Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ്‌ വ്യാപനം അതിവേഗം; രണ്ടു ലക്ഷം ക്ലബ്ബിലേക്ക് അടുത്ത് ഇന്ത്യ; ആഗോള പട്ടികയിൽ ഫ്രാൻസിനേയും ജർമ്മനിയേയും മറികടന്ന് ഏഴാം സ്ഥാനത്തേക്ക് കുതിപ്പ്; ഒന്നര മണിക്കൂറിനിടെ ഏഴുരോഗികൾ മരിച്ചപ്പോൾ രോഗികളും ഡോക്ടർമാരും നടുങ്ങിയത്‌ മഹാരാഷ്ട്രയിലെ പ്രതിസന്ധിയുടെ നേർക്കാഴ്ച; ഓക്‌സിജൻ കുറഞ്ഞാൽ എന്തും സംഭവിക്കാവുന്ന അവസ്ഥയിൽ മുംബൈ; തമിഴ്‌നാടും ഡൽഹിയും ഗുജറാത്തും ഭീതിയിൽ; ലോക്ഡൗൺ ഇളവുകളിൽ കോവിഡിനൊപ്പം ഇന്ത്യ യാത്ര തുടരുമ്പോൾ

കോവിഡ്‌ വ്യാപനം അതിവേഗം; രണ്ടു ലക്ഷം ക്ലബ്ബിലേക്ക് അടുത്ത് ഇന്ത്യ; ആഗോള പട്ടികയിൽ ഫ്രാൻസിനേയും ജർമ്മനിയേയും മറികടന്ന് ഏഴാം സ്ഥാനത്തേക്ക് കുതിപ്പ്; ഒന്നര മണിക്കൂറിനിടെ ഏഴുരോഗികൾ മരിച്ചപ്പോൾ രോഗികളും ഡോക്ടർമാരും നടുങ്ങിയത്‌ മഹാരാഷ്ട്രയിലെ പ്രതിസന്ധിയുടെ നേർക്കാഴ്ച; ഓക്‌സിജൻ കുറഞ്ഞാൽ എന്തും സംഭവിക്കാവുന്ന അവസ്ഥയിൽ മുംബൈ; തമിഴ്‌നാടും ഡൽഹിയും ഗുജറാത്തും ഭീതിയിൽ; ലോക്ഡൗൺ ഇളവുകളിൽ കോവിഡിനൊപ്പം ഇന്ത്യ യാത്ര തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഇന്നലെ രാജ്യത്ത് കോവിഡ് ബാധിച്ചത് 8763 പേർക്ക്. മരിച്ചത് 223 പേരും. അതിവേഗ കോവിഡ് ഹബ്ബായി ഇന്ത്യ മാറുകയാണ്. ലോക് ഡൗൺ ഇളവുകളിലൂടെ രാജ്യം കടന്നു പോകുന്നതാണ് ഇതിന് കാരണം, കോവിഡുമാരിയിൽ പെട്ടുലഞ്ഞ ഫ്രാൻസിനേയും ജർമ്മനിയേയും ഇന്ത്യ പിന്തള്ളി. രണ്ട് ദിവസത്തിനകം ഇന്ത്യ രണ്ട് ലക്ഷം രോഗികളുടെ ക്ലബ്ബിലുമെത്തും. കോവിഡിൽ ആകെ മരണം 5408 ആണ്. ഇത് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് തീരെ കുറവാണ്. ഇത് മാത്രമാണ് ആശ്വാസം. മരണ നിരക്കിൽ റഷ്യ ഇന്ത്യയെക്കാൾ മെച്ചപ്പെട്ട അവസ്ഥയിലുമാണ്.

അമേരിക്കയും ബ്രസീലും റഷ്യയും സ്‌പെയിനും യുകെയും ഇറ്റലിയുമാണ് ഇന്ത്യയ്ക്ക് മുമ്പിലുള്ള കൊറോണ രാജ്യങ്ങൾ. ഇതിൽ ഇറ്റലിയെയേയും ഇന്ത്യ മറികടക്കാൻ സാധ്യതയുണ്ട്. ലോകത്ത് അതിവേഗം രോഗം പടരുന്നത് ഇപ്പോൾ ബ്രസീലിലാണ്. അതുകഴിഞ്ഞാൽ റഷ്യ. മൂന്നാം സ്ഥാനത്തേക്ക് ഇന്ത്യ കുതിക്കുകയാണ്. അമേരിക്കയിലും കാര്യങ്ങൾ കൈവിട്ടു പോയ അവസ്ഥയിലാണ്. മഹാരാഷ്ട്രയിലും ഡൽഹിയിലും തമിഴ്‌നാട്ടിലും ഗുജറാത്തിലും കാര്യങ്ങൾ കൈവിട്ടു പോയ അവസ്ഥയിലാണ്. ലോക് ഡൗണിൽ ഇളവുകളുള്ളതിനാൽ എന്തും സംഭവിക്കാവുന്ന അവസ്ഥയിലാണ് രാജ്യം. കാര്യങ്ങൾ ഇനിയും കൈവിട്ടു പോകാൻ സാധ്യത ഏറെയാണ്.

മുംബൈയിൽ സ്ഥിതി ആശങ്കാ ജനകമാണ്. കോവിഡ് ബാധിതരെ ചികിത്സിക്കുന്ന ജോഗേശ്വരിയിലെ സർക്കാർ ആശുപത്രിയിൽ ഒന്നര മണിക്കൂറിനിടെ ഏഴുരോഗികൾ മരിച്ചപ്പോൾ രോഗികളും ഡോക്ടർമാരും നടുങ്ങി. തൊട്ടടുത്ത് കിടന്നവർ മിനിറ്റുകളുടെ വ്യത്യാസത്തിൽ മരിക്കുന്ന കാഴ്ചകണ്ട് തീവ്രപരിചരണവാർഡിലെ മറ്റുരോഗികളും ആശങ്കയിലായി. ഡോക്ടർമാരുടെ സംഘമെത്തിയാണ് അവരെ ആശ്വസിപ്പിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

വിനയായത് ഓക്‌സിജന്റെ അളവ് കുറഞ്ഞത്

ശനിയാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. രോഗികൾക്കുള്ള ഓക്‌സിജന്റെ അളവ് കുറഞ്ഞതാണ് കാരണമെന്നാണ് പ്രാഥമികനിഗമനം. ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് സീനിയർ ഡോക്ടർമാർ അവധിയിലായതിനെത്തുടർന്ന് അടുത്തിടെ എം.ബി.ബി.എസ്. കഴിഞ്ഞ രണ്ടുപേരായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. എന്നാൽ പൈപ്പിലൂടെ വരുന്ന ഓക്‌സിജന്റെ അളവ് കുറഞ്ഞതോടെ രോഗികൾക്ക് ശ്വാസംകിട്ടാത്ത അവസ്ഥയായി. ഇത് വാർഡിലെ നഴ്സിന്റെ ശ്രദ്ധയിൽപ്പെട്ടപ്പോൾ ഡോക്ടർമാർ സ്ഥലത്തില്ലായിരുന്നു.

ടെക്നീഷ്യന്റെ സഹായത്തോടെ ഓക്‌സിജന്റെ അളവ് ശരിയാക്കുമ്പോഴേക്കും ഏഴുപേർ മരിച്ചിരുന്നു. രണ്ടാഴ്ചയ്ക്കിടെ 12 കോവിഡ് രോഗികൾ മരിച്ച ആശുപത്രിയാണിത്. മെഡിക്കൽസൂപ്രണ്ട് ഡോ. മാനെ ഞായറാഴ്ച പുലർച്ചെ നാലരയ്ക്ക് അടിയന്തര യോഗം വിളിച്ച് ഡോക്ടർമാരുമായി ചർച്ച നടത്തി. ഓക്‌സിജൻ കുറഞ്ഞതല്ല പ്രശ്‌നമെന്നും ആ സമയത്ത് വാർഡിൽ ഡോക്ടർമാരില്ലാത്തതാണ് മരണത്തിന് കാരണമെന്നുമാണ് ഡോ. മാനെ പറഞ്ഞത്. തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും അവർ പറഞ്ഞു.

മഹാരാഷ്ട്രയിൽ കൂടുതൽ ഡോക്ടർമാരെയും നഴ്സുമാരെയും ജോലിക്ക് നിയോഗിക്കാൻ നടപടി ആരംഭിച്ചു. കേരളത്തിൽനിന്ന് ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഒരു സംഘം മുംബൈയിൽ എത്തിയിരുന്നു. സ്വകാര്യ ആശുപത്രികളിൽ ജോലിചെയ്യുന്ന മലയാളിനഴ്സുമാർ കേരളത്തിലേക്ക് മടങ്ങിയതോടെ പല ആശുപത്രികളിലും നഴ്സുമാരെ കിട്ടാനില്ലെന്ന് ബൃഹൻ മുംബൈ നഗരസഭ മേയർ കിഷോരി പെഡ്നേക്കർ പറഞ്ഞു.

കൂടുതൽ ഡോക്ടർമാരെയും നഴ്സുമാരെയും ജോലിക്കെടുക്കാൻ ഓൺലൈനിലൂടെ അപേക്ഷകൾ സ്വീകരിച്ചുതുടങ്ങിയതായി മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി അമിത് ദേശ്മുഖ് അറിയിച്ചു. നഴ്സുമാർക്ക് 30,000 രൂപയും ഡോക്ടർമാർക്ക് 80,000 രൂപയുമാണ് പ്രതിമാസ ശമ്പളമായി വാഗ്ദാനം ചെയ്തിട്ടുള്ളത്. അനസ്തേഷ്യവിഭാഗം ഡോക്ടർമാർക്ക് രണ്ടുലക്ഷം രൂപയും ശമ്പളം ലഭിക്കും. എം.ബി.ബി.എസ്. പഠനം കഴിഞ്ഞ് ഇന്റേൺഷിപ്പ് പൂർത്തീകരിച്ച 4000 വിദ്യാർത്ഥികളുടെ ബിരുദ സർട്ടിഫിക്കറ്റുകൾ ഉടനെ നൽകാൻ ആരോഗ്യ സർവകലാശാല വൈസ്ചാൻസലർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

തമിഴ്‌നാട്ടിൽ സ്ഥിതി ഗുരുതരം

തമിഴ്‌നാട്ടിൽ ഞായറാഴ്ച 1,149 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് ഒരു ദിവസം ആയിരത്തിലേറെ പേർക്കു രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 22,333 ആയി. 13 പേർ കൂടി മരിച്ചു. സംസ്ഥാനത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്ത മരണത്തിന്റെ എണ്ണത്തിലും റെക്കോഡാണിത്. ആകെ മരണം 173 ആയി. ചെന്നൈ ജില്ലയിൽ മാത്രം 804 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 14802 ആയി.

ചെന്നൈയിൽ രോഗവ്യാപനം തീവ്രമായി തുടരുകയാണെങ്കിലും മദ്രാസ് ഹൈക്കോടതിയിലെ എല്ലാ ബെഞ്ചുകളിലും തിങ്കളാഴ്ച മുതൽ കേസുകൾ പരിഗണിക്കാൻ തീരുമാനിച്ചു. വീഡിയോ കോൺഫറൻസിങ്ങിലൂടെയായിരിക്കും വാദം കേൾക്കുക. ചെന്നൈ നഗരത്തിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ച റോയപുരം മേഖലയിലാണ് ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്.

കർണ്ണാടകയും കരുതലിൽ

കർണാടകത്തിൽ കോവിഡ്-19 ബാധിതരുടെ എണ്ണവും മരണനിരക്കും കൂടുന്നു. മഹാരാഷ്ട്രയിൽനിന്ന് തിരിച്ചെത്തുന്നവർക്ക് കൂട്ടത്തോടെ രോഗം ബാധിച്ചതോടെ രോഗികളുടെ എണ്ണം 3000 കടന്നു. ചികിത്സയിലായായിരുന്ന രണ്ടുപേർകൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 51 ആയി. മഹാരാഷ്ട്രയിൽനിന്ന് തിരിച്ചെത്തിയ റായ്ച്ചൂർ സ്വദേശിയായ അമ്പതുകാരൻ, ബീദർ സ്വദേശിയായ എഴുപത്തഞ്ചുകാരൻ എന്നിവരാണ് മരിച്ചത്.

സംസ്ഥാനത്ത് പുതുതായി 299 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 255 പേർ മറ്റുസംസ്ഥാനങ്ങളിൽനിന്ന് തിരിച്ചെത്തിയവരും ഏഴുപേർ ദോഹ, മലേഷ്യ, ഇൻഡൊനീഷ്യേ എന്നിവിടങ്ങളിൽനിന്നെത്തിയവരാണ്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 3221 ആയി. രോഗം മാറുന്നവരുടെ എണ്ണത്തിലും വൻവർധനയുണ്ടായി. ഞായാറാഴ്ച 221 പേരാണ് രോഗം മാറി ആശുപത്രിവിട്ടത്. ആദ്യമായാണ് ഇത്രയുംപേർക്ക് ഒന്നിച്ച് രോഗം ഭേദപ്പെടുന്നത്. ബെംഗളൂരുവിൽ 21 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോൾ 59 പേർ രോഗം മാറി ആശുപത്രിവിട്ടു. നിലവിൽ നഗരത്തിൽ 115 പേരാണ് ചികിത്സയിലുള്ളത്. 357 പേർക്കാണ് രോഗം ബാധിച്ചത്.

മഹാരാഷ്ട്രയിൽ നിന്നും തിരിച്ചെത്തുന്നവർക്ക് കൂട്ടത്തോടെ രോഗം ബാധിച്ചതാണ് കർണാടകത്തിൽ രോഗികളുടെ എണ്ണം 3000 കടക്കാൻ കാരണം. ചികിത്സയിലായായിരുന്ന രണ്ടുപേർ കൂടി മരിച്ചതോടെ ഇതുവരെ മരിച്ചവരുടെ എണ്ണം 51-ആയി. ഞായറാഴ്ച രോഗം സ്ഥിരീകരിച്ച 299 പേരിൽ 252 പേരും മഹാരാഷ്ട്രയിൽ നിന്ന് വന്നവരാണ്. മൂന്നു പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയവരും ഏഴു പേർ ദോഹ, മലേഷ്യ, ഇൻഡൊനീഷ്യേ എന്നിവിടങ്ങളിൽ നിന്നെത്തിയവരുമാണ്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 3221 ആയി.

ഡൽഹിയിൽ വ്യാപനം കുറയുന്നില്ല

ഗുജറാത്തിൽ ഞായറാഴ്ച 438 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 689 പേർക്ക് ഭേദപ്പെട്ടു. 31 പേരാണ് ഞായറാഴ്ച മരിച്ചത്. ഇതിൽ ഇരുപതും അഹമ്മദാബാദിലാണ്. ഇതോടെ ആകെ മരണം 1038 ആയി. അഹമ്മദാബാദിൽ 299 പേർക്ക് രോഗം കണ്ടെത്തി. തുടർച്ചയായ നാലാംദിവസവും ഡൽഹിയിൽ പുതിയ കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു.

ഞായറാഴ്ച പുതുതായി 1,295 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒരുദിവസം രേഖപ്പെടുത്തിയ ഏറ്റവുമുയർന്ന നിരക്കാണിത്. ഇതോടെ നഗരത്തിൽ ആകെ വൈറസ് ബാധിതരുടെ എണ്ണം 19,844 ആയി. ഞായറാഴ്ച 13 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 473 ആയി. നിലവിൽ, 10,893 രോഗികൾ ചികിത്സയിലുണ്ട്. 8,478 പേർ രോഗമുക്തി നേടി. 317 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ പശ്ചിമബംഗാളിൽ കോവിഡ് രോഗികളുടെ എണ്ണം 5,130 ആയി. 237 പേരാണ് ഇതുവരെ മരിച്ചത്. രാജസ്ഥാനിലെ എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും മുഴുവൻ ജീവനക്കാരുമായി ജൂൺ ഒന്നുമുതൽ പ്രവർത്തിച്ചുതുടങ്ങും. അന്തർസംസ്ഥാന ബസുകളുൾപ്പടെ സ്വകാര്യ ഗതാഗത സംവിധാനങ്ങളും സാധാരണ രീതിയിലാകും.

എന്നാൽ, ആരാധനലയങ്ങളും മാളുകളും ഭക്ഷണശാലകളും ജൂൺ 30 വരെ തുറക്കില്ല. ബിഹാറിൽ 20 കോവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 206 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തിപ്പോൾ 3,565 രോഗബാധിതരാണുള്ളത്. പട്നയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നായി തിരിച്ചെത്തിയ മറുനാടൻ തൊഴിലാളികളിൽ 2,433 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ചെന്നൈ റെയിൽവേ ഡിവിഷനിലെ 71 ജീവനക്കാർക്ക് കോവിഡ്

ചെന്നൈ റെയിൽവേ ഡിവിഷനിലെ 71 ജീവനക്കാർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 40 ആർ.പി.എഫ്. സോനാംഗങ്ങൾക്കും വിവിധ സെക്ഷനുകളിലെ 31 ജീവനക്കാർക്കുമാണ് രോഗം ബാധിച്ചത്. നിർബന്ധമായും ജോലിയിൽ ഹാജരാകണമെന്ന് നിർദ്ദേശിക്കുന്നതുകൊണ്ടാണ് രോഗം ബാധിക്കുന്നതെന്ന് ജീവനക്കാർ കുറ്റപ്പെടുത്തി.

ജീവനക്കാരോട് അവരുടെ പ്രദേശത്ത് കോവിഡ് ബാധയുണ്ടോയെന്ന് ചോദിച്ചറിയുന്നില്ല. അതിനാൽ തീവ്ര രോഗവ്യാപന മേഖലയിലുള്ളവർ(കണ്ടെയ്ന്മെന്റ് സോൺ)കൂടി ജോലിക്ക് വരാൻ നിർബന്ധിക്കപ്പെടുകയാണ്. ഓരോ ദിവസവും നഗരത്തിൽ കണ്ടെയ്ന്മെന്റ് സോണുകളുടെ എണ്ണം വർധിക്കുകയാണ്. ആ മേഖലകളിലുള്ളവർക്ക് അവധി നൽകിയിരുന്നെങ്കിൽ ഇത്രയും പേർക്ക് രോഗം വരില്ലായിരുന്നെന്ന് ജീവനക്കാർ പറയുന്നു.

ദക്ഷിണ റെയിൽവേയിലെ അംഗീകൃത യൂണിയനുകളിൽ അംഗങ്ങളായ ജീവനക്കാർ ജോലിക്ക് ഹാജരാകുന്നില്ലെന്നും അവർ സംഘടനകളുടെ പിൻബലത്തിലാണ് ഇത് ചെയ്യുന്നതെന്നും ആക്ഷേപമുണ്ട്. മറ്റ് യൂണിയനുകളിൽ അംഗങ്ങളായവർ തുടർച്ചയായി ജോലിക്ക് ഹാജരാകേണ്ടിവരുന്നു. ജോലിക്ക് ഹാജരാകാത്തവർക്കെതിരേ നടപടിയൊന്നുമെടുക്കുന്നില്ലെന്നും ആരോപണമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP