Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു ദിവസം രോഗികൾ ആവുന്നവരുടെ എണ്ണം 5000ത്തിലേക്ക്; മരണ സംഖ്യയും കുതിച്ചുയരുന്നു; ആദ്യം മടിച്ചു നിന്ന കൊറോണ പാക്കിസ്ഥാനിൽ ആഞ്ഞടിക്കാൻ തുടങ്ങിയതോടെ കൈകാലിട്ടടിച്ച് പാക് ജനത; ഇന്ത്യയിലെ രോഗികളുടെ എണ്ണ കണക്കുമായി ആഘോഷിച്ചിരുന്ന പാക് മാധ്യമങ്ങൾക്ക് ആശങ്ക

ഒരു ദിവസം രോഗികൾ ആവുന്നവരുടെ എണ്ണം 5000ത്തിലേക്ക്; മരണ സംഖ്യയും കുതിച്ചുയരുന്നു; ആദ്യം മടിച്ചു നിന്ന കൊറോണ പാക്കിസ്ഥാനിൽ ആഞ്ഞടിക്കാൻ തുടങ്ങിയതോടെ കൈകാലിട്ടടിച്ച് പാക് ജനത; ഇന്ത്യയിലെ രോഗികളുടെ എണ്ണ കണക്കുമായി ആഘോഷിച്ചിരുന്ന പാക് മാധ്യമങ്ങൾക്ക് ആശങ്ക

മറുനാടൻ മലയാളി ബ്യൂറോ

ഇസ്ലാമബാദ്: ആദ്യം മടിച്ചു നിന്ന കൊറോണ പാക്കിസ്ഥാനിൽ ആഞ്ഞടിക്കാൻ തുടങ്ങിയതോടെ രാജ്യം കടുത്ത ആശങ്കയിൽ. ലോക്ഡൗൺ നിയന്ത്രണങ്ങൾ നീക്കാൻ സർക്കാർ ഒരുങ്ങുമ്പോൾ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നതാണ് സർക്കാരിനെയും ആരോഗ്യമേഖലയേയും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഒരു ദിവസം രോഗികൾ ആവുന്നവരുടെ എണ്ണം 5000ത്തിലേക്ക് ഉയരുകയും ഒപ്പം മരണ സംഖ്യ കുതിച്ചുയരുകരയും ചെയ്യുന്ന സാഹചര്യമാണ് നിലവിൽ പാക്കിസ്ഥാനിലുള്ളത്. ഇതിനിടയിൽ സർക്കാരിന്റെയും ജനങ്ങളുടെയും മനോഭാവവും ആരോഗ്യ പ്രവർത്തകരെയും ആശങ്കയിലാക്കുന്നു.

കൊറോണ രാജ്യത്ത് പിടിമുറുക്കുമ്പോഴും വേണ്ടത്ര മുൻകരുതലുകളോ സജ്ജീകരണങ്ങളോ ഇതുവരെ ആരോഗ്യ മേഖലയിൽ നടപ്പിലാക്കിയിട്ടുമില്ല. മിക്കയിടങ്ങളിലും മെച്ചപ്പെട്ട ആരോഗ്യസംവിധാനത്തിന്റെ അഭാവമാണ് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്. ഗുരുതരമായ അവസ്ഥ വരാനിരിക്കുന്നതേയുള്ളുവെന്നാണു ഡോക്ടർമാരുടെ അഭിപ്രായം. വേണ്ടത്ര വെന്റിലേറ്ററുകളോ ഐസിയു സംവിധാനങ്ങളോ പോലുമില്ലാത്തവയാണ് പാക്കിസ്ഥാനിലെ ആശുപത്രികൾ. ഗുരുതരമായ കോവിഡ് രോഗം ബാധിച്ചവർക്ക് ഈ സംവിധാനങ്ങളെല്ലാം വേണമെന്നിരിക്കെ ഇതിന്റെ അഭാവം പാക്കിസ്ഥാനിലെ ആരോഗ്യ പ്രവർത്തകരെ വലയ്ക്കുന്നു.

വെള്ളിയാഴ്ച പാക്കിസ്ഥാനിൽ 3,985 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വ്യാഴാഴ്ച 4688 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 90,000ത്തിലേക്ക് അടുക്കുകയാണെന്നു ആരോഗ്യമന്ത്രാലയം അറിയിച്ചു. ബുധനാഴ്ച 4065 കേസുകളാണു പുതുതായി റിപ്പോർട്ട് ചെയ്തത്. ഇന്ന് 68 പേർ മരിച്ചതോടെ 1838 പേരാണ് ഇതുവരെ മരിച്ചത്. 30,128 പേർക്കു രോഗം ഭേദമായി. സിന്ധ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് - 33,000. പഞ്ചാബ് പ്രവിശ്യയിൽ 31,000 കേസുകളും റിപ്പോർട്ട് ചെയ്തു.

രോഗികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്തുമെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തിങ്കളാഴ്ച അറിയിച്ചിരുന്നു. ഇതിനിടയിലാണ് പുതുതായി റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം കുതിച്ചുയർന്നത്. പുതിയ കേസുകൾ വർധിക്കുന്നതും മരണസംഖ്യ ഉയരുന്നതും ആശങ്കാജനകമാണെന്നു ഡോക്ടർമാർ അഭിപ്രായപ്പെട്ടു. അതേസമയം രോഗികളാണെന്ന് അറിഞ്ഞിട്ടും ആശുപത്രിയിലേക്ക് വരാനോ വേണ്ട ചികിത്സ ലഭ്യമാക്കാനോ കൂട്ടാക്കാത്ത മനോഭാവമാണ് ജനങ്ങൾക്കുള്ളത്. ജനങ്ങൾക്കിടയിൽ പല തരത്തിൽ തെറ്റിദ്ധാരണകൾ പരക്കുന്നതാണ് തിരിച്ചടിയാകുന്നത്. പല തെറ്റായ വാർത്തകളും വിശ്വസിച്ച് രോഗികൾ ആശുപത്രികളിൽ ചികിത്സ തേടാതെ വീടുകളിൽ തുടരുകയാണ്. രോഗം ഗുരുതരമാകുന്ന സാഹചര്യത്തിലാണ് ആശുപത്രിയിലെത്തുന്നത്. തുടർന്നു മരണം സംഭവിക്കുകയും ചെയ്യുമെന്നു ക്വറ്റയിലെ പ്രമുഖ ഡോക്ടർ പറഞ്ഞു. പലപ്പോഴും ചികിത്സിക്കാനുള്ള അവസരം പോലും ലഭിക്കുന്നില്ലെന്ന് ഡോക്ടർ പറഞ്ഞു.

ഇപ്പോൾ തന്നെ പ്രധാനപ്പെട്ട ആശുപത്രികളിൽ ഐസിയു നിറഞ്ഞ അവസ്ഥയിലാണ്. 15 ദശലക്ഷം ആളുകളുള്ള കറാച്ചിയിൽ വളരെ കുറച്ച് ഐസിയു കിടക്കകൾ മാത്രമാണ് ഒഴിവുള്ളത്. ലാഹോറിൽ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കു വെന്റിലേറ്റർ നൽകാൻ കഴിയാത്ത അവസ്ഥയാണെന്നു ഡോക്ടർമാർ പറയുന്നു. പെഷവാർ, ക്വറ്റ എന്നിവിടങ്ങളിലും സമാനസാഹചര്യമാണ്. ഏറ്റവും ഗുരുതരമായി ബാധിച്ച ചൈനീസ് അതിർത്തിയോടു ചേർന്നു കിടക്കുന്ന ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലയിൽ 800 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇവിടെ പഴയ രണ്ടു വെന്റിലേറ്റർ മാത്രമേ ഉള്ളുവെന്നു റിപ്പോർട്ടുണ്ട്. ഇതുവരെ സർക്കാരിൽനിന്നു മെഡിക്കൽ ഉപകരണങ്ങളോ മറ്റു സഹായങ്ങളോ ലഭിച്ചിട്ടില്ല. സർക്കാരിനു ലഭിക്കുന്ന ഫണ്ട് ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി ഉപയോഗിക്കുന്നില്ലെന്ന് മനുഷ്യാവകാശ പ്രവർത്തകനായ ഡോ. അജ്മദ് അയൂബ് മിർസ പറഞ്ഞു.

അതേസമയം ആശുപത്രികളിലെത്തുന്നവർ മുഴുവൻ കോവിഡ് രോഗികളാണെന്നു തെറ്റായി പ്രഖ്യാപിക്കാൻ ഡോക്ടർമാർക്ക് ലോകാരോഗ്യ സംഘടന പണം നൽകുന്നുണ്ടെന്ന വ്യാജപ്രചാരണവും പാക്കിസ്ഥാനിൽ ശക്തമാണ്. ഡോക്ടർമാരെ ആക്രമിക്കുന്ന പ്രവണതയും കൂടി വരുന്നതോടെ രോഗികളെ ചികിത്സിക്കാൻ തന്നെ പേടിയായ അഅവസ്ഥയിലാണ് ഡോക്ടർമാർ. അടുത്തിടെ ഒരു സുഹൃത്തിൽനിന്നുണ്ടായ അനുഭവം കറാച്ചിയിലെ ഡോക്ടർ പങ്കുവച്ചു. 'ഒരു സുഹൃത്ത് ഫോണിൽ വിളിച്ച് മകന് നല്ല പനിയും ചുമയുമുണ്ടെന്നു പറഞ്ഞു. എന്നാൽ ആശുപത്രിയിലെത്തിക്കാൻ താൽപര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടർമാർ എല്ലാവർക്കും കോവിഡ് ആണെന്നു പറയുകയാണ്. ഓരോ കേസിനും 500 രൂപ വച്ചാണു ഡോക്ടർമാർക്കു ലഭിക്കുന്നതെന്നും സുഹൃത്ത് പറഞ്ഞു'- ഡോക്ടർ വ്യക്തമാക്കി.

ഇത്തരം വാർത്തകളുടെ പേരിൽ പെഷവാറിലും ലാഹോറിലും രോഗികളുടെ ബന്ധുക്കൾ ആശുപത്രികൾ ആക്രമിക്കുകയും ചെയ്തിരുന്നു. കോവിഡ് ബാധിച്ചു മരിച്ചയാളിന്റെ മൃതദേഹം ഉടനടി വിട്ടുകൊടുത്തില്ലെന്ന് ആരോപിച്ചാണ് കറാച്ചിയിൽ ജിന്ന പോസ്റ്റ്ഗ്രാജ്വേറ്റ് മെഡിക്കൽ സെന്റർ അടിച്ചു തകർത്തത്. കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തിലാണു സംസ്‌കരിക്കുന്നതെന്നും ഡോക്ടർമാർ പറഞ്ഞു.

ആശുപത്രിയെത്തിയ രോഗിക്കു വെന്റിലേറ്റർ ലഭ്യമല്ലെന്നു പറഞ്ഞതിനു ബന്ധുക്കൾ മറ്റൊരു ആശുപത്രി ആക്രമിച്ചു. യാതൊരു സുരക്ഷാ വസ്ത്രങ്ങളും ധരിക്കാൻ അനുവദിക്കാതെ ബലം പ്രയോഗിച്ച് ഡോക്ടറെ കൊണ്ട് സിപിആർ ചികിത്സ നൽകി. ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ചു വരെ ചിന്തിച്ചെന്ന് ഡോ. ഖാലിദ് പറഞ്ഞു. നൂറുകണക്കിനു ഡോക്ടർമാർക്കു കോവിഡ് ബാധിച്ചിരുന്നു. 30 ആരോഗ്യപ്രവർത്തകർ മരിക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP