Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്നലെ മുതൽ ജനം മുഴുവൻ റോഡിൽ; വാഹന ഗതാഗതവും സജീവം; സിഗ്നലുകൾ എല്ലാം വീണ്ടും കത്തി തുടങ്ങി; വീട്ടിലിരുന്ന് മടുത്തവർ ഇളവുകളുടെ കരുത്തിൽ പുറത്തേക്ക്; മൈൻഡ് ചെയ്യാതെ പൊലീസും; മുഖ്യമന്ത്രിയുടെ കുറിപ്പ് ഉത്തരവാകുമ്പോഴും നടപടി ക്രമങ്ങൾ വിശദീകരിക്കാത്തത് ലോക്ഡൗണിൽ അവ്യക്തതയാകുന്നു; യാത്രാ പാസ് ഇനി പൊലീസ് സ്‌റ്റേഷനിൽ നിന്നും; കേരളം പതിയെ സാധാരണ നിലയിലേക്ക്; കണ്ണൂർ മുഴുവൻ കണ്ടൈന്മെന്റ് സോണെന്ന നിലപാട് വിവാദത്തിലേക്കും

ഇന്നലെ മുതൽ ജനം മുഴുവൻ റോഡിൽ; വാഹന ഗതാഗതവും സജീവം; സിഗ്നലുകൾ എല്ലാം വീണ്ടും കത്തി തുടങ്ങി; വീട്ടിലിരുന്ന് മടുത്തവർ ഇളവുകളുടെ കരുത്തിൽ പുറത്തേക്ക്; മൈൻഡ് ചെയ്യാതെ പൊലീസും; മുഖ്യമന്ത്രിയുടെ കുറിപ്പ് ഉത്തരവാകുമ്പോഴും നടപടി ക്രമങ്ങൾ വിശദീകരിക്കാത്തത് ലോക്ഡൗണിൽ അവ്യക്തതയാകുന്നു; യാത്രാ പാസ് ഇനി പൊലീസ് സ്‌റ്റേഷനിൽ നിന്നും; കേരളം പതിയെ സാധാരണ നിലയിലേക്ക്; കണ്ണൂർ മുഴുവൻ കണ്ടൈന്മെന്റ് സോണെന്ന നിലപാട് വിവാദത്തിലേക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡിൽ ലോക്ഡൗൺ തീരാൻ ഇനിയും പന്ത്രണ്ട് ദിവസത്തോളമുണ്ട്. എന്നാൽ കേരളത്തിലെ റോഡുകൾ എല്ലാം സജീവമാകുകയാണ്. ഇന്നലെ തന്നെ ജനം പാതിയോളം നിരത്തിലെത്തി. എല്ലായിടത്തും സിഗ്നൽ പോലും റോഡിൽ പൊലീസ് ഓൺ ചെയ്തു. കാര്യമായ പരിശോധനയുമില്ല. മാസ്‌കുണ്ടെങ്കിൽ ആർക്കും നിരത്തുകളിൽ രാത്രി ഏഴര വരെ സജീവമാകാം. കോവിഡിൽ കേരളത്തിൽ ഇനിയുള്ള 34 കേസുകളാണ്. രണ്ട് ദിവസമായി രോഗികളെ കണ്ടെത്തുന്നതുമില്ല. ഇതോടെ പതിയെ കേരളം സാധാരണ നിലയിലേക്ക് വരുകയാണ്. അപ്പോഴും ലോക് ഡൗൺ മാർഗ്ഗ നിർദ്ദേശങ്ങളിൽ ആശയക്കുഴപ്പം ഉണ്ട്.

മൂന്നാംഘട്ട ലോക്ഡൗണിലെ ഇളവുകളും നിബന്ധനകളും സംബന്ധിച്ച് മൂന്നു ദിവസത്തെ ആശയക്കുഴപ്പത്തിനൊടുവിൽ ഇന്നലെ പുതിയ ഉത്തരവിറങ്ങി. ശനിയാഴ്ച മുഖ്യമന്ത്രി വായിച്ച കുറിപ്പിലെ കാര്യങ്ങൾ പലതും അതേപടി ഉത്തരവിൽ ആവർത്തിച്ചതല്ലാതെ നടപടിക്രമങ്ങൾ വിശദീകരിച്ചിട്ടില്ല. ജില്ലാന്തര യാത്രകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പിന്നീട് കലക്ടർമാർ വിശദ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. എല്ലാവിധ യാത്രകൾക്കും ഇനി പൊലീസ് സ്‌റ്റേഷനിൽ നിന്നും പാസും കിട്ടും. പാസിന്റെ മോഡൽ ഡിജിപി പുറത്തിറക്കി. വികീന്ദ്രീകരണ പാസ് നൽകലിലൂടെ കൂടുതൽ പേർക്ക് ആശ്വാസം എത്തിക്കാനാണ് സർക്കാർ നീക്കം.

ഹോട്‌സ്‌പോട്ടുകളിൽ ഒഴികെ കടകൾ തുറക്കാം. ഇതിൽ സേവന മേഖലയിലെ സ്ഥാപനങ്ങൾ അല്ലാതെ മറ്റു ഗണത്തിൽപ്പെടുന്നവയുടെ കാര്യം വിശദമാക്കുന്നില്ല. ഗ്രീൻ സോണുകളിൽ കടകൾ രാവിലെ 7 മുതൽ രാത്രി 7.30 വരെ പ്രവർത്തിക്കാം. ഓറഞ്ച് സോണിൽ നിലവിലെ സ്ഥിതിയിൽ രാവിലെ 7 മുതൽ വൈകിട്ട് 7 വരെയാണു കടകൾ പ്രവർത്തിക്കേണ്ടത്. പൊലീസിനു നൽകിയ ചാർട്ട് പ്രകാരം കടകളെന്നാൽ അവശ്യസാധനങ്ങൾ വിൽക്കുന്നവ മാത്രമാണ്. കടകൾ തുറക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ പ്രത്യേക അനുമതി ആവശ്യമില്ല. അതുകൊണ്ട് തന്നെ മിക്ക കടകളും തുറക്കുന്നു. പൊലീസ് എതിർപ്പുമായി എത്തുന്നതുമില്ല.

ഹോട്‌സ്‌പോട്ടുകളിൽ (കണ്ടെയ്ന്മെന്റ് സോണുകൾ) ഒഴികെ എല്ലായിടത്തും വാഹന വർക്ഷോപ്പുകൾക്കും വാഹന ഷോറൂമുകൾക്കും തുറക്കാം. ഹോട്‌സ്‌പോട്ടുകളിൽ (കണ്ടെയ്ന്മെന്റ് സോൺ) മാത്രമേ റോഡുകൾ അടച്ചിടൂ. റെഡ് സോണിലും റോഡുകൾ അടച്ചിടില്ല. ഒറ്റ നിലയിൽ പ്രവർത്തിക്കുന്ന ചെറുകിട തുണിക്കടകൾക്ക് ഓറഞ്ച്, ഗ്രീൻ സോണുകളിൽ പ്രവർത്തിക്കാം. അഞ്ചിലധികം ജീവനക്കാർ പാടില്ല. ഇത്തരം കടകൾ ഇന്നലെ തുറന്നെങ്കിലും പല സ്ഥലങ്ങളിലും പൊലീസ് അടപ്പിച്ചു. എല്ലാ സോണിലും എ, ബി ഗ്രൂപ്പുകളിലുള്ള ജീവനക്കാർ 50%, സി,ഡി ഗ്രൂപ്പ് ജീവനക്കാർ 33% വീതം ഹാജരാകണം. ലോക്ഡൗൺ അവസാനിക്കുന്നതുവരെ എല്ലാ ശനിയാഴ്ചയും ഓഫിസ് അവധി. ഹോട്‌സ്‌പോട്ടുകളിൽ (കണ്ടെയ്ന്മെന്റ് സോൺ) താമസിക്കുന്ന ജീവനക്കാർ ഓഫിസിൽ പോകണോയെന്നു വ്യക്തമല്ല.

ടാക്‌സികളും സ്വകാര്യവാഹനങ്ങളും ഉൾപ്പെടെ എല്ലാ വാഹനങ്ങൾക്കും ഒറ്റ, ഇരട്ട നമ്പർ ക്രമീകരണം എല്ലാ സോണിലും ബാധകമാണ്. റജിസ്‌ട്രേഷൻ നമ്പർ ഇരട്ടയക്കത്തിൽ അവസാനിക്കുന്ന വാഹനങ്ങൾ ഇന്ന് ഓടിക്കാം. ചരക്കുവാഹനങ്ങൾക്ക് ഈ നിബന്ധനയില്ല. എന്നാൽ അവശ്യ സർവ്വീസുകൾക്ക് ഇതും വേണ്ട. മറ്റു ജില്ലകളിലേക്ക് അത്യാവശ്യ യാത്രകൾക്കു തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽനിന്ന് പാസ് നൽകും. പൊലീസിന്റെ വെബ്‌സൈറ്റ്, ഫേസ്‌ബുക് പേജ് എന്നിവയിൽ പാസിന്റെ മാതൃകയുണ്ട്. ഇതിന്റെ പ്രിന്റൗട്ട് എടുത്ത് പൂരിപ്പിച്ച് നൽകണം. ഇ-മെയിൽ വഴിയും അപേക്ഷ നൽകാം. റെഡ് സോണിൽപ്പെട്ട ജില്ലകളിലേക്കും അവിടെ നിന്നു പുറത്തേക്കും യാത്രാനുമതി ലഭിക്കില്ല.

ലോക്ഡൗൺ ഇളവുകൾ സംബന്ധിച്ച് വൻ ആശയക്കുഴപ്പം തുടർന്നതോടെ സംസ്ഥാനത്തു പലയിടത്തും തുറന്ന കടകൾ അടച്ചു, കൊച്ചി ബ്രോഡ്വേയിൽ തൊട്ടുതൊട്ടു കിടക്കുന്ന കടകൾ പൊലീസ് അടപ്പിച്ചു. മാളുകളോ ഷോപ്പിങ് കോംപ്ലക്‌സുകളോ അല്ലെങ്കിലും ക്ലസ്റ്റർ സ്വഭാവമുള്ളതുകൊണ്ടാണിതെന്നു വിശദീകരണം. ഓറഞ്ച് സോണിൽ ഉൾപ്പെട്ട കോഴിക്കോട് നഗരത്തിൽ മിഠായിത്തെരുവിലും മാവൂർ റോഡിലും തുറന്ന ചില കടകൾ രാവിലെ അടപ്പിച്ചു. തർക്കമുണ്ടായ മിഠായിത്തെരുവിലും വലിയങ്ങാടിയും പാളയവും പോലുള്ള കച്ചവടകേന്ദ്രങ്ങളിലും അവശ്യവസ്തുക്കളുടെ കടകളേ തുറക്കാവൂ എന്നു വൈകിട്ട് കലക്ടർ പുതിയ ഉത്തരവിറക്കി. കോട്ടയം, ഇടുക്കി ജില്ലകളിൽ ചില സ്ഥലങ്ങളിൽ രാവിലെ 7 നു തുറന്ന കടകൾ അടപ്പിച്ചു. മറ്റു ചിലയിടങ്ങളിൽ പ്രവർത്തിച്ചു. കോട്ടയത്ത് വാഹനങ്ങൾ നിരത്തിലിറക്കുന്നതു സംബന്ധിച്ചും ആശയക്കുഴപ്പമുണ്ടായി. ഒറ്റ-ഇരട്ട അക്ക നിബന്ധന സംബന്ധിച്ച് പ്രത്യേക അറിയിപ്പുകളും ഉണ്ടായില്ല.

ഹോട്‌സ്‌പോട്ട് (കണ്ടെയ്ന്മെന്റ് സോൺ) അല്ലാത്തയിടങ്ങളിൽ കടകൾ തുറക്കാമെന്നു സർക്കാർ വ്യക്തമാക്കിയെങ്കിലും കണ്ണൂർ ജില്ല മുഴുവനായി വിവിധ കണ്ടെയ്ന്മെന്റ് സോണുകളായി തിരിച്ചിരിക്കുന്നു എന്ന നിലപാടാണു പൊലീസിന്. അതിനാൽ പലയിടത്തും കടകൾ തുറക്കാനായില്ല. ഇതും വിവാദത്തിന് ഇട നൽകുന്നുണ്ട്. ഇക്കാര്യത്തിൽ ഇന്ന് മുഖ്യമന്ത്രി കൂടുതൽ വിശദീകരണം നൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP