Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവാസികൾ വരില്ലെന്ന് കരുതി സ്വാഗതം ഓതാൻ മുമ്പിൽ നിന്നു; ഇതര സംസ്ഥാനത്തുള്ളവരെ കുറിച്ച് ആലോചിച്ച് പോലുമില്ല; ഒടുവിൽ വാതിൽ തുറന്നപ്പോൾ ഒഴുകിയെത്തിയത് ആയിരങ്ങൾ; ചെക്ക് പോസ്റ്റുകൾ നിറഞ്ഞപ്പോൾ നിവർത്തിയില്ലാതെ തുറന്നു കൊടുത്തു; ക്വാറന്റൈൻ ഒരുക്കാൻ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ എല്ലാവർക്കും ഇളവുകൾ; കോവിഡിനെ പ്രതിരോധിച്ച് കൈയടി നേടിയ പിണറായി സർക്കാർ അമ്പേ തോറ്റോടുമ്പോൾ കേരളം വീണ്ടും വൈറസ് യുദ്ധഭൂമിയായി മാറിയേക്കും

പ്രവാസികൾ വരില്ലെന്ന് കരുതി സ്വാഗതം ഓതാൻ മുമ്പിൽ നിന്നു; ഇതര സംസ്ഥാനത്തുള്ളവരെ കുറിച്ച് ആലോചിച്ച് പോലുമില്ല; ഒടുവിൽ വാതിൽ തുറന്നപ്പോൾ ഒഴുകിയെത്തിയത് ആയിരങ്ങൾ; ചെക്ക് പോസ്റ്റുകൾ നിറഞ്ഞപ്പോൾ നിവർത്തിയില്ലാതെ തുറന്നു കൊടുത്തു; ക്വാറന്റൈൻ ഒരുക്കാൻ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ എല്ലാവർക്കും ഇളവുകൾ; കോവിഡിനെ പ്രതിരോധിച്ച് കൈയടി നേടിയ പിണറായി സർക്കാർ അമ്പേ തോറ്റോടുമ്പോൾ കേരളം വീണ്ടും വൈറസ് യുദ്ധഭൂമിയായി മാറിയേക്കും

മറുനാടൻ മലയാളി ബ്യൂറോ

വാളയാർ: ഇന്നലെ രോഗം സ്ഥിരീകരിച്ച ഏഴ് പേരിൽ മൂന്നുപേർ വിദേശത്തുനിന്നെത്തിയവർ. തൃശ്ശൂർ, മലപ്പുറം ജില്ലകളിൽനിന്നുള്ളവരാണ് ഇവർ. വയനാട്ടിൽ കോവിഡ് സ്ഥിരീകരിച്ച ഒരാൾ തമിഴ്‌നാട് കോയമ്പേട്ടിൽനിന്ന് എത്തിയ ആളാണ്. തൃശ്ശൂർ ജില്ലയിൽ രണ്ടുപേരും മലപ്പുറം ജില്ലയിൽ ഒരാളുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട പ്രവാസികൾ. ഏഴാം തീയതി അബുദാബിയിൽനിന്ന് വന്നരാണ് ഇവർ. ആതയാത് കോവിഡിന്റെ മൂന്നാം ഘട്ടം കേരളത്തിൽ തുടങ്ങിയിരിക്കുന്നു. പിടിച്ചു നിർത്തിയ വൈറസ് മടങ്ങി എത്തുന്നവരിലൂടെ വീണ്ടും കേരളത്തിലേക്ക് വരികയാണ്. വിമാനത്തിൽ ഇറങ്ങിയവരെ കണ്ടെത്താനും ക്വാറന്റൈൻ ചെയ്യാനും സംവിധാനമുണ്ട്. അതുകൊണ്ട് തന്നെ സമൂഹത്തിൽ അവരിലൂടെ വൈറസ് എത്താനുള്ള സാധ്യത കുറവാണ്. എന്നാൽ തമിഴ്‌നാടും കർണ്ണാടകയും കടന്ന് റോഡ് മാർഗ്ഗം എത്തുന്ന ഇതരസംസ്ഥാനങ്ങളിലെ മലയാളികൾ വലിയൊരു ഭീഷണിയാണ്.

വയനാട് ജില്ലയിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ച മൂന്നുപേരിൽ ഒരാൾ തമിഴ്‌നാട്ടിലെ കോയമ്പേട് മാർക്കറ്റിൽനിന്ന് തിരിച്ചെത്തിയ ആളാണ്. വ്യാഴാഴ്ചയാണ് ഇയാൾ കേരളത്തിൽ എത്തിയത്. മറ്റു രണ്ടുപേർ കഴിഞ്ഞ ആഴ്ച കോയമ്പേട് മാർക്കറ്റിൽനിന്ന് തിരിച്ചെത്തിയ ട്രക്ക് ഡ്രൈവറുമായി പരോക്ഷ സമ്പർക്കമുണ്ടായവരാണ്. ഒന്ന് ട്രക്ക് ഡ്രൈവറുടെ സഹയാത്രികന്റെ മകന്റെ സുഹൃത്താണ് രോഗബാധ സ്ഥിരീകരിക്കപ്പെട്ട ഒരാൾ. ലോറി ഡ്രൈവർ ലോഡ് ഇറക്കിയ ശേഷം ബിൽ അടച്ച കാഷ് കൗണ്ടറിലെ കാഷ്യറുടെ ഭാര്യയാണ് കോവിഡ് സ്ഥിരീകരിച്ച മറ്റൊരാൾ. ലോറിയിലെ സഹയാത്രികന്റെ ഫലം നെഗറ്റീവ് ആയിരുന്നു. എന്നാൽ, സഹയാത്രികന്റെ മകന് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. അതുപോലെ, കാഷ്യറുടെ ഫലവും നെഗറ്റീവ് ആയിരുന്നു. അതായത് തമിഴ്‌നാട്ടിൽ നിന്നെത്തുന്നവർ രോഗ വാഹകരാകുമ്പോൾ അത് പടരാനുള്ള സാധ്യതയും ഏറെയാണ്. ഈ ആശങ്കയ്ക്കിടെയാണ് ഇതരസംസ്ഥാന മലയാളികളുടെ ഒഴുക്ക് തുടരുന്നത്. സർക്കാരിന് നിയന്ത്രിക്കാൻ കഴിയാത്ത സ്ഥിതിയാണ് ഇതുണ്ടാക്കുന്നത്.

പ്രവാസികളെ ഗൾഫിൽ നിന്നും മറ്റും മടക്കി കൊണ്ടു വരാൻ മുന്നിൽ നിന്നത് കേരളമാണ്. എല്ലാവരേയും കൊണ്ടു വരണമെന്ന് പോലും സർമ്മർദ്ദം ചെലുത്തി. ഇതിന് കേന്ദ്ര സർക്കാർ തയ്യാറാവില്ലെന്ന ആശയക്കുഴപ്പവും സൃഷ്ടിക്കാൻ ശ്രമിച്ചു. എന്നാൽ ഓപ്പറേഷൻ വന്ദേ ഭാരത് മിഷൻ എത്തി. അങ്ങനെ പ്രവാസികളുടെ വരവ് തുടങ്ങി. വിമാനത്താവളത്തിൽ സൗകര്യങ്ങൾ ഒരുക്കേണ്ടിയും വന്നു. എന്നാൽ ഇതരസംസ്ഥാനത്തുള്ളവരെ കുറിച്ച് കാര്യമായ ആലോചന കേരളം നടത്തിയില്ല. ഇതോടെ ക്വാറന്റൈൻ സംവിധാനങ്ങൾ പോലും മതിയായി ഒരുക്കാൻ കഴിയുന്നില്ല. കോയമ്പേട് മാർക്കറ്റെന്ന റെഡ് സോണിൽ നിന്ന് വരുന്നവർക്ക് പോലും കേരളത്തിൽ സർക്കാർ ക്വാറന്റൈൻ ഇല്ല. എല്ലാവരേയും വീട്ടിലേക്ക് പറഞ്ഞു വിടും. ഇത് രോഗ വ്യാപനത്തിന്റെ സാധ്യത കൂട്ടും. അങ്ങനെ കോവിഡിനെ രണ്ടാം ഘട്ടത്തിൽ നല്ല രീതിയിൽ പ്രതിരോധിച്ച കേരളം വലിയ പ്രതിസന്ധിയിലേക്ക് കടക്കുകയാണ്.

മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തുന്നവരുടെ തിരക്ക് അതിർത്തി ചെക്‌പോസ്റ്റുകളിൽ ഫലപ്രദമായി നിയന്ത്രിക്കാനാകാത്തത് കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിൽ വിള്ളൽ വീഴ്‌ത്തുമോയെന്ന് ആശങ്ക സജീവമാണ്. കുട്ടികളും രോഗികളും പ്രായമായവരുമായി നൂറുകണക്കിനാളുകൾ ചെക്‌പോസ്റ്റുകളിൽ എത്തുന്നു. പരിശോധനകൾ പോലുമില്ലാതെയാണു മറ്റു സംസ്ഥാനങ്ങളിൽനിന്ന് ആളുകൾ കൂട്ടമായി വരുന്നത്. അതിർത്തി കടന്നാൽ എങ്ങോട്ടുപോകുന്നുവെന്ന് കണക്കുമില്ല. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ 3 ഘട്ടമായി കൊണ്ടുവരാനായിരുന്നു സർക്കാർ പദ്ധതി. ഗർഭിണികൾ, രോഗികൾ, വിദ്യാർത്ഥികൾ, 75നു മേൽ പ്രായമുള്ളവർ, സന്ദർശനത്തിനു പോയവർ, അടുത്ത ബന്ധുക്കൾ മരിച്ചതിനാലോ മരണാസന്നരായതിനാലോ എത്തുന്നവർ എന്നിങ്ങനെയായിരുന്നു മുൻഗണന. ഇതിൽ തന്നെ സ്വന്തം വാഹനത്തിൽ വരുന്നവർക്കു മുൻഗണന നൽകി. നോർക്കയിലൂടെ റജിസ്‌ട്രേഷൻ നടത്തി 59,000 പാസ് വിതരണം ചെയ്തു. ഇതിൽ 22,000 പേർ നാട്ടിലെത്തി. യാത്ര തിരിക്കുന്ന സ്ഥലത്തുനിന്നും എത്തേണ്ട സ്ഥലത്തുനിന്നും പാസ്, വാഹനത്തിനും ഡ്രൈവർക്കും പാസ് ഉൾപ്പെടെ വ്യവസ്ഥകളും വച്ചു. കൃത്യം കണക്കുള്ളതിനാൽ ഇവരുടെ ക്വാറന്റീനും നിരീക്ഷണവും സാധ്യവുമാണ്.

എന്നാൽ പാസില്ലാതെ വരുന്നവരുടെ കാര്യത്തിൽ ഈ മുൻകരുതലുകളൊന്നും നടപ്പാക്കാൻ കഴിയുന്നില്ല. ഇങ്ങനെ വരുന്ന 60 % ആളുകളും ചെന്നൈ, മുംബൈ തുടങ്ങിയ റെഡ് സോണുകളിൽ നിന്നാണ്. ഇത് വലിയ പ്രതിസന്ധിയായി മാറും. സംസ്ഥാനത്ത് ഇന്നലെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ച 135 പേരിൽ കൂടുതൽ പേരും മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരാണെന്നാണ് സൂചന. അതിനിടെ ക്വാറന്റൈൻ മാർഗ്ഗ നിർദ്ദേശവും മാറ്റുകയാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്നവർ നിർബന്ധമായും സർക്കാർ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിൽ കഴിയണമെന്നില്ലെന്നും 14 ദിവസത്തെ വീട്ടിലെ ക്വാറന്റൈൻ കർശനമായി നടപ്പാക്കിയാൽ മതിയെന്നും സർക്കാർ ഉത്തരവിറക്കി. എന്നാൽ, വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന നിബന്ധന പാലിക്കാൻ കഴിയാത്തവർക്ക് സർക്കാർ ഏർപ്പെടുത്തുന്ന നിരീക്ഷണകേന്ദ്രങ്ങളിലോ സ്വന്തം ചെലവിൽ ഹോട്ടലുകളിലോ കഴിയാം.

പരിമിതമായ സൗകര്യങ്ങളുള്ള നിരീക്ഷണകേന്ദ്രങ്ങൾ രോഗവ്യാപനത്തിന് വഴിവച്ചേക്കാമെന്നും അതിനാൽ ആദ്യ രണ്ടുഘട്ടങ്ങളിൽ നടപ്പാക്കിയ ഹോം ക്വാറന്റൈൻ സംവിധാനം നടപ്പാക്കുന്നതാണ് ഉചിതമെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധകമ്മിറ്റി ശുപാർശ ചെയ്തിരുന്നു. ഇക്കാര്യം പരിശോധിച്ചാണ് മാർഗനിർദ്ദേശങ്ങൾ പുതുക്കി ഉത്തരവിറക്കിയത്. മറ്റു സംസ്ഥാനത്തുനിന്നു മടങ്ങിവരുന്ന എല്ലാവരെയും വൈദ്യപരിശോധനയ്ക്കു വിധേയമാക്കും. രോഗലക്ഷണമുള്ളവരെ തുടർപരിശോധനകൾക്കും ചികിത്സയ്ക്കുമായി കോവിഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കും. പരിശോധനാഫലം നെഗറ്റീവ് ആകുന്നവരെയും പരിശോധനാ സമയത്ത് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരെയും 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ അയക്കും. ഇവർ പിന്നീട് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുകയാണെങ്കിൽ അവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി തുടർ നടപടി സ്വീകരിക്കും.

ഹോം ക്വാറന്റൈനിൽ നടപ്പാക്കേണ്ട മാർഗനിർദ്ദേശങ്ങൾ

* വീടുകളിൽ പ്രത്യേകമായി ഒരു മുറിയും അനുബന്ധമായി ശൗചാലയവും ഉള്ളവരെമാത്രമേ വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ അനുവദിക്കൂ. ഈ സൗകര്യങ്ങൾ ലഭ്യമാണോയെന്ന് ആരോഗ്യ, തദ്ദേശ, ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുടെ ഒരുസംഘം ഉറപ്പുവരുത്തും.

* നിരീക്ഷണത്തിലുള്ള വ്യക്തി വീട്ടിലെ മുതിർന്നവർ, മറ്റ് രോഗബാധയുള്ള വ്യക്തികൾ എന്നിവരുമായി സമ്പർക്കത്തിൽ ഏർപ്പെടാൻ പാടില്ല.

* ഹോം ക്വാറന്റൈൻ ചട്ടങ്ങൾ അനുസരിക്കാമെന്ന വ്യക്തിയുടെ സമ്മതപത്രം ആവശ്യമാണ്. ആരോഗ്യ, തദ്ദേശ, ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം ഇവരെ നിരീക്ഷണത്തിൽ വെക്കേണ്ടതാണ്.

* മാർഗനിർദ്ദേശങ്ങൾ പാലിക്കാത്തവരെ നിരീക്ഷണകേന്ദ്രങ്ങളിലേക്കു മാറ്റും.

നിലവിലെ പരിശോധനാ നടപടി തുടരേണ്ടതിങ്ങനെ

* യാത്രാചരിത്രമുള്ളവരിൽ കോവിഡ് രോഗലക്ഷണമുള്ളവർക്ക് പരിശോധന നടത്തണം. നിരീക്ഷണത്തിന്റെ ഏഴാംദിവസം പി.സി.ആർ. പരിശോധന നടത്തണമെന്നില്ല.

* പി.സി.ആർ. പരിശോധനവഴി രോഗം സ്ഥിരീകരിക്കുന്നർക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ പരിശോധന നടത്തുന്നതിനുപകരം രോഗം സ്ഥിരീകരിച്ച് ഏഴാംദിവസം മുതലാണ് തുടർപരിശോധന നടത്തുക.

* നിലവിൽ രോഗം ബാധിക്കാൻ സാധ്യതയുള്ളവരിൽ റാൻഡം സാംപ്‌ളിങ് മുഖേന പരിശോധന നടത്തുന്നുണ്ട്. ഇതിനുപുറമേ കേരളത്തിൽ മടങ്ങിയെത്തിയിട്ടുള്ള യാത്രാചരിത്രമുള്ള രോഗലക്ഷണമില്ലാത്ത വ്യക്തികളിൽനിന്നും റാൻഡം സാംപ്‌ളിങ് മുഖേന പരിശോധന നടത്തും. ഐ.സി.എം.ആറിൽനിന്ന് ആന്റിബോഡി ടെസ്റ്റ് കിറ്റ് ലഭ്യമാകുന്നതുവരെ ഇതുതുടരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP