Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സമൂഹവ്യാപനം ഇല്ലെന്നു മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും തറപ്പിച്ചു പറയുന്നുണ്ടെങ്കിലും ഉറവിടം വ്യക്തമല്ലാത്ത രോഗികളുടെ എണ്ണം കൂടുന്നു; തിരുവനന്തപുരത്തെ വൈദികന് രോഗം ബാധിച്ചത് ആശുപത്രിയിൽ നിന്നെന്ന സംശയം അതിശക്തം; നാട്ടുകാരുടെ പ്രതിഷേധമുള്ളതിനാൽ ഫാ കെ ജി വർഗീസിന്റെ സംസ്‌കാരചടങ്ങിൽ അനിശ്ചിതത്വം തുടരുന്നു; മതാചാരം ഒഴിവാക്കി ദഹിപ്പിക്കാനും സാധ്യത

സമൂഹവ്യാപനം ഇല്ലെന്നു മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും തറപ്പിച്ചു പറയുന്നുണ്ടെങ്കിലും ഉറവിടം വ്യക്തമല്ലാത്ത രോഗികളുടെ എണ്ണം കൂടുന്നു; തിരുവനന്തപുരത്തെ വൈദികന് രോഗം ബാധിച്ചത് ആശുപത്രിയിൽ നിന്നെന്ന സംശയം അതിശക്തം; നാട്ടുകാരുടെ പ്രതിഷേധമുള്ളതിനാൽ ഫാ കെ ജി വർഗീസിന്റെ സംസ്‌കാരചടങ്ങിൽ അനിശ്ചിതത്വം തുടരുന്നു; മതാചാരം ഒഴിവാക്കി ദഹിപ്പിക്കാനും സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സമ്പർക്കം വഴിയും ഉറവിടം കണ്ടെത്താൻ കഴിയാതെയും കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിൽ ആശങ്കയോടെ സർക്കാർ. ഇന്നലെ മാത്രം 12 പേർക്കാണു സമ്പർക്കം വഴി രോഗബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തു മരിച്ച വൈദികനു രോഗം പകർന്നത് എങ്ങനെയെന്നു കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ഇതും ആശങ്കയായി തുടരുന്നു.

സമൂഹവ്യാപനം ഇല്ലെന്നു മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും തറപ്പിച്ചു പറയുന്നുണ്ടെങ്കിലും ഉറവിടം വ്യക്തമല്ലാത്ത രോഗികളുടെ എണ്ണം കൂടുകയാണ്. മെയ്‌ 10നു ശേഷം കണ്ടെത്തിയ 906 രോഗികളിൽ 83 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധയുണ്ടായത്. ഇതിനു പുറമേ കേരളത്തിൽ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്കു പോയ ഒട്ടേറെപ്പേർക്ക് അവിടെ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്നലെ മരിച്ച വൈദികൻ 43 ദിവസമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. യാത്ര ചെയ്തിട്ടില്ല.

മറ്റുള്ളവരുമായി അടുത്ത സമ്പർക്കവുമുണ്ടായിട്ടില്ല. ആശുപത്രിയിൽ ഇത്രയേറെ സുരക്ഷാ ക്രമീകരണങ്ങളുണ്ടായിട്ടും രോഗം പടർന്നത് എങ്ങനെയെന്ന ചോദ്യവും ആരോഗ്യവകുപ്പിനു മുന്നിലുണ്ട്. അതിനിടെ വൈദികന്റെ സംസ്‌കാരം ഇന്ന് നടന്നേക്കും. നാട്ടുകാരുടെ പ്രതിഷേധമുള്ളതിനാൽ മലമുകൾ ശ്മശാനത്തിൽ സംസ്‌കരിക്കാനിടയില്ല. മൃതദേഹം ദഹിപ്പിക്കുന്നതും പരിഗണനയിലുണ്ട്. വൈദികന്റെ രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനാകാത്തത് വെല്ലുവിളിയായി തുടരുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലും പേരൂർക്കട ആശുപത്രിയിലും ഇദ്ദേഹത്തെ പരിചരിച്ചവർ നിരീക്ഷണത്തിലാണ്.

നാലാഞ്ചിറ സ്വദേശിയായ ഫാ. കെ ജി വർഗീസിന്റെ സംസ്‌കാരചടങ്ങിൽ അനിശ്ചിതത്വം തുടരുകയാണ്. മലമുകൾ ഓർത്തഡോക്‌സ് സെമിത്തേരിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന സംസ്‌കാര ചടങ്ങുകൾ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് മുടങ്ങിയത്. പ്രദേശത്ത് സെമിത്തേരി സ്ഥാപിക്കുന്നതിനെതിരെ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. കേസ് തീർപ്പാകുന്നതിന് മുൻപ് സംസ്‌കാരം നടത്തുന്നതിനെതിരെയായിരുന്നു പ്രതിഷേധം ഉണ്ടായത്. പ്രതിഷേധം മണിക്കൂറുകൾ നീണ്ടതോടെയാണ് വൈദികന്റെ സംസ്‌കാരം നടത്താതെ ഉദ്യോഗസ്ഥർ മടങ്ങിയത്. തുടർന്നാണ് മറ്റ് സാധ്യതകൾ കുടുംബവും സഭ അധികൃതരും ആലോചിച്ചത്.

വൈദികന്റെ ഇടവക ദേവാലയത്തിലെ സെമിത്തേരിയിൽ കോവിഡ് പ്രൊട്ടോക്കോൾ പ്രകാരം സംസ്‌കാരം നടത്താൻ കഴിയാത്തതിനാൽ മലമുകളിലെ ശ്മശാനത്തിലാണ് സംസ്‌കാരം നിശ്ചയിച്ചത്. ഇതിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ പ്രദേശവാസികൾ എതിർപ്പുമായി എത്തുകയായിരുന്നു. പല മതവിഭാഗങ്ങൾ സംസ്‌കാരത്തിന് ഉപയോഗിക്കുന്ന ശ്മശാനമാണിത്. ഇവിടെ സംസ്‌കാരം നടത്തുന്നത് സംബന്ധിച്ച് മുൻപും തർക്കങ്ങളുണ്ടായിരുന്നു. നാട്ടുകാരെ അനുനയിപ്പിക്കാൻ പൊലീസ് ശ്രമം തുടരുകയാണ്.

കോവിഡ് പ്രൊട്ടോക്കോൾ പ്രകാരം 12 അടി താഴ്ചയിൽ കുഴിയെടുത്ത് വേണം മൃതദേഹം സംസ്‌കാരിക്കാൻ. എന്നാൽ വൈദികന്റെ ഇടവക സെമിത്തേരിയിൽ ഇത് കഴിയാത്തതിനാലാണ് മലമുകളിലെ ശ്മശാനം തെരഞ്ഞെടുത്തത്. ഇന്നലെയാണ് വൈദികൻ മരണമടഞ്ഞത്. വാഹനാപകടത്തിൽ പരിക്കേറ്റ് ഏപ്രിൽ 20നാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഒരു മാസത്തിനുശേഷം പേരൂർക്കടയിലേക്ക് മാറ്റിയെങ്കിലും ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ വീണ്ടും മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ അദ്ദേഹത്തിന്റെ സമ്പർക്ക പട്ടിക ആരോഗ്യവകുപ്പ് തയാറാക്കുകയാണ്. ആദ്യം ചികിത്സിച്ച പേരൂർക്കട ജില്ലാ ആശുപത്രിയിലെ രണ്ടു മെഡിസിൻ വാർഡുകൾ പൂട്ടി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരെയും ആശുപത്രി ജീവനക്കാരെയും കണ്ടെത്താനുള്ള നടപടിയും ആരംഭിച്ചു. ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സിച്ച ഡോക്ടർമാരും മറ്റു ജീവനക്കാരും ക്വാറന്റീനിലായി. വാർഡുകളോ തീവ്ര പരിചരണ വിഭാഗമോ പൂട്ടിയിട്ടില്ല.

ഫാ.വർഗീസ് നാലാഞ്ചിറ ഓർത്തഡോക്‌സ് പള്ളി ഇടവകാംഗം ആണെങ്കിലും കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പള്ളിവക സെല്ലാറിൽ അടക്കാൻ അനുവാദമില്ല. തുടർന്ന് ഓർത്തഡോക്‌സ് സഭയുടെ മലമുകളിലെ സെമിത്തേരിയിൽ അടക്കാൻ തീരുമാനിച്ചു. അവിടെ ആഴത്തിൽ കുഴിയെടുത്തുവെങ്കിലും സമീപ വാസികളിൽ ചിലർ എതിർത്തു. കുഴി ബലമായി മൂടിക്കുകയും ചെയ്തു. ബൈക്ക് അപകടത്തെ തുടർന്ന് ഏപ്രിൽ 20 മുതൽ മെഡിക്കൽ കോളജ്, പേരൂർക്കട ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ ഫാ.വർഗീസ് ചികിത്സയിലായിരുന്നു. ചികിത്സയുടെ ഭാഗമായി സ്‌കാൻ, എക്‌സ്‌റേ എന്നിവയെടുത്തിട്ടുണ്ട്. ട്യൂബിലൂടെയായിരുന്നു ആഹാരം നൽകിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP