Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാഞ്ഞങ്ങാട് ദുർഗാ സ്‌കൂളിൽ പത്ത് എഫിൽ പരീക്ഷ എഴുതിയവർക്ക് രോഗ ലക്ഷണങ്ങൾ ഇല്ലാത്തത് പ്രതീക്ഷ; ഇൻവിജിലേറ്ററേയും ഐസുലേഷനിലേക്ക് മാറ്റും; കൊറോണ സ്ഥിരീകരിച്ച പത്താംക്ലാസുകാരിക്ക് വൈറസ് കിട്ടിയത് ദുബായിൽ നിന്ന് പറന്നിറങ്ങിയ അച്ഛനിൽ നിന്ന്; കോവിഡ് 19 പിടികൂടിയ പതിനഞ്ചുകാരിയുടെ ആരോഗ്യം തൃപ്തികരമെന്ന് ഡോക്ടർമാർ; എസ് എസ് എൽ സി പരീക്ഷ മാറ്റിവയ്ക്കാത്തതിന്റെ ദുരന്തമെന്ന തിരിച്ചറിവിൽ സമൂഹവും; ഇനി പരീക്ഷകൾ കോവിഡ് കേരളം വിട്ട ശേഷം മാത്രം

കാഞ്ഞങ്ങാട് ദുർഗാ സ്‌കൂളിൽ പത്ത് എഫിൽ പരീക്ഷ എഴുതിയവർക്ക് രോഗ ലക്ഷണങ്ങൾ ഇല്ലാത്തത് പ്രതീക്ഷ; ഇൻവിജിലേറ്ററേയും ഐസുലേഷനിലേക്ക് മാറ്റും; കൊറോണ സ്ഥിരീകരിച്ച പത്താംക്ലാസുകാരിക്ക് വൈറസ് കിട്ടിയത് ദുബായിൽ നിന്ന് പറന്നിറങ്ങിയ അച്ഛനിൽ നിന്ന്; കോവിഡ് 19 പിടികൂടിയ പതിനഞ്ചുകാരിയുടെ ആരോഗ്യം തൃപ്തികരമെന്ന് ഡോക്ടർമാർ; എസ് എസ് എൽ സി പരീക്ഷ മാറ്റിവയ്ക്കാത്തതിന്റെ ദുരന്തമെന്ന തിരിച്ചറിവിൽ സമൂഹവും; ഇനി പരീക്ഷകൾ കോവിഡ് കേരളം വിട്ട ശേഷം മാത്രം

മറുനാടൻ മലയാളി ബ്യൂറോ

കാഞ്ഞങ്ങാട്: കകൊറോണ സ്ഥിരീകരിച്ച കാഞ്ഞങ്ങാട്ടെ എയ്ഡഡ് സ്‌കൂളിൽ പഠിക്കുന്ന പത്താംക്ലാസ് വിദ്യാർത്ഥിനിയുടെ നില തൃപ്തികരം. പിതാവിൽനിന്നാണ് രോഗം പകർന്നത്. കുട്ടിക്കു രോഗം സ്ഥിരീകരിച്ച വിവരംകിട്ടിയ ഉടൻ പരീക്ഷാഹാളിലെ 20 വിദ്യാർത്ഥികളെയും നിരീക്ഷണത്തിലാക്കി. ഇവരിൽ ആർക്കും ഇതുവരെ രോഗ ലക്ഷണം കണ്ടെത്തിയിട്ടില്ല. അതിനിടെ പരീക്ഷ മാറ്റി വയ്ക്കണമെന്ന നിർദ്ദേശം സർക്കാർ അവഗണിച്ചതാണ് ഒന്നുമറിയാത്ത 20 കുട്ടികൾക്ക് വിനയായതെന്ന അഭിപ്രായവും സജീവമാണ്. സ്‌കൂളുകൾക്കും കോളേജുകൾക്കും പരീക്ഷകൾക്കും കേന്ദ്ര സർക്കാർ അവധി നൽകിയിട്ടും ഒരു ദിവസം കൂടി എസ് എസ് എൽ സി പരീക്ഷ കേരളത്തിൽ നടന്നു.

കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്‌കൂളിൽ പരീക്ഷ എഴുതിയ വിദ്യാർത്ഥിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. പത്ത് എഫ് ഡിവിഷനിലാണ് കുട്ടി പഠിക്കുന്നത്. എന്നാൽ പരീക്ഷ എഴുതിയത് പത്ത് എ ക്ലാസിലാണ്. ഈ ക്ലാസിൽ പരീക്ഷ എഴുതിയ എല്ലാ കുട്ടികളും സഹപാഠികളും നിരക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. ആ പരീക്ഷയിൽ ക്ലാസ്സിലിരുന്ന ഇൻവിജിലേറ്ററും നിരീക്ഷണത്തിൽ പോകേണ്ടിവരും. പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകൾ പൂർത്തിയായിട്ടില്ല. ഇനി കോവിഡ് പൂർണ്ണമായും പോയ ശേഷം മാത്രമേ ബാക്കി പരീക്ഷകൾ നടക്കൂ. സ്‌കൂളും കോളേജും തുറക്കുന്നതു പോലും വൈറസിന്റെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാകുമെന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പ് നൽകുന്ന സൂചന. കേരളത്തിൽ നിന്ന് ഭീതി അകലാൻ ഇനിയും ദിവസങ്ങൾ വേണ്ടി വരുമെന്നാണ് വിലയിരുത്തൽ.

പിതാവിനെ കാസർകോട് ജനറൽ ആശുപത്രിയിലും കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇയാളുടെ അമ്മയെയും ജില്ലാ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഭാര്യയെയും 19, 13, ആറ് വയസ്സുള്ള മറ്റു മൂന്നുമക്കളെയും ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഈ വീട്ടിലെ കുട്ടിയാണ് പരീക്ഷ എഴുതാൻ സ്‌കൂളിലേക്ക് പോയത്. ഇതാണ് കാഞ്ഞങ്ങാടിനെ ഭീതിയിലാക്കുന്നത്. സുരക്ഷാ മുൻകരുതലൊന്നും ഇല്ലാതെയാണ് കുട്ടി പരീക്ഷയ്ക്ക് എത്തിയതെന്നും സൂചനയുണ്ട. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ആരും തയ്യാറല്ല. വിവാദങ്ങൾ അല്ല രോഗ അതിജീവനമാണ് മുഖ്യമെന്ന് കാസർകോട് ജില്ലാ ഭരണകൂടം പറയുന്നു.

ആലാമിപ്പള്ളി സ്വദേശിയായ കോവിഡ് സ്ഥിരീകരിച്ച ആളുടെ മകൾക്കാണ് രോഗം. ആദ്യഘട്ടത്തിൽ കോവിഡ് ബാധിച്ച് ചൈനയിൽനിന്നെത്തിയ വിദ്യാർത്ഥിയെ പരിപൂർണമായി സുഖപ്പെടുത്തി വീട്ടിലെത്തിച്ച ഖ്യാതിയുള്ള ജില്ലയിലെ ആരോഗ്യവിഭാഗം നിലവിലുള്ള അതിഗുരുതര സ്ഥിതിയും മറികടക്കുമെന്ന ആത്മവിശ്വാസത്തിലാണ്. സമൂഹവ്യാപനത്തിന് വഴിയൊരുക്കാതെ പ്രതിരോധത്തിനായി മികച്ച പ്രവർത്തനമാണ് ജില്ലാ ഭരണസംവിധാനം നടത്തുന്നത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടും വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർ ആദ്യഘട്ടത്തിൽ വലിയ പ്രയാസമുണ്ടാക്കിയിരുന്നു. ജില്ലക്ക് പുറത്തുനിന്നെത്തിയ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ കൂടി നേതൃത്വത്തിൽ പൊലീസ് ശക്തമായ നടപടികൾ സ്വീകരിച്ചതോടെ ഇവരും വീട്ടിനകത്ത് കഴിയാൻ തയ്യാറായി. അവശ്യസാധനങ്ങൾ വാങ്ങാനുള്ള പകൽ 11 മുതൽ വൈകിട്ട് അഞ്ചുവരെയുള്ള സമയത്തല്ലാതെ ആരെയും റോഡിൽ കാണാനില്ല. കർഫ്യൂവിന് സമാനമായ അവസ്ഥ.

ജില്ലയിൽ വെള്ളിയാഴ്ചവരെ കോവിഡ് ബാധിച്ചത് 83 പേർക്കാണ്. ഭൂരിഭാഗം പേരും ദുബായിൽനിന്നെത്തിയവരാണ്. സമ്പർക്കത്തിൽ രോഗം ബാധിച്ചത് വെള്ളിയാഴച വരെ 15 പേർക്ക് മാത്രം. ഇതിൽ 13 പേർ ദുബായിൽനിന്നെത്തിയ കളനാടുള്ള രോഗിയുടെ ബന്ധുക്കളാണ്. ഇയാളിൽനിന്ന് ഭാര്യക്ക് പകർന്ന വൈറസ് ഭാര്യയുടെ ബന്ധുകൾക്കും ലഭിച്ചു. ഇതിൽ കുട്ടികളുമുണ്ട്. ഇയാൾക്കൊപ്പം മംഗളൂരു വിമാനത്താവളത്തിൽനിന്ന് കാറിൽ കൂടെയുണ്ടായിരുന്ന ബന്ധുവിനും രോഗം ബാധിച്ചു. ദുബായ് നായിഫിൽനിന്നെത്തിയവർക്കാണ് കൂടുതലായും രോഗം ബാധിച്ചത്. ശനിയാഴ്ച വരെ 6511 പേരാണ് നിരീക്ഷണത്തിലുള്ളത്. 127 പേർ ആശുപത്രിയിലും 6384 പേർ വീട്ടിലുമാണ്.

അതിനിടെ എൻഡോസൾഫാൻ ദുരിതബാധിതർക്കായി ഒരുക്കിയ സത്യസായി ഗ്രാമത്തിലെ 36 വീടുകൾ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഐസലേഷൻ വീടാക്കി മാറ്റും. കലക്ടർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സത്യസായി ഓർഫനേജ് ട്രസ്റ്റ് എന്മകജെ പഞ്ചായത്തിലെ കാനയിൽ ഒരുക്കി വീടുകൾ ഐസലേഷനായി വിട്ടു കൊടുക്കുന്നത്. ഇതിനായി ഈ വീടുകളിൽ എല്ലാ സൗകര്യവും ഒരുക്കും. സംസ്ഥാന സർക്കാരും സത്യസായി ഓർഫനേജ് ട്രസ്റ്റും ചേർന്നാണ് എൻഡോസൾഫാൻ ദുരിത ബാധിതർക്കായി സായിപ്രസാദം എന്ന പേരിൽ ഭവന പദ്ധതി നടപ്പിലാക്കിയത്. രണ്ടാം ഘട്ടമാണ് എന്മകജെ കാനയിൽ പൂർത്തിയായത്. 36 വീടുകളിലുടെയും പണി പൂർത്തിയായി മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കാനിരിക്കെയാണ് വീടുകൾ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിട്ടു കൊടുക്കുന്നതെന്ന് ട്രസ്റ്റ് എക്‌സിക്യൂട്ടിവ് ഡയറക്ടർ കെ.എൻ.ആനന്ദ് കുമാർ പറഞ്ഞു.

അതിനിടെ കാസർകോട് ജില്ലയിലെ രോഗബാധിതരുടെ പട്ടിക പുറത്തായത് വിവാദമായി. ജില്ല മെഡിക്കൽ ഓഫിസർ പൊലീസിന് നൽകിയ പട്ടികയാണ് പുറത്തായത്. രോഗബാധിതരുടെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന പട്ടിക പുറത്തായത് വിവാദമായിരിക്കുകയാണ്. പട്ടിക പുറത്തുവിട്ടത് ആരോഗ്യവകുപ്പ് അല്ലെന്നും സ്‌പെഷൽ ബ്രാഞ്ചിന് നൽകിയ പട്ടികയാണ് പുറത്തായതെന്നും ഡി.എം.ഒ രാംദാസ് പറഞ്ഞു. പേര്, മേൽവിലാസം, ഫോൺ നമ്പർ എന്നിവയടങ്ങിയ പട്ടികയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സംഭവത്തിൽ ഡി.എം.ഒ പൊലീസിന് പരാതി നൽകി.

ചിലരുടെ പേരുവിവരങ്ങൾ ഒഴിവാക്കിയാണ് പട്ടിക പുറത്തുവിട്ടതെന്നും ഇത് ദുരുദ്ദേശപരമാണെന്നും ആരോപണമുണ്ട്. പട്ടിക പുറത്തുവിട്ട സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP