Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെറിയ തെറ്റിന് പോലും വലിയ ശാസന നൽകുന്ന ടീം ലീഡർ; ഒപ്പമുള്ളവർക്ക് ആത്മവിശ്വാസം പകരുന്ന നിറ പുഞ്ചിരിയുമായി ഏകോപനകർക്ക് താങ്ങും തണലുമാകുന്ന ടീച്ചർ; കോവിഡിന്റെ രണ്ടാം വരവിനെ കേരളം അതിജീവിച്ചത് സെക്രട്ടറിയേറ്റിൽ ഒരുക്കിയ വാർ റൂമിന്റെ ഇടപെടൽ മികവിൽ; നിസ്സാമുദ്ദീനിൽ നിന്നെത്തിയ കൊറോണയുടെ മൂന്നാം വരവ് പ്രതിസന്ധിയായില്ലെങ്കൽ കേരളത്തിന് രണ്ട് ദിവസങ്ങൾക്കുള്ളിൽ പുഞ്ചിരിച്ച് തുടങ്ങാം; വുഹാനിലൂടെ എത്തി ലോകത്തെ കരയിച്ച മഹാമാരിയോട് ഗുഡ് ബൈ പറയാൻ ദൈവത്തിന്റെ സ്വന്തം നാട്

ചെറിയ തെറ്റിന് പോലും വലിയ ശാസന നൽകുന്ന ടീം ലീഡർ; ഒപ്പമുള്ളവർക്ക് ആത്മവിശ്വാസം പകരുന്ന നിറ പുഞ്ചിരിയുമായി ഏകോപനകർക്ക് താങ്ങും തണലുമാകുന്ന ടീച്ചർ; കോവിഡിന്റെ രണ്ടാം വരവിനെ കേരളം അതിജീവിച്ചത് സെക്രട്ടറിയേറ്റിൽ ഒരുക്കിയ വാർ റൂമിന്റെ ഇടപെടൽ മികവിൽ; നിസ്സാമുദ്ദീനിൽ നിന്നെത്തിയ കൊറോണയുടെ മൂന്നാം വരവ് പ്രതിസന്ധിയായില്ലെങ്കൽ കേരളത്തിന് രണ്ട് ദിവസങ്ങൾക്കുള്ളിൽ പുഞ്ചിരിച്ച് തുടങ്ങാം; വുഹാനിലൂടെ എത്തി ലോകത്തെ കരയിച്ച മഹാമാരിയോട് ഗുഡ് ബൈ പറയാൻ ദൈവത്തിന്റെ സ്വന്തം നാട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം വരവിനെ കേരളം അതിജീവിച്ചോ ഇല്ലയോ എന്ന് അറിയാൻ ഇനി രണ്ട് ദിവസങ്ങൾ കൂടി മാത്രം മതി. ആദ്യം വുഹാനിൽ നിന്നെത്തിയ മൂന്ന് പേർ. ഇവർക്കെല്ലാം രോഗമുക്തി കിട്ടി. പിന്നീട് പത്തനംതിട്ടയിലെ റാന്നിയെ പ്രതിസന്ധിയിലാക്കിയ വ്യാപനം. പിന്നീട് ദിവസവും രോഗികളെത്തി. ഇതായിരുന്നു രോഗ വ്യാപനത്തിലെ രണ്ടാം ഘട്ടം. ഇതിനെ പിടിച്ചു കെട്ടുമ്പോൾ മൂന്നാം ഘട്ടം ഡൽഹിയിലെ നിസാമുദ്ദീനിൽ നിന്നും. തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത മലയാളികൾ നാട്ടിൽ തിരിച്ചെത്തിയപ്പോൾ തന്നെ ലോക് ഡൗണിലേക്ക് കേരളം പോയിരുന്നു. അതുകൊണ്ട് തന്നെ ആ വൈറസ് ദൈവത്തിന്റെ നാട്ടിൽ കാര്യമായ പ്രശ്‌നമുണ്ടാക്കിയില്ലെന്നാണ് വിലയിരുത്തൽ. ഇതിനൊപ്പം രണ്ടാം ഘട്ടത്തിന്റെ പ്രഭാവവും അസ്തമിക്കുകയാണ്.

കേരളത്തിൽ രണ്ടാംഘട്ടത്തിൽ കോവിഡ് 19 സ്ഥിരീകരിച്ചത് 345 പേർക്കായിരുന്നു. രണ്ട് മരണം. ഇതുവരെ രോഗവിമുക്തി നേടിയത് 84 പേർ. എങ്കിലും വിശ്രമിക്കാറായിട്ടില്ല. രാജ്യത്തെ ഏറ്റവും പ്രായം കൂടിയ രോഗികൾ രോഗവിമുക്തരായതും ആരോഗ്യവകുപ്പിന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. നിരീക്ഷണത്തിൽ ഇരിക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. ഒന്നേ മുക്കാൽ ലക്ഷം പേർ നിരീക്ഷണത്തിലുണ്ടായിരുന്ന സംസ്ഥാനത്ത് 1,46,686 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ദിവസവും ഈ കണക്ക് കുറയുകയാണ്. രോഗ മു്ക്തി നേടുന്നവരെക്കാൾ കുറച്ച് രോഗികൾ പുതുതായി എത്തുന്ന ട്രെന്റ് തുടർന്നാൽ കേരളം രണ്ടാഴ്ച കൊണ്ട് കോവിഡിനോട് ബൈ പറയും. കോവിഡ് 19 രോഗത്തെ മെരുക്കുന്നതിൽ കേരളം ലോകശ്രദ്ധനേടുമ്പോൾ അതിനു പിന്നിൽ പ്രവർത്തിക്കുന്നതു മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഒരു 'വാർ റൂമാണ്'.

ദിവസവും ഒൻപതു മണിയാകുമ്പോൾ സുരക്ഷാ വാഹനങ്ങളുടെ അകമ്പടിയോടെ മുഖ്യമന്ത്രിയുടെ ഒന്നാം നമ്പർ വാഹനം സെക്രട്ടേറിയറ്റ് ഗേറ്റ് കടന്ന് നോർത്ത് ബ്ലോക്കിന്റെ മുന്നിലെത്തും. ഇതിന് മുമ്പ് തന്നെ മുഖ്യമന്ത്രിയെ ബോധിപ്പിക്കാനുള്ളതെല്ലാം വാർ റൂമിൽ റെഡിയാകും. മുഖ്യമന്ത്രി ഓഫിസിലെത്തിയാൽ പ്രൈവറ്റ് സെക്രട്ടറി ആർ.മോഹനും സെക്രട്ടറി എം.ശിവശങ്കർ ഐഎഎസും കാണാനെത്തും. പ്രധാന സംഭവങ്ങളും യോഗങ്ങളുടെ സമയവും അറിയിക്കും. ആവശ്യമായ നിർദ്ദേശങ്ങൾ മുഖ്യമന്ത്രി നൽകും. അടിയന്തര ഫയലുകൾ നോക്കും. ഇപ്പോൾ മിക്ക ദിവസങ്ങളിലും ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ് മുഖ്യമന്ത്രിയുടെ ആദ്യ സന്ദർശക. കോവിഡ് സംബന്ധിച്ച സംസ്ഥാനത്തിന്റെ സ്ഥിതി ആരോഗ്യമന്ത്രി മുഖ്യമന്ത്രിയെ ധരിപ്പിക്കും. പിന്നാലെ ചീഫ് സെക്രട്ടറി, ഡിജിപി, ധനകാര്യ സെക്രട്ടറി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരെത്തും. അങ്ങനെ മൂന്ന് മണി വരെ വാർ റൂമിൽ. പിന്നെ ഒരു മണിക്കൂറിനിടയിൽ വീണ്ടുമെത്തും.
ന്മ കോവിഡിനെ പ്രതിരോധിക്കാൻ 'വാർ റൂം'

നാല് മണിക്ക് അവലോകന യോഗം. ആരോഗ്യമന്ത്രി കെ.കെ.ശൈലജ, റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസ് ഐഎഎസ്, ആരോഗ്യ സെക്രട്ടറി രാജൻ ഖോബ്രഗഡെ, ആഭ്യന്തര സെക്രട്ടറി വിശ്വാസ് മേത്ത, റവന്യൂ സെക്രട്ടറി ഡോ.വി.വേണു, പൊതുഭരണ സെക്രട്ടറി ജ്യോതിലാൽ തുടങ്ങി പ്രധാന വകുപ്പുകളുടെ സെക്രട്ടറിമാരും ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ഫയർഫോഴ്‌സ് മേധാവി എ.ഹേമചന്ദ്രൻ തുടങ്ങിയ ഉദ്യോഗസ്ഥരും ദുരന്തനിവാരണ അഥോറിറ്റിയുടെ പ്രതിനിധികളും യോഗത്തിനുണ്ടാകും. കണക്കുകൾ വിശദമായി പരിശോധിച്ച് വേണ്ട പ്രതിവിധികൾ കണ്ടെത്തും. ആരോഗ്യ സെക്രട്ടറി രാജൻ ഖോബ്രഗഡെ ലോകത്തെയും രാജ്യത്തെയും കോവിഡ് വ്യാപനം സംബന്ധിച്ചും കേരളത്തിൽ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും പവർപോയിന്റ് പ്രസന്റേഷൻ അവതരിപ്പിക്കും. ചീഫ് സെക്രട്ടറി ടോം ജോസ് തന്റെ അധ്യക്ഷതയിൽ നേരത്തെ നടന്ന സെക്രട്ടറിമാരുടെ യോഗ തീരുമാനങ്ങൾ വിശദീകരിക്കും. പിന്നീട് ഓരോ വകുപ്പ് മേധാവികളും സംസാരിക്കും. അതിനുശേഷം മുഖ്യമന്ത്രി തന്റെ നിർദ്ദേശങ്ങളും തീരുമാനങ്ങളും യോഗത്തെ അറിയിക്കും.

വകുപ്പുകൾ പ്രത്യേകം തീരുമാനമെടുക്കരുതെന്നും എല്ലാ കാര്യങ്ങളും അവലോകനയോഗത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കണമെന്നും മുഖ്യമന്ത്രി നേരത്തെ തന്നെ നിർദ്ദേശിച്ചിട്ടുണ്ട്. കോവിഡുമായും ലോക്ഡൗണുമായും ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും ഉണ്ടാകുന്നത് അവലോകന യോഗത്തിലാണ്. അങ്ങനെ കേന്ദ്രീകൃത സ്വഭാവത്തിലുള്ള പ്രവർത്തനമാണ് വാർ റൂമിൽ നടക്കുന്നത്. ചെറിയ പിഴവുകൾക്ക് പോലും മുഖ്യമന്ത്രിയുടെ വലിയ ശാസന കേൾക്കേണ്ടി വരും. അതുകൊണ്ട് തന്നെ എല്ലാ ജില്ലകളുമായുള്ള ഏകോപനത്തിൽ ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും പ്രത്യേക താൽപ്പര്യവും എടുക്കുന്നു. ഇതാണ് മഹാമാരിയെ തടയാൻ കേരളത്തെ തുണയ്ക്കുന്നത്. ആരോഗ്യമന്ത്രി ശൈലജ ടീച്ചർ പകരുന്ന ആത്മവിശ്വാസവും മുഖ്യമന്ത്രിയുടെ അതിശക്തമായ ഇടപെടലും വാർ റൂമിനെ വ്യത്യസ്തമാക്കുന്ന ഘടകങ്ങളാണ്.

കോവിഡ് -19 രോഗവ്യാപനസ്ഥിതി സംസ്ഥാനത്ത് നിയന്ത്രണവിധേയമെന്ന് മന്ത്രിസഭായോഗവും വിലയിരുത്തിയിട്ടുണ്ട്. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ഡൗൺ 14-ന് അവസാനിക്കാനിരിക്കെ, തുടർനടപടികൾ ചർച്ച ചെയ്യാൻ 13-ന് മന്ത്രിസഭ ചേരും. വിദഗ്ധസമിതി റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ ലോക്ഡൗൺ നീട്ടിയാൽ അതനുസരിച്ച് ക്രമീകരണം നടത്താമെന്നാണ് ധാരണ. പ്രതിരോധപ്രവർത്തനങ്ങൾ അടക്കം ജില്ലകളിലെ സാഹചര്യങ്ങൾ മന്ത്രിമാർ റിപ്പോർട്ട് ചെയ്തു. കാസർകോട് ജില്ലയിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെങ്കിലും പൂർണമായും ആശ്വസിക്കാനായിട്ടില്ല. അതിർത്തിപങ്കിടുന്ന ജില്ലകളിൽ സംസ്ഥാനത്തേക്ക് ആളുകൾ കടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കണ്ടെത്തുന്നവരെ നിർബന്ധിത നിരീക്ഷണത്തിലേക്ക് മാറ്റുന്നുണ്ട്. ഇടുക്കി, പാലക്കാട് ജില്ലകളിലാണ് കൂടുതലാളുകൾ എത്തുന്നത്. ഈ മേഖലകളിൽ നിരീക്ഷണം കർശനമാക്കും.

ലോക്ഡൗൺ അവസാനിച്ചാൽ ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിയവർ കൂട്ടത്തോടെ സംസ്ഥാനത്തേക്ക് വന്നേക്കും. വിമാനസർവീസുകൾ തുടങ്ങിയാൽ വിദേശത്തുനിന്നുള്ളവരും എത്താനിടയുണ്ട്. രോഗവ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങളിൽനിന്ന് കൂടുതലാളുകൾ എത്തിയാൽ അവരെ നിരീക്ഷണത്തിലാക്കേണ്ടിവരും. അനിയന്ത്രിതമായ തോതിൽ ആളുകളെത്തുന്നത് വീണ്ടും പ്രശ്നം സൃഷ്ടിക്കും. സംസ്ഥാനത്തിനകത്തും ജില്ലകൾ വിട്ടുള്ള യാത്രകൾക്കും നിയന്ത്രണം തുടരുന്നതടക്കമുള്ള കരുതൽ നടപടികൾ കുറച്ചുനാൾകൂടി തുടരേണ്ടവരും. സംസ്ഥാനത്ത് ബുധനാഴ്ച പേർക്കു ഒമ്പതു കൂടി കൊറോണ സ്ഥിരീകരിച്ചിരുന്നു. കണ്ണൂരിൽ നാലുപേർക്കും ആലപ്പുഴയിൽ രണ്ടുപേർക്കും പത്തനംതിട്ട, തൃശ്ശൂർ, കാസർകോട് എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ച ഒമ്പതുപേരിൽ നാലുപേർ വിദേശത്തുനിന്നു വന്നവരാണ്. രണ്ടുപേർ ഡൽഹിയിലെ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തു മടങ്ങിയെത്തിയവരാണ്. സമ്പർക്കം മൂലമാണ് മൂന്നുപേർക്ക് രോഗം ബാധിച്ചത്. ഇന്ന് പതിമൂന്നുപേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. തിരുവവനന്തപുരം, തൃശ്ശൂർ ജില്ലകളിൽനിന്ന് മൂന്നുപേർ വീതവും ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽനിന്ന് രണ്ടുപേർവീതവും കണ്ണൂർ ജില്ലയിൽനിന്ന് ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.

ഇതുവരെ 345 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 259 പേർ ചികിത്സയിലുണ്ട്. 1,40,474 പേർ നിരീക്ഷണത്തിലുണ്ട്. 1,39,725 പേർ വീടുകളിലും 749 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 169 പേരെയാണ് ഇന്നുമാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 11,986 സാമ്പിളുകൾ അയച്ചു. 10,906 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പുവരുത്തി. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 212 പേരെയാണ് സംസ്ഥാനത്ത് കണ്ടെത്തിയത്. ഇവരിൽ ഇന്നു രോഗം സ്ഥിരീകരിച്ച രണ്ടുപേർ ഉൾപ്പെടെ ആകെ 15 പേർക്കാണ് കോവിഡ്-19 കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP