത്ത ഏഴ് ദിവസങ്ങൾ നിർണായകമാണെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു പറഞ്ഞു. കൊറോണ വൈറസിന്റെ വ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങളെ ആശ്രയിച്ചായിരിക്കും സർക്കാരിന്റെ തീരുമാനമെന്നും ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു. ഏപ്രിൽ 15 മുതൽ എയർലൈനുകളും, റയിൽവെയും ബുക്കിങ് ആരംഭിച്ചതുകൊണ്ട് തന്നെ ലോക് ഡൗൺ നീട്ടില്ലെന്നാണ് പലരുടെയും പ്രതീക്ഷ. ലോക് ഡൗൺ നീട്ടിയാൽ സമ്പദ് വ്യവസ്ഥ കൂടുതൽ കുഴപ്പത്തിലേക്ക് നീങ്ങുമെന്ന ആശങ്കയും ഉണ്ട്. ലോക് ഡൗൺഅവസാനിപ്പിക്കുമ്പോൾ സ്വീകരിക്കേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ സംസ്ഥാന സർക്കാരുകളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ, മുൻചീഫ് സെക്രട്ടറി കെ.എം.എബ്രഹാം അദ്ധ്യക്ഷനായ സമിതി സർക്കാരിന് ശുപാർശകൾ സമർപ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ലോക്ക് ഡൗൺ ഘട്ടം ഘട്ടമായി മാത്രം പിൻവലിക്കാനാണ് സാധ്യത. സർക്കാർ നിയമിച്ച കർമ്മസമിതി നൽകിയ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാവും നിയന്ത്രണങ്ങൾ നീക്കുക. ഹോട്ട്സ്പോട്ടായി കണ്ടെത്താത്ത ജില്ലകളിൽ നാമമാത്രമായി നിയന്ത്രണങ്ങൾ നീക്കുക, സ്വകാര്യ, പൊതുഗതാഗത സംവിധാനം എന്നിവ നിയന്ത്രിക്കുക, ജില്ലകൾ തോറുമുള്ള ഗതാഗതം നിയന്ത്രിക്കുക, അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള ജനങ്ങളുടെ വരവ് നിയന്ത്രിക്കുക, ഒറ്റ- ഇരട്ട അക്ക വാഹനങ്ങൾക്കായി ഓരോ ദിവസവും ഗതാഗതം ക്രമീകരിക്കുക തുടങ്ങി നിരവധി ശുപാർശകളാണ് മുൻ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സമിതി നൽകിയിരിക്കുന്നത്. നാളെ ചേരുന്ന മന്ത്രിസഭ യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.

നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് ദോഷകരമാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. കോവിഡ് 19 റിപ്പോർട്ട് ചെയ്ത 284 ജില്ലകളിൽ 1486 പേർ അല്ലെങ്കിൽ 34.71 ശതമാനം കുടിയേറ്റക്കാർ കൂടുതലുള്ള 81 ജില്ലകളിൽ നിന്നാണെന്ന് ഒരു വിശകലനത്തിൽ പറയുന്നു. കോവിഡ് രോഗികളുടെ എണ്ണം തുടർച്ചയായി ഉയരുന്ന സാഹചര്യത്തിൽ 1367 കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്ത ഏഴ് സംസ്ഥാനങ്ങൾ ലോക് ഡണിന് ശേഷവും ചില നിയന്ത്രണങ്ങൾ തുടരേണ്ടി വരുമെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

കൊറോണ വൈറസിന്റെ വ്യാപനത്തിൽ ഇന്ത്യ രണ്ടാം ഘട്ടത്തിനും മൂന്നാം ഘട്ടത്തിനും ഇടയിലാണെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. അടുത്ത ആഴ്ച അതുകൊണ്ട് തന്നെ നിർണായകമാണ്. സമൂഹ വ്യാപനം നിയന്ത്രിക്കാൻ മറ്റു എളുപ്പ വഴികൾ സർക്കാരിന് മുമ്പാകെയില്ല.അതുകൊണ്ട്തന്നെ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ച് ലോക് ഡൗൺ നീട്ടുന്ന കാര്യം മോദി സർക്കാർ പരിഗണിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP